Calicocentric Video

Loading...
കാലിക്കോസെന്‍ട്രിക് Calicocentric dusty room

04/11/2010

ഇരുമ്പഴിക്കുള്ളില്‍, വി ഏ കേശവന്‍നായര്‍

കേരളത്തില്‍ പേനയുന്തികളും പണ്ഡിതന്മാരും മിക്കവരും "ഇടതു"പക്ഷത്തായിരുന്നതുകൊണ്ടോ എന്തോ കമ്യൂണിസ്റ്റുകാര്‍ക്ക് ഇഷ്ടമില്ലാത്ത ചരിത്രസംഭവങ്ങളും ആളുകളും പുസ്തകങ്ങളും വിസ്മൃതിയിലേക്കു വളരെവേഗം വഴുതിവീണിട്ടുണ്ട്. ക്വിറ്റ് ഇന്ത്യ സമരം ഏറെക്കുറെ ഇങ്ങനെ വിസ്മരിക്കപ്പെട്ട ഒരു അദ്ധ്യായമാണ്. ക്വിറ്റ് ഇന്ത്യ സമരകാലത്ത് കേരളത്തിലുണ്ടായ ശ്രദ്ധേയമായ കേസായിരുന്നു കീഴരിയൂര്‍ ബോംബ് കേസ്. 1942 ആഗസ്റ്റ് 9ന് ശേഷം കോഴിക്കോട്ടു വിവിധ സ്ഥലങ്ങളില്‍ നടന്ന ഗൂഢാലോചയെ തുടര്‍ന്ന്  ജില്ലയില്‍ കൊയിലാണ്ടിക്കടുത്തുള്ള ഒരു ഗ്രാമമായ കീഴരിയൂരില്‍വെച്ച് 1942 അവസാന മാസങ്ങളില്‍ സര്‍ക്കാര്‍ കെട്ടിടങ്ങള്‍, റെയില്‍വെ പാലങ്ങള്‍ എന്നിവ തകര്‍ക്കാനായി ബോംബുണ്ടാക്കിയെന്നും തുടര്‍ന്ന് വടക്കെ മലബാറില്‍ പലയിടത്തും വിധ്വംസക പ്രവൃത്തികള്‍ നടന്നുവെന്നുമായിരുന്നു കേസ്. ഈ സംഭവത്തിന്റെ പ്രധാന സൂത്രധാരന്‍ ഡോ. കെ ബി മേനോനായിരുന്നു. ബേര്‍ക്‌ലി യൂനിവേര്‍സിറ്റിയില്‍നിന്ന് പി എഛ് ഡി ലഭിച്ചശേഷം ഹാര്‍വഡ് യൂനിവേഴ്സിറ്റിയില്‍ പഠിപ്പിക്കുന്ന കാലത്ത് ജയപ്രകാശ് നാരായണന്റെ സ്വാധീനത്തില്‍ ഇന്ത്യയിലേക്കു മടങ്ങി ദേശീയ പ്രസ്ഥാനത്തില്‍ പങ്കാളിയാവുകയായിരുന്നു കെ ബി മേനോനെന്ന് കാലിക്കറ്റ് ഹെറിറ്റേജ് ഫോറം ബ്ലോഗില്‍ കാണുന്നു. ഡോ മേനോനും  വി ഏ കേശവന്‍ നായരും മറ്റു ചിലരും ഉള്‍പ്പെടുന്ന ബോംബയില്‍‌നിന്നു വന്ന മലയാളികളുടെ ഒരു സംഘം ക്വിറ്റ് ഇന്ത്യാ കാലത്തെ വിധ്വംസന പ്രവര്‍ത്തനങ്ങളില്‍ മുഖ്യമായി പങ്കുവഹിച്ചു. ഇവര്‍ മിക്കവരും പിന്നീട് പൊലീസ് പിടിയിലാവുകയും വര്‍ഷങ്ങള്‍ ജയിലില്‍ കഴിച്ചുകൂട്ടേണ്ടിവരികയുമുണ്ടായി. വി ഏ കേശവന്‍ നായര്‍ വിവിധ പൊലീസ് സ്റ്റേഷനുകളിലും ജയിലുകളിലുമുള്ള തന്റെ തടവുജീവിതം വിവരിക്കുന്ന കൃതിയാണ്  ഇരുമ്പഴിക്കുള്ളില്‍. ഇവരുടെ ഗൂഢാലോചനയുടെ ഫലമായി കോഴിക്കോടു ജില്ലയില്‍ പലയിടത്തും റെയില്‍വേസ്റ്റേഷന്‍ തീവെപ്പും പാലത്തിനു ബോംബു വെയ്ക്കലും നടന്നു.  കൂട്ടത്തിലുള്ളവര്‍ തന്നെ ഒറ്റിക്കൊടുത്തു പൊലീസ് പിടിയിലായ മേനോനെ  മാസങ്ങളോളം പൊലീസ് ലോക്കപ്പിലും സബ് ജയിലിലും തടവിലിട്ടശേഷമാണ് വിചാരണ ചെയ്യുന്നതും ആദ്യം വെറുതെ വിടുന്നതും പിന്നീട് അപ്പീലില്‍ പത്തുവര്‍ഷത്തെ തടവിനു ശിക്ഷിക്കുന്നതും. 1943 ആഗസ്റ്റ് 7ന് ചാവക്കാടുനിന്ന് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നു. കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലെ ലോക്കപ്പില്‍ (നാരകീയം എന്നാണ് അതിനെപ്പറ്റി ഇദ്ദേഹം പറയുന്നത്) പത്തുദിവസം. പിന്നെ ഒരു മാസത്തിലധികം കോഴിക്കോട് സബ് ജയിലില്‍, വീണ്ടും കൊയിലാണ്ടിയില്‍ ഒരു മാസത്തിനടുത്ത്, വീണ്ടും സബ് ജയിലില്. ഇങ്ങനെ മൂന്നു മാസം കഴിഞ്ഞാണ് വിചാരണ ആരംഭിക്കുന്നത്. ഉദ്ദേശം രണ്ടു മാസത്തിനുശേഷം കേസ് സെഷന്‍സ് കോടതിയിലേക്കു കമ്മിറ്റ് ചെയ്യുന്നു. 1944 മാര്‍ച്ച് ആറിന് സെഷന്‍സ് കോടതി വിചാരണ ആരംഭിച്ചു. ഏപ്രില്‍ 17ന് വിധി പറഞ്ഞു. 12 പേര്‍ക്ക് ഏഴു വര്‍ഷവും ഒരാള്‍ക്ക് 10 വര്‍ഷവും തടവു വിധിച്ച വിധി പക്ഷേ ഡോ. മേനോനെയും കേശവന്‍ നായരെയും വെറുതെവിട്ടു. വെറുതെ വിട്ടവരെ അന്നു തന്നെ കോടതിയുടെ ഗെയിറ്റില്‍ വെച്ച് അറസ്റ്റ് ചെയ്തു. വീണ്ടും റിമാന്‍ഡ്.   നേരത്തെ വിചാരണയ്ക്ക് ജയിലില്‍നിന്ന് പൊതുനിരത്തിലൂടെ നടത്തിച്ചുകൊണ്ടുപോവുമ്പോള്‍ മുദ്രാവാക്യം വിളിച്ചതിന് കേസെടുത്തതിനായിരുന്നു ഈ അറസ്റ്റ്. ഈ കേസ് പൊലീസ് പിന്‍വലിച്ചെങ്കിലും അതു കഴിഞ്ഞ് പുറത്തുപോവുന്നതിനു മുമ്പ് വീണ്ടും അറസ്റ്റ് ചെയ്തു. ഇത്തവണ തടങ്ങല്‍ തടവുകാരന്‍ (détenu) ആയിട്ടാണ് അറസ്റ്റ്. ഇത്തവണ തഞ്ചാവൂരിലെ തടങ്ങല്‍ ക്യാമ്പിലേക്കു കൊണ്ടുപോവുന്നു. തടങ്ങല്‍ ക്യാമ്പ് ജയിലല്ല. അവിടെ ജയിലിലില്ലാത്ത സ്വാതന്ത്ര്യമുണ്ട്. സ്വന്തമായി ഭക്ഷണം പാകം ചെയ്തു കഴിക്കാം. നിരോധിക്കപ്പെട്ട പുസ്തകങ്ങളും ലഘുലേഖകളും പോലും ലഭ്യം. എം പി നാരായണമേനോനുണ്ട് അവിടെ. ഏറനാട് താലൂക്ക് കോണ്‍ഗ്രസ് നേതാവായിരുന്ന നാരായണ മേനോനെ 1921 ല്‍ മലബാര്‍ കലാപത്തിന്റെ കാലത്ത് തടവിലാക്കി നാടുകടത്താന്‍ ശിക്ഷിച്ചിരുന്നു. പിന്നീടത് ജീവപര്യന്തമാക്കി. പതിന്നാലു വര്‍ഷം ജയിലില്‍ കിടന്ന നാരായണ മേനോന്‍ വീണ്ടും 1942ല്‍ തടവിലാക്കപ്പെട്ടു. ദീര്‍ഘകാലത്തെ ജയില്‍ജീവിതം അദ്ദേഹത്തിന്റെ മനസ്സിനെ  സവിശേഷമായി ചിട്ടപ്പെടുത്തിയിട്ടുണ്ടെന്നാണ് കേശവന്‍ നായര്‍ പറയുന്നത്.
 1944 മെയ് മാസം മുതല്‍ ഡിസംബര്‍ വരെ തഞ്ചാവൂരിലെ തടങ്ങല്‍ ക്യാമ്പില്‍ കഴിഞ്ഞശേഷം കേശവന്‍ നായരേയും കൂട്ടരെയും വെല്ലൂര്‍ ജയിലിലേക്കു കൊണ്ടു പോയി.  വെല്ലൂരില്‍ ഡെറ്റിന്യൂ തടുകാര്‍ക്കുള്ള ക്ലോസ് പ്രിസണില്‍ കഴിയവെ സര്‍ക്കാര്‍ കൊടുത്ത അപ്പീലില്‍ ഡോ കെ ബി മേനോനും കേശവന്‍ നായര്‍ക്കും എന്‍ എ കൃഷ്ണന്‍ നായര്‍ക്കും സി പി ശങ്കരന്‍ നായര്‍ക്കും പത്തുവര്‍ഷം വീതവും കെ വി ചാമുവിന് എട്ടു കൊല്ലവും തടവുശിക്ഷ ലഭിച്ചു. തുടര്‍ന്ന് കുറച്ചു ദിവസം വെല്ലൂരിലെ പ്രധാന ജയിലിലേക്കും തുടര്‍ന്ന്  ബെല്ലാരിയിലെ ആലിപ്പുരം ജയിലിലേക്കും മാറ്റുന്നു. 1946 ഏപ്രിലില്‍ കീഴരിയൂര്‍‌ കേസിലെ പ്രതികളെ വിട്ടയയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെ ആലിപ്പുരം ജയിലില്‍നിന്ന് കേശവന്‍ നായര്‍ വിമുക്തനാവുന്നു.
ജയിലിനുള്ളിലെ ജീവിതത്തെക്കുറിച്ചുള്ള വിവരണത്തെക്കാള്‍ കൂടുതലായി 200 പേജില്‍ താഴെ മാത്രമുള്ള ഈ പുസ്തകത്തെ പ്രസക്തമാക്കുന്നത് അക്കാലത്തെ പ്രക്ഷുബ്ധമായ രാഷ്ട്രീയാന്തരീക്ഷത്തെപ്പറ്റിയുള്ള ചില വിവരണങ്ങളാണ്. ട്രോട്സ്കിയൈറ്റ് ചായ്‌വുള്ള കമ്യൂണിസ്റ്റ് വിശ്വാസിയാണ് ഈ പുസ്തകമെഴുതുന്ന കാലത്ത് കേശവന്‍ നായര്‍. നാലാം ഇന്റര്‍ നാഷണല്‍ എന്നൊരു അദ്ധ്യായം തന്നെയുണ്ട് പുസ്തകത്തില്‍. സിലോണില്‍നിന്നുകൊണ്ടു വന്ന രണ്ടു രാഷ്ട്രീയ തടവുകാരില്‍ ഒരാളായ അന്തോണിപ്പിള്ളയാണ് ഇദ്ദേഹത്തിന് ട്രോട്സ്കിയൈറ്റ് ആശയങ്ങള്‍ പരിചയപ്പെടുത്തുന്നത്.
ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭണവുമായി ബന്ധപ്പെട്ട ചില സംഭവങ്ങളുടെ വിവരണത്തിനു പുറമേ രസകരമായ ചില കാര്യങ്ങള്‍ ഈ പുസ്തകത്തില്‍ കാണാം. അതിലൊന്ന് ജനകീയ യുദ്ധമെന്നു കമ്യൂണിസ്റ്റ് പാര്‍ട്ടി രണ്ടാം ലോകയുദ്ധത്തെ വിലയിരുത്തിയ ശേഷം  മലക്കം മറിഞ്ഞ നമ്പൂതിരിപ്പാടിനെ ബോംബെയില്‍ ഇദ്ദേഹവും കൂട്ടൂകാരും കാണുന്ന സംഭവമാണ്. ആരാണു തന്നെ കാണാന്‍ വന്നതെന്നു പറയുന്നില്ലെങ്കിലും ഈ സംഭവത്തെപ്പറ്റി നമ്പൂതിരിപ്പാട് തന്റെ ആത്മകഥയുടെ രണ്ടാം ഭാഗമായ ഇന്ത്യന്‍ കമ്യൂണിസ്റ്റിന്റെ ഓര്‍മ്മക്കുറിപ്പുകളില്‍ പറയുന്നുണ്ട്. സാമ്രാജ്യത്വയുദ്ധത്തിനെതിരെ പ്രവര്‍ത്തിക്കാന്‍ ഒളിവില്‍പ്പോയ നമ്പൂതിരിപ്പാട് പാര്‍ട്ടിയുടെ നിലപാട് മാറ്റത്തെത്തുടര്‍ന്ന് പാര്‍ട്ടി നിയമവിധേയമായപ്പോള്‍ പുറത്തുവന്ന് ജനകീയയുദ്ധക്കാരനായതറിയാതെ ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തിന് സഹായം തേടിയാണ് ബോംബെയിലെ ഈ മലയാളികള്‍ അദ്ദേഹത്തെ ചെന്നു കാണുന്നത്. യുദ്ധത്തിനു കോട്ടം വരുത്തുന്ന ഏതു പ്രവൃത്തിയെയും "ഞങ്ങള്‍ സര്‍വ്വശക്തികളും ഉപയോഗിച്ച് എതിര്‍ക്കും" എന്നാണത്രെ നമ്പൂതിരിപ്പാട് ഇവരോടു  പറഞ്ഞത്.
 കോളറക്കാലത്തെ കമ്യൂണിസമാണ് മറ്റൊരു സംഭവം.
കേരളത്തിലെങ്ങും കോളറ കൊടുമ്പിരിക്കൊണ്ടിരിക്കുന്ന കാലമായിരുന്നു അത്. അനവധി രാഷ്ട്രീയപ്രവര്‍ത്തകന്മാര്‍ ഗ്രാമസേവാസംഘത്തിന്റെ ആഭിമുഖ്യത്തില്‍ നാടുനീളെ രോഗികളെ ശുശ്രൂഷിക്കുന്നതിലും ശവം മറവുചെയ്യുന്നതിലും ഉദ്യുക്തരായിരുന്നു. അവര്‍ക്കു രോഗങ്ങളെ എതിര്‍ക്കുന്നതോടൊപ്പംതന്നെ കമ്യൂണിസ്റ്റ്കാരുടെ കുപ്രചരണത്തോടും മല്ലിടേണ്ടിവന്നു. ഗ്രാമസേവാസംഘം പ്രവര്‍ത്തകന്മാര്‍ ജാപ്പ് ഏജണ്ടുമാരാണെന്നും അവര്‍ കൊടുത്തിരുന്ന മരുന്ന് വിഷമാണെന്നും കമ്യൂണിസ്റ്റ്കാര്‍ സാധുക്കളുടെ ഇടയില്‍ പറഞ്ഞുപരത്തി. ആ മരുന്നിന്നു കമ്യൂണിസ്റ്റ്കാര്‍ പേരിട്ടത് "അഞ്ചാംപത്തിപ്പൊടി"യെന്നായിരുന്നു.
വി ഏ കേശവന്‍ നായര്‍, ഇരുമ്പഴിക്കുള്ളില്‍, മാതൃഭുമി, 1954 (രണ്ടാം പതിപ്പ്), പുറം 22.
ക്വിറ്റിന്ത്യാ സമരകാലത്തെ പാളിച്ചയ്ക്ക് കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രായശ്ചിത്തം ചെയ്തത് കോളറക്കാലത്തെ humanitarian work ലൂടെയാണെന്ന് ഒരു വാദമുണ്ട്. അതിന് ഇങ്ങനെയും ഒരു വശമുണ്ടെന്നാണ് കേശവന്‍ നായര്‍ പറയുന്നതില്‍നിന്നു മനസ്സിലാവുന്നത്.  കസ്തൂര്‍ബായുടെ മരണവാര്‍ത്തയറിഞ്ഞപ്പോഴുണ്ടായ ഹര്‍ത്താലിനെ കമ്യൂണിസ്റ്റുകള്‍ കോഴിക്കോടു നഗരത്തില്‍ പരസ്യമായി വിലക്കുകയുണ്ടായെന്ന് പുസ്തകത്തില്‍ കാണുന്നുണ്ട്.
കമ്യൂണിസ്റ്റുകാര്‍ അപവദിച്ചു നടക്കുന്ന സ്വതന്ത്രഭാരതം എന്ന നിയമവിരുദ്ധ പത്രത്തെപ്പറ്റിയും ചില വിവരങ്ങള്‍ ഈ പുസ്തകത്തില്‍ കാണാം. ഈ സ്വതന്ത്രഭാരത്തെക്കുറിച്ച്  കേരളരാഷ്ട്രീയത്തിലെ കോമാളിയായ ഇ കെ നായനാര്‍ പറയുന്നത് ഇങ്ങനെ: കെ പി സി സി നേതാക്കളുടെയും കോണ്‍ഗ്രസ്സിന്റെയും പേരില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്ത കൊടുത്തിരുന്ന സ്വതന്ത്രഭാരതം എന്ന പത്രത്തിനെതിരെ ദേശാഭിമാനി ശക്തിയുക്തം നീങ്ങി! ഇതു കാണുക. കുമ്പളത്തു ശങ്കുപിള്ളയുടെയും മറ്റും നേതൃത്വത്തില്‍ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ അസ്ഥികലശം കണ്ണൂരില്‍നിന്ന് ആഘോഷപൂര്‍വ്വം തിരുവനന്തപുരത്തേക്കു കൊണ്ടുവന്ന സംഭവത്തെപ്പറ്റി നമ്മുടെ പാര്‍ട്ടി പത്രമായ ദേശാഭിമാനി കത്തിച്ച ചാരവുമായി പട്ടത്തിന്റെ മന്ത്രിസഭയെ മറിച്ചിടാന്‍ കുമ്പളത്തു ശങ്കുപിള്ള തിരുവനന്തപുരത്തേക്കു വന്നു എന്ന് സ്വന്തം ആത്മകഥയിലെഴുതിവെച്ച കേരളത്തിന്റെ മഹാമുഖ്യനായ വങ്കന്‍ അതു പറയുന്നതില്‍ അത്ഭുതമില്ല. 

