കാലിക്കോസെന്‍ട്രിക് Calicocentric dusty room

29/05/2010

ഫ്രാന്‍സിസ് ഇട്ടിക്കോര രാമകൃഷ്ണ മേനോന്‍

പെരുത്തൊരു തമാശ പറയാന്‍ വല്ലാതെ മിനക്കെട്ട് പറഞ്ഞത് പാടേ പാളിപ്പോയി ഒരുത്തന്‍  ഊരകുത്തി താഴെവീഴുന്നതു കാണുന്നതിനെക്കാള്‍ വലിയൊരു തമാശ വേറെയില്ല.
ഫ്രാന്‍സിസ് ഇട്ടിക്കോര എന്ന മഹാസംഭവമായ നോവലില്‍ ടി ഡി രാമകൃഷ്ണന് ഇങ്ങനെ ഒരു അക്കിടി പറ്റി കുത്തനെ വീണ ഒരു സന്ദര്‍ഭത്തെപ്പറ്റിയാണ് ഈ പോസ്റ്റ്. (ഈ നോവലിനെ സംബന്ധിച്ച് കുറെക്കൂടി ക്രൂരമായ ചില തമാശകളുടെ തുടക്കം മാത്രമാണ് ഈ ക്ഷുദ്രപോസ്റ്റ്. ബാക്കി വഴിയേ.)
ടി ഡി രാമകൃഷ്ണന്‍ തന്റെ നോവലില്‍ തമാശ പറയുക സ്പാനിഷിലൊക്കെയാണ്. അങ്ങനെ പറയാന്‍ പ്രത്യേകിച്ചു കാര്യമുണ്ടായിട്ടൊന്നുമല്ല.  സാര്‍വ്വലൌകികത്വം വരാന്‍ യൂറോപ്പിലെ മാത്രമല്ല തെക്കേ അമേരിക്കയിലെ ഭാഷകള്‍ പോലും നോവലില്‍ പ്രയോഗിക്കപ്പെടുന്നുണ്ട്. പാണ്ഡിത്യം പ്രദര്‍ശിപ്പിക്കാനുള്ള വൃഥാ ശ്രമം ഈ നോവലിന്റെ മുഖമുദ്രയാണ്. അതു പക്ഷേ വിക്കിപീഡിയയില്‍നിന്നൊക്കെ പകര്‍ത്തിവെയ്ക്കുന്നിടത്തോളമേയുള്ളൂ എന്നു പുറത്തായി കഴിഞ്ഞ കാര്യം. ഇതേ ഉദ്ദേശ്യത്തോടെ തന്നെയാണ് സ്പാനിഷിലെ തമാശയും വരുന്നത്.
പിന്നെ ഈ നോവലിന് ഒരു ഗുണമുണ്ട്. ലൈംഗികതയില്ലാത്ത ഭാഗങ്ങളില്ല. ഇതിലെ എല്ലാ പെണ്ണുങ്ങളും കാലുമലര്‍ത്താന്‍ സദാ ready. എല്ലാ പുരുഷന്മാരും പക്ഷേ അങ്ങനെയല്ല. ഫെമിനിസ്റ്റുകള്‍ ഇതു കണ്ടില്ലേ? ഇവിടെ പറയുന്ന തമാശയും കയറ്റിറക്ക് വ്യവസായവുമായി ബന്ധപ്പെട്ടതുതന്നെ.
പുരുഷന്‍ ഇന്ത്യക്കാരന്‍. സ്ത്രീ ജപ്പാന്‍ വംശജ, എന്നാല്‍ തെക്കേ അമേരിക്കക്കാരി. പ്രിന്‍സ്റ്റണ്‍ യൂനിവേഴ്സിറ്റി ലൊക്കേഷന്‍. തമാശ സ്പാനിഷില്‍. ആ സ്കേന്‍ ചെയ്ത പേജു വായിക്കുക. അദ്ധ്യായത്തിന്റെ പേരു തന്നെ el computador എന്നാണ്. സ്പാനിഷില്‍ എല്ലാ വാക്കുകള്‍ക്കും ലിംഗമുണ്ട്. കംപ്യൂട്ടറിന്റെ ലിംഗമെന്താണ്. അലോക് എന്ന കഥാപാത്രം വിചാരിക്കുന്നു കംപ്യൂട്ടറിനു ചേരുക സ്ത്രീലിംഗമാണെന്ന്. ആരെങ്കിലും ലോഗോണ്‍ ചെയ്താലേ പ്രവര്‍ത്തിക്കുകയുള്ളൂ അത്രെ. സ്ത്രീലിംഗമായതുകൊണ്ട് കംപ്യൂട്ടറിനെ ഇഷ്ടന്‍ (ഇഷ്ടനിലൂടെ ടി ഡി രാമകൃഷ്ണന്‍) വിളിക്കുക el computador എന്നാണ്. അതു സ്ത്രീലിംഗമാണത്രെ. പുല്ലിംഗം എന്താണെന്നും പറയുന്നുണ്ട്. അതു la computadora എന്നാണ്. 
എന്താ ചെയ്ക! ഇപ്പോള്‍ കേരള ബുദ്ധിജീവികളൊക്കെ സ്പാനിഷൊക്കെ പഠിക്കുകയാണ്. പക്ഷ സ്പാനിഷ് പഠിക്കുന്നതു പോയിട്ട് ഇംഗ്ലീഷ് ഭാഷയില്‍ സാമാന്യം ഭേദപ്പെട്ട പരിജ്ഞാനമുണ്ടായിരുന്നെങ്കില്‍പ്പോലും ടി ഡി രാമകൃഷ്ണന്‍ ഈ വിവരക്കേടു പറഞ്ഞ് ഊരകുത്തനെ വീഴില്ലായിരുന്നു. ലിംഗത്തെക്കുറിച്ച് അലോക് രാമകൃഷ്ണന്‍ പറയുന്നതിനു നേരേ മറിച്ചാണ് വാസ്തവം. El എന്നത് പുരുഷനെ സൂചിപ്പിക്കുന്നതും la എന്നത് സ്ത്രീയെ സൂചിപ്പിക്കുന്നതുമായ articles ആണ്. ആര്‍ട്ടിക്ള്‍സ് മാത്രമല്ല മാറിയത്, inflection ഉം മാറിയിട്ടുണ്ട്. computador, computadora എന്നിങ്ങനെ കേട്ടാല്‍ ആ ഡോറ പെണ്ണല്ലേയെന്ന് അത്യാവശ്യം ചെവിയോടെ വായിക്കുന്ന ആര്‍ക്കും തോന്നും.  രാമകൃഷ്ണനു തോന്നിയില്ല. അതും രാമകൃഷ്ണന്റെ ലോകവിജ്ഞാനത്തിനു തെളിവാണ്.  തെക്കേ അമേരിക്കയിലെ രാഷ്ട്രീയസാഹചര്യങ്ങളൊക്കെ സൂക്ഷ്മമായി പിന്തുടരുന്നുണ്ടത്രെ രാമകൃഷ്ണന്‍! ഈ ലിംഗവ്യത്യാസമൊക്കെ അറിയാന്‍ അത്യാവശ്യം ഹെമിങ്‌വേ ഒക്കെ മതി. 
ഇതു രാമകൃഷ്ണന്‍ വിളമ്പുന്ന ഇട്ടിക്കോര വിജ്ഞാനത്തിന്റെ ലക്ഷണമാണ്. എവിടെന്നൊക്കെയോ കിട്ടിയ വിജ്ഞാനകണങ്ങള്‍ വിളമ്പും. അതു സ്വയം മനസ്സിലാക്കിയിട്ടോ verify ചെയ്തിട്ടോ അല്ല. ഇതൊക്കെ വാരിവിഴുങ്ങി നോവലിന്റെ വൈജ്ഞാനികതയെ പുകഴ്ത്താന്‍ വിഡ്ഢികളായ കുറെ നിരൂപകന്മാരും പിന്നെ  കുറെ ബുദ്ധിജീവി വൃന്ദവും. 
പുസ്തകത്തിന്റെ മുന്‍പില്‍ തന്നെ ആഷാമേനോന്റെ ഒരു പഠനം ചേര്‍ത്തിട്ടുണ്ട്. ഇയ്യാളാരാണ്? വിവരക്കേട് സംസ്കൃതം ചാലിച്ചെഴുതിയാല്‍ ആര്‍ക്കും മനസ്സിലാവില്ലെന്നാണോ ഇയ്യാളുടെ വിചാരം? നോവലിലെയും മേനന്‍നിലെയും വൈജ്ഞാനികതയെപ്പറ്റി പിന്നീടു പറയാം. തത്കാലം ഒരു മേനന്‍ തമാശകൂടി ഇരിക്കട്ടെ.


രാമാനുജന്‍ എന്ന ഗണിതശാസ്ത്രജ്ഞന്‍ Grothendieck എന്ന ഗണിതജ്ഞന്റെ ആരാധ്യപുരുഷനാണെന്ന് നാം ഒരു മലയാള നോവലില്‍ വായിക്കാനിടവരുമെങ്കില്‍ അതെന്തോ കോപ്പാണത്രെ. (വാക്യത്തിന്റെ ആദ്യപകുതിയുണ്ടാക്കുന്ന expectationനെ അട്ടിമറിച്ച് മോരിനു മുതിരയെന്നോണം നില്ക്കുന്ന ഒരു രണ്ടാം പാതി തട്ടിപ്പടയ്ക്കുന്നതാണ് ഇദ്ദേഹത്തിന്റെ ഗദ്യത്തിന്റെ ഒരു വിശേഷം. കുതിരയുടെ പിന്നില്‍ കാളവണ്ടി കൊണ്ടുപോയി കെട്ടുന്നതുപോലെ.) ഈ Grothendieck ഇന്ത്യയില്‍ വന്നപ്പോള്‍ ലെക്ചര്‍ നടത്തിക്കിട്ടിയ ഓണറേറിയം രാമാനുജന്റെ വിധവയ്ക്കു നല്കിയത്രെ.
ഇതിനെപ്പറ്റിയൊക്കെ വായിച്ചാല്‍ നമുക്ക് വിജൃംഭനം ഉണ്ടാവണമെന്നോ ഉണ്ടാവരുതെന്നോ രണ്ടിലൊന്ന് മേനന്‍ പറയുന്നുണ്ട്.
പക്ഷേങ്കില് മേനന്‍നേ, നിങ്ങള്ക്ക് ആളു മാറിപ്പോയി. ഇക്കാര്യങ്ങള്‍ നോവലില്‍ പറഞ്ഞത് ഗ്രോട്ടന്‍ഡീക് എന്ന ഗണിതജ്ഞനെപ്പറ്റിയല്ല. അതു വേറൊരു മൂപ്പരെപ്പറ്റിയാണ്. ഇത്രയ്ക്കൊക്കെയേ ഉള്ളൂ നിങ്ങളുടെ ക്ഷേത്രഗണനകള്‍. ഉദാഹരണങ്ങള്‍ വീണ്ടും തരാം, അതു തമാശയായിട്ടല്ല, ഗൌരവമായിട്ടുതന്നെ.

23/05/2010

നീലകണ്ഠനെ മര്‍ദിച്ചതില്‍ പങ്കില്ല, ഡി വൈ എഫ് ഐ

മാതൃഭുമി വാര്‍ത്ത
Posted on: 23 May 2010


കോഴിക്കോട്: പാലേരിയില്‍ സി.ആര്‍.നീലകണ്ഠന് മര്‍ദനമേറ്റ സംഭവത്തില്‍ പങ്കില്ലെന്ന് ഡി.വൈ.എഫ്.ഐ. ജില്ലാകമ്മിറ്റി അറിയിച്ചു.


ദേശവിരുദ്ധപ്രവര്‍ത്തനങ്ങള്‍ ന്യായീകരിച്ചിട്ടുള്ള പ്രസംഗം കേട്ട് പ്രകോപിതരായവര്‍ സംഘാടകരുമായി ഉന്തും തള്ളുമുണ്ടായതാണ്. ഇതിന്റെ ഉത്തരവാദിത്വം സംഘാടകര്‍ക്കാണ്.


ദേശവിരുദ്ധരെ ജനകീയപ്രതിരോധമുയര്‍ത്തി ചെറുത്തുതോല്പിക്കും. കള്ളക്കേസെടുത്ത് രാത്രി വീടുകളില്‍ റെയ്ഡ് നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന പേരാമ്പ്ര പോലീസ്‌സ്റ്റേഷനിലെ എ.എസ്.ഐ.യെ നിലയ്ക്കുനിര്‍ത്തണമെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
*** 

സ്വത്വ-രാഷ്ട്രീയപരമായ പുതിയൊരു നിലപാടിന്റെ അടിസ്ഥാനത്തില്‍ ഈ ബ്ലോഗെര്‍ ഡി വൈ എഫ് ഐ നിലപാടിനോട് ഐക്യദാര്‍ഢ്യം അറിയിക്കുന്നു.

22/05/2010

ദേശാഭിമാനി ബ്രാന്‍ഡ് ഫെമിനിസ്റ്റ് ചരിത്രം

ദേശാഭിമാനി വാരികയില്‍ ഒരു വി. സുകുമാരന്‍ ഫെമിനിസത്തിന്റെ ചരിത്രം എഴുതുന്നു,  പരമ്പരയായി. പരമ്പരയിലെ ഒരു ഭാഗം ഇതാ.
ഫെമിനിസ്റ്റ് സിദ്ധാന്ത വിചാരം
ഒരു സ്കൂള്‍ എസ്സേയുടെ നിലവാരം പോലുമില്ലാത്ത പരട്ടപ്രബന്ധത്തില്‍ വിടുവായത്തരവും വങ്കത്തരവും എഴുന്നെള്ളിക്കുകയാണ് ആശാന്‍.  പറയുന്ന എഴുത്തുകാരെയും പുസ്തകങ്ങളെയും വായിച്ചിട്ടില്ലെന്നതോ പോട്ടെ പേരു പറയാന്‍ പോലുമറിയാത്ത ഒരുത്തന്‍ ഫ്രെഞ്ച് ഫെമിനിസ്റ്റ് സിദ്ധാന്തങ്ങളൊക്കെ സംക്ഷേപിക്കാന്‍ പുറപ്പെട്ടാലെങ്ങനെയുണ്ടാവും? വങ്കത്തരം വിശാലമായി ഉദ്ധരിക്കാനൊന്നും വയ്യ. കഷണവും മുറിയുമായി കുറച്ചൊക്കെ കൊടുക്കുന്നു.
പതിമൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഴാന്‍ദെമ്യൂങ്ങാ, പതിനാലാം ശതകത്തില്‍ പ്രശസ്തയായ ക്രിസ്റ്റീന്‍ ദെപിഡാന്‍ തുടങ്ങിയ ഫെമിനിസ്റ്റുകളാണ് സ്‌ത്രീപക്ഷ വേദാന്തത്തിന് വിത്തുപാകിയത്.
ഈ മൂങ്ങ ആരാണ് ദേശാഭിമാനിക്കാരാ? ഒന്നു സ്പെല്ലിങ് നല്കിയാലും മതി. അതിനെപ്പറ്റി വിക്കിപീഡിയ റെഫെറെന്‍സ് ഡെസ്കില്‍ ചോദിച്ചു. കിട്ടിയ മറുപടിയില്‍നിന്ന് ഊഹിക്കാവുന്നത് താഴെപ്പറയുന്ന കക്ഷിയാവണമെന്നാണ്.
Jean de Meun or Jean de Meung (c. 1250 – c. 1305) was a French author best known for his continuation of the Roman de la Rose.
സുകുമാരകലയിലെ മൂങ്ങ പോയ പോക്കു നോക്കണേ. ഇയ്യാള്‍ ആണായിരുന്നു. ഇനി പറയാന്‍ പോവുന്ന പെണ്ണൊരുത്തി (Christine de Pisan അവര്‍ ഒരു ഫെമിനിസ്റ്റ് മൂലമാതൃകയാണെന്നൊക്കെ ചിലര്‍ പറയുന്നുണ്ട്) ഇദ്ദേഹത്തെ മാംസനിബദ്ധമായ രാഗത്തെ (സുകുമാരകല അനുകരിച്ചതാണേ) വര്‍ണ്ണിച്ചതിനു വിമര്‍ശിച്ചിട്ടുണ്ടെന്നും റെഫെറെന്‍സ് ഡെസ്കില്‍ ഒരാള്‍ സൂചിപ്പിച്ചിട്ടുണ്ട്.
 പതിനാലാം ശതകത്തില്‍ പ്രശസ്തയായ ക്രിസ്റ്റീന്‍ ദെപിഡാന്‍ തുടങ്ങിയ ഫെമിനിസ്റ്റുകളാണ്.
 ഈ പിഡാന്‍ ഇതാ. Christine de Pisan. ഡ മറിഞ്ഞാല്‍ സ, അല്ലേ?
മേരി വോള്‍സ്റ്റണ്‍ ക്രാഫ്റ്റ് (Mary Wollstonecraft)
വുള്‍സ്റ്റണ്‍ക്രാഫ്റ്റ് വോള്‍സ്റ്റണും ക്രാഫ്റ്റും എന്നു രണ്ടായി മാറുന്നു.
മേരി വോള്‍സ്റ്റണ്‍ ക്രാഫ്റ്റ് (Mary Wollstonecraft) എന്ന ബ്രിട്ടീഷ് ഫെമിനിസ്റ്റ് പ്രഖ്യാതമായൊരു പുസ്തകമെഴുതിയത്- Vindication of the Rights of Woman (പെണ്ണവകാശങ്ങളുടെ സമര്‍ഥനം) 1772ലാണ് ഈ ഗ്രന്ഥം വെളിച്ചം കാണുന്നത്. 
