Calicocentric Video

Loading...
കാലിക്കോസെന്‍ട്രിക് Calicocentric dusty room

10/11/2009

കെ എസ് ആറും സെക്രട്ടേറിയറ്റ് മാന്വലും- ചില ഗുമസ്തദുഃഖങ്ങള്‍

കേരള സര്‍വ്വീസ് റൂള്‍സ് അഥവാ കെ എസ് ആര്‍ എന്ന ഗുമസ്തവേദപുസ്തകത്തില്‍  ജീവനക്കാരുടെ വൃഷണത്തിനു സവിശേഷമായ പരിഗണനയുണ്ട്. കെ എസ് ആര്‍ വാല്യം രണ്ട്, ഭാഗം മൂന്നില്‍ കാണുന്ന ചില വൃഷണപരാമര്‍ശങ്ങള്‍ ദശകങ്ങളായി ഗുമസ്തന്മാരുടെ മര്‍മ്മത്തെ ഭേദിച്ചുകാണണം. കോപ്പിയടിച്ചു ജയിക്കേണ്ടതെന്നു ഗുമസ്തന്മാര്‍ തലമുറകളായി ചട്ടപ്പെടുത്തിയ ഡിപാര്‍ടുമെന്റല്‍ പരീക്ഷയെ പണ്ടാരമടക്കാന്‍ വൃഷണവിശേഷങ്ങള്‍ പേജുമുറിച്ചോ കുറിച്ചെടുത്തോ സമീപപ്രദേശങ്ങളില്‍ സൂക്ഷിച്ച് തലകുനിച്ചുവായിച്ച്  എത്ര ലക്ഷം ഗുമസ്തന്മാര്‍ പരിക്ഷീണരായിക്കാണുമെന്നു ചിന്തിച്ചാല്‍ അവിടെ ചിതലരിക്കുന്നതുപോലെ തോന്നും.

എല്ലാ കെ എസ് ആര്‍ പരാമര്‍ശങ്ങളും കെ എസ് ആര്‍ വാല്യം രണ്ട്, ഭാഗം മൂന്ന്, അഞ്ചാം എഡിഷനെപ്പറ്റിയാണ്. 
Classification of Injuries എന്നതിനു കീഴെ
Destruction or loss of one testicle
എന്നു പ്രത്യേകം കൊടുത്തിട്ടുണ്ട്. അതു Severe and likely to be permanent എന്ന കൂട്ടത്തിലാണ്. അംഗപ്രത്യംഗം പറയുന്ന കൂട്ടത്തിലാണ് വൃഷണത്തെപ്പറ്റി പറയുന്നതെങ്കില്‍ കുറ്റം പറയാനൊക്കില്ലായിരുന്നു. അത്രയ്ക്ക് വിശദമായ പട്ടികയല്ല പരാമൃഷ്ടം.
മുസോളിനിക്ക് ഒന്നേഉണ്ടായിരുന്നുള്ളൂവെന്നു പറയുന്നു. ഹിറ്റ്ലര്‍ക്കും അങ്ങനെയായിരുന്നത്രേ. Monarchism, monorchism- ഒരക്ഷരത്തിലേ മാറ്റമുള്ളൂ. അവിടം പിടിച്ചായിരുന്നു പണ്ടു സാക്ഷ്യം പറഞ്ഞിരുന്നതത്രെ. അപ്പോള്‍ ഗുമസ്തന് അതു വേണ്ടതുതന്നെ.
അവിടെമാത്രമല്ല കെ എസ് ആറിനു ജീവനക്കാരന്റെ വൃഷണത്തില്‍ സവിശേഷ ശ്രദ്ധ. പെന്‍ഷന്‍ കമ്മ്യൂട്ടേഷന്‍ ചട്ടങ്ങളില്‍ Procedure for the Commutation of Pernsions on Medical Examination നു കീഴില്‍ അപേക്ഷകന്‍ പൂരിപ്പിക്കേണ്ട പ്രസ്താവത്തില്‍ Have you rupture? എന്നു മറയില്ലാതെ ചോദിക്കുന്നുണ്ട്. ഡാക്റ്റര്‍ പൂരിപ്പിക്കേണ്ടിടത്ത് Has the applicant a rupture? If so, state the kind and if reducible എന്നും. ഇത്രയും വെറുതേ പരിഹസിക്കാന്‍ പറഞ്ഞെന്നേയുള്ളൂ.
Kerala Service Rules, Kerala Secretariat Office Manual എന്നൊക്കെയുള്ള പുസ്തകങ്ങളില്‍ കാണുന്ന പഴഞ്ചന്‍ sensibility (sensibility ഇല്ലായ്മ) ആണ് സത്യത്തില്‍ ഈ ബ്ലോഗെര്‍ വെറുക്കുന്നത്. മിസോകളെയും നാഗാകളെയും നേരിടുന്നതിനുവേണ്ടി പോവുന്ന പൊലിസുകാരുടെ പരുക്കും പെന്‍‌ഷനും പറയുന്നിടം വായിച്ചാല്‍ പുരാണങ്ങളില്‍ രാക്ഷസന്മാരെപ്പറ്റി പറയുന്നതുപോലെ തോന്നും. മിസോ നാഗാ കലാപകാരികളെപ്പറ്റിയല്ല ആ ദേശക്കാരെ മുഴുവന്‍ അടച്ചാണ് പറയുന്നത്. തിരുവിതാംകൂര്‍ രാജവംശത്തെപ്പറ്റിയോ ബ്രിട്ടീഷു രാജാവിനെപ്പറ്റിയോ പറയുമ്പോള്‍ മാന്വലും റൂള്‍സും വാക്കൈപൊത്തിയേ പറയൂ. Kerala Secretariat Office Manual-ലില്‍ List of Index Heads എന്നൊരു അദ്ധ്യായം ഉണ്ട്. അതില്‍ ചില Index Heads താഴെക്കൊടുക്കുന്നു.
Arachar
[All grants, concessions, etc, and everything regarding Arachar to come under this item.]
കേരളത്തില്‍ വധശിക്ഷ നിരോധിച്ചിട്ടൊന്നുമില്ല. എന്നാലും ഈ ഇനം ഈ പുസ്തകത്തില്‍ ആവശ്യമുണ്ടെന്നു തോന്നുന്നില്ല. ഉറയും കോപ്പര്‍ ടിയുമൊന്നും ഇല്ലാത്തതുപോലെ.
Aristocratic Families (including Jenmies)
[The history, pension, privileges, perquisites and all other details pertaining to a family to be entered under that family excepting those relating to the important feudal families to be show separately]
 Aristocratic Family എന്നു വിവാഹപ്പരസ്യത്തില്‍ കാണുമ്പോള്‍ അല്പത്തമെന്നു പുച്ഛം തോന്നും.
Coffee
Coffee-stealingഇതിന്റെ ചരിത്ര പ്രാധാന്യം വ്യക്തമാക്കുന്ന വിശദീകരണമൊന്നും കാണുന്നില്ല.
Execution-Public. See also 'Arachar'.


(Fairs See Cattle Disease) 
Mappila outrages
പുസ്തകത്തില്‍ ഉള്ളതുതന്നെ, വെറുതെ പറയുന്നതല്ല.
Mathilagom, Melkanganam, Neithalloor Koikal, Padmavilas, Bhakthivilas, Sreepadom എന്നിങ്ങനെ പഴഞ്ചരക്കുകള്‍ ഡജന്‍കണക്കിനാണ്. പങ്കജവിലാസം പക്ഷേ കാണുന്നില്ല.(തിരുത്ത്:പങ്കജവിലാസമല്ല, അംബുജവിലാസം, മാറിപ്പോയതാണ്. )
Criminal tribes and vagrants
 Pollution
Pollution Contorl Board നെപ്പറ്റിയാണെന്നു വിചാരിക്കരുത്!
അതിനു നേരേ കാണുന്നതിതാണ്.
See also "Devaswoms" "Palace" and Civic Rightsഅതായത് അയിത്തം.
Prickly pearഎന്തിനാണെന്നു മനസ്സിലാവുന്നില്ല.
Whipping
നാല്പപതിലധികം പേജിലായാണ് ഈ ഇന്‍ഡെക്സ്, നിറഞ്ഞ വിവരക്കേടോടെയും മര്യാദകേടോടെയും സര്‍ക്കാര്‍ അച്ചടിക്കുന്നത്. ഏതു സര്‍ക്കാര്‍ ആപ്പീസിലാണ് ഇതുകൊണ്ടു പ്രയോജനം? 1957 ലാണ് ഇതുണ്ടാക്കിയതത്രെ. 1990ല്‍ പരിഷ്കരിച്ചു. തിരുവിതാംകൂര്‍ രാജഭക്തരാണോ ഇപ്പോഴും സെക്രട്ടേറിയറ്റ് ഭരിക്കുന്നത്?
1996 -ല്‍ രാമചന്ദ്രന്‍ നായര്‍ എന്ന ചീഫ് സെക്രട്ടറിയെഴുതിയ Preface-ല്‍ കുറ്റങ്ങളും കുറവുകളും Personnel and Administrative Reforms Department ന്റെ ശ്രദ്ധയില്‍ കൊണ്ടുവരാവുന്നതാണെന്നു പറയുന്നുണ്ട്. ചില അസംബന്ധങ്ങള്‍ ചൂണ്ടിക്കാട്ടി അവര്‍ക്ക് ഒരു ഇ-മെയില്‍ അയച്ചുനോക്കി, ഒരു നാലുമാസം മുമ്പ്.  ഇമെയില്‍ ഈ ഇന്‍ഡെക്സിലില്ലാത്തതുകൊണ്ടാവാം, ആരുമത് വായിച്ചിട്ടുണ്ടാവുകപോലുമില്ല.

No comments:

Post a Comment