ഇ എം എസ്സും വൈതാളികസംഘവും വളച്ചൊടിച്ച ചരിത്രത്തിന്റെ മറുപുറത്തിന്റെ ചില പൊട്ടും പൊടിയുമായെങ്കിലും ലഭ്യമാണ് എന്നതാണ് ഈ പുസ്തകത്തിന്റെ സവിശേഷത.

01/11/2010

തന്തയ്ക്കു പിറക്കാത്ത ഇ എം എസ് സാഹിത്യസിദ്ധാന്തങ്ങള്‍

ഇ എം എസ്സാട്ടെ നവകേരളശില്പിയാട്ടെ, മനുഷ്യന്മാര്‍ ഇത്രയ്ക്ക് ഉളുപ്പുകെടാന്‍ പാടുണ്ടോ?
1991 ല്‍ ഭാഷാപോഷിണിയില്‍ നടന്ന സാഹിത്യ ചര്‍ച്ചയില്‍ പങ്കെടുത്ത് ഇ എം എസ് പറഞ്ഞ ചില കാര്യങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് 1992 ഫിബ്രവരി മാസത്തില്‍ ഒരാള്‍ ഇദ്ദേഹത്തോട് ഒരു ചോദ്യം ചോദിക്കുന്നു.  ചോദ്യകര്‍ത്താവ് ഉദ്ധരിച്ച ഈ ഭാഗം നോക്കുക.
സാഹിത്യരചനയും ആസ്വാദനവും തികച്ചും വ്യക്തിഗതമായ ഒരു വ്യാപാരമാണ്. സാമൂഹ്യമോ രാഷ്ട്രീയമോ ആയ യാതൊരു ലക്ഷ്യവും സാഹിത്യ രചനയ്ക്ക് ആവശ്യമില്ല. ആ അര്‍ത്ഥത്തില്‍ കല കലയ്ക്കുവേണ്ടിയാണ്. ഈ സത്യം കമ്യൂണിസ്റ്റുകാരായ ഞങ്ങള്‍ വേണ്ടത്ര മനസ്സിലാക്കിയിരുന്നില്ല.
ഇ എം എസ്സിന്റെ പതിവു വര്‍ത്തമാനത്തില്‍നിന്നു വളരെ വിഭിന്നമായ ഒരു നിലപാടാണിത്. താന്‍ തെറ്റുതിരുത്തുന്നവനാണ് എന്ന തോന്നലുണ്ടാക്കാനായി പല വിഷയങ്ങളിലും പല കാലങ്ങളിലും ഇത്തരം നാടകീയമായ നിലപാടു മാറ്റങ്ങള്‍ ഇ എം എസ് അവതരിപ്പിച്ചിട്ടുണ്ട്.
ഇവിടെ ഉദ്ധരിച്ചിരിക്കുന്ന കാര്യം താന്‍‌ പറഞ്ഞതുന്നെയാണെന്ന് ഉത്തരം പറയുമ്പോള്‍ നമ്പൂതിരിപ്പാട് ശരിവെയ്ക്കുന്നുണ്ട്. അളിഞ്ഞ ഉത്തരമാണ് നല്കുന്നത്. താന്‍ പറഞ്ഞ കാര്യങ്ങളൊക്കെ ബോധപൂര്‍വ്വമല്ലാതെ സാഹിത്യരചന നടത്തുന്ന സാഹിത്യകാരന്മാരെപ്പറ്റിയാണ് ശരിയായിരിക്കുന്നത്. (ആസ്വാദനത്തിന്റെ കാര്യത്തിലും അവരെയിരിക്കും നമ്പൂതിരിപ്പാട് ഉദ്ദേശിച്ചത്!) അവരെ സംബന്ധിച്ചിടത്തോളം കല കലയ്ക്കുവേണ്ടിയാണ്. വ്യക്തിഗതമായ വ്യാപാരമാണെങ്കിലും അമൂര്‍ത്തമായല്ല രചന നടത്തുന്നത്.  
"സാമൂഹ്യമോ രാഷ്ട്രീയമോ ആയ യാതൊരു ലക്ഷ്യവും സാഹിത്യ രചനയ്ക്ക് ആവശ്യമില്ല" എന്നത് കമ്യൂണിസ്റ്റുകാരല്ലാത്ത സാഹിത്യകാരന്മാരെക്കുറിച്ച് തികച്ചും ശരിയാണ്.
താന്‍ ഭാഷാപോഷിണിയില്‍ പറഞ്ഞ കാര്യങ്ങള്‍ ഉദ്ധരണി ചിഹ്നമിട്ട് ആവര്‍ത്തിച്ച് അതിന് അളിഞ്ഞ മറുപടി പറഞ്ഞ ഈ വങ്കന്‍ സൈദ്ധാന്തികന്‍ പക്ഷേ പിന്നെയും ഒരു മൂന്നു വര്‍ഷം കഴിഞ്ഞ് ഇതേക്കുറിച്ച് ചോദിച്ച ഒരു ചോദ്യത്തിനുത്തരമായി ഇങ്ങനെ പറഞ്ഞു.
ആയിരത്തിത്തൊള്ളായിരിത്തി തൊണ്ണൂറ്റിയൊന്നില്‍ "സാമൂഹ്യമോ രാഷ്ട്രീയമോ ആയ യാതൊരു ലക്ഷ്യവും സാഹിത്യ രചനയ്ക്ക് ആവശ്യമില്ലെന്നു" ഞാന്‍ പറയുകയുണ്ടായില്ല.
 തിരുനല്ലൂര്‍ കരുണാകരന്‍ ഭാഷോപോഷിണിയില്‍ എഴുതിയ ഒരു ലേഖനത്തില്‍ 1991 ലെ ഇ എം എസ്സിന്റെ നിലപാടുമാറ്റത്തെക്കുറിച്ച് അന്നത്തെ ഭാഷാപോഷിണിയില്‍നിന്ന് ഉദ്ധരിച്ചുകൊണ്ട് എഴുതിയ ലേഖനത്തെക്കുറിച്ചായിരുന്നു 1995 ലെ ചോദ്യം. ആ ഉത്തരം അവസാനിപ്പിക്കുന്നത് ഇങ്ങനെ:
എന്റെ സാഹിത്യനിരൂപണപരമായ കാഴ്ചപ്പാടില്‍ വന്ന പുരോഗതിയാണ് ഇതു സൂചിപ്പിക്കുന്നത്.
തൊലിക്കട്ടിയിലുണ്ടായ വര്‍ദ്ധനകൂടി ഇതു സൂചിപ്പിക്കുന്നില്ലേ?
24/10/2010

നായനാരും കുമ്പളങ്ങയും

നായനാര്‍ കുമ്പളങ്ങ കട്ട കഥയറിയുമോ? വിവരദോഷി ഇംഗ്ലീഷിലൊരു ആത്മകഥയെഴുതി. My Struggles എന്ന പേരില്‍. ദില്ലിയില്‍നിന്നു പ്രസിദ്ധീകരിപ്പിക്കുകയും ചെയ്തു. അശ്ലീലമായ ഒരു ആത്മകഥ. അതിലെ അശ്ലീലത്തെപ്പറ്റി പിന്നീട്. ഇപ്പോള്‍ കുമ്പളങ്ങയെപ്പറ്റി. ടി പുസ്തകത്തിന്റെ 106-ആം പേജിലാണ് കുമ്പളങ്ങയുള്ളത്. ഇതാ പേജു കാണുക:
 നമ്മുടെ പാര്‍ട്ടി പത്രത്തിന്റെ ചാരവുമായി ഒരു കുമ്പളത്ത് ശങ്കുപിള്ള തിരുവനന്തപുരത്ത്  എത്തി പട്ടത്തിന്റെ ഗവണ്‍മെന്റിനെ (അതിലെ മുഖ്യമന്ത്രി പക്ഷേ പറവൂര്‍ ടി കെ നാരായണ പിള്ളയാണേ) മറിച്ചിടാന്‍ ശ്രമിക്കുന്നതാണ് വിവരദോഷി വിവരിക്കുന്നത്. ഇനി കാര്യമെന്താണെന്നറിയാന്‍ ഈ സംഭവത്തെക്കുറിച്ച് കുമ്പളത്തു ശങ്കുപിള്ളയുടെ ആത്മകഥയിലെ അതിനെപ്പറ്റി പറയുന്ന ഒരു താള്‍ നോക്കുക.
ഈ അശ്ലീലമൊക്കെ എങ്ങനെ മുഖ്യനായും പാര്‍ട്ടി സെക്രട്ടറിയായും കേരളരാഷ്ട്രീയത്തെ നിയന്ത്രിച്ചു എന്നാലോചിക്കുമ്പോള്‍... വെറുതെയല്ല ടിയാന്റെ പ്രസ്ഥാനം ഇത്ര ഉളുപ്പുകെട്ടതായിപ്പോയത്.
ഇന്നിപ്പോള്‍ സി പി എമ്മിന്റെ താര്‍ക്കികനായ എന്‍ മാധവന്‍ കുട്ടി പതിനഞ്ചു വര്‍ഷം മുമ്പ് നായനാരെക്കുറിച്ചെഴുതിയ ഈ ലേഖനം രസകരമായിരിക്കുന്നു. ഇവിടെക്കാണാം അത്.

22/10/2010

സി വി രാമന്‍ പിള്ള ഫ്യൂഡല്‍ പിന്തിരിപ്പനോ ബൂര്‍ഷ്വാ നവോത്ഥാന നായകനോ?

പത്തുമാസത്തെ ഇടവേളയില്‍ ഇ എം എസ് ചോദ്യോത്തരപംക്തിയില്‍ നല്കിയ രണ്ടു വിശദീകരണങ്ങളാണ് താഴെക്കാണുന്നത്. സമ്പൂര്‍ണ്ണകൃതികള്‍ സഞ്ചിക 59ല്‍ 145-149 പേജുകളില്‍ ഈ ചോദ്യോത്തരങ്ങള്‍ കാണാം. 1993-94 കാലത്ത് മൂത്തു പാകം വന്ന (സ്വയം തിരുത്തലിന്റെ മൂര്‍ദ്ധന്യത്തിലെത്തിയ) ഇ എം എസ്  ആണ് ഉത്തരം നല്കുന്നത്. ഒന്നു സി വി രാമന്‍പിള്ളയെപ്പറ്റി സവിശേഷമായും രണ്ടാമത്തേത് ജീവല്‍ സാഹിത്യത്തിലേക്കു നയിച്ച ബൂര്‍ഷ്വാസാഹിത്യകാരന്മാരെപ്പറ്റി പൊതുവായും. ആദ്യത്തേതില്‍ പറയുന്നത് സി വി രാമന്‍പിള്ളയ്ക്കു ചരിത്രബോധം ഒട്ടുമുണ്ടായിരുനില്ലെന്നും ചരിത്രവസ്തുതകളുടെ നേരേ കണ്ണടച്ച് തിരിവിതാംകൂറിലെ നാടുവാഴി മേധാവിത്വത്തെ വാഴ്ത്താനാണ് സി വി ശ്രമിച്ചതെന്നുമാണ്. അതേസമയം സി വിയുടെ കൃതികള്‍ക്ക് ചില മെച്ചങ്ങളുണ്ട്. അവ പ്രതിപാദ്യകാലത്തെ സാമൂഹ്യജീവിതത്തെ സമര്‍ത്ഥമായി ചിത്രീകരിച്ചു. സ്വയം രാജപക്ഷപാതിയാണെങ്കിലും എതിര്‍പക്ഷത്തുള്ള പലരുടെയും മിഴിവുള്ള ചിത്രങ്ങള്‍ വരച്ചുകാട്ടി.
രണ്ടാമത്തെ വിശദീകരണത്തില്‍ സി വി ഒരു ബൂര്‍ഷ്വാ നവോത്ഥാന നായകനായിരുന്നു. ജീവല്‍സാഹിത്യപ്രസ്ഥാനത്തിന്റെ മുന്‍ഗാമി എന്നു പറയാന്‍ തക്കവണ്ണം പുരോഗമനകാരിയായിരുന്നു.രാജവാഴ്ചയുടെ പക്ഷത്തുനിന്ന് അതിനെ പ്രകീര്‍ത്തിക്കാനായി ചരിത്രവസ്തുതകളുടെ നേരേ പാടേ കണ്ണടച്ചുകൊണ്ട് കള്ളം എഴുതിവെച്ചാലും അക്കാലത്തെ സാമൂഹ്യജീവിതത്തെ സമര്‍ത്ഥമായി ചിത്രീകരിക്കാം, മിഴിവുള്ള കഥാപാത്രങ്ങളെ വരച്ചുവെയ്ക്കാം എന്നതൊക്കെ വകവെച്ചുകൊടുക്കാം. പക്ഷേ അതേ ആള്‍ എങ്ങനെ ദേശീയ വിപ്ലവപ്രസ്ഥാനത്തിന്റെ ഭാഗമാവും? എങ്ങനെ ബൂര്‍ഷ്വാ നവോത്ഥാന നായകനാവും? എങ്ങനെ കേരളത്തില്‍ വളരുകയായിരുന്ന ബൂര്‍ഷ്വാവര്‍ഗ്ഗത്തിന്റെ ആഗ്രഹാഭിലാഷങ്ങള്‍ക്ക് രൂപം നല്കും?
കൊച്ചുവേണാട് ഏകീകൃത തിരുവിതാംകൂര്‍ ആയി മാറിയതെങ്ങനെ എന്നതു സംബന്ധിച്ച് ഇദ്ദേഹത്തിന്റെ പരിഹാസ്യമായ വിവരക്കേട് അവിടെ ഇരിക്കട്ടെ. മേലെക്കൊടുത്ത തരത്തില്‍ രണ്ടു വിശദീകരണങ്ങള്‍ എഴുതിയ ഒരുത്തനോട് പഴയ ഭാവുകത്വം വെച്ചു ചോദിക്കേണ്ടുന്ന ഒരു ചോദ്യമുണ്ട്. "തനിക്കെത്ര തന്തയുണ്ടെടോ?" എന്ന്. ചരിത്രവസ്തുതകളോട് സത്യസന്ധത പുലര്‍ത്താത്തതിന്റെ പേരിലാണ് ഇ എം എസ് സി വി രാമന്‍പിള്ളയെ കുറ്റം പറയുന്നത്. ജീവിച്ച കാലത്ത് നടന്ന ചരിത്ര സംഭവങ്ങളെപ്പറ്റി വിവരിക്കുമ്പോള്‍ ഒരുളുപ്പും കൂടാതെ, മറ്റുള്ളവര്‍ തന്നെപ്പറ്റി എന്തു വിചാരിക്കുമെന്നു നോക്കാതെ, പറഞ്ഞുപോയ വിവരക്കേടിനുമേല്‍ പിടിച്ചുതൂങ്ങിയ മാന്യനാണ് ഇങ്ങനെ വിമര്‍ശിക്കുന്നതെന്നതാണ് അതിന്റെ ഐറണി. തിരുവിതാംകൂറിന്റെ പില്‍ക്കാല ചരിത്രത്തെപ്പറ്റി ഇ എം എസ് നാണംകെട്ടു കൊണ്ടുനടന്ന ഒരു നുണയെപ്പറ്റി അടുത്ത പോസ്റ്റില്‍.

19/10/2010

കേരളീയന്റെ ജീവചരിത്രമെഴുതിയ ചരിത്ര പ്രൊഫസറുടെ വങ്കത്തരങ്ങള്‍

കേരളീയനും കര്‍ഷകപ്രസ്ഥാനവും, ഡോ. വി വി കുഞ്ഞികൃഷ്ണന്‍, 1996, ചിന്ത പബ്ലിഷേഴ്സ്.
ഡോ. വി വി കുഞ്ഞികൃഷ്ണന്‍ മലബാറിലെ കുടിയായ്മ നിയമത്തിന്റെ ചരിത്രത്തെ ആസ്പദമാക്കി തയ്യാറാക്കിയ പ്രബന്ധത്തിന് കോഴിക്കോട് സര്‍വ്വകലാശാലയില്‍നിന്ന് ഡോക്റ്ററേറ്റ് നേടിയ ആളത്രെ. കണ്ണൂരിലെ കൃഷ്ണമേനോന്‍ മെമ്മോറിയല്‍ വിമെന്‍സ് കോളജില്‍ ചരിത്ര പ്രൊഫസറായിരുന്നത്രെ. കാലിക്കറ്റ് സര്‍വ്വകലാശാലയില്‍നിന്ന് ഡോക്റ്ററേറ്റ് നേടാന്‍ മണ്ണും ചാണവും വേര്‍തിരിച്ചറിയണമെന്ന് നിര്‍ബന്ധമില്ല. പിന്നെ ഒരു മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കാരനായ ഗവേഷകന് (ഇദ്ദേഹം അങ്ങനെയാവണമെന്നാണ് പുസ്തകത്തിലെ പരാമര്‍ശങ്ങളില്‍നിന്നും പുസ്തകം മാര്‍ക്സിസ്റ്റ് പാര്‍ട്ടി  പുസ്തകശാല പ്രസിദ്ധീകരിച്ചതില്‍നിന്നും മനസ്സിലാവുന്നത്) കര്‍ഷക പ്രസ്ഥാനത്തെപ്പറ്റിയോ land relations നെപ്പറ്റിയോ പുസ്തകമോ ഗവേഷണ പ്രബന്ധമോ എഴുതണമെങ്കില്‍ ഇ എം എസ് നമ്പൂതിരിപ്പാടിന്റെ നൂറു വാല്യം കാളമൂത്രവും ദേശാഭിമാനി, ചിന്ത, എന്നിവയുടെ ദശകങ്ങളായി പ്രസിദ്ധീകരിച്ചുവരുന്ന പ്രതികള്‍, നൂറു കണക്കിന് സമ്മേളന ബുള്ളറ്റിനുകള്‍, നായനാര്‍‌ ഫലിതങ്ങള്‍ എന്നിവയെല്ലാം ഉണ്ടാവുമ്പോള്‍ പിന്നെന്ത് സാമഗ്രിക്ഷാമം?
മന്ദബുദ്ധിയെപ്പോലെ ഇങ്ങനെ പകര്‍ത്തിവെച്ചു പുത്തകം തട്ടിക്കൂട്ടുമ്പോള്‍ പക്ഷേ ഇതാ ഈ പറയുന്നതുപോലുള്ള വിവരക്കേടുകളും അമളികളും പിണയും.
രണ്ടു മാസംകൊണ്ട് 1500 മൈല്‍ സഞ്ചരിച്ച്  പട്ടിണി ജാഥ മദിരാശിയിലെത്തി.  (പുറം 34)
രണ്ടായിരത്തി നാന്നൂറിലധികം കിലോമീറ്റര്‍ മദിരാശിക്കു സഞ്ചരിച്ചെന്ന്! അതിനു കുറച്ചേറെ വട്ടം ചുറ്റേണ്ടിവരില്ലേയെന്ന ചിന്തയൊന്നും പ്രൊഫസറുടെ തലയ്ക്കകത്തേക്കു പോയിട്ടില്ല. ഏ കെ പൊതുവാളിന്റെ കേരളത്തിലെ കര്‍ഷക സമരങ്ങള്‍ എന്ന 1978 ലെ പുസ്തകത്തില്‍ കാണുന്ന ഈ അബദ്ധം ഉളുപ്പില്ലായ്മയുടെ വീരനായകന്‍ തന്റെ My Struggles എന്ന അശ്ലീലത്തില്‍ എടുത്തുകൊടുത്തത് ഈ ഗവേഷകന്‍ പ്രൊഫസറും എടുത്തു വിളമ്പിയിരിക്കുകയാണ്.
 ഇന്നത്തെ കോഴിക്കോടിന്റെയും കൊയിലാണ്ടിയുടെയും ചില ഭാഗങ്ങള്‍ ചേര്‍ന്നതായിരുന്നു പഴയ കുറുമ്പ്രനാട്. (പുറം 41)
അപ്പോള്‍ കുറുമ്പ്രനാട് എന്നു പറഞ്ഞാല്‍ എവിടെ വരും ഡോക്റ്ററേ എന്നു ചോദിക്കാതെ വയ്യ. ഇയ്യാള്‍ തന്നെ വേണം കേരളീയന്റെ ജീവചരിത്രം രചിക്കുക.
1941-ല്‍ ഇ എം എസിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഗവണ്‍മെന്റ് റിപ്പോര്‍ട്ട് ഇപ്രകാരമായിരുന്നു:
നമ്പൂതിരി കമ്യൂണിസ്റ്റിനെ പിടികൂടിയതിലൂടെ മലബാറിലെ പ്രധാനപ്പെട്ട ഒരു കമ്യൂണിസ്റ്റുകാരന്‍ അറസ്റ്റിലായി. ആ കമ്യൂണിസ്റ്റുകാരനില്‍നിന്ന് അയാളുടെ പാര്‍ട്ടിയുടെ ഭൂഗര്‍ഭ പ്രവര്‍ത്തനങ്ങളുടെ വിശദവിവരങ്ങളടങ്ങിയ രേഖകള്‍ പിടിച്ചെടുക്കാന്‍ കഴിഞ്ഞു.
ഇക്കാലത്തെപ്പറ്റി നമ്പൂതിരിപ്പാട് എന്തു പറയുന്നു എന്നു നോക്കാം.
1940 ഒക്റ്റോബര്‍ 29 ന് ഞാന്‍ ഒരു ചെത്തുതൊഴിലാളി കുടുംബത്തിലേക്കു മാറ്റപ്പെട്ടു. തികച്ചും ഒന്നര വര്‍ഷക്കാലം ഞാനവിടെ താമസിച്ചിരുന്നു.
ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ രേഖ വരെ തട്ടിപ്പായി പടച്ചോ പ്രൊഫസറേ?
കമ്യൂണിസ്റ്റ് ഗൂഢാലോചന കേസില്‍ മോഹന്‍ കുമരമംഗലം, പി. രാമമൂര്‍ത്തി, എന്നിവരോടൊപ്പം 1942ല്‍ അറസ്റ്റ് ചെയ്യപ്പെട്ട കേരളീയന്‍ ബല്ലാരിക്കടുത്ത് ആലിപുരം സെന്‍ട്രല്‍ ജയിലില്‍ 1944 വരെ തടവുകാരനായിരുന്നു. (പുറം 104)
വാസ്തവത്തില്‍ കേരളീയന്റെ ഒരു ജീവചരിത്രത്തില്‍ ഏറ്റവും പ്രാധാന്യം അര്‍ഹിക്കേണ്ട അധ്യായമാവേണ്ടിയിരുന്ന ഇക്കാര്യം ശ്ലോകത്തില്‍ കഴിക്കുകയാണ് പ്രൊഫസര്‍. ഈ ഒറ്റ വാക്യം മാത്രമാണ് 125ഓളം പേജുള്ള ഇപ്പുസ്തകത്തില്‍ ഇതിനെക്കുറിച്ചുള്ളത്.
മദ്രാസ് കോണ്‍സ്പിറസി കേസില്‍ അറസ്റ്റ് ചെയ്യപ്പെടുക 1942 ലല്ല അതിനു മുമ്പാണ് എന്നതൊരു കാര്യം. 1940 ലോ 1941 ലോ ആണ് അറസ്റ്റ് നടന്നത്. 1941 അവസാനത്തോടെ യുദ്ധം ജനകീയയുദ്ധമായി മാറുകയും കമ്യൂണിസ്റ്റ് പാര്‍ട്ടിക്കാര്‍ ബ്രിട്ടീഷു സൈന്യത്തിന്റെയടുക്കല്‍ പരിശീലനത്തിനു പോവുകയും ചെയ്ത കാലത്ത് എന്തു സാമ്രാജ്യത്വവിരുദ്ധ ഗൂഢാലോചന എന്നതും പ്രൊഫസറുടെ തലയിലേക്കു പോയിട്ടില്ല. 
1944 വരെ ജയിലിലിലായിരുന്ന കേരളീയന്‍ 1942ലും 1943ലും പടപ്പാട്ടെഴുതിയതിനെപ്പറ്റി പുസ്തകത്തില്‍ പറയുമ്പോള്‍ ആ വൈരുധ്യവും പ്രൊഫസര്‍ക്ക് തെളിയില്ല. 1942 ല്‍ കിസാന്‍ സംഘം ജാപ്പ് വിരുദ്ധപ്രചാരണം ആരംഭിച്ച കാലത്ത് കേരളീയന്‍ രചിച്ച കവിത പ്രൊഫസര്‍ ഉദ്ധരിക്കുന്നുണ്ട്.
വിട്ടയക്ക വിട്ടയക്ക
ഗാന്ധി നെഹ്റു വീരരെ!
വട്ടം ഞങ്ങള്‍ കൂട്ടീടട്ടെ
ജപ്പാനെ ചതയ്ക്കുവാന്‍. (പുറം 95,96)
ഇങ്ങനെ കമ്യൂണിസ്റ്റുകാര്‍ എഴുതാനിടയുള്ള ഒരു ഹ്രസ്വകാലം (യുദ്ധം ജനകീയമായി പരിണമിച്ചതിനുശേഷവും ക്വിറ്റിന്ത്യാ പ്രക്ഷോഭത്തിനു മുമ്പുമായുള്ള കുറെ മാസങ്ങള്‍) ഇദ്ദേഹം കേരളത്തിലുണ്ടായിരുന്നു എന്നാണോ ഇതില്‍നിന്നു മനസ്സിലാക്കേണ്ടത്?
ഉരിയരി പോലും കിട്ടാനില്ല
പൊന്നു കൊടുത്താലും
ഉദയാസ്തമയം പീടികമുമ്പില്‍
നിന്നു നരച്ചാലും. (പുറം 101)
എന്ന് 1943 ലെ ദുസ്ഥിതിയെപ്പറ്റിയും കേരളീയന്‍ എഴുതിയിട്ടുണ്ടത്രെ. ജയിലിലിരുന്ന് എഴുതി അയച്ചുകൊടുത്തതാണോ? ആവാന്‍ ഒരു വഴിയുമില്ല. അക്കാലത്തെ ജയിലവസ്ഥ അതനുവദിക്കുന്നതായിരുന്നില്ല.
ജയിലിലെന്ന് താന്‍ ശ്ലോകത്തില്‍ കഴിച്ച കാലത്തെപ്പറ്റി ഇങ്ങനെയൊക്കെ  അഴുകൊഴമ്പന്‍ വര്‍ത്തമാനം പറയുന്നത് ഗവേഷകനെഴുതിയാലും ഏതു പരട്ട നോട്ടീസെഴുത്തുകാരനെഴുതിയാലും ചേപ്രത്തരമാണെന്ന് മനസ്സിലാക്കാത്ത മന്ദബുദ്ധികളെപ്പറ്റി കൂടുതലെന്തു പറയാന്‍.
മദ്രാസ്സില്‍ വെച്ചു ഒളിവിലായിരുന്ന സുബ്രമണ്യശര്‍മ്മ (ശര്‍മ്മാജി), ഉമാനാഥറാവു, രാമമൂര്‍ത്തി, മോഹന്‍ കുമരമംഗലം, സി എസ്സ് സുബ്രമണ്യം, ഹനുമന്തറാവു എന്നിവരോടൊപ്പം ഞാനും മദിരാശി കമ്യൂണിസ്റ്റ് ഗൂഢാലോചനക്കേസ്സില്‍ അറസ്റ്റ് ചെയ്യപ്പെട്ടു. ആ കേസ്സില്‍ ഒരു വര്‍ഷത്തിലേറെക്കാലമുള്ള റിമാണ്ടിനുശേഷം ഞങ്ങളെല്ലാം മൂന്നുവര്‍ഷത്തെ ജയില്‍ ശിക്ഷക്കു വിധിക്കപ്പെട്ടു.
ഇപ്രകാരം കേരളീയന്‍ എഴുതിയിട്ടുണ്ട്. കമ്യൂണിസ്റ്റ് പാര്‍ട്ടിയിലേക്ക് ഞാന്‍ നടന്നെത്തിയ വഴി എന്ന ലേഖനത്തിലാണ് ഇങ്ങനെ എഴുതിയത്. (കെ എ കേരളീയന്‍, കര്‍ഷകര്‍ക്കായൊരു ജീവിതം, കെ കെ എന്‍ കുറുപ്പ്, കേരള സാഹിത്യ അക്കാദമി, 2010,  പുറം 67.)
ഇതിന് നിര്‍ഭാഗ്യവശാല്‍ വിശ്വാസ്യത കുറവാണ്. 
Centenarian Communist Leader Honoured! എന്ന പേരില്‍ സി പി ഐ ക്കാരുടെ New Age Weekly യില്‍ വന്ന ഒരു ലേഖനം ഇവിടെ കാണാം.
In 1940, the British government launched the first Madras communist conspiracy case in which CS was sentenced to four years rigorous imprisonment, along with late leaders P.Ramamurthy,Mohan Kumaramangalam, Anumandha Rao (Andhra) S.Subramania Sharma and the present CPI(M)leader and former MP, R. Umanath.
ഇക്കൂട്ടത്തില്‍ കേരളീയനെന്ന കടയപ്രത്ത് കുഞ്ഞപ്പനമ്പ്യാരുണ്ടായിരുന്നെങ്കില്‍ ഇവിടെയും അതുപോലെ മറ്റു പലയിടത്തും അദ്ദേഹത്തിന്റെ പേരുമാത്രമായി വിട്ടുപോവാനിടയില്ല. കാരണം പ്രായംകൊണ്ടും പ്രവര്‍ത്തനംകൊണ്ടും കൂട്ടത്തില്‍ രാമമൂര്‍ത്തിക്കൊപ്പം മൂപ്പുള്ള ആളാണ്. കോഴിക്കോട് ജന്മദേശമായുള്ള ഉമാനാഥ് എന്ന സി പി എം നേതാവിനു പറയാനാവും കേരളീയന്‍ തങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്നോ എന്ന്. 1970 ല്‍ സജീവരാഷ്ട്രീയം ഉപേക്ഷിച്ച കേരളീയന്റെ ഭൂതകാലം ചികയാന്‍ വലിയ താത്പര്യം ആര്‍ക്കും തോന്നിക്കാണില്ല.
കേരളീയന്‍ 1970 ല്‍ സജീവരാഷ്ട്രീയം ഉപേക്ഷിച്ചെന്നെഴുതിയിട്ട്, 1970 ല്‍ ന്യൂസ്പ്രിന്റ് ക്ഷാമം നിമിത്തം കര്‍ഷകന്‍ എന്ന കര്‍ഷകസംഘം മുഖപത്രം നിറുത്തി എന്നെഴുതിയിട്ട് പുസ്തകത്തിന്റെ അവസാനം ഒരു കാലാനുക്രമണിക കൊടുത്തതില്‍ 1974 വരെ കര്‍‌ഷകന്റെ പത്രാധിപരായി തുടര്‍ന്നു എന്നും എവുതിയിട്ടുണ്ട് നമ്മുടെ ഗവേഷകന്‍.

addendum
24th October
മലബാറില്‍ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പ്രവര്‍ത്തര്‍ കര്‍ഷകപ്രസ്ഥാനത്തിന് രൂപംകൊടുത്ത് പ്രവര്‍ത്തിച്ചു തുടങ്ങിയത് അഖിലേന്ത്യാ കിസാന്‍ സഭ രൂപീകരിക്കുന്നതിനു മുമ്പായിരുന്നു എന്ന വസ്തുത മലബാറിലെ രാഷ്ട്രീയപ്രബുദ്ധതയുടെ ഉത്തമ ഉദാഹരണമാണ്. (ടി കൃതി, പുറം 33)
അഖിലേന്ത്യാ കിസാന്‍ സഭ രൂപീകരിക്കുന്നതിനു മുമ്പു 1935 ല്‍ തന്നെ രൂപീകരിച്ച കര്‍ഷക സംഘങ്ങളിലൊക്കെ നമ്മുടെ സഖാക്കളുടെ  പേരും നിറയെ കാണാം. എ വി കുഞ്ഞമ്പു, എം പി അപ്പുമാസ്റ്റര്‍, ഇ എം എസ്, ഇ പി ഗോപാലന്‍. പക്ഷേ ഈ ഗവേഷകന്‍ 1933 ല്‍ കോഴിക്കോട്ട് നടന്ന ഒരു യോഗത്തെപ്പറ്റി കേട്ടമട്ടില്ല.
"അഖിലേന്ത്യാ കിസാന്‍സംഘത്തിന്റെ ആവിര്‍ഭാവത്തിനു മുമ്പുതന്നെ കേരള കര്‍ഷകസംഘം എന്ന സംഘടന രൂപീകരിക്കാനുള്ള പരിശ്രമമാരംഭിച്ചിരുന്നു. കര്‍ഷകപ്രശ്നങ്ങളെയും ചുറ്റുപാടുകളെയും വിലയിരുത്താന്‍ 1933 നവംബര്‍ 5ന് കോഴിക്കോട് ടൌണ്‍ഹാളില്‍ കേരളത്തിലെ പൊതുപ്രവര്‍ത്തകരുടെ ഒരു യോഗം മഞ്ചേരി രാമയ്യരുടെ അധ്യക്ഷതയില്‍ സമ്മേളിച്ചു. യോഗത്തില്‍ കെ. മാധവമേനോന്‍ അവതരിപ്പിച്ച താഴെപ്പറയുന്ന പ്രമേയം പി കൃഷ്ണപിള്ള പിന്താങ്ങി:
"കേരള കര്‍ഷസംഘം എന്നൊരു സംഘടന മലബാറില്‍ ഒട്ടാകെ രൂപീകരിക്കാനും അതിന്റെ ശാഖകളായി താലൂക്ക് സംഘങ്ങളും അംശഘടകങ്ങളും ഏര്‍പ്പെടുത്താനും ഈ യോഗം തീര്‍ച്ചപ്പെടുത്തുന്നു. ഈ യോഗം കര്‍ഷകരുടെ സാമ്പത്തിക ഉന്നതിക്കായി പ്രവര്‍ത്തിക്കുന്നതും ഉടനെതന്നെ വര്‍ധിച്ച നിലനികുതികൊണ്ടുണ്ടാവുന്ന കഷ്ടപ്പാടുകളെ ഗവണ്‍മെന്റിനെ വേണ്ടവിധത്തില്‍ അറിയിക്കേണ്ടതുമാകുന്നു. (കെ കെ എന്‍ കുറുപ്പ്, ആധുനിക കേരളം: ചരിത്രഗവേഷണ പ്രബന്ധങ്ങള്‍, പുറം 62, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, 1995  (original edition 1982))
ഇതിനായി രൂപീകരിച്ച കമ്മിറ്റിയില്‍ കൃഷ്ണപിള്ളയും കേരളീയനും ഇ എം എസ്സുമുണ്ട്. ഇതാണ് തുടക്കം. മലബാറിലെ കാര്‍ഷിക ബന്ധത്തെപ്പറ്റി ഗവേഷണം ചെയ്ത് ഡോക്റ്ററേറ്റ് സംഘടിപ്പിച്ച പണ്ഡിതന് ഇതറിഞ്ഞുകൂടെങ്കില്‍ നാണക്കേടാണ്.

14/10/2010

എണ്‍പതു തികഞ്ഞ ഇ എം എസ്, കുഞ്ഞനന്തന്‍ നായരുടെ അല്പത്തരം

എണ്‍പതു തികഞ്ഞ ഇ എം എസ് എന്നൊരു  കൊച്ചു പുസ്തകമുണ്ട് കുഞ്ഞനന്തന്‍ നായരുടേതായി. 1990ല്‍ ചിന്ത പബ്ലിഷ് ചെയ്തതാണ് ഈ തട്ടിപ്പുസാഹിത്യം.  ഇ എം എസ് സ്തുതിക്ക് അനിവാര്യമായ കൂട്ടാണ്  നുണ, വിവരക്കേടുകള്‍ എന്നിവയൊക്കെ. അല്പത്തരവും ക്ഷുദ്രതയും നിറഞ്ഞ നമ്പൂതിരിപ്പാട് ജീവിതത്തെ വാഴ്ത്താന്‍ കുഞ്ഞനന്തന്‍ അവലംബിക്കുന്ന തരംതാണ ട്രിക്കുകള്‍ സ്മര്യപുരുഷന്റെ രാഷ്ട്രീയജീവിതത്തെ പ്രതിഫലിപ്പിക്കുന്നതാകയാല്‍ ഏതാനും ഉദാഹരണങ്ങള്‍ അപ്രസക്തമാവില്ല.
1.

ലാലാ ലജ്പത്റായിയെ പഞ്ചാബിലെ ബ്രിട്ടീഷ് പൊലീസ് മേധാവി തല്ലിച്ചതച്ചതില്‍ പ്രതിഷേധിച്ചായിരുന്നു ഇ എം എസിന്റെ ആദ്യത്തെ (പെരുന്തല്‍മണ്ണയില്‍) രാഷ്ട്രീയ സമരം- ആ കന്നി സമരത്തെപ്പറ്റി ഇ എം എസ് ഇങ്ങനെ എഴുതി. (കുഞ്ഞനന്തന്‍ നായര്‍, എണ്‍പത് തികഞ്ഞ ഇ എം എസ്, ചിന്ത, 1990, പുറം 6)
തുടര്‍ന്ന് കുഞ്ഞനന്തന്‍ നായര്‍ ഇ എം എസ്സിന്റെ ആത്മകഥയില്‍നിന്ന് ഉദ്ധരിക്കുകയാണ്. 1927-ലെ കാര്യമാണ് പറയുന്നത്. കുഞ്ഞനന്തന്‍ നായര്‍ ഉദ്ധരിക്കുന്ന ഭാഗം സൈമണ്‍ കമ്മീഷന്റെ വരവില്‍ പ്രതിഷേധിക്കുന്ന രാഷ്ട്രീയ സമരത്തെപ്പറ്റി പറയുന്ന ഭാഗമാണ്, ഇടയ്ക്ക് ഇ എം എസ് ലാലാലജ്പത് റായിയെ പരാമര്‍ശിക്കുന്നുണ്ടെന്നുമാത്രം. ഈ ആദ്യത്തെ രാഷ്ട്രീയ സമരത്തിനെ സംബന്ധിക്കുന്ന സത്യാവസ്ഥ പക്ഷേ കുഞ്ഞനന്തന്‍ നായര്‍ പറയില്ല. കാരണം അത് ഇ എം എസ്സിന് അത്ര ഗുണകരമല്ല. വിദ്യാര്‍ത്ഥികള്‍ യോഗം ചേര്‍ന്ന് പഠിപ്പുമുടക്കാന്‍ തീരുമാനിച്ചിട്ട് നേരം വന്നപ്പോള്‍ പേടിച്ച് ക്ലാസ്സില്‍ കയറിയ ചരിത്രമാണത്. ജീവിതകാലം മുഴുവന്‍ ഇ എം എസ് കൊണ്ടുനടന്ന ഭീരുത്വത്തിന്റെ മധ്യവര്‍ത്തി സമീപനത്തിന്റെ ആദ്യത്തെ പൊതുപ്രദര്‍ശനം എന്നു പറയാം ഈ ആദ്യത്തെ രാഷ്ട്രീയ സമരത്തെപ്പറ്റി.
ഇത് അഞ്ചാം ഫോറത്തില്‍ പഠിക്കുന്ന കാലം. മദിരാശി കോണ്‍ഗ്രസ്സില്‍ പങ്കെടുക്കുന്നത് അക്കാലത്താണ്. പതിനെട്ടു വയസ്സോ മറ്റോ വരും ഇ എം എസ്സിന് അക്കാലത്ത്. കോണ്‍ഗ്രസ്സ് സമ്മേളനത്തില്‍ ഇംഗ്ലീഷ് പ്രസംഗങ്ങള്‍ കേട്ടാല്‍ മുഴുവന്‍ മനസ്സിലാവില്ല. "ഹിന്ദു പത്രം തന്നെ മുഴുവന്‍ വായിച്ചു മനസ്സിലാക്കാന്‍ കഴിയാറില്ല." എന്ന് ഇ എം എസ് പറയുന്നു. എന്നാല്‍ കുഞ്ഞനന്തന്‍ നായര്‍ ഒരുളുപ്പുംകൂടാതെ പൊട്ടിക്കുന്നത് "പതിനൊന്നു വയസ്സുമുതല്‍ ഓത്തുചൊല്ലുന്നതിനിടയില്‍ ഇംഗ്ലീഷ് പഠിച്ച ഇ എം എസ് പത്തുവയസ്സുമുതല്‍ ഹിന്ദുപത്രം മനയില്‍ വരുത്തി വായിക്കാന്‍ തുടങ്ങിയിരുന്നു" എന്നും. (പുറം 4.)


