കാലിക്കോസെന്‍ട്രിക് Calicocentric dusty room

16/04/2010

ഒരു നുള്ള് ദേശാഭിമാനി വിവരക്കേട് അഥവാ കത്തീഡ്രല്‍ പള്ളിയിലെ കൊലപാതകം


ദേശാഭിമാനി വാരാന്തപ്പതിപ്പില്‍ കെ സി വര്‍ഗ്ഗീസ്
കത്തീഡ്രല്‍ പള്ളിയിലെ കൊലപാതകം
എന്നൊരു ലേഖനം എഴുതി. വര്‍ക്കേഴ്സ് ഫോറം എന്ന മാര്‍ക്സിസ്റ്റ് പാര്‍ട്ടി ബ്ലോഗ് സംഘം ഈ ലേഖനം ഓണ്‍ലൈന്‍ ആര്‍ക്കൈവില്‍ (ച്ചാല്‍ സൌജന്യസേവനം നല്കുന്ന ബ്ലോഗര്‍ വെബ്സൈറ്റില്‍) ആക്കി.

സംഗതി ആകെമൊത്തം വിവരക്കേടാണ്. എല്‍ സാല്‍വദോര്‍ എന്ന ചെറിയൊരു ലാറ്റിന്‍ അമേരിക്കന്‍ രാജ്യവും സാല്‍വദോര്‍ എന്ന ബ്രസീലിയന്‍ നഗരവും ആദ്യം കൂട്ടിക്കുഴച്ചു. ലേഖനത്തിന്റെ introductory note-ല്‍ തുടങ്ങുന്നു വിവരക്കേട്.
സാല്‍വഡോറിലെ ആര്‍ച്ച് ബിഷപ് ഒസ്കാര്‍ റൊമേരോയുടെ 34-ാം ചരമവാര്‍ഷികം സമുചിതം ആഘോഷിക്കാന്‍ തയ്യാറെടുക്കുകയാണ് ബ്രസീലിലെയും മറ്റു ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെയും മതവിശ്വാസികള്‍.
റൊമേറോ എന്ന ആര്‍ച്ച് ബിഷപ്പ്  എല്‍ സാല്‍വദോറുകാരന്‍. അദ്ദേഹത്തെക്കുറിച്ചു പറയുമ്പോള്‍ സാല്‍വദോര്‍ എന്ന ബ്രസീലിയന്‍ നഗരത്തെക്കുറിച്ചു പറയേണ്ടതില്ല. പശുവിനെപ്പറ്റി ഉപന്യസിക്കാന്‍ പറഞ്ഞപ്പോള്‍ കുട്ടി പശുവിനെ തെങ്ങിനോടു കെട്ടി തെങ്ങിനെക്കുറിച്ചുകൂടി  ഉപന്യസിക്കാന്‍ പുറപ്പെട്ടതുപോലെ കെ സി വര്‍ഗ്ഗീസ് ഹ്രസ്വമായ ലേഖനത്തില്‍ ഒരു ഖണ്ഡിക മുഴുവന്‍ ബ്രസീലിയന്‍ നഗരത്തെക്കുറിച്ചു പറയുന്നു.
ബ്രസീലിലെ ഏറ്റവും പഴക്കംചെന്ന പട്ടണമാണ് സാല്‍വദോര്‍. അഥവാ ബാഹിയ. പോര്‍ച്ചുഗീസ് ആസ്ഥാനമെന്ന നിലയില്‍ 1549ല്‍ സ്ഥാപിച്ച പട്ടണത്തില്‍ 100 ശതമാനം ജനങ്ങളും കത്തോലിക്കാ വിശ്വാസികളാണ്.
"...100 ശതമാനം ജനങ്ങളും കത്തോലിക്കാ വിശ്വാസികളാണ്" എന്നതും അവാസ്തവമാണെന്ന് സാല്‍വദോറിനെപ്പറ്റിയുള്ള വിക്കിപീഡിയ ലേഖനം വ്യക്തമാക്കുന്നു. അമേരിഗോ വെസ് പുഷി എന്നൊക്കെ ഇതുവരെ കേള്‍ക്കാത്ത പേരുകളുമുണ്ട്. പുച്ചിയെ എന്തിനാണാവോ പരിഷ്കരിച്ച് പുഷിയാക്കിയത്? "പര്യവേഷകസംഘ"മെന്നെഴുതുന്ന ദേശാഭിമാനിക്കാരനാണ്‍.  പുച്ചി പുസിയായില്ലല്ലോ, നല്ലത്.

"പട്ടാളത്തിന്റെ വെടിയുണ്ട", "1980 മാര്‍ച്ച് 24ന് കത്തീഡ്രല്‍ പള്ളിയിലെ അള്‍ത്താരയ്ക്കു മുമ്പില്‍ യാങ്കിപ്പട്ടാളം ആ മനുഷ്യനെ വെടിവച്ചുകൊന്നു" എന്നൊക്കെയുള്ളത് പിന്നെ പതിവ് സി പി എം റെട്ടറിക്കാണെന്നു കരുതി തള്ളിക്കളയാം. യാങ്കി പട്ടാളമൊന്നും കൊല്ലാനുള്ളതായി വി പീ ലേഖനം  പറയുന്നില്ല.

സാഹിത്യവിജ്ഞാനം അറിയിക്കാന്‍ റ്റി എസ് എലിയറ്റിന്റെ Murder in the Cathedral എന്ന നാടകത്തെപ്പറ്റിയും പറയുന്നുണ്ട്.
എലിയട്ടിന്റെ ഈ കഥാപാത്രത്തെ സഭ പില്‍ക്കാലത്ത് വിശുദ്ധനായി പ്രഖ്യാപിച്ചുവെന്നതും ഓര്‍ക്കാം.
ഇതു വായിച്ചാല്‍ തോന്നുക എലിയറ്റിന്റെ നാടകത്തിനും ശേഷമാണ് അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചതെന്നാണ്. ബെക്കെറ്റെന്ന കാന്റര്‍ബെറി ആര്‍ച്ച് ബിഷപ്പിനെ വധിച്ച് ഏതാനും വര്‍ഷം കഴിഞ്ഞപ്പോഴേക്കും സഭ  സെയിന്റായി പ്രഖ്യാപിച്ചിരുന്നു. അതായത് ഒരു എട്ടു നൂറ്റാണ്ടു മുമ്പു തന്നെ.

കാലിക്കോസെന്‍ട്രിക്കിന്റെ ബ്ലോഗിലെ വ്യാകരണം ചികയുന്ന സി പി എം ബ്ലോഗെര്‍മാര്‍ക്ക് എന്തെങ്കിലും ഒരു പണികൊടുക്കാം എന്നു വെച്ചാണ് ഈ ക്ഷുദ്രക്കുറിപ്പെഴുതുന്നത്. പിന്നെ ഇ എം എസ്സിനെ തുറന്നുകാട്ടുംപോലെ  പ്രധാന വിഷയങ്ങളോട് മലയാളം ബ്ലോഗെര്‍മാര്‍ക്കു താത്പര്യവുമില്ല. ദേശാഭിമാനിയിലെ വിവരക്കേട്, സിന്ധു ജോയിയുടെ ഡോക്റ്ററല്‍ തീസിസ് ഇതൊക്കെയാണ് താരതമ്യേന വായനക്കാരെ  ആകര്‍ഷിക്കുന്ന വിഷയങ്ങള്‍.

2 comments: