കാലിക്കോസെന്‍ട്രിക് Calicocentric dusty room

21/03/2010

ഞൊണ്ടിക്കാലന്‍ പൈങ്കിളി കരയുന്നു, 'ഉണ്യമ്പ്‌രാനും പോവ്വാ'

വഴിയോരത്തെ മാവിന്‍കൊമ്പുകളിലും ആലിന്‍ചില്ലകളിലും പതിവിലേറെ കാക്കക്കൂട്ടങ്ങള്‍. അവ തലതിരിച്ചു നോക്കുന്നു. 'എവിടേക്കാ?' എന്ന മട്ടില്‍.
മുത്തശ്ശി അമ്മ ഓര്‍മ്മിപ്പിക്കുന്ന മരണപ്പെട്ടവര്‍ക്കൊക്കെ പിണ്ഡംവച്ച് ബലിക്കാക്കകളെ കാത്തിരുന്ന ദിവസങ്ങള്‍ മനസ്സിലൂടെ കടന്നുപോയി.
ഒരു പൊന്തക്കാലന്‍പക്ഷി ചിലച്ചുകൊണ്ടു പറന്നുയര്‍ന്ന് ആകാശത്തില്‍ വട്ടമിട്ടു.
'ഉണ്യമ്പ്‌രാനും പോവ്വാ...
ഉണ്യമ്പ്‌രാനും പോവ്വാ...' അതു ചിലച്ച് കരയുന്നതിന്റെ ശബ്ദം അങ്ങനെയാണ് ചെവിയില്‍ മുഴങ്ങിയത്.
അരിവാളുമായി ഇറങ്ങിയ ചെറുമികള്‍ വഴിയില്‍നിന്ന് തീണ്ടാപ്പാടിലേക്ക് ഓടിമാറി.
ഉറക്കെ വിളിച്ചുപറയണമെന്നു തോന്നി, ഏലംകുളം ഗ്രാമമാകെ കേള്‍ക്കുംവിധം; 'കൂട്ടരെ ഞാന്‍ പോകുകയാണ്. സ്വാതന്ത്ര്യ സമരത്തില്‍ ചേരാന്‍. അതുവഴി ജെയിലില്‍ പോയെന്നും വരും.'
മേലെക്കാണുന്ന പച്ചപൈങ്കിളിക്കഥ അപ്പുക്കുട്ടന്‍ വള്ളിക്കുന്നിന്റെ അറിയപ്പെടാത്ത ഇ എം എസ് എന്ന പുസ്തകത്തില്‍നിന്നാണ്.  കേരള രാഷ്ട്രീയത്തിലെ ഏറ്റവും പരിഹാസ്യമായ ഒരു നാടകത്തിന്, ഇ എം എസിന്റെ ജയിലുകേറല്‍ എന്ന ഹിരണ്യഗര്‍ഭത്തിന് ദുരന്തഗുരുത്വം ലഭിക്കാന്‍ ഒരു narrative കോപ്രാട്ടികാട്ടുകയാണ് അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്.
ഈ പുസ്തകം ഇ എം എസ്സിനെക്കുറിച്ചറിയാന്‍ നല്ലൊരു സഹായിയാണ്. അറിയപ്പെടാത്ത ഇ എം എസിനെ അപ്പുക്കുട്ടന്‍ കാട്ടിത്തരുന്നു (തുറന്നുകാട്ടിത്തരുന്നു). പറയാനുണ്ട് ഇതിനെപ്പറ്റി.

03/03/2010

ഡി സി ബുക്സ് ഫലിതങ്ങള്‍

ഇങ്ങനെയൊരു പരസ്യം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ കണ്ടു. നമ്പൂരി, നസ്രാണി, പള്ളിക്കൂടം, എസ് എം എസ്, കോടതി, സര്‍ദാര്‍ജി, സാഹിത്യ ഫലിതങ്ങള്‍ വെവ്വേറെ പുസ്തകമായി ഡി സി ബുക്സ് പ്രസിദ്ധീകരിക്കാന്‍ പോവുന്നത്രെ. D C Book of Joke എന്നാണ് പരസ്യം അതിനെപ്പറ്റി പറയുന്നത്.
 
ഡി സി ബുക്സിന്റെ ഏറ്റവും മികച്ച ഫലിതപുസ്തകം പക്ഷേ ഇതൊന്നുമല്ലെന്ന കാര്യം അറിയാവുന്ന ആളെന്ന നിലയില്‍ അതു പറയേണ്ടതുണ്ടല്ലോ എന്നു കരുതിയാണ് ഈ കുറിപ്പെഴുതുന്നത്. ഡി സി ബുക്സിന്റെയെന്നല്ല മലയാളത്തിലുണ്ടായതില്‍ ഏറ്റവും വിപുലവും സമ്പന്നവുമായ ഫലിതപുസ്തകം ഒരു വിജ്ഞാനകോശത്തിന്റെ രൂപത്തിലാണ് പ്രസിദ്ധീകൃതമായത് എന്നത് വിചിത്രമായി തോന്നാം. മലയാളം ബ്രിട്ടാനിക്കയാണ് ആ D C Book of Joke.
മലയാളം വിക്കിപീഡിയയിലെ മലയാളം ബ്രിട്ടാനിക്ക ലേഖനം അവിടത്തെ അരസികന്മാരുടെ കൈക്രിയയാല്‍ രസികത്തം നശിച്ച് വങ്കത്തരമായി മാറിയിരിക്കുന്നു. പുസ്തകത്തിന്റെ വൈശിഷ്ട്യം പറയുന്നത് വിമര്‍ശനങ്ങള്‍ എന്നൊരു തലക്കെട്ടിന്റെ താഴെ. 
ചില്ലറ ഉദാഹരണങ്ങള്‍ മാത്രം ഗ്രന്ഥത്തിന്റെ തനിമ നിലനിറുത്തുന്നതായി ശേഷിക്കുന്നു.അവ ഇവിടേക്കു പകര്‍ത്തുന്നു.
ക്രിക്കറ്റ്
ഇത് നടുക്കായി രണ്ടു വിക്കറ്റുകള്‍ കുത്തിനിര്‍ത്തപ്പെട്ടതും, അവയെ ഓരോ ബാറ്റ്സ്മാനാല്‍ കാക്കപ്പെട്ടതും, വിശാലമായ ഒരു മൈതാനത്ത് കളിക്കപ്പെടുന്നതും ആയ ഒരു കളിയാണ്. -(പേജ് 557)
മുന്തിരിച്ചെടി 
പടര്‍ന്ന് കയറുവാന്‍ സഹായം ആവശ്യമുള്ളതും തണ്ടില്‍നിന്നും ഉദ്ഭവിക്കുന്ന ചുരുള്‍വേരുകള്‍ ചുറ്റിപ്പിരിഞ്ഞ് വളര്‍ന്ന് കയറുന്നതും അല്ലെങ്കില്‍ നിലത്ത് പടരുന്നതുമായ ഒരു ചെടി അല്ലെങ്കില്‍ അതിന്റെ തണ്ട്. ബിറ്റര്‍സ്വീറ്റ്, സാധാരണ മുന്തിരികള്‍, ഹണിസക്കിള്‍സ്, ഐവി, ലിയാനാസ്, തണ്ണിമത്തന്‍ തുടങ്ങിയവ ഉദാഹരണങ്ങളില്‍ പെടുന്നു. -(പേജ് 1730).
നടപ്പാത
ഒരു വഴി, നടപ്പാത, കളിസ്ഥലം, നടുമുറ്റം, ചന്ത മൈതാനം, വിമാനമിറക്കാന്‍ അടിയന്തരമായി ഉണ്ടാക്കിയ ഇടം എന്നിവയുടെ ഉറപ്പുള്ളതും പഴക്കം നില്ക്കുന്നതുമായ ഉപരിതലഭാഗം. -(പേജ് 1056)

വിമാനം
സ്ഥിരമായിരിക്കുന്ന ചിറകുള്ളതും വായുവിനെക്കാള്‍ ഭാരമേറിയ സ്ക്രൂ‌പ്രൊപ്പല്ലറുകളോ അതിപ്രവേഗജെറ്റോകൊണ്ട് ചലിപ്പിക്കുന്നതും ചിറകുകകള്‍ഭിമുഖമായി വായുവിന്റെ ചലനാത്മകമായ പ്രതികരണങ്ങള്‍ പിന്‍താങ്ങപ്പെടുന്നതുമായ ആകാശയാനം.
മിക്കവിമാനങ്ങളും കരയില്‍നിന്നു നിയന്ത്രിക്കാവുന്ന രീതിയിലാണ് രൂപകല്പന ചെയ്തിരിക്കുന്നത്. കടല്‍വിമാനങ്ങള്‍ ജലത്തിനടിയില്‍ തൊടാവുന്ന രീതിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. -(പേജ് 2026)
ഏതാനും ഉദാഹരണങ്ങള്‍ ഇവിടെ ഒരു ചിത്രരൂപത്തില്‍ കാണാം.


കുറെക്കൂടി താഴെക്കാണുന്ന രണ്ടു ചിത്രങ്ങള്‍ ക്ലിക്ക് ചെയ്താല്‍ കാണാം.

 

01/03/2010

കാലിക്കറ്റ് യൂനിവേഴ്സിറ്റിയിലെ മാര്‍ക്സിസ്റ്റ് പാര്‍ട്ടി മണ്ടന്മാര്‍

മാര്‍ക്സിസ്റ്റു പാര്‍ട്ടി എതിര്‍വാക്കില്ലാതെ ഭരിക്കുന്ന കാലിക്കറ്റ് യൂനിവേഴ്സിറ്റി കേമ്പസില്‍ EMS CHAIR FOR MARXIAN STUDIES AND RESEARCH എന്നൊരു സ്ഥാപനമുണ്ട്. യൂനിവേഴ്സിറ്റി കേമ്പസില്‍ കുറെ സ്ഥലം സംഘടിപ്പിച്ച് കെട്ടിടങ്ങള്‍ മുറയ്ക്കുകെട്ടിപ്പൊക്കി സ്ഥാപനം നാള്‍ക്കുനാള്‍ അഭിവൃദ്ധിപ്രാപിക്കുന്നുണ്ട്.  അവിടെ നടക്കുന്ന ഗവേഷണം എന്താണെന്ന് എനിക്കറിയില്ല. നാലുകാശുണ്ടാക്കാനുള്ള കച്ചവടമൊക്കെ അവിടെ നടക്കുന്നുണ്ടെന്നറിയാം. കംപ്യൂട്ടര്‍ ഗ്രാഫിക്സും ഏനിമേഷനും ഒക്കെ പഠിപ്പിക്കുന്ന ഒരു സ്ഥാപനമുണ്ടവിടെ. കംപ്യൂട്ടറുകളെപ്പറ്റി എണ്‍പതുകളുടെ മദ്ധ്യത്തില്‍ ഇ എം എസ് പറഞ്ഞ സംഗതികളൊക്കെ സമ്പൂര്‍ണ്ണകൃതികളുടെ സഞ്ചികകളില്‍ കണ്ടാല്‍ ഇ എം എസ് കൃതിയാണെന്നൊന്നും നോക്കാതെ ഈ ഗവേഷകന്മാര്‍ കത്തിച്ചുകളയാന്‍ സാധ്യതയുണ്ട്.  ഫ്രെഡെറിഹ് ഏംഗല്‍സിന്റെ Dialectics of Nature എന്ന കൃതിയൊക്കെ അവര്‍ തര്‍ജ്ജമ ചെയ്തു പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നാണ് ഇവിടെ കാണുന്നത്. അതൊന്നു കാണാന്‍ പലയിടത്തും നോക്കിയെങ്കിലും കിട്ടിയില്ല. കാമ്പസില്‍ മാത്രമല്ല യൂനിവേഴ്സിറ്റിയുടെ വെബ്സൈറ്റിലും ഇവര്‍ക്കു ചില്ലറ സ്ഥലം പതിച്ചുനല്കിയിട്ടുണ്ട്. ആ ചില്ലറ സ്ഥലത്ത് അവര്‍ ഒപ്പിച്ചുവെയ്ക്കാവുന്നിടത്തോളം തമാശ ഒപ്പിച്ചുവെച്ചതിനെപ്പറ്റിയാണ് ഈ പോസ്റ്റ്.  ഇവിടെ കാണുന്നതാണ് താഴെ പകര്‍ത്തിവെച്ചിട്ടുള്ളത്.