2.
ജന്മിയും കോണ്‍ഗ്രസ് നേതാവും ബി എക്കാരനുമായതുകൊണ്ട് ഇ എം എസ് എ ക്ലാസ് തടവുകാരനായിരുന്നു. (പുറം 10)
ഇ എം എസ് ബി എ ക്കാരനല്ല. ബി ഏയ്ക്കു ചേര്‍ന്നയുടന്‍ പഠിപ്പുപേക്ഷിച്ചാണ് ഇ എം എസ് ജയിലുകേറാന്‍ കോഴിക്കോട്ടേയ്ക്കു പോയത്.  ഏ ക്ലാസ് തടവ് എന്താണെന്ന് ഇ എം എസ് തന്നെ പറഞ്ഞിട്ടുണ്ട്. "ഹോസ്റ്റല്‍ ജീവിതം പോലെ" എന്ന്. ബോംബെ മേയറുടെ മകനായിരുന്ന ബട്ലീവാല കണ്ണൂര്‍ ജെയിലില്‍ ഉയര്‍ന്ന ക്ലാസ്സുകാരുടെ സൌകര്യങ്ങള്‍ വേണ്ടെന്നു വെയ്ക്കുന്നതും ഉയര്‍ന്ന ധാര്‍മ്മികത മൂലം സഹതടവുകാരുടെ ആദരം നേടുന്നതും ഇ എം എസ് ജയിലു കേറുന്നതിനു മുമ്പാണെന്നും ഓര്‍ക്കുമ്പോള്‍ ഇ എം എസ്സിന്റെ ജയില്‍വാസത്യാഗം ശരിയായി മനസ്സിലാക്കാം.

3. 

1931 ല്‍ രൂപീകരിച്ച് കമ്യൂണിസ്റ്റ് ലീഗിലെ ആദ്യ അംഗങ്ങള്‍ എന്‍ സി ശേഖറും കെ സി ജോര്‍ജും ആയിരുന്നത്രെ. (പുറം 11)
കെ സി ജോര്‍ജ് രാഷ്ട്രീയത്തില്‍ വരുന്നത് 1936ല്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചുകൊണ്ടാണെന്ന് അങ്ങോരുടെ തന്നെ സാക്ഷ്യമുണ്ട്. ജോര്‍ജിന് കമ്യൂണിസ്റ്റ് ലീഗുമായി ബന്ധമൊന്നുമുണ്ടായിരുന്നതായി ജോര്‍ജും പറയുന്നില്ല,  ആ ഗ്രൂപ്പിലെ അംഗമായ എന്‍ സി ശേഖറും പറയുന്നില്ല. കുഞ്ഞനന്തന്‍ കെ സി ജോര്‍ജിന്റെ ഉറ്റമിത്രമായിരുന്നിട്ടും ഇതൊന്നും അറിഞ്ഞുകൂടാത്തത് മോശം തന്നെ.

4. 

"രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് സാഹിത്യത്തിലെന്തു കാര്യം" എന്ന് മറുഭാഗത്തുനിന്ന് നോവലും കഥകളും എഴുതുന്ന രാഷ്ട്രീയമില്ലാത്ത സാഹിത്യപ്രവര്‍ത്തര്‍ വാദിച്ചു. ഇക്കൂട്ടരെയാണ് ഇ എം എസും ദാമോദരനും കെ കെ വാര്യരും മറ്റും രൂപഭദ്രന്മാര്‍ എന്നു വിളിച്ചു കളിയാക്കിയത്. (പുറം 56)
അല്ല, ഇക്കൂട്ടരെയല്ല രൂപഭദ്രന്മാര്‍ എന്നു വിളിച്ചത്. അത് ജീവല്‍സാഹിത്യകാരന്മാരായിരുന്ന മുണ്ടശ്ശേരിയെയും പോളിനെയും പിന്നീട് തെറ്റിപ്പിരിഞ്ഞപ്പോള്‍ വിളിക്കാനുപയോഗിച്ച ശകാരപദമായിരുന്നു. കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഏതു ലഘുചരിത്രത്തില്‍ പോലും ഒരദ്ധ്യായമായി മുടങ്ങാതെ വരുന്ന കാര്യമാണ് ജീവല്‍സാഹിത്യം, പുരോഗമനസാഹിത്യം എന്നിവയൊക്കെ. ആ വക കാര്യങ്ങളില്‍പ്പോലും അടിസ്ഥാന ധാരണയില്ലാതെയാണ് കുഞ്ഞനന്തന്‍ നായര്‍ ഇ എം എസ്സിനെപ്പറ്റി കെരന്തം ചമച്ച് ഈ വിവരക്കേടുകളൊക്കെ തട്ടിവിടുന്നത്. തട്ടിപ്പും നുണയും മടികൂടാതെ പ്രകാശിപ്പിക്കുന്ന മാര്‍ക്സിസ്റ്റ് പാര്‍ട്ടി പ്രസാധകക്കമ്പനിക്ക് ഈ വിവരക്കേടുകളൊന്നും പുത്തരിയല്ല. ഇ എം എസ് 1931ല്‍ കറാച്ചിക്കുപോയെന്നൊക്കെ ഇ എം എസ്സിന്റെ ഒരു ഇന്ത്യന്‍ കമ്യൂണിസ്റ്റിന്റെ ഓര്‍മ്മക്കുറിപ്പുകളില്‍ എഴുതി പ്രസിദ്ധീകരിച്ച അവര്‍ക്കുണ്ടോ ഈ വക കാര്യങ്ങളില്‍ വല്ല വകതിരിവും. 
കുഞ്ഞനന്തന്‍ നായര്‍ ഒരു പ്രൊഫഷണല്‍ പാര്‍ട്ടി പേനയുന്തിയായിരുന്നു. ഇവിടെ കാണിച്ച വിവരക്കേടുകളാവട്ടെ തന്റെ പ്രസ്ഥാനത്തിന്റെ ചരിത്രത്തെക്കുറിച്ച് അടിസ്ഥാനപരമായ കാര്യങ്ങളറിയായ്കയും. 

29/07/2010

വെണ്മണിമഹള്‍ അരുന്ധതി റോയ് (ഇ എം എസ്സും സെക്സും)

ഇ എം എസ് നമ്പൂതിരിപ്പാട് എന്നൊരു പുമാന്‍ വെറുമൊരു പതിനഞ്ചുകൊല്ലം മുന്‍പ് ഇങ്ങനെ എഴുതി ഈ കേരളത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു എന്നോര്‍ക്കുമ്പോള്‍...

വായനയുടെ ആഴങ്ങളില്‍ എന്ന പേരിലൊരു സമാഹാരമുണ്ട്. വയസ്സുകാലത്തു നമ്പൂതിരിപ്പാടിരുന്നു പുസ്തകം വായിച്ചു നാട്ടാരെ അറിയിച്ചത്. അതില്‍ ഇതു കണ്ടിട്ടില്ല.

07/07/2010

page scans (test)ഈ buzzലെ ചര്‍ച്ചയുമായി ബന്ധപ്പെട്ടുള്ള ചില സ്കേന്‍

ശ്രീധരമേനോന്‍ കേരളചരിത്രംഇളംകുളം തിരഞ്ഞെടുത്ത കൃതിക
ള്‍

ഇളംകുളം,  കലമറുക്കല്‍


ഇളംകുളം നിരൂപണം
500 വര്‍ഷത്തെ കേരളം: ചില അറിവടയാളങ്ങള്‍, താരതമ്യപഠനസംഘം, 1999

ഇളംകുളം, കൊല്ലം, കുരക്കേണിക്കൊല്ലം,തരിസാപ്പള്ളി ശാസനം

01/07/2010

പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ഇ എം എസ് എവിടെയായിരുന്നു

1964-ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ഇ എം എസ് നമ്പൂതിരിപ്പാട് എവിടെ നിന്നു എന്നതിനെപ്പറ്റി കെ പി ആര്‍ ഗോപാലന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത്  ഉദ്ധരിച്ചുകൊണ്ട് ഇ എം എസ്സിനോടൊരാള്‍ ചോദിച്ച രസകരമായ ചോദ്യവും ഇ എം എസ്സിന്റെ മറുപടിയുമാണ് താഴെക്കാണുന്നത്. കെ പി ആര്‍ ഗോപാലന്‍ പറഞ്ഞ കാര്യങ്ങളൊന്നും ഇ എം എസ് നമ്പൂതിരിപ്പാട് നിഷേധിക്കുന്നില്ലെന്നതു ശ്രദ്ധേയമാണ്.

26/06/2010

മുപ്പത്തൊന്നില്‍ കറാച്ചിക്കുപോയ ഇ എം എസ്

1931 ല്‍  കറാച്ചിയില്‍ ഒരു സമ്മേളനത്തില്‍ പങ്കെടുത്ത കാര്യം ഒരു ഇന്ത്യന്‍ കമ്യൂണിസ്റ്റിന്റെ ഓര്‍മ്മക്കുറിപ്പുകള്‍ എന്ന പുസ്തകത്തില്‍ ഇ എം എസ് പറയുന്നു. 1987 ലാണ് ഇതിന്റെ ആദ്യപരിഭാഷ മലയാളത്തില്‍ വരുന്നതെന്നാണ് പുസ്തകത്തിന്റെ എഡിഷന്‍ നോട്ടിസില്‍ കാണുന്നത്. ആത്മകഥയിലോ അപ്പുക്കുട്ടന്റെ വിഖ്യാത ജീവചരിത്രത്തിലോ ഇങ്ങനെ കറാച്ചിക്കുപോയ കാര്യമില്ല. എന്നുമാത്രമല്ല, ആദ്യമായി ഉത്തരേന്ത്യയിലേക്കു പോയി തണുത്തുവിറങ്ങലിച്ച് സ്റ്റേഷനില്‍നിന്ന കാര്യമൊക്കെ പാറ്റ്നയാത്രയുമായി (ഓര്‍മ്മയില്‍നിന്ന് എഴുതുകയാണ്, എന്തായാലും കറാച്ചിയല്ല)  ബന്ധപ്പെട്ട് വള്ളിക്കുന്ന് വിവരിക്കുന്നുമുണ്ട്. അതു മുപ്പത്തൊന്നിലല്ല, പിന്നെയും ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞാണ്.  അപ്പോള്‍ അക്കാലത്തൊന്നും മദിരാശിക്കപ്പുറം പോവാത്ത ഇ എം എസ് എങ്ങനെ കറാച്ചിയിലെത്തി?

നാല്പതുകളിലേ സ്വത്തെല്ലാം വിറ്റു പാര്‍ട്ടിക്കുകൊടുത്ത ഇ എം എസ് 1957 ലെ സര്‍ക്കാരിന്റെ കാലം വരെ പാട്ടംപിരിച്ചു ജീവിച്ചതായി ആത്മകഥയില്‍ എഴുതിയതു കെ എം ചുമ്മാര്‍ വെളിച്ചത്തെടുത്തിട്ടതുപോലെ വല്ലതുമായിരിക്കുമോ ഇതും?
ഓര്‍മ്മക്കുറിപ്പുകളിലൊക്കെ ഇങ്ങനെ അവാസ്തവം എഴുതിവെയ്ക്കുമോ ആളുകള്‍! മനസ്സിലാവുന്നില്ല!

19/06/2010

ഇ എം എസ്: 1952 ലെ രണ്ടു ചോദ്യോത്തരങ്ങള്‍

1952ല്‍ ഇ എം എസ് നമ്പൂതിരിപ്പാട് ദേശാഭിമാനിയില്‍ നല്കിയ രണ്ട് ഉത്തരങ്ങളാണ് താഴെ. സഞ്ചിക 11ല്‍ ആണ് ഇവ ഉള്ളത്.
ചോദ്യം
ആര്‍. കെ. നായര്‍, സുല്‍ത്താന്‍ബത്തേരി
വെണ്ടര്‍ കൃഷ്ണപിള്ള ഒരു മുതലാളി പ്രമാണിയാണെന്നും റിപ്പബ്ലിക്കന്‍ പ്രജാ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയാണെന്നുമുള്ള കാരണത്താല്‍ അദ്ദേഹത്തെ സഹായിക്കാതിരുന്നതു ശരിയെങ്കില്‍, ഒരു വലിയ ജന്മിപ്രമാണിയും ഹിന്ദുമഹാസഭയെ അനുകൂലിക്കുന്നയാളുമായ പത്മപ്രഭാ ഗൌണ്ടനെ സഹായിച്ചതെങ്ങനെ ശരിയാകും?
ഉത്തരം
ഗൌണ്ടന്‍ ഹിന്ദുമഹാസഭയെ സഹായിക്കുന്നയാളാണെന്ന് ഇതേവരെ ഞാന്‍ കേട്ടിട്ടില്ല.
 (സഞ്ചിക 11, പുറം 40)
ഗൌണ്ടനെക്കുറിച്ച് 11ആം സഞ്ചികയുടെ പുറകില്‍ കൊടുത്തിട്ടുള്ള കുറിപ്പുകൂടി കാണണം. അതിതാ:

(ഗൌണ്ടന്‍ ഭൂപ്രഭുവോ ബൂര്‍ഷ്വായോ എന്നൊന്നും പറയാതെ അലങ്കാരത്തില്‍ കഴിച്ചിരിക്കുകയാണ്.)

ചോദ്യം
പി വി കെ നായര്‍, പുലൂപ്പ

മൊയാരത്ത് ശങ്കരന്റെ മരണത്തിനുത്തരവാദി കേളപ്പനോ കോണ്‍ഗ്രസ്സ് ഗവണ്‍മെന്റോ?
ഉത്തരം
കമ്യൂണിസ്റ്റുകാരെ അടിച്ചമര്‍ത്തുകയെന്ന നയമനുസരിച്ചിരുന്ന കോണ്‍ഗ്രസ്സ് സംഘടന മുഴുവന്‍ അതിന് ധാര്‍മ്മികമായി ഉത്തരവാദിയാണ്. എന്നാല്‍ ആ നയമനുസരിച്ചുകൊണ്ടിരുന്ന അവസരത്തില്‍ തന്നെ കേളപ്പന്‍ ആ സംഭവം നടന്നതില്‍ തന്റെ പ്രതിഷേധം രേഖപ്പെടുത്തുകയുണ്ടായിട്ടുണ്ട്. (സഞ്ചിക 11, പുറം 31)

ചോദ്യത്തിനുത്തരം പറയാതിരിക്കുന്ന വക്രബുദ്ധി അന്നേ ഇദ്ദേഹത്തിനു കൈമുതലായിരുന്നു. കേളപ്പന്റെ പ്രജാപാര്‍ട്ടിയുമായി കമ്യൂണിസ്റ്റ് പാര്‍ട്ടി ഐക്യമുന്നണിയുണ്ടാക്കിയ കാലത്താണ് ഈ മറുപടി. "കമ്യൂണിസ്റ്റുകാര്‍ നേരിടേണ്ടിവന്നതുപോലെതന്നെ അത്രയും നീചമായ അപവാദത്തിന് കേളപ്പനും അദ്ദേഹത്തിന്റെ അനുയായികളും പാത്രീഭവിച്ചു," എന്ന് കേളപ്പനെച്ചൊല്ലി ഇദ്ദേഹം അന്യത്ര സങ്കടപ്പെടുന്നുമുണ്ട്. (സഞ്ചിക 11, പുറം 100) കേളപ്പനെക്കുറിച്ച് ഇതിനു മുന്‍പും പിന്നെയും കമ്യൂണിസ്റ്റ് പാര്‍ട്ടിയും ഇ എം എസ്സും നായനാരുമൊക്കെ എന്തൊക്കെ പറഞ്ഞിരുന്നു എന്നോര്‍ക്കണം ഇതിന്റെ സാരസ്യം മനസ്സിലാവാന്‍. കേളപ്പനും ഗുണ്ടകളും പാവപ്പെട്ടവരെ മര്‍ദ്ദിക്കുകയും വീടുകയറി ആക്രമിക്കുകയും സ്ത്രീകളെ മാനഭംഗപ്പെടുത്തുകയും ചെയ്തതിനെപ്പറ്റിയൊക്കെപ്പറഞ്ഞതു വിഴുങ്ങി  "അവര്‍ പണ്ടു ചെയ്ത തെറ്റുകളെയും കുറ്റങ്ങളെയും കുറിച്ച് ആവശ്യത്തിലധികം ഊന്നിയൂന്നിപ്പറഞ്ഞ് അവര്‍ കോണ്‍ഗ്രസ്സുകാര്‍ തന്നെയാണെന്ന നിഗമനത്തിലെത്തുന്നതി"നെതിരെ ഇ എം എസ് മുന്നറിയിപ്പുനല്കുന്നു. (സഞ്ചിക 10, പുറം 356.) മേലുദ്ധരണി എടുത്ത കെ എസ് പിയും പ്രജാ പാര്‍ട്ടിയും എന്ന ലേഖനത്തില്‍ കേളപ്പന്റെ ഭൂതവും വര്‍ത്തമാനവും ശുദ്ധമാക്കാന്‍ ഇ എം എസ് പാടുപെടുന്നതു കാണാം. ഗൌണ്ടനോടോ കേളപ്പനോടോ അല്ല എന്റെ താത്പര്യം. ഇ എം എസ്സിന്റെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെയും ഹിസ്റ്റോറിക്കല്‍ റിവിഷനിസത്തോടാണ്. ഇ എം എസ് മണ്ണിട്ടുമൂടിയ സ്വന്തം ചരിത്രങ്ങളെപ്പറ്റി അന്വേഷിക്കുമ്പോള്‍ കണ്ട ഒരു കൌതുകവര്‍ത്തമാനം മാത്രമാണിത്.

18/06/2010

ഉണ്ണാമന്‍മാരുടെ ഇ എം എസ് വായന

സ്വന്തം കൃതിയെക്കുറിച്ച് ഇ എം എസ് നുണപറഞ്ഞു എന്നാക്ഷേപിക്കുന്ന ഒരു പോസ്റ്റ് ഞാന്‍ എഴുതിയിരുന്നു. പുറത്തുനിന്ന് ബ്രാഹ്മണര്‍ വന്ന് ഇവിടെ ആധിപത്യം സ്ഥാപിച്ചു എന്ന വാദത്തെ തന്റെ ആദ്യ കേരളചരിത്ര ഗ്രന്ഥത്തില്‍ ചോദ്യം ചെയ്തു എന്നു പറയുന്ന ഇ എം എസ്സിന്റെ പില്‍ക്കാലവാദം കാപട്യമാണെന്നായിരുന്നു ഞാന്‍ പറഞ്ഞത്. ഇതിനെക്കുറിച്ച് ഒരു വിവരദോഷി എഴുതിയത് ഇവിടെ കാണാം. ടിയാന്‍ ഇ എം എസ്സിനെ ഉദ്ധരിച്ച് ഞാന്‍ പറയുന്നതിനെ ഖണ്ഡിക്കുകയാണെന്നാണ് ടിയാനും ടിയാനെ കെട്ടിയെഴുന്നെള്ളിക്കുന്ന സി പി എം ഓണ്‍ലൈന്‍ യൂണിറ്റ് അംഗങ്ങളും വിചാരിക്കുന്നത്. നമ്പൂരാര്‍ വന്നത് ഒരു നാട്ടില്‍നിന്നല്ല, പലനാട്ടില്‍നിന്ന് പലസമയത്തായി വന്നുവെന്ന് (കുറെ തെറിസഹിതം) മനസ്സിലാക്കിയാല്‍ ഇ എം എസ് 1947-48 കാലത്ത് എഴുതിയതും 1994 ല്‍ പ്രസംഗിച്ചതുമായി വ്യത്യാസമില്ലെന്നാണ് ടിയാന്‍ പറയുന്നത്. 
ഇവിടെ വന്ന ബ്രാഹ്മണര്‍ ഒരൊറ്റ സംഘമായി, ഒരു സ്ഥലത്തു നിന്ന്, ഒരു തവണ വന്നു കുടിയേറിപ്പാര്‍ത്തവരാണെന്നു വിചാരിക്കുന്നതിനു പകരം പല പ്രദേശങ്ങളില്‍ നിന്ന്, പല തവണയായി, പല സംഘങ്ങള്‍ വന്നുവെന്നു കരുതുന്നതാണ് കൂടുതല്‍ യുക്തിക്ക് ചേര്‍ന്നത്. (ഇ എം എസ്, 1948, ടിയാന്റെ നിറക്കൂട്ടോടെ)
ഏതെങ്കിലുമൊരു സമൂഹം മുഴുവന്‍ മറ്റൊരു രാജ്യത്തില്‍നിന്നുവന്ന് ഇവിടെ കുടിയേറിപ്പാര്‍ത്തുവെന്നുള്ളത് അസംബന്ധമാണ്. വടക്കേ ഇന്ത്യയില്‍നിന്ന് പലരും വന്നിട്ടുണ്ടാവാം. സിലോണില്‍നിന്നും വന്നിട്ടുണ്ടാവാം. പക്ഷേ, ഇന്നുള്ള ജാതികളില്‍ ഒന്ന് മുഴുവന്‍ വടക്കേ ഇന്ത്യയില്‍നിന്നു വന്നവരാണ്, മറ്റൊന്ന് മുഴുവന്‍ ശ്രീലങ്കയില്‍നിന്നു വന്നവരാണ് എന്നുള്ളത് അസംബന്ധമാണ്.  (ഇ എം എസ്, 1994)
1994-ലെ പ്രസംഗത്തില്‍നിന്നുള്ള ഈ ഉദ്ധരണിയിലെ "ഒരു" ഇഷ്ടന് അങ്ങ് പോതിച്ചു. വ്യാഖ്യാനവും ചമച്ചു.  വടക്കേ ഇന്ത്യ എന്നത് ഒറ്റ രാജ്യമല്ലെന്നാലോച്ചാല്‍ തന്നെ ഇ എം എസ് 1994 ല്‍ ഉന്നയിക്കുന്ന പ്രശ്നം നമ്പൂതിരിമാര്‍ വന്നത് ഒറ്റ രാജ്യത്തുനിന്നാണോ അല്ലയോ എന്നതല്ല പുറത്തുനിന്നു വന്നോ ഇവിടെത്തന്നെ ഉണ്ടായോ എന്നതാണെന്നു സാമാന്യബുദ്ധിക്കു മനസ്സിലാക്കാവുന്നതേയുള്ളൂ.  സിപിഎമ്മുകാരേ,   ഇ എം എസ്സിനെ വായിക്കാനും നിങ്ങളെ പഠിപ്പിക്കണമെന്നതു കഷ്ടം തന്നെ. കാര്യമിതാണ്. 1947-48 കാലത്തെ പുസ്തകത്തിലെ നമ്പൂതിരിമാരുടെ ആഗമനത്തെപ്പറ്റിയുള്ള നിലപാട് 1951-ല്‍ തന്നെ ഇ എം എസ് തിരുത്തി. 1948-നുശേഷം ചില്ലറ പുസ്തകങ്ങള്‍ വായിച്ച് ആഭ്യന്തര-ബാഹ്യ വൈരുദ്ധ്യങ്ങളെപ്പറ്റി ചില്ലറ മാര്‍ക്സിസ്റ്റ് അറിവു നേടിയ ഇ എം എസ് , നമ്പൂതിരിമാര്‍ പുറത്തുനിന്നു വന്നവരല്ലെന്ന് പറഞ്ഞു. 1951-52 കാലത്തെഴുതിയ കേരളത്തിന്റെ ദേശീയ പ്രശ്നങ്ങള്‍ എന്ന കൃതിയിലാണ് ഇദ്ദേഹം ഇങ്ങനെ നിലപാട് തിരുത്തുന്നതെന്നാണ് വെപ്പ്. സഞ്ചിക 9-ല്‍ ഈ പുസ്തകം ഉള്‍പ്പെടുത്തിയിട്ടുണ്ട്. 1952ല്‍ ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ച കൃതിക്ക് 1955ലായിരിക്കണം മലയാള പരിഭാഷ ഉണ്ടായത്. എന്തെന്നാല്‍ 1955ലെ മലയാളം പതിപ്പിന് എന്നു പറഞ്ഞ് ഒരു മുഖവുരയും  സഞ്ചിക 9-ലുണ്ട്.
അതില്‍നിന്ന് ഒരു പേജിതാ:
കേരളത്തിലെ വിവിധ ജാതികള്‍ വിവിധ കാലഘട്ടങ്ങളിലായി വിവിധ പ്രദേശങ്ങളില്‍നിന്നു വന്നവരാണെന്നൂഹിക്കുന്നതിനെക്കാള്‍ യുക്തിയുക്തമായിട്ടുള്ളത്, താരതമ്യേന സമത്വത്തോടെ ജീവിച്ചിരുന്ന പ്രാചീന കേരളസമുദായത്തില്‍ അസമത്വങ്ങള്‍ വളരാന്‍ തുടങ്ങിയപ്പോള്‍ ജാതികള്‍ ഉളവായെന്നു കരുതുന്നതാണെന്നാണ് ഞാന്‍ ചൂണ്ടിക്കാണിക്കുന്നത്. 
ആ വിവരദോഷി ബ്ലോഗെറെ മുന്നില്‍ക്കണ്ടുകൊണ്ടാണ് ഇ എം എസ് ഇങ്ങനെ എഴുതിയതെന്നുതോന്നും. ഇങ്ങനെ നിലപാടു മാറ്റാനുള്ള കാരണം ഇ എം എസ് അടിവരയിട്ടുകൊടുത്തിട്ടുണ്ട്. മാര്‍ക്സിസ്റ്റ് വൈരുദ്ധ്യസിദ്ധാന്തമല്ലാതെ മറ്റൊന്നുമല്ല അത്. 1951-52 കാലത്ത് ലേശം മാര്‍ക്സിസവും ചരിത്രവുമൊക്കെ പഠിച്ച് ഇ എം എസ് തള്ളിക്കളഞ്ഞ ഒരു നിലപാടിനെ 1994-ല്‍ ഇ എം എസ്സിനെക്കൊണ്ട് പേറിക്കാന്‍ പണിപ്പെടുകയാണ് വിദ്വാന്‍! (ഇ എം എസ് അതും അതിലപ്പുറവും ചെയ്തിട്ടുണ്ടെന്നതു ശരിതന്നെ.)
ഇനി ആഭ്യന്തരമായി മാറ്റം സംഭവിക്കാന്‍ ബാഹ്യവൈരുദ്ധ്യം പോരാ ആഭ്യന്തര വൈരുദ്ധ്യം വേണമെന്ന വൈരുദ്ധ്യപാഠത്തെക്കുറിച്ച് ഇ എം എസ് അടിവരയിട്ടെഴുതിയതു വായിച്ചശേഷം വീണ്ടും 1994 ലെ പ്രസംഗഭാഗം വായിക്കുക. ഒരു സമുദായം മുഴുവന്‍ പുറമേനിന്നുവരുക എന്നത് അസംഭാവ്യമാണെന്നാണോ അതോ നമ്പൂതിരിമാര്‍ പലയിടത്തുനിന്നും വന്നുവെന്നാണോ നമ്പൂതിരിപ്പാട് ഉദ്ദേശിക്കുന്നത്?
പോരെങ്കില്‍ നമ്പൂതിരിമാരും നായന്മാരും അടങ്ങുന്ന ജാതിഹിന്ദുക്കളെല്ലാം ഒരു കാലത്ത് ഇവിടെത്തന്നെയുള്ള ഒരേ ജാതിയായിരുന്നു എന്നും ഇ എം എസ് പറയുന്നു. പൂര്‍വ്വനായര്‍ (പ്രാങ്നായര്‍ എന്നല്ലേ) എന്നാണ് ഈ ജാതിയെ ഇ എം എസ് വിളിക്കുന്നത്.
ഇങ്ങനെ ഒരു സമുദായം ഒന്നാകെ പുറത്തുനിന്നു വരുക എന്നത് അശാസ്ത്രീയമാണെന്നു സിദ്ധാന്തിച്ചതിന് കെ എന്‍ പണിക്കര്‍ എന്ന  പാര്‍ട്ടി ചരിത്രകാരന്‍ ഇ എം എസിനെ പുകഴ്ത്തുന്നുമുണ്ട്. അപ്പോള്‍ ശ്യാമക ബാലകാ, കാലിക്കോസെന്‍ട്രിക്കിനെ തെറിവിളിക്കാന്‍ ഇ എം എസ് തള്ളിക്കളഞ്ഞ ഒരു കാര്യത്തെ ഇ എം എസ്സിന്റെ തലയില്‍ കെട്ടിവെയ്ക്കണോ?
ബാലകനറിയുമോ ഇ എം എസ് എന്ന മഹാപ്രതിഭാസത്തെ?
മേല്പറഞ്ഞ പരിഷ്കരിച്ച വീക്ഷണം 1951-52 കാലത്തെഴുതിയ പുസ്തകത്തിലും 1965 ല്‍ പ്രസിദ്ധീകരിച്ച കേരളം: ഇന്നല, ഇന്ന്, നാളെ എന്ന പരട്ട പുസ്തകത്തിലും കാണാം. ദശകങ്ങള്‍ക്കുശേഷം ഇ എം എസ് നമ്പൂതിരിപ്പാട്, 1990-ല്‍ ആണെന്നു പറയുന്നു, കേരളചരിത്രം മാര്‍ക്സിസ്റ്റ് വീക്ഷണത്തില്‍ എന്നൊരു കെരന്തമെഴുതി. നമ്പൂതിരിസമുദായം പുറത്തുനിന്നു വന്നവരാണെന്നു പറഞ്ഞ  ആദ്യകാല ഇ എം എസ്, ഇവിടെത്തന്നെയുള്ളവരാണെന്നു പറഞ്ഞ ഇടക്കാല ഇ എം എസ് എന്നീ ഘട്ടങ്ങളൊക്കെ പിന്നിട്ട് മൂത്തുപഴുത്ത വിവേകവുമായി 1990 ല്‍‌ കെരന്തം രചിക്കുമ്പോള്‍ ഈ വിഷയത്തില്‍ സഖാവ് എന്തു പറഞ്ഞിട്ടുണ്ടാവും? ഊഹിക്കാമോ?  ഇതു പക്ഷേ സി പി എമ്മുകാരോട് ചോദിക്കേണ്ട ചോദ്യമല്ല, കെ എന്‍ പണിക്കരോടും രാജന്‍ ഗുരുക്കളോടും മറ്റു സി പി എം ചരിത്രകാരന്‍മാരോടും ചോദിക്കേണ്ട ചോദ്യമാണ്. അതുമാത്രവുമല്ല, ആദ്യത്തെ സ്കേനില്‍ (സഞ്ചിക 11, പുറം 118) കാണുന്ന "ആര്യസംസ്കാരം ദ്രാവിഡ സംസ്കാരത്തെക്കാള്‍ മെച്ചപ്പെട്ടതാണെന്ന ധാരണ... അവാസ്തവമാണ്, അശാസ്ത്രീയമാണ്" എന്നു പറയുന്ന നമ്പൂതിരിപ്പാട് പില്‍ക്കാലത്ത് ഈ വിഷയത്തില്‍ പറഞ്ഞുനടന്നതെന്താണ്? ഈ വക കാര്യങ്ങളില്‍ ഒരു നര്‍മ്മലേഖനത്തോടെ  നമ്പൂതിരിപ്പാട് ഫലിതങ്ങള്‍ വീണ്ടും.

(കേരളചരിത്രം മാര്‍ക്സിസ്റ്റ് വീക്ഷണത്തില്‍  എന്ന പുസ്തകത്തിന്റെ 2008ലെ ഒരു പതിപ്പ് 200നടുത്തു രൂപ കൊടുത്തു ഞാന്‍ വാങ്ങി. നിറയെ പരിഹാസ്യമായ അക്ഷരത്തെറ്റുകളോടും മുറിഞ്ഞ വാക്യങ്ങളോടും കൂടി ഈ പുസ്തകം ജന്മശതാബ്ദിക്കാലത്തുതന്നെ പ്രസിദ്ധീകരിച്ച ദേശാഭിമാനിക്കാരെ വെറുതെവിടാന്‍ പാടുണ്ടോ, ഇ എം എസ് ഭക്തരേ?)

രണ്ടു രണ്ടരമാസമായുള്ള നിഷ്ക്രിയത്വത്തില്‍നിന്ന് കൂവിയുണര്‍ത്തിയ സി പി എം Google buzzardsനോടും ബ്ലോഗെര്‍മാരോടുമുള്ള ഉപകാരസ്മരണമാത്രമാണ് ഈ കുറിപ്പ്.

29/05/2010

ഫ്രാന്‍സിസ് ഇട്ടിക്കോര രാമകൃഷ്ണ മേനോന്‍

പെരുത്തൊരു തമാശ പറയാന്‍ വല്ലാതെ മിനക്കെട്ട് പറഞ്ഞത് പാടേ പാളിപ്പോയി ഒരുത്തന്‍  ഊരകുത്തി താഴെവീഴുന്നതു കാണുന്നതിനെക്കാള്‍ വലിയൊരു തമാശ വേറെയില്ല.
ഫ്രാന്‍സിസ് ഇട്ടിക്കോര എന്ന മഹാസംഭവമായ നോവലില്‍ ടി ഡി രാമകൃഷ്ണന് ഇങ്ങനെ ഒരു അക്കിടി പറ്റി കുത്തനെ വീണ ഒരു സന്ദര്‍ഭത്തെപ്പറ്റിയാണ് ഈ പോസ്റ്റ്. (ഈ നോവലിനെ സംബന്ധിച്ച് കുറെക്കൂടി ക്രൂരമായ ചില തമാശകളുടെ തുടക്കം മാത്രമാണ് ഈ ക്ഷുദ്രപോസ്റ്റ്. ബാക്കി വഴിയേ.)
ടി ഡി രാമകൃഷ്ണന്‍ തന്റെ നോവലില്‍ തമാശ പറയുക സ്പാനിഷിലൊക്കെയാണ്. അങ്ങനെ പറയാന്‍ പ്രത്യേകിച്ചു കാര്യമുണ്ടായിട്ടൊന്നുമല്ല.  സാര്‍വ്വലൌകികത്വം വരാന്‍ യൂറോപ്പിലെ മാത്രമല്ല തെക്കേ അമേരിക്കയിലെ ഭാഷകള്‍ പോലും നോവലില്‍ പ്രയോഗിക്കപ്പെടുന്നുണ്ട്. പാണ്ഡിത്യം പ്രദര്‍ശിപ്പിക്കാനുള്ള വൃഥാ ശ്രമം ഈ നോവലിന്റെ മുഖമുദ്രയാണ്. അതു പക്ഷേ വിക്കിപീഡിയയില്‍നിന്നൊക്കെ പകര്‍ത്തിവെയ്ക്കുന്നിടത്തോളമേയുള്ളൂ എന്നു പുറത്തായി കഴിഞ്ഞ കാര്യം. ഇതേ ഉദ്ദേശ്യത്തോടെ തന്നെയാണ് സ്പാനിഷിലെ തമാശയും വരുന്നത്.
പിന്നെ ഈ നോവലിന് ഒരു ഗുണമുണ്ട്. ലൈംഗികതയില്ലാത്ത ഭാഗങ്ങളില്ല. ഇതിലെ എല്ലാ പെണ്ണുങ്ങളും കാലുമലര്‍ത്താന്‍ സദാ ready. എല്ലാ പുരുഷന്മാരും പക്ഷേ അങ്ങനെയല്ല. ഫെമിനിസ്റ്റുകള്‍ ഇതു കണ്ടില്ലേ? ഇവിടെ പറയുന്ന തമാശയും കയറ്റിറക്ക് വ്യവസായവുമായി ബന്ധപ്പെട്ടതുതന്നെ.
പുരുഷന്‍ ഇന്ത്യക്കാരന്‍. സ്ത്രീ ജപ്പാന്‍ വംശജ, എന്നാല്‍ തെക്കേ അമേരിക്കക്കാരി. പ്രിന്‍സ്റ്റണ്‍ യൂനിവേഴ്സിറ്റി ലൊക്കേഷന്‍. തമാശ സ്പാനിഷില്‍. ആ സ്കേന്‍ ചെയ്ത പേജു വായിക്കുക. അദ്ധ്യായത്തിന്റെ പേരു തന്നെ el computador എന്നാണ്. സ്പാനിഷില്‍ എല്ലാ വാക്കുകള്‍ക്കും ലിംഗമുണ്ട്. കംപ്യൂട്ടറിന്റെ ലിംഗമെന്താണ്. അലോക് എന്ന കഥാപാത്രം വിചാരിക്കുന്നു കംപ്യൂട്ടറിനു ചേരുക സ്ത്രീലിംഗമാണെന്ന്. ആരെങ്കിലും ലോഗോണ്‍ ചെയ്താലേ പ്രവര്‍ത്തിക്കുകയുള്ളൂ അത്രെ. സ്ത്രീലിംഗമായതുകൊണ്ട് കംപ്യൂട്ടറിനെ ഇഷ്ടന്‍ (ഇഷ്ടനിലൂടെ ടി ഡി രാമകൃഷ്ണന്‍) വിളിക്കുക el computador എന്നാണ്. അതു സ്ത്രീലിംഗമാണത്രെ. പുല്ലിംഗം എന്താണെന്നും പറയുന്നുണ്ട്. അതു la computadora എന്നാണ്. 
എന്താ ചെയ്ക! ഇപ്പോള്‍ കേരള ബുദ്ധിജീവികളൊക്കെ സ്പാനിഷൊക്കെ പഠിക്കുകയാണ്. പക്ഷ സ്പാനിഷ് പഠിക്കുന്നതു പോയിട്ട് ഇംഗ്ലീഷ് ഭാഷയില്‍ സാമാന്യം ഭേദപ്പെട്ട പരിജ്ഞാനമുണ്ടായിരുന്നെങ്കില്‍പ്പോലും ടി ഡി രാമകൃഷ്ണന്‍ ഈ വിവരക്കേടു പറഞ്ഞ് ഊരകുത്തനെ വീഴില്ലായിരുന്നു. ലിംഗത്തെക്കുറിച്ച് അലോക് രാമകൃഷ്ണന്‍ പറയുന്നതിനു നേരേ മറിച്ചാണ് വാസ്തവം. El എന്നത് പുരുഷനെ സൂചിപ്പിക്കുന്നതും la എന്നത് സ്ത്രീയെ സൂചിപ്പിക്കുന്നതുമായ articles ആണ്. ആര്‍ട്ടിക്ള്‍സ് മാത്രമല്ല മാറിയത്, inflection ഉം മാറിയിട്ടുണ്ട്. computador, computadora എന്നിങ്ങനെ കേട്ടാല്‍ ആ ഡോറ പെണ്ണല്ലേയെന്ന് അത്യാവശ്യം ചെവിയോടെ വായിക്കുന്ന ആര്‍ക്കും തോന്നും.  രാമകൃഷ്ണനു തോന്നിയില്ല. അതും രാമകൃഷ്ണന്റെ ലോകവിജ്ഞാനത്തിനു തെളിവാണ്.  തെക്കേ അമേരിക്കയിലെ രാഷ്ട്രീയസാഹചര്യങ്ങളൊക്കെ സൂക്ഷ്മമായി പിന്തുടരുന്നുണ്ടത്രെ രാമകൃഷ്ണന്‍! ഈ ലിംഗവ്യത്യാസമൊക്കെ അറിയാന്‍ അത്യാവശ്യം ഹെമിങ്‌വേ ഒക്കെ മതി. 
ഇതു രാമകൃഷ്ണന്‍ വിളമ്പുന്ന ഇട്ടിക്കോര വിജ്ഞാനത്തിന്റെ ലക്ഷണമാണ്. എവിടെന്നൊക്കെയോ കിട്ടിയ വിജ്ഞാനകണങ്ങള്‍ വിളമ്പും. അതു സ്വയം മനസ്സിലാക്കിയിട്ടോ verify ചെയ്തിട്ടോ അല്ല. ഇതൊക്കെ വാരിവിഴുങ്ങി നോവലിന്റെ വൈജ്ഞാനികതയെ പുകഴ്ത്താന്‍ വിഡ്ഢികളായ കുറെ നിരൂപകന്മാരും പിന്നെ  കുറെ ബുദ്ധിജീവി വൃന്ദവും. 
പുസ്തകത്തിന്റെ മുന്‍പില്‍ തന്നെ ആഷാമേനോന്റെ ഒരു പഠനം ചേര്‍ത്തിട്ടുണ്ട്. ഇയ്യാളാരാണ്? വിവരക്കേട് സംസ്കൃതം ചാലിച്ചെഴുതിയാല്‍ ആര്‍ക്കും മനസ്സിലാവില്ലെന്നാണോ ഇയ്യാളുടെ വിചാരം? നോവലിലെയും മേനന്‍നിലെയും വൈജ്ഞാനികതയെപ്പറ്റി പിന്നീടു പറയാം. തത്കാലം ഒരു മേനന്‍ തമാശകൂടി ഇരിക്കട്ടെ.


രാമാനുജന്‍ എന്ന ഗണിതശാസ്ത്രജ്ഞന്‍ Grothendieck എന്ന ഗണിതജ്ഞന്റെ ആരാധ്യപുരുഷനാണെന്ന് നാം ഒരു മലയാള നോവലില്‍ വായിക്കാനിടവരുമെങ്കില്‍ അതെന്തോ കോപ്പാണത്രെ. (വാക്യത്തിന്റെ ആദ്യപകുതിയുണ്ടാക്കുന്ന expectationനെ അട്ടിമറിച്ച് മോരിനു മുതിരയെന്നോണം നില്ക്കുന്ന ഒരു രണ്ടാം പാതി തട്ടിപ്പടയ്ക്കുന്നതാണ് ഇദ്ദേഹത്തിന്റെ ഗദ്യത്തിന്റെ ഒരു വിശേഷം. കുതിരയുടെ പിന്നില്‍ കാളവണ്ടി കൊണ്ടുപോയി കെട്ടുന്നതുപോലെ.) ഈ Grothendieck ഇന്ത്യയില്‍ വന്നപ്പോള്‍ ലെക്ചര്‍ നടത്തിക്കിട്ടിയ ഓണറേറിയം രാമാനുജന്റെ വിധവയ്ക്കു നല്കിയത്രെ.
ഇതിനെപ്പറ്റിയൊക്കെ വായിച്ചാല്‍ നമുക്ക് വിജൃംഭനം ഉണ്ടാവണമെന്നോ ഉണ്ടാവരുതെന്നോ രണ്ടിലൊന്ന് മേനന്‍ പറയുന്നുണ്ട്.
പക്ഷേങ്കില് മേനന്‍നേ, നിങ്ങള്ക്ക് ആളു മാറിപ്പോയി. ഇക്കാര്യങ്ങള്‍ നോവലില്‍ പറഞ്ഞത് ഗ്രോട്ടന്‍ഡീക് എന്ന ഗണിതജ്ഞനെപ്പറ്റിയല്ല. അതു വേറൊരു മൂപ്പരെപ്പറ്റിയാണ്. ഇത്രയ്ക്കൊക്കെയേ ഉള്ളൂ നിങ്ങളുടെ ക്ഷേത്രഗണനകള്‍. ഉദാഹരണങ്ങള്‍ വീണ്ടും തരാം, അതു തമാശയായിട്ടല്ല, ഗൌരവമായിട്ടുതന്നെ.

23/05/2010

നീലകണ്ഠനെ മര്‍ദിച്ചതില്‍ പങ്കില്ല, ഡി വൈ എഫ് ഐ

മാതൃഭുമി വാര്‍ത്ത
Posted on: 23 May 2010


കോഴിക്കോട്: പാലേരിയില്‍ സി.ആര്‍.നീലകണ്ഠന് മര്‍ദനമേറ്റ സംഭവത്തില്‍ പങ്കില്ലെന്ന് ഡി.വൈ.എഫ്.ഐ. ജില്ലാകമ്മിറ്റി അറിയിച്ചു.


ദേശവിരുദ്ധപ്രവര്‍ത്തനങ്ങള്‍ ന്യായീകരിച്ചിട്ടുള്ള പ്രസംഗം കേട്ട് പ്രകോപിതരായവര്‍ സംഘാടകരുമായി ഉന്തും തള്ളുമുണ്ടായതാണ്. ഇതിന്റെ ഉത്തരവാദിത്വം സംഘാടകര്‍ക്കാണ്.


ദേശവിരുദ്ധരെ ജനകീയപ്രതിരോധമുയര്‍ത്തി ചെറുത്തുതോല്പിക്കും. കള്ളക്കേസെടുത്ത് രാത്രി വീടുകളില്‍ റെയ്ഡ് നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന പേരാമ്പ്ര പോലീസ്‌സ്റ്റേഷനിലെ എ.എസ്.ഐ.യെ നിലയ്ക്കുനിര്‍ത്തണമെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
*** 

സ്വത്വ-രാഷ്ട്രീയപരമായ പുതിയൊരു നിലപാടിന്റെ അടിസ്ഥാനത്തില്‍ ഈ ബ്ലോഗെര്‍ ഡി വൈ എഫ് ഐ നിലപാടിനോട് ഐക്യദാര്‍ഢ്യം അറിയിക്കുന്നു.

22/05/2010

ദേശാഭിമാനി ബ്രാന്‍ഡ് ഫെമിനിസ്റ്റ് ചരിത്രം

ദേശാഭിമാനി വാരികയില്‍ ഒരു വി. സുകുമാരന്‍ ഫെമിനിസത്തിന്റെ ചരിത്രം എഴുതുന്നു,  പരമ്പരയായി. പരമ്പരയിലെ ഒരു ഭാഗം ഇതാ.
ഫെമിനിസ്റ്റ് സിദ്ധാന്ത വിചാരം
ഒരു സ്കൂള്‍ എസ്സേയുടെ നിലവാരം പോലുമില്ലാത്ത പരട്ടപ്രബന്ധത്തില്‍ വിടുവായത്തരവും വങ്കത്തരവും എഴുന്നെള്ളിക്കുകയാണ് ആശാന്‍.  പറയുന്ന എഴുത്തുകാരെയും പുസ്തകങ്ങളെയും വായിച്ചിട്ടില്ലെന്നതോ പോട്ടെ പേരു പറയാന്‍ പോലുമറിയാത്ത ഒരുത്തന്‍ ഫ്രെഞ്ച് ഫെമിനിസ്റ്റ് സിദ്ധാന്തങ്ങളൊക്കെ സംക്ഷേപിക്കാന്‍ പുറപ്പെട്ടാലെങ്ങനെയുണ്ടാവും? വങ്കത്തരം വിശാലമായി ഉദ്ധരിക്കാനൊന്നും വയ്യ. കഷണവും മുറിയുമായി കുറച്ചൊക്കെ കൊടുക്കുന്നു.
പതിമൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഴാന്‍ദെമ്യൂങ്ങാ, പതിനാലാം ശതകത്തില്‍ പ്രശസ്തയായ ക്രിസ്റ്റീന്‍ ദെപിഡാന്‍ തുടങ്ങിയ ഫെമിനിസ്റ്റുകളാണ് സ്‌ത്രീപക്ഷ വേദാന്തത്തിന് വിത്തുപാകിയത്.
ഈ മൂങ്ങ ആരാണ് ദേശാഭിമാനിക്കാരാ? ഒന്നു സ്പെല്ലിങ് നല്കിയാലും മതി. അതിനെപ്പറ്റി വിക്കിപീഡിയ റെഫെറെന്‍സ് ഡെസ്കില്‍ ചോദിച്ചു. കിട്ടിയ മറുപടിയില്‍നിന്ന് ഊഹിക്കാവുന്നത് താഴെപ്പറയുന്ന കക്ഷിയാവണമെന്നാണ്.
Jean de Meun or Jean de Meung (c. 1250 – c. 1305) was a French author best known for his continuation of the Roman de la Rose.
സുകുമാരകലയിലെ മൂങ്ങ പോയ പോക്കു നോക്കണേ. ഇയ്യാള്‍ ആണായിരുന്നു. ഇനി പറയാന്‍ പോവുന്ന പെണ്ണൊരുത്തി (Christine de Pisan അവര്‍ ഒരു ഫെമിനിസ്റ്റ് മൂലമാതൃകയാണെന്നൊക്കെ ചിലര്‍ പറയുന്നുണ്ട്) ഇദ്ദേഹത്തെ മാംസനിബദ്ധമായ രാഗത്തെ (സുകുമാരകല അനുകരിച്ചതാണേ) വര്‍ണ്ണിച്ചതിനു വിമര്‍ശിച്ചിട്ടുണ്ടെന്നും റെഫെറെന്‍സ് ഡെസ്കില്‍ ഒരാള്‍ സൂചിപ്പിച്ചിട്ടുണ്ട്.
 പതിനാലാം ശതകത്തില്‍ പ്രശസ്തയായ ക്രിസ്റ്റീന്‍ ദെപിഡാന്‍ തുടങ്ങിയ ഫെമിനിസ്റ്റുകളാണ്.
 ഈ പിഡാന്‍ ഇതാ. Christine de Pisan. ഡ മറിഞ്ഞാല്‍ സ, അല്ലേ?
മേരി വോള്‍സ്റ്റണ്‍ ക്രാഫ്റ്റ് (Mary Wollstonecraft)
വുള്‍സ്റ്റണ്‍ക്രാഫ്റ്റ് വോള്‍സ്റ്റണും ക്രാഫ്റ്റും എന്നു രണ്ടായി മാറുന്നു.
മേരി വോള്‍സ്റ്റണ്‍ ക്രാഫ്റ്റ് (Mary Wollstonecraft) എന്ന ബ്രിട്ടീഷ് ഫെമിനിസ്റ്റ് പ്രഖ്യാതമായൊരു പുസ്തകമെഴുതിയത്- Vindication of the Rights of Woman (പെണ്ണവകാശങ്ങളുടെ സമര്‍ഥനം) 1772ലാണ് ഈ ഗ്രന്ഥം വെളിച്ചം കാണുന്നത്. 
1772ല്‍ ആയമ്മയ്ക്കു 13 വയസ്സോ മറ്റോ കാണും. 72 അല്ല 92 ആണ് വേണ്ടത്.
അരാജകത്വത്തിന്റെ ആചാര്യന്മാരില്‍ ഒരാളായ വില്യം ഗോഗ്വിനെ-അദ്ദേഹം ഉറച്ച നിരീശ്വരവാദിയും ആയിരുന്നു-ജീവിതസഖാവായി സ്വീകരിക്കുമ്പോള്‍ മേരി ഗര്‍ഭവതിയായിരുന്നു.
സുകുമാരന്‍ ടെസ്റ്റു ചെയ്തു.
കുഞ്ഞിന്റെ പിതൃത്വം പൂര്‍വകാമുകനുമായിരുന്നു.
സുകുമാരന്‍ പിതൃത്വപരിശോധനയും നടത്തി.
ആ കുട്ടിയാണ് ഫാനി മേരി വോള്‍സ്റ്റണ്‍ ക്രാഫ്റ്റ്.
അങ്ങനെയൊരു കുട്ടിയുണ്ടെങ്കില്‍ അതിന്റെ തന്ത സുകുമാരന്‍മാത്രമാണ്.  ഇനി വാസ്തവം ഇങ്ങനെ: വുള്‍സ്റ്റണ്‍ക്രാഫ്റ്റ് ഗില്‍ബെര്‍ട് ഇംലേയുമായി പ്രണയബന്ധത്തിലേര്‍പ്പെടുകയും ആ ബന്ധത്തില്‍ 1794-ല്‍ ഒരു കുഞ്ഞ് പിറക്കുകയും ചെയ്തു. കുഞ്ഞ് ഫാനി ഇംലേ. 1797-ലാണ് ഇവര്‍ ഗോഡ്വിനെ വിവാഹം ചെയ്യുന്നത്. ഏതാനും മാസങ്ങളാണ് ആ വൈവാഹിക ജീവിതം നീണ്ടത്. അതിനിടെ കാമുകന്റെ കുട്ടിയെയും പുതിയ ഭര്‍ത്താവിന്റെ കുട്ടിയെയും പെറാന്‍ അവര്‍ക്കു സൌകര്യം പോരായിരുന്നു. വിവാഹം കഴിക്കുമ്പോള്‍ ഗര്‍ഭമുണ്ടായിരുന്നു എന്നുതന്നെയാണ് കാണുന്നത്. പക്ഷേ കൊല്ലങ്ങള്‍ക്കുമുമ്പുള്ള കാമുകന്റെ കുഞ്ഞിനെയല്ല, ഗോഡ്വിന്റെ കുഞ്ഞിനെ തന്നെ. പ്രസവിച്ചു കുറച്ചു ദിവസം കഴിഞ്ഞ് അവര്‍ മരിച്ചുപോയി.
ഈ കുപ്പയൊക്കെ ചികഞ്ഞു നോക്കുന്നത് എന്തിനാണെന്നു മനസ്സിലായോ? ഈ എഴുത്തുകാരന് വിവരമില്ലെന്നും വായില്‍ത്തോന്നിയത് വിളമ്പുന്നവനാണെന്നും തെളിയിക്കാന്‍.
Make Women Rational Creatures, and Free Citizens and they will quickly become good wives...“(സ്‌ത്രീകളെ യുക്തിബോധമുള്ളവരാക്കുക, സ്വതന്ത്രരാക്കുക, എങ്കില്‍ അവര്‍ താമസിയാതെ നല്ല ഭാര്യമാരായിത്തിരും) പുരുഷ വിദ്വേഷമല്ല, സ്‌ത്രീപക്ഷവിചാരത്തിന്റെ ആധാരശിലയെന്ന് മേരി വോള്‍റ്റണ്‍ ക്രാഫ്റ്റ്. നമ്മെ ബോധ്യപ്പെടുത്തുന്നു.
ആഹാ, എന്തൊരു ഫെമിനിസം! സുകുമാരന്‍ ചരിത്രം പറയുക മാത്രമല്ല, അതില്‍നിന്നു പാഠം ചികഞ്ഞെടുത്തു ദേശാഭിമാനി വാരികയുടെ വായനക്കാര്‍ക്കു വിളമ്പുകയും ചെയ്യുന്നു. എന്നാല്‍ സുകുമാരന്‍ ഉദ്ധരിക്കുന്നത് തെറ്റായാണ്. that is-if men do not neglect the duties of husbands and fathers എന്നൊരു ഭാഗം കൂടി ചേര്‍ന്നാലേ ഉദ്ധരണി പൂര്‍ത്തിയാവൂ. അതു സുകുമാരന്‍ സൌകര്യപൂര്‍വ്വം അങ്ങു വിഴുങ്ങി. അതുകൂടി ചേര്‍ന്നാലല്ലേ സി പി എം ഫെമിനിസം ശരിയായി വിളങ്ങൂ?
ലാങ്ഹ്യാം പ്ളേസ് ഗ്രൂപ്പിന്റെ പ്രവര്‍ത്തനം തികഞ്ഞ ദിശാബോധത്തോടുകൂടിയായിരുന്നു.
അങ്ങു തട്ടിവിട്ടേക്കുകയാണ്. ലാങ്ഹ്യാം പോലും! മണ്ണാങ്കട്ട. എന്തിനെപ്പറ്റിയാണ് പറയുന്നതെന്നോ എന്തിനാണ് പറയുന്നതെന്നോ അറിയില്ല. (കാശിന്റെ കാര്യം മറക്കാനിടയില്ല.)
ലേങ്ങം എന്നൊരു ഗ്രൂപ്പു് ഉണ്ടായിരുന്നു, ശരി തന്നെ. പക്ഷേ പറയുന്നതിന് മുമ്പുള്ളതോ പിമ്പുള്ളതോ ആയി എന്തെങ്കിലും ചേര്‍ച്ച വേണ്ടേ.
ഇപ്പറഞ്ഞ ഫെമിനിസ്റ്റ് വിചാരത്തെ ബൂര്‍ഷ്വാ എന്ന് വിശേഷിപ്പിക്കുന്നത് അനുചിതമാവില്ല. അതിനോട് ആശയതലങ്ങളില്‍ കലഹിച്ചുകൊണ്ടാണ് സോഷ്യലിസ്റ്റ് ഫെമിനിസം എന്ന ചിന്താധാരയും അതിന്റെ പ്രസ്ഥാനരൂപവും അരങ്ങത്തുവന്നത്. ആദ്യകാല സോഷ്യലിസ്റ്റ് സാമൂഹ്യാത്മക വേദികളില്‍ നിന്ന് - സെയിന്റ് സിമണ്‍, ഫൊറിയര്‍, റോബര്‍ട് ഓവന്‍ മുതല്‍ പേര്‍ നയിച്ച സമവാദ പ്രസ്ഥാനത്തില്‍നിന്ന് - പുരോഗമനപരമായ പെണ്‍വാദം ഊര്‍ജമുള്‍ക്കൊണ്ടു.
ഇവരൊക്കെ സോഷ്യലിസ്റ്റാണെന്നല്ലോ  മാനിഫെസ്റ്റോ പറയുന്നത്. എവിടെനിന്നെങ്കിലുമൊക്കെ സുകുമാരനും കേട്ടുകാണും. ബൂര്‍ഷ്വായെ കണ്ടെത്തി. ഇനിപകരം വെയ്കാന്‍ സോഷ്യലിസ്റ്റ് ഫെമിനിസമെന്ന പദമെങ്കിലും വേണ്ടേ. പദത്തിനപ്പുറം ഒരു ചുക്കും സോഷ്യലിസ്റ്റ് ഫെമിനിസത്തെപ്പറ്റി സുകുമാരന്‍ പറയുന്നില്ല.  എന്തിനു പറയുന്നു റോസ ലക്സംബര്‍ഗിനെയോ ക്ലാര സെറ്റ്കിനെയോ സുകുമാരന്‍ കേട്ടമട്ടില്ല.
ആംഗ്ളോ -അമേരിക്കന്‍ സ്‌ത്രീ പാരമ്പര്യത്തിന്റെ പാതയോരത്ത് റാഡിക്കല്‍ ലെസ്ബിയനിസം (Radical Lesbianism) പൊട്ടിമുളക്കുന്നത് കാണായി. ഈ സവിശേഷ ഫെമിനിസ്റ്റ് ചിന്ത പൊക്കിപ്പിടിക്കുന്നത് ഒരു തരം 'സെപ്പെരിറ്റിസ'മാണെന്ന, ലിംഗവ്യത്യസ്തതയാണെന്ന ആക്ഷേപവുമുണ്ടായി. ഇതെ തുടര്‍ന്ന് ലെസ്ബിയന്‍ സാഡോമസോക്കിസം (Lesbian Sadomasochism)ഒരു തട്ടുതകര്‍പ്പന്‍ സംവാദമായി വളരുകയുമുണ്ടായി.
ശരിക്കും തട്ടുതകര്‍പ്പന്‍തന്നെ!
ജൂലിയ ക്രിസ്റ്റെവ, ഹെല്‍ സിക്സൂ, ലൂസ്ഇരിഗറെ തുടങ്ങിയ പ്രതിഭാശാലികളായിരുന്നു
എലേന്‍ സിക്സു എന്തായെന്നു കണ്ടില്ലേ. അതുപോലെ ലൂസ് ഇറീഗാറേയും.
ജൂലിയ ക്രിസ്റ്റോവയും സിക്സുസും ഇറിഗാറെയുമൊക്കെ ഇതാണ് ചെയ്തത്.
എന്നു വേറെയൊരിടത്തു പറയുന്നുണ്ട്.
1981 ല്‍ പുറത്തുവന്ന ബെറ്റി ഫ്രീഡന്റെ 'ദി സെക്കന്‍ഡ് സ്റ്റേജസ്' എന്ന പാഠവും
ഫ്രീഡേന്റെ പുസ്തകത്തിന്റെ പേര് സെക്കന്‍ഡ് സ്റ്റേജ് എന്നേയുള്ളൂ. പ്ലൂരല്‍ സുകുമാരന്റെ വകയാണ്.
1977 ല്‍ പുറത്തിറങ്ങിയ ' A Literature of Their Own:' എന്ന പേര്‍കൊണ്ട് പുസ്തകത്തിലൂടെ ലൈന്‍ ഷോ വാള്‍ട്ടര്‍ ചെയ്തതും അതാണ്.
Elaine Showalter സുകുമാര മലയാളത്തിലേക്കു മാറിയാല്‍ ലൈനും ഷോയും പിന്നെ പലതും ആവും.