E.M.S. Namboodiripad

E.M. Sankaran Namboodiripad started his public life by participating in the Freedom Struggle against British Imperialism. He acted as the Kerala Pradesh congress Committee Secretary for four years (1934-1938) and then moved to socialist group of the congress party. From 1950 onwards he became a polit bureau member of the communist party He became the first elected Chief Minister of the Community party in 1957. Until his demise on 19th March 1998 he was an ardent follower of Marxism-Leninism . In addition to his political activities his intellectual contributions played a very important role in determining the cultural scenario of Kerala. His first masterpiece Keralam- Malayalikalude Mathrubhumi, was a cultural critique and paved the way for further investigations in Kerala culture and history. His works on Indian Freedom Struggle, literary criticism and many other important essays are worth studying. Actually he introduced a new experiment with Marxism by formulating the concept of coalition ministry. He was the protagonist behind the Peoples planning campaign (Janakeeya Asutranam) implemented by left democratic front in Kerala.
ഇതെഴുതിയത് ഏതോ മാര്‍ക്സിസ്റ്റു പാര്‍ട്ടി ബുദ്ധിജീവിയാവണം. cultural critique എന്നൊക്കെ പറഞ്ഞതു കണ്ടില്ലേ. പക്ഷേ കേരളത്തിലെ മാര്‍ക്സിസ്റ്റു പാര്‍ട്ടി ബുദ്ധിജീവികള്‍ക്കു സ്വാഭാവികമായ നിരക്ഷരത ഇതിലും പ്രകടമാണ്. His works on Indian Freedom Struggle, literary criticism and many other important essays are worth studying. സ്വാതന്ത്ര്യ സമരം സാഹിത്യവിമര്‍ശനം മറ്റു പ്രധാന പ്രബന്ധങ്ങള്‍ എന്നിവയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കൃതികള്‍ പഠിക്കാന്‍ കൊള്ളാമെന്ന്. എന്താണ് അതിന്റെ അര്‍ത്ഥം എന്ന് എന്നോടു ചോദിക്കരുത്. തത്ത്വചിന്തകനും ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്റ്ററുമായ സഖാവ് പി കെ പോക്കറിന്റെ ഒരു നിരക്ഷരകൃതിയെപ്പറ്റി ഞാന്‍ മാസങ്ങള്‍ക്കു മുമ്പെഴുതിയ ഒരു പോസ്റ്റ് ഇവിടെക്കാണാം.
പി കെ പോക്കര്‍ ഡോട് കോം
പോക്കര്‍ സഖാവും ഈ ചെയറും തമ്മില്‍ ചില്ലറ ബന്ധങ്ങളൊക്കെയുണ്ട്. ഈ ചെയര്‍ പ്രസിദ്ധീകരിക്കുന്ന മാര്‍ക്സിസ്റ്റ് ദര്‍ശനം എന്ന കൃതിയുടെ ഓണററി എഡിറ്ററാണത്രെ പോക്കര്‍ സഖാവ്. പിന്നെ ചെയറിന്റെ ഗവേണിങ് ബോഡി അംഗവും. മുകളിലെ കുറിപ്പില്‍ പോക്കറുടെ ഭാഷയുടെ ഒരു തിളക്കം കാണുന്നുണ്ട്.
തമാശ കാണാം ഇനി. ആകെ അഞ്ചാറു വാക്യമാണുള്ളത്. അതില്‍ എത്രത്തോളം മണ്ടത്തരം കുത്തിനിറയ്ക്കാമോ അത്രത്തോളം നിറച്ചിട്ടുണ്ട്.
E.M. Sankaran Namboodiripad started his public life by participating in the Freedom Struggle against British Imperialism.
സമുദായ പരിഷ്കരണത്തിലൂടെയാണ് താന്‍ സാമൂഹ്യ പ്രവര്‍ത്തനരംഗത്തേക്കു വരുന്നതെന്ന് നമ്പൂതിരിപ്പാട് ആത്മകഥയിലൂടെയും മറ്റനേകം രചനകളിലൂടെയും വ്യക്തമാക്കിയിട്ടുണ്ട്. പത്താം വയസ്സില്‍ അതു തുടങ്ങിയതിനെപ്പറ്റി ഇ എം എസ് പറയുന്ന ഉദ്ധരണി
കുഞ്ചു പതിന്നാലാം വയസ്സില്‍, ഇ എം എസ്സിന്റെ വിപ്ലവ അരങ്ങേറ്റം
എന്ന പോസ്റ്റിന്റെ അവസാനം കാണാം. പിന്നെയും ഒരു പത്തു വര്‍ഷം കഴിഞ്ഞാവണം സ്വാതന്ത്ര്യ സമരത്തില്‍ ഏതെങ്കിലും വിധത്തില്‍ ഇദ്ദേഹം പങ്കാളിയാവുന്നത്.  ചുരുക്കത്തില്‍ ആദ്യ വാക്യം തന്നെ പച്ചവിവരക്കേടാണ്. ഇനി രണ്ടാമത്തേതോ?
He acted as the Kerala Pradesh congress Committee Secretary for four years (1934-1938) and then moved to socialist group of the congress party.
1934 മുതല്‍ 1938വരെ നാലുകൊല്ലക്കാലം ഇ എം എസ് K P C C സെക്രട്ടറിയായിരുന്നെന്ന്.  ഇ എം എസ് തന്റെ ആത്മകഥയില്‍ പറയുന്ന പ്രകാരം 1934 ഒക്റ്റോബറില്‍ ഇടതുപക്ഷ K P C C നിലവില്‍ വന്നു. 1935 മെയ് മാസം ഇല്ലാതാവുകയും ചെയ്തു. ആ കെ പി സി സിയുടെ സെക്രട്ടറിയായിരുന്നു നമ്പൂതിരിപ്പാട്.  "ഏതാനും മാസം മാത്രം നിലനിന്ന ഇടതുപക്ഷ K P C C" യെപ്പറ്റി നമ്പൂതിരിപ്പാട് ആത്മകഥയില്‍ പലയിടത്തും ആവര്‍ത്തിക്കുന്നുണ്ട്.
"വീണ്ടും കെ പി സി സിയില്‍ ഇടതുപക്ഷത്തിന് ഭൂരിപക്ഷം കിട്ടുകയും പ്രഭാതം വീണ്ടും പ്രസിദ്ധീകരിക്കുകയും ചെയ്യാന്‍ കഴിയുന്നതിനുമുമ്പായി സംഭവബഹുലമായ മൂന്ന് കൊല്ലത്തോളം കടന്നുപോയി"  എന്നും ഇ എം എസ് പറയുന്നുണ്ട്. അതായത് പിന്നീട് കെ പി സി സി ഇടതുപക്ഷക്കാരുടെ കയ്യിലേക്കു വരുന്നത് 1938-ല്‍ മാത്രമാണ്.  1938ല്‍ ഇടതുപക്ഷ കെ പി സി സി ഉണ്ടാവുകയും ഇ എം എസ് സെക്രട്ടറിയാവുകയും ചെയ്തു. 1934 നും 1938 നും ഇടയ്ക്ക് ഒരു വര്‍ഷവും ഏതാനും മാസവും അങ്ങനെ നമ്പൂതിരിപ്പാട് കെ പി സി സി സെക്രട്ടറിയായിരുന്നു. നാലുവര്‍ഷം എന്നു കൂട്ടിപ്പറഞ്ഞത് ഇടതുപക്ഷത്തെയും ഇ എം എസ്സിനെയും മഹത്വവത്കരിക്കാനാണെന്നൊന്നും ഞാന്‍ ആക്ഷേപിക്കുന്നില്ല. വിവരമില്ലായ്മ, അത്രതന്നെ. അതാണല്ലോ ഇവരുടെ മുഖമുദ്ര. പിന്നെ നാലുവര്‍ഷം സെക്രട്ടറിയായി പിന്നീട് സോഷ്യിലിസ്റ്റ് കോണ്‍ഗ്രസ്സിലേക്കു പോയി എന്നതും പരമവങ്കത്തരമാണ്. 1934ല്‍  കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായി നമ്പൂതിരിപ്പാട്.  1939-ല്‍   സോഷ്യലിസ്റ്റ് കോണ്‍ഗ്രസ് കേരള ഘടകം കമ്യൂണിസ്റ്റ് പാര്‍ട്ടിയായി മാറുന്നതുവരെ അദ്ദേഹം അതിന്റെ നേതാവുമായിരുന്നു. കോണ്‍ഗ്രസ്, സോഷ്യലിസ്റ്റ് കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങള്‍‌ ഒരേ കാലത്തു തന്നെയായിരുന്നു അദ്ദേഹം കൊണ്ടുനടന്നത്.
മൂന്നാമത്തെ വാക്യവും തഥൈവ:
From 1950 onwards he became a polit bureau member of the communist party
ഇതൊരു നിരക്ഷരവാക്യമാണെന്ന് പറഞ്ഞാല്‍  യൂനിവേഴ്സ്റ്റിയിലെ മാര്‍ക്സിസ്റ്റു മണ്ടന്മാര്‍ക്ക് മനസ്സിലാവാനിടയില്ല. 1950 മുതല്‍ക്കിങ്ങോട്ട് അദ്ദേഹം പോളിറ്റ് ബ്യൂറോ അംഗമായി എന്നൊന്നും അത്യാവശ്യം എഴുത്ത് അറിയുന്നവര്‍ എഴുതില്ല.
അതിനടുത്ത വാക്യമോ?
He became the first elected Chief Minister of the Community party in 1957.
കമ്യൂണിറ്റി പാര്‍ട്ടി എവിടെയോ വന്ന ഒരു typo ആണെന്നെങ്കിലും കരുതാം. വിവരദോഷികള്‍ക്കെന്തു  പ്രൂഫ്റീഡിങ്. എതിരാളികളെ അപമാനിക്കാന്‍ ഏറ്റവും നീചമായ പദപ്രയോഗങ്ങള്‍ നടത്തുന്നതിലെ വൈദഗ്ധ്യമാണ് ഇവര്‍ക്കാകെ എഴുത്ത് എന്നത്. ആകെപ്പരിചയമുള്ള ഗവേഷണം അപവാദവ്യവസായവും. ഉദ്ദേശിച്ചത് ആദ്യമായി തിരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്ന കമ്യൂണിസ്റ്റ് മുഖ്യമന്ത്രി എന്നായിരിക്കണം. പറഞ്ഞതിന്റെ ധ്വനി പക്ഷേ അതൊന്നുമല്ല.
കൂടുതല്‍ പറയേണ്ട കാര്യമുണ്ടെന്നു തോന്നുന്നില്ല.
ഇ എം എസിന്റെ പേരില്‍ സ്ഥാപിച്ച പഠന ഗവേഷണകേന്ദ്രക്കാര്‍ക്ക്  വെറും നാലുവാക്യം ഇ എം എസ്സിനെക്കുറിച്ചെഴുതാന്‍ അറിയില്ല. വല്ലാത്ത ദുര്യോഗം തന്നെ. ഇവര്‍ കേമ്പസില്‍ ഇ എം എസ്സിനു സ്മാരകം പണിയാന്‍ പോവുകയാണത്രെ.