21/05/2010

ദേശാഭിമാനിപ്പങ്ക്

ദേശാഭിമാനിയുടെ വിചിത്രമായ പങ്ക് സംസ്കാരത്തെപ്പറ്റിയൊരു ചെറിയ കുറിപ്പാണ്.
ഒരു കോണ്‍ഗ്രസ്സുകാരന്‍ തീവ്രവാദപ്രസ്ഥാനമായ സോളിഡാരിറ്റിയുടെ വേദി പങ്കിട്ടത് ദേശാഭിമാനിക്ക് വാര്‍ത്ത.
എന്നാല്‍ സി പി എം തത്ത്വചിന്തകനായ പോക്കര്‍ സാഹിബ് സോളിഡാരിറ്റി വേദി പങ്കിട്ടാലോ.

ഞാന്‍ വെറുതെ ക്ഷുദ്രത പറയുകയാണ്. ഈ തീവ്രവാദപ്രസ്ഥാനപ്രഖ്യാപനമൊക്കെ പൂര്‍വ്വകാലപ്രാബല്യത്തോടെ നടപ്പാക്കാന്‍ പറ്റുമോ?

നീലകണ്ഠനിലാധാരാ പാലേരിയില്‍ വേണ്ടിക്കളി

കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയില്‍ പാലേരിയില്‍വെച്ച് സി പി എമ്മുകാര്‍ സി ആര്‍ നീലകണ്ഠനെ തല്ലുംപോലെതല്ലി തറപറ്റിച്ചെന്നു വാര്‍ത്ത. സക്കറിയയെ കഴുത്തിനു പിടിച്ചതുപോലെയല്ല, നിലത്തിട്ട് ചവിട്ടിക്കൂട്ടി എന്നുവേണം മനസ്സിലാക്കാന്‍. നായനാര്‍ ദിനം സമുചിതമായി ആചരിച്ചതാവണം.
റ്റി പി രാജീവന്റെ നോവലിനെപ്പറ്റിയോ അതുവെച്ചെടുത്ത ചലച്ചിത്രത്തെപ്പറ്റിയോ പറയുന്നതിനിടെ സക്കറിയയുടെ കഴുത്തിനുപിടിച്ച അണ്ടിബലം പാലേരിയില്‍ കാണാത്തിനെപ്പറ്റിയോ കാണിക്കേണ്ടതിനെപ്പറ്റിയോ വ്യംഗ്യം പറഞ്ഞ സ്വത്വരാഷ്ട്രീയ ചിന്തകന്‍ പോക്കര്‍ സാഹിബ്ബിന് സമര്‍പ്പിക്കണം ഈ നീലാണ്ഠമര്‍ദ്ദനം.

19/05/2010

സത്യജിത് റായിയുടെ മണ്ണാത്തിപ്പുള്ള്

മണ്ണാത്തിപ്പുള്ളിനെക്കുറിച്ച് നേരത്തേ എഴുതിയ പോസ്റ്റിന്റെ തുടര്‍ച്ചയാണിത്.
സത്യജിത് റായിയുടെ കല്‍ക്കട്ട ട്രിലജിയിലെ ആദ്യ ചിത്രമായ പ്രതിദ്വന്ദിയില്‍ മണ്ണാത്തിപ്പുള്ളിന്റെ പേരറിയാത്ത സാന്നിദ്ധ്യമുണ്ട്. മുഖ്യകഥാപാത്രമായ സിദ്ധാര്‍ത്ഥ് സഹോദരിയുമായുള്ള അസുഖകരമായ സംഭാഷണത്തിന്നിടെ കുട്ടിക്കാലത്ത്  അവള്‍ ഒരു പക്ഷിയുടെ പാട്ട് കേള്‍ക്കാന്‍ തന്നെ വിളിച്ചത് പൊടുന്നനെ ഓര്‍ക്കുന്നു.

ചിത്രത്തിന്റെ അവസാനം സെയില്‍സ്മേന്‍ ജോലിക്കായി പ്രിയപ്പെട്ട നഗരം വിട്ട് പോവുന്ന സിദ്ധാര്‍ത്ഥ് അലച്ചിലിനുശേഷം ഒരു ഇടിഞ്ഞുപൊളിഞ്ഞ ഹോട്ടല്‍മുറിയിലിരുന്ന് വിശ്രമിക്കെ ഈ പക്ഷിയുടെ പാട്ട് വീണ്ടും കേള്‍ക്കുന്നു.

12/05/2010

പോക്കറും കെഇഎന്നും 'ബൂര്‍ഷ'കളാണോ?

കാലിക്കറ്റ് യൂനിവേഴ്സിറ്റിയില്‍ ചരിത്രമെഴുതുന്ന ഡോ. കെ എന്‍ ഗണേശ് ചിന്ത വാരികയില്‍ എഴുതിയ ലേഖനം സഖാക്കള്‍ ഓണ്‍ലൈനാക്കിയിട്ടുണ്ട്.
മാര്‍ക്സിസവും ബൂര്‍ഷ്വാ റാഡിക്കലിസവും തമ്മിലുള്ള ദൂരം

ഇതുപ്രകാരം മാര്‍ക്സിസ്റ്റുപാര്‍ട്ടിക്കുവേണ്ടി ആഞ്ഞു കയ്യിലുകുത്തുന്ന ചില സൈദ്ധാന്തികരൊക്കെ ബൂര്‍ഷ്വാകളാവും. അതില്‍ മുഖ്യര്‍ സ്വത്വരാഷ്ട്രീയത്തെ മൊത്തമായി വില്‍ക്കുന്ന പി കെ പോക്കറും ചില്ലറ വില്ക്കുന്ന കെ ഇ എന്‍ കുഞ്ഞഹമ്മദും തന്നെ. പോക്കറുടെ വെബ്സൈറ്റായ പികെപോക്കര്‍ഡോട്കോമിന്റെ ബേനറില്‍പ്പോലും ഇദ്ദേഹം സ്വത്വരാഷ്ട്രീയത്തോടുള്ള പ്രണയം ഉദ്ഘോഷിക്കുന്നുണ്ട്. ആ ബേനറഴിച്ചുമാറ്റാന്‍ സമയമായിയെന്നു തോന്നുന്നു, പോക്കര്‍ സാഹിബ്.  പോക്കര്‍ സാഹിബൊക്കെ സിദ്ധാന്തം എഴുതാന്‍ തുടങ്ങുന്നതിനുമുമ്പേ ഔദ്യോഗിക ചരിത്രകാരനായി പട്ടം കിട്ടിയ ആളാണ് കെ എന്‍ ഗണേശ്. 1990ല്‍ ഇദ്ദേഹത്തിന്റെ കേരളചരിത്ര ഗ്രന്ഥം പ്രകാശനം ചെയ്തുകൊണ്ട് ഇ എം എസ് നമ്പൂതിരിപ്പാട് നടത്തിയ പ്രസംഗം മണ്ടത്തരങ്ങളുടെ ഒരു ക്ലാസിക് ആയതുകൊണ്ടാവണം പല തവണ സമാഹരിക്കപ്പെട്ടിട്ടുണ്ട്.  തമിഴകത്തിന്റെയും ആര്യാവര്‍ത്തത്തിന്റെയും തണലില്‍ എന്നാണതിന്റെ പേര് എന്നാണോര്‍മ്മ. പോക്കറിപ്പോള്‍ ആര്‍ക്കും മനസ്സിലാവാത്ത (ശരാശരി സി പി എമ്മുകാരന്റെ ഭാഷയില്‍) നവ സിദ്ധാന്തങ്ങള്‍ വിറ്റുവിറ്റ് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്റ്ററായി വിലാസം അനുഭവിക്കുന്നു. പോക്കറുടെ തണലുപറ്റി ബഹുസ്വരതയുടെ cacophony ഉയര്‍ത്തി വേറെയും കുറെ കൊച്ചുസൈദ്ധാന്തികര്‍ ഉയര്‍ന്നുയര്‍ന്നുപോവുന്നുണ്ട്. ജി പി രാമചന്ദ്രന്‍ ഒരുദാഹരണം. 

അതിന്റെയൊക്കെ കടയ്ക്കലാണ് കെ എന്‍ ഗണേശ് കത്തിവെയ്ക്കുന്നത്. ഈ ബഹുത്വമൊക്കെ ബൂര്‍ഷയുടേതാടോ എന്നാണ് ഗണേശ് പറയുന്നത്. സംഗതി വന്നത്  നേരു നേരത്തേ അറിയിക്കുന്ന മഞ്ഞപ്പത്രത്തില്‍ പോലുമല്ല, സാക്ഷാല്‍ ചിന്തയിലാണ്. ച്ചാല്‍ ഔദ്യോഗികമാണ് നിലപാട്. പോക്കറുടെയും കെ ഇ എന്നിന്റെയും മുസ്ലീം പശ്ചാത്തലവും ഗണേശിന്റെ ബ്രാഹ്മണ പശ്ചാത്തലവും ചിരിക്കാന്‍ വകയും നല്കുന്നുണ്ട്.

ഇതു പക്ഷേ ആ ലേഖനത്തില്‍ തുടങ്ങിയ കാര്യമല്ലെന്ന് ഈ Indian Express report കണ്ടപ്പോള്‍ മനസ്സിലായി. Heads will roll. ച്ചാല്‍ വെട്ടും നിരത്തും. പക്ഷേ ആര് ആരെയെന്ന് ഇപ്പോള്‍ പറയാറായിട്ടില്ല.

ഇത്രയും എഴുതിക്കഴിഞ്ഞപ്പോഴാണ് ഫിബ്രവരിയിലെ മാതൃഭൂമി വാര്‍ത്ത കണ്ടത്.
സ്വത്വരാഷ്ട്രീയം: സി.പി.എം നിലപാട് മാറ്റുന്നു
Posted on: 19 Feb 2010
തിരുവനന്തപുരം: തൊഴിലാളിവര്‍ഗ രാഷ്ട്രീയത്തിന് മുകളില്‍ സ്വത്വരാഷ്ട്രീയത്തെ പ്രതിഷ്ഠിച്ച സി.പി.എം ഒടുവില്‍ നിലപാട് മാറ്റുന്നു. സാമ്രാജ്യത്വത്തിന്റെ രാഷ്ട്രീയായുധമാണ് സ്വത്വരാഷ്ട്രീയമെന്ന് പ്രഖ്യാപിച്ചാണ് സി.പി.എം പുതിയ നിലപാട് മാറ്റം അണികളുടെ മുന്നില്‍ അവതരിപ്പിച്ചിരിക്കുന്നത്. പാര്‍ട്ടി മുഖപത്രത്തില്‍ രണ്ട് ദിവസമായി എഴുതിയ തുടര്‍ലേഖനത്തില്‍ സംസ്ഥാന സെക്രട്ടേറിയറ്റംഗവും സി.പി.എം. ഔദ്യോഗികപക്ഷത്തെ പ്രമുഖനുമായ എം.വി.ഗോവിന്ദനാണ് പാര്‍ട്ടിയുടെ പുതിയ നിലപാട് വിശദീകരിച്ചിരിക്കുന്നത്.
സി.പി.എം ഔദ്യോഗിക നേതൃത്വത്തിന് പ്രിയങ്കരരായ സൈദ്ധാന്തികരും എഴുത്തുകാരുമായ കെ.ഇ.എന്‍. കുഞ്ഞഹമ്മദ്, ഡോ. പി.കെ. പോക്കര്‍ എന്നിവരായിരുന്നു സ്വത്വവാദ രാഷ്ട്രീയവാദത്തിന്റെ സി.പി.എമ്മിലെ പ്രയോക്താക്കള്‍.
പിന്നെ ആ വാര്‍ത്തയ്ക്കു കാരണമായി എം വി ഗോവിന്ദന്റെ ലേഖനവും. 
സ്വത്വരാഷ്ട്രീയം സാമ്രാജ്യത്വത്തിന്റെ രാഷ്ട്രീയായുധം
ചുരുക്കത്തില്‍ ബൂര്‍ഷ്വാ പോക്കറും ബൂര്‍ഷ്വാ കുഞ്ഞഹമ്മദും ആ ബേനറും കൊടിയും അഴിച്ചുമാറ്റിയില്ലെങ്കില്‍ ഇനി അധികകാലം പാര്‍ട്ടിക്കു വേണ്ടി കയ്യിലുകുത്തേണ്ടിവരില്ല.
പോക്കര്‍ തന്റെ വെബ്സൈറ്റൊക്കെ സമീപകാലത്തു മോടിപിടിപ്പിച്ചിരിക്കുകയാണ്. പക്ഷേ identity politics എന്ന catch word മാറ്റാന്‍ പോക്കര്‍ക്കു കഴിഞ്ഞില്ലെന്നു തോന്നുന്നു. പക്ഷേ, മാറ്റും, മാറ്റാതെ വയ്യ. ആ മാറ്റം കാണാന്‍ കാത്തിരിക്കുന്നു. പുറകോട്ടു മലച്ചു നടയിലൂടെ നൂണ്ട് പുതിയ സിദ്ധാന്തങ്ങളുമായി പോക്കറും കെ ഇ എന്നും വരുന്നതു കാക്കുന്നു. 

നേതാവിന്റെ കാലുനക്കി പാദപൂജ നടത്തിയിട്ടുപോലും ഞമ്മന്റെ സ്വത്വത്തെ പാര്‍ട്ടിയും പട്ടരും ചേര്‍ന്ന് അട്ടിമറിക്കുന്നത്  കഷ്ടം തന്നെ.

11/05/2010

നുണപ്രചരണം എന്ന സി പി എം കല

നുണപ്രചരണം എന്നത് സി പി എം പത്രങ്ങളുടെയും നേതാക്കളുടെയും key word ആണെന്നു പറയാം. മാധ്യമങ്ങളുടെ നുണപ്രചരണം എന്നരൂപത്തിലാണ് അതു കൂടുതലും പ്രകടിപ്പിക്കുക. മറ്റുള്ളവരെല്ലാം തങ്ങള്‍ക്കെതിരെ നുണപ്രചരണം നടത്തുകയാണെന്നു പറയുമ്പോള്‍ തന്നെ നുണപ്രചരണത്തെ സി പി എമ്മിനെ പോലെ ആശ്രയിക്കുന്ന ഒരു പ്രസ്ഥാനം വേറെയുണ്ടാവില്ല. സംഘപരിവാരങ്ങള്‍ പോലും ഇതില്‍ സി പി എമ്മിന്റെ എത്രയോ പിന്നിലേ വരൂ. നുണപ്രചരണത്തിനുവേണ്ടിയുള്ള ഒരു മെഷീനറി ഈ പാര്‍ട്ടിക്കുണ്ടെന്നോ അല്ലെങ്കില്‍ ഈ പാര്‍ട്ടി മെഷീനറിയുടെ ഒരു പ്രധാന പ്രവൃത്തിയാണ് നുണപ്രചരണമെന്നോ പറയേണ്ടത് എന്നറിയില്ല.  കോഴിക്കോട്ട് കിനാലൂരില്‍ പൊലീസിന്റെ അതിക്രമത്തിനിടെ തലയ്ക്കു പരിക്കേറ്റ ഒരു വൃദ്ധനെ സി പി എം നേതാക്കളും എളമരം കരീം എന്ന മന്ത്രിയും പൊതുയോഗത്തില്‍ ഹാജരാക്കി സമരക്കാരുടെ കല്ലേറുകൊണ്ടാണ് പരിക്കേറ്റത് എന്നു പറയിച്ചു. എളമരം കരീം സംസ്കാര ശൂന്യമായ ഭാഷയില്‍ മാധ്യമപ്രവര്‍ത്തകരെ തെറിവിളിച്ച് സ്വന്തം കേമത്തം പ്രദര്‍ശിപ്പിക്കുകയും ചെയ്തു.
പക്ഷേ ചാനലുകാരുടെ വീഡിയോ സംശയത്തിനിടയില്ലാതെ ഒരു കാര്യം വ്യക്തമാക്കുന്നു. പൊലീസുകാര്‍ തെറിവിളിച്ചും തല്ലിയും ഓടിച്ചപ്പോള്‍ ചുമരില്‍ തലയിടിച്ചുവീണാണ് വൃദ്ധനു പരിക്കേറ്റതെന്ന്.
നാണമില്ലാത്ത സി പി എം നേതാക്കളും മന്ത്രിയും എന്തു പറയുന്നു എന്നു കേട്ടില്ല.
യൂറ്റ്യൂബില്‍ കണ്ട ഒരു വീഡിയോ എല്ലാം പറയുന്നുണ്ട്.

06/05/2010

ദേശാഭിമാനി നെറികേട്

ഈ വാര്‍ത്ത ഇവിടെ കൊടുക്കാന്‍ കാര്യമുണ്ട്. നാളെ ഒരു പക്ഷേ ദേശാഭിമാനിക്കു വിഴുങ്ങേണ്ട പലതും ഇതിലുണ്ട്. മാത്രവുമല്ല വാര്‍ത്തയില്‍ തന്തയ്ക്കുപിറക്കാത്ത ഒരു സ്വഭാവം പ്രകടവുമാണല്ലോ. ചില പാര്‍ട്ടിക്കാര്‍ പൊലീസിനുനേരെ സംഘടിതമായി ആക്രമണം നടത്തി. വനിതാ പൊലീസുകാരെ പോലും വെറുതെ വിട്ടില്ല. പക്ഷേ ഇത്രയൊക്കെ ആക്രമണം നടത്തിയിട്ടും ആക്രമികളെ നേരിടാനല്ല സര്‍ക്കാറിനു താത്പര്യം. പകരം സര്‍വ്വേ നിറുത്തിവെച്ചു. കസ്റ്റഡിയിലെടുത്തവരെ വിട്ടയച്ചു! നോക്കണേ എന്തൊരു പുരോഗമന സര്‍ക്കാരാണ് നാട്ടിലെന്ന്!
ബാക്കി നമുക്ക് അടുത്തദിവസം കേള്‍ക്കാം. പൊലീസ് നടപടിയെക്കുറിച്ച് സര്‍ക്കാര്‍ എന്തു പറയുമെന്നു നോക്കാം. നേരത്തേ നേരു പറഞ്ഞ ദേശാഭിമാനി ഇനിയെന്തു പറയും എന്നും നോക്കാം. 
റോഡുണ്ടാക്കിയേ ഒക്കൂ എന്നു നിര്‍ബന്ധമുള്ള മന്ത്രി പറയുന്നതും ഇവിടെ ഇരിക്കട്ടെ.
 

മാതൃഭൂമി വാര്‍ത്ത

04/05/2010

ദേശാഭിമാനിക്കാരന്‍ "അത് സമ്പാദിച്ചിരിക്കുന്നു"

അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയ്‌ക്ക് നൊബേല്‍ സമ്മാനം ലഭിച്ചപ്പോള്‍ ചലച്ചിത്രകാരന്‍ മൈക്കള്‍ മൂര്‍ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു, "ഇപ്പോള്‍, അത് സമ്പാദിച്ചിരിക്കുന്നു''

ഇത് ദേശാഭിമാനിയില്‍ വന്നതാണ്. വായിച്ചിട്ട് ഒന്നും തിരിയാത്തതുകൊണ്ടാണ് ഉറവിടം അന്വേഷിച്ചത്. ഇവിടെ കാണാം  കാസ്ട്രോയുടെ ലേഖനം ഇംഗ്ലീഷില്‍.
The Insanities of Our Times എന്നതിനാണ് നമ്മുടെ കാലത്തെ തിന്മകള്‍ എന്നെഴുതിവെച്ചിരിക്കുന്നത്.

When American President Barack Obama was nominated for the Nobel Peace Prize, Michael Moore said, "Now, earn it."
എന്നത് മൊഴി മാറിയത് ഇങ്ങനെ.
അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയ്‌ക്ക് നൊബേല്‍ സമ്മാനം ലഭിച്ചപ്പോള്‍ ചലച്ചിത്രകാരന്‍ മൈക്കള്‍ മൂര്‍ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു," ഇപ്പോള്‍, അത് സമ്പാദിച്ചിരിക്കുന്നു.'' 
കിട്ടിയ സമ്മാനത്തിന് അര്‍ഹനാവൂ എന്നാണ് മൂര്‍ പറഞ്ഞത്. മൂറിന്റെ സന്ദേശം ഇതാ. ദേശാഭിമാനിക്കാരന്‍ ഈ അര്‍ത്ഥം എവിടെന്നു തപ്പിയെടുത്തു എന്നാവോ. വേണ്ടതു കിട്ടിയതുകൊണ്ട് ബാക്കി വായിച്ചില്ല.  എന്തുമാതിരി വിവരദോഷികളാണ് ഈ പത്രത്തിനുവേണ്ടി പേനയുന്തുന്നതെന്റെ ഭഗവാനേ.
ദേശാഭിമാനിയുടെ സ്ക്രീന്‍ഷോട് കൊടുത്തതിനും എനിക്കെതിരെ സൈബെര്‍ക്രൈം സെല്ലില്‍ സി പി എമ്മുകാര്‍ പരാതിയുമായി പോവുമെന്ന് ഉറപ്പ്.

പിന്നീടെഴുതിയ ഈ കമന്റുകൂടി നോക്കുക.

30/04/2010

സി പി എം/ദേശാഭിമാനി സൈദ്ധാന്തിക മണ്ടന്റെ എമണ്ടന്‍ വിവരക്കേടുകള്‍

ദേശാഭിമാനി വാരികയിലെ ചരക്കാണ്. താഴത്തെ ലിങ്കില്‍ ക്ലിക്കു ചെയ്താല്‍ വായിക്കാം.
യുക്തിവാദത്തിലെ അന്ധവിശ്വാസങ്ങള്‍
 

ഇ രാമചന്ദ്രന്‍, കടപ്പാട് : ദേശാഭിമാനി വാരിക

അതിലെ ചില ഉദ്ധരണികളും അവയെക്കുറിച്ച് എന്റെ അഭിപ്രായവും മാത്രം.
ഫ്യൂഡല്‍ വ്യവസ്ഥയുടെ തകര്‍ച്ചയിലേക്കും മുതലാളിത്തത്തിന്റെ ആവിര്‍ഭാവത്തിലേക്കും നയിച്ച വ്യാവസായിക വിപ്ളവം നവോത്ഥാനത്തിന്റെ സര്‍ഗശക്തികളെ കെട്ടഴിച്ചുവിട്ടു.
നവോത്ഥാനം പതിന്നാലാം നൂറ്റാണ്ടില്‍ തുടങ്ങി പതിനഞ്ച്-പതിന്നാറ് നൂറ്റാണ്ടുകളില്‍ ശക്തിപ്രാപിച്ച ഒരു ഏര്‍പ്പാടെന്നാണ് വെപ്പ്. വ്യാവസായിക വിപ്ലവം എന്നത് 18, 19 നൂറ്റാണ്ടുകളിലെ ഏര്‍പ്പാടും. അപ്പോള്‍ വ്യാവസായിക വിപ്ളവം നവോത്ഥാനത്തിന്റെ സര്‍ഗശക്തികളെ കെട്ടഴിച്ചുവിട്ടു എന്നു പറയുന്ന ഒരുത്തന് മാര്‍ക്സിസ്റ്റ് പ്രാഥമിക പാഠപുസ്തകങ്ങള്‍ വായിച്ച അറിവുപോലുമില്ല.
ഫ്രഞ്ച് വിപ്ളവം പ്രതിനിധാനം ചെയ്‌ത ബൂര്‍ഷ്വാ ജനാധിപത്യഘട്ടത്തിന്റെ തത്വശാസ്‌ത്രമായാണ് യുക്തിവാദം രൂപപ്പെട്ടതെങ്കില്‍ പാരീസ് കമ്യൂണിനാല്‍ (1871) പ്രതിനിധീകരിക്കപ്പെട്ട തൊഴിലാളിവര്‍ഗ വിപ്ളവത്തിന്റെ തത്വശാസ്‌ത്രമായാണ് മാര്‍ക്സിസം പിറവികൊണ്ടത്.
യുക്തിവാദം രൂപംകൊണ്ടത് ഫ്രഞ്ച് വിപ്ളവം പ്രതിനിധാനം ചെയ്‌ത ബൂര്‍ഷ്വാ ജനാധിപത്യഘട്ടത്തിന്റെ (അതായത് പതിനെട്ടാം നൂറ്റാണ്ടിന്റെ അന്ത്യദശകങ്ങള്‍ക്കുശേഷമുള്ള കാലത്തിന്റെ‍) തത്ത്വശാസ്‌ത്രമായാണ് എന്നു പറയുന്നതും പച്ച വിവരക്കേടാണ്. ദെക്കാര്‍ത്തിന്റെ കാലം (1596 – 1650) മാത്രം ആലോചിച്ചാല്‍ മതി ഇതിന്റെ വങ്കത്തരം അറിയാന്‍. 
പാരീസ് കമ്യൂണിനാല്‍ (1871) പ്രതിനിധീകരിക്കപ്പെട്ട തൊഴിലാളിവര്‍ഗ വിപ്ളവത്തിന്റെ തത്ത്വശാസ്‌ത്രമായാണ് മാര്‍ക്സിസം പിറവികൊണ്ടത് എന്ന പ്രസ്താവന പരിഹസിച്ചു തള്ളേണ്ട അസംബന്ധം മാത്രം. തൊഴിലാളി വര്‍ഗ്ഗ വിപ്ലവത്തെപ്പറ്റിയും തൊഴിലാളിവര്‍ഗ്ഗ സര്‍വ്വാധിപത്യത്തെപ്പറ്റിയുമൊക്കെയുള്ള മാര്‍ക്സിസ്റ്റ് കാഴ്ചപ്പാട് കമ്യൂണിനും മുമ്പേ ഉണ്ടായിക്കഴിഞ്ഞിരുന്നു. കമ്യൂണിന്റെ അനുഭവങ്ങളുടെ വെളിച്ചത്തില്‍ തന്റെ ചില നിലപാടുകള്‍ മാര്‍ക്സ് മാറ്റി എന്നു മാത്രം. കമ്യൂണാവട്ടെ മാര്‍ക്സിന്റെ ആശയങ്ങളെ ആശ്രയിച്ചുമില്ല. (ഇതിനെപ്പറ്റി ചില മാര്‍ക്സിസ്റ്റ് വങ്കന്മാര്‍  എന്റെ മോന്റെ അപ്പൂപ്പന്റെ മകനാണ് ഞാന്‍ എന്ന തരം ലോജിക്കുമായി ഇവിടെ വന്നു കുരയ്ക്കാന്‍ പോകുന്നത് എനിക്കിപ്പൊഴേ കാണാം.) 
ശാസ്‌ത്രനിഗമനങ്ങളെ സ്വായത്തമാക്കി സ്വയം നവീകരിക്കാനുള്ള ആശയവാദത്തിന്റെ ശ്രമത്തിന്റെ ഭാഗമായാണ് വൈരുധ്യവാദം ആവിഷ്‌ക്കരിക്കപ്പെട്ടത്.
ഈ പറയുന്ന ശാസ്ത്രപുരോഗതിക്കൊക്കെ എത്രയോ നൂറ്റാണ്ടുകള്‍ മുമ്പേ ഡയലെക്റ്റിക്സ് നിലനിന്നു എന്നു മാര്‍ക്സിസ്റ്റ് എഴുത്തുകാര്‍ തന്നെ പറയുന്നുണ്ട്. എന്തിനു പറയുന്നു ഡയലക്റ്റിക്കല്‍ മെറ്റീരിയലിസത്തെപ്പറ്റിയുള്ള സോവിയറ്റ് പാഠപുസ്തകങ്ങള്‍ (പലപ്പോഴും നമ്പൂതിരിപ്പാടും) തുടങ്ങുക തന്നെ ഗ്രീക്ക് ചിന്തകനായ ഹെറക്ലൈറ്റസിനെപ്പറ്റി പറഞ്ഞുകൊണ്ടാണ്.  (എന്നാല്‍ പിന്നെ, പുരാതന ഗ്രീസിലെ ശാസ്ത്രപുരോഗതിക്കനുസരിച്ച് സ്വയം നവീകരിച്ച ആശയവാദമാണ് ഡയലെക്റ്റിക്സ് ഉണ്ടാക്കിയതെന്നു പറഞ്ഞാലോ കൊഴണാശ്ശേരിക്കാരാ?)
എന്നാല്‍ വിശ്വാസം ശാസ്‌ത്രവിരുദ്ധമാണ്, ശാസ്‌ത്ര-സാങ്കേതിക മുന്നേറ്റങ്ങള്‍ക്കുമേല്‍ പടുത്തുയര്‍ത്തപ്പെട്ട ആധുനിക സമൂഹത്തില്‍ വ്യക്തിജീവിതത്തില്‍പ്പോലും വിശ്വാസത്തെ അനുവദിക്കാനാകില്ല എന്ന ഒരു ചിന്താഗതിയും രൂപമെടുത്തു. ഇതാണ് യുക്തിവാദം.
വങ്കത്തരം.  യുക്തിവാദികളെല്ലാം അവിശ്വാസികള്‍ പോലുമായിരുന്നില്ല. ദെക്കാര്‍ത്ത് അവിശ്വാസിയായിരുന്നില്ല.  യുക്തിവാദം എന്താണെന്നുപോലും അറിയാത്തവനാണ് യുക്തിവാദികളുടെ അന്ധവിശ്വാസത്തെപ്പറ്റി എഴുതി ഞെളിയുന്നത്.
ഗോപാലകൃഷ്ണന്‍ എന്ന ചത്തകുതിരയെ ഇടിച്ചും തൊഴിച്ചും കൈത്തരിപ്പു തീര്‍ക്കുന്ന സി പി എം ബ്ലോഗെര്‍മാര്‍ക്ക് (പ്രശംസയര്‍ഹിക്കുന്ന മൂവര്‍സംഘത്തെ മാറ്റിനിറുത്തി) ഇവിടെ വന്നു തൊഴിക്കാവുന്നതാണ്. 

28/04/2010

ഒരു ജോര്‍ജിയന്‍ ഹ്രസ്വചിത്രവും അസ്നവൂറിന്റെ ഒരു പാട്ടും

അന്വേഷിച്ചലഞ്ഞ് ഒടുക്കം കണ്ടുപിടിക്കുമ്പോഴുള്ള സന്തോഷമാണ് ഈ വീഡിയോ പോസ്റ്റ്.
മിഹായില്‍ കോബാഹിഡ്സ് എന്നു പേരുള്ള ജോര്‍ജിയക്കാരന്‍ സംവിധായകന്റെ 1964 ലെ ഹ്രസ്വചിത്രമായ Wedding ലെ ഒരു പാട്ടു തിരയാന്‍ തുടങ്ങിയിട്ട് കുറെ കൊല്ലങ്ങളായി. കേള്‍ക്കാനിമ്പമുള്ള ഒരു പാട്ട്. നാഷനല്‍ ഫില്മ് ആര്‍ക്കൈവ് ഡയറക്റ്ററായിരുന്ന പി കെ നായരുടെ ഒരു വി എച്ച് എസ് കോപ്പിയുടെ കോപ്പികള്‍ പലവഴിക്കും നീങ്ങി film society സര്‍ക്കിളുകളില്‍ പ്രചരിച്ചിരുന്നതില്‍നിന്നാണ് wedding കണ്ടത്, കുറെ കൊല്ലം മുന്‍പ്.  ഒടുക്കം തിരച്ചില്‍ ഈ രാത്രി അവസാനിച്ചു. ഷാര്‍ല്‍ അസ്നവൂറിന്റെ  Les deux guitares (Two Guitars) ആണ് ആ പാട്ട് എന്ന് ഇന്നറിഞ്ഞു. ഈ അറിവിന് വിക്കിപീഡിയയോടും കടപ്പാടുണ്ട്. പാട്ടിന്റെ Youtube ലിങ്ക് താഴെക്കൊടുക്കുന്നു.

ലിറിക്സും ഇംഗ്ലീഷ് മൊഴിമാറ്റവും ഇവിടെ കാണാം. പാട്ട് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെയുണ്ട്.കോബാഹിഡ്സിന്റെ ചിത്രം രണ്ടു ഖണ്ഡങ്ങളായാണ് Youtube ല്‍ കാണുന്നത്. രണ്ടാമത്തെ ഖണ്ഡത്തിലാണ് പാട്ടുള്ളത്. വീഡിയോ താഴെ എംബെഡ് ചെയ്തിരിക്കുന്നു.

25/04/2010

മണ്ണാത്തിപ്പുള്ള്വീഡിയോ ഏതു നാട്ടിലെയാണെന്നറിയില്ല. മണ്ണാത്തിപ്പുള്ള് അഥവാ കുണ്ടികുലുക്കിപ്പക്ഷിയാണിത്. Oriental Magpie Robin 

 
നമ്മുടെ നാട്ടില്‍ ഈ ദിവസങ്ങളില്‍ (ഏപ്രില്‍ മാസത്തില്‍) ഈ പക്ഷി ഇങ്ങനെതന്നെയാണ് പാടുന്നത്. ഇവനോളം പോന്ന ഒരു പാട്ടുകാരന്‍ കേരളത്തിലില്ല. ആ കവിത്രയവും ഈ കവിത്രയവും കാവ്യം ഗണിച്ചിരുന്ന കാലത്ത് ഈ പാട്ടുകാരന്‍ കേരളത്തിലുണ്ടായിരുന്നോ എന്നറിയില്ല. ഉണ്ടാവനാണു സാദ്ധ്യത. കര്‍ണ്ണകഠോരമായി കൂവുന്ന കുയിലാണത്രെ കവികളുടെ  song bird.  മാവ് തളിര്‍ക്കുന്ന കാലത്ത് ഈ നീചന്‍ ഉറക്കം കെടുത്തുന്നതുപോലെ ദുഷ്ടത വേറൊരു പക്ഷിയും ചെയ്യില്ല. കോഴിക്കോട്ടൊക്കെയുള്ള മീന്‍മാപ്ലമാര്‍ കുയിലില്‍നിന്നായിരിക്കണം കൂക്ക് പഠിച്ചത്. വേറെയേതോ നാട്ടിലെ കുയിലിന് കുറച്ചു ഭേദമായ ഒച്ചയുണ്ട്. ഈ വീഡിയോ കണ്ടുനോക്കുക. ബംഗ്ലാദേശിനു പ്രിയപ്പെട്ട പക്ഷിയാണ് ഇവനെന്നു പീഡിയ ലേഖനം പറയുന്നു. ഒരു കാളരാത്രിയെത്തുടര്‍ന്നുണ്ടായ സ്വപ്നാടനത്തില്‍ പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് ഇവന്റെ പാട്ട് എന്നെ ഉലച്ചത്. ഏപ്രിലിന്റെ പല ക്രൌര്യങ്ങളിലൊന്നാണ് ഭ്രാന്തമായ പ്രണയത്തിന്റെ ഈ ഘോഷവും.

ഞൊണ്ടിക്കാലന്‍ പൈങ്കിളി കരയുന്നു, 'ഉണ്യമ്പ്‌രാനും പോവ്വാ'