1772ല്‍ ആയമ്മയ്ക്കു 13 വയസ്സോ മറ്റോ കാണും. 72 അല്ല 92 ആണ് വേണ്ടത്.
അരാജകത്വത്തിന്റെ ആചാര്യന്മാരില്‍ ഒരാളായ വില്യം ഗോഗ്വിനെ-അദ്ദേഹം ഉറച്ച നിരീശ്വരവാദിയും ആയിരുന്നു-ജീവിതസഖാവായി സ്വീകരിക്കുമ്പോള്‍ മേരി ഗര്‍ഭവതിയായിരുന്നു.
സുകുമാരന്‍ ടെസ്റ്റു ചെയ്തു.
കുഞ്ഞിന്റെ പിതൃത്വം പൂര്‍വകാമുകനുമായിരുന്നു.
സുകുമാരന്‍ പിതൃത്വപരിശോധനയും നടത്തി.
ആ കുട്ടിയാണ് ഫാനി മേരി വോള്‍സ്റ്റണ്‍ ക്രാഫ്റ്റ്.
അങ്ങനെയൊരു കുട്ടിയുണ്ടെങ്കില്‍ അതിന്റെ തന്ത സുകുമാരന്‍മാത്രമാണ്.  ഇനി വാസ്തവം ഇങ്ങനെ: വുള്‍സ്റ്റണ്‍ക്രാഫ്റ്റ് ഗില്‍ബെര്‍ട് ഇംലേയുമായി പ്രണയബന്ധത്തിലേര്‍പ്പെടുകയും ആ ബന്ധത്തില്‍ 1794-ല്‍ ഒരു കുഞ്ഞ് പിറക്കുകയും ചെയ്തു. കുഞ്ഞ് ഫാനി ഇംലേ. 1797-ലാണ് ഇവര്‍ ഗോഡ്വിനെ വിവാഹം ചെയ്യുന്നത്. ഏതാനും മാസങ്ങളാണ് ആ വൈവാഹിക ജീവിതം നീണ്ടത്. അതിനിടെ കാമുകന്റെ കുട്ടിയെയും പുതിയ ഭര്‍ത്താവിന്റെ കുട്ടിയെയും പെറാന്‍ അവര്‍ക്കു സൌകര്യം പോരായിരുന്നു. വിവാഹം കഴിക്കുമ്പോള്‍ ഗര്‍ഭമുണ്ടായിരുന്നു എന്നുതന്നെയാണ് കാണുന്നത്. പക്ഷേ കൊല്ലങ്ങള്‍ക്കുമുമ്പുള്ള കാമുകന്റെ കുഞ്ഞിനെയല്ല, ഗോഡ്വിന്റെ കുഞ്ഞിനെ തന്നെ. പ്രസവിച്ചു കുറച്ചു ദിവസം കഴിഞ്ഞ് അവര്‍ മരിച്ചുപോയി.
ഈ കുപ്പയൊക്കെ ചികഞ്ഞു നോക്കുന്നത് എന്തിനാണെന്നു മനസ്സിലായോ? ഈ എഴുത്തുകാരന് വിവരമില്ലെന്നും വായില്‍ത്തോന്നിയത് വിളമ്പുന്നവനാണെന്നും തെളിയിക്കാന്‍.
Make Women Rational Creatures, and Free Citizens and they will quickly become good wives...“(സ്‌ത്രീകളെ യുക്തിബോധമുള്ളവരാക്കുക, സ്വതന്ത്രരാക്കുക, എങ്കില്‍ അവര്‍ താമസിയാതെ നല്ല ഭാര്യമാരായിത്തിരും) പുരുഷ വിദ്വേഷമല്ല, സ്‌ത്രീപക്ഷവിചാരത്തിന്റെ ആധാരശിലയെന്ന് മേരി വോള്‍റ്റണ്‍ ക്രാഫ്റ്റ്. നമ്മെ ബോധ്യപ്പെടുത്തുന്നു.
ആഹാ, എന്തൊരു ഫെമിനിസം! സുകുമാരന്‍ ചരിത്രം പറയുക മാത്രമല്ല, അതില്‍നിന്നു പാഠം ചികഞ്ഞെടുത്തു ദേശാഭിമാനി വാരികയുടെ വായനക്കാര്‍ക്കു വിളമ്പുകയും ചെയ്യുന്നു. എന്നാല്‍ സുകുമാരന്‍ ഉദ്ധരിക്കുന്നത് തെറ്റായാണ്. that is-if men do not neglect the duties of husbands and fathers എന്നൊരു ഭാഗം കൂടി ചേര്‍ന്നാലേ ഉദ്ധരണി പൂര്‍ത്തിയാവൂ. അതു സുകുമാരന്‍ സൌകര്യപൂര്‍വ്വം അങ്ങു വിഴുങ്ങി. അതുകൂടി ചേര്‍ന്നാലല്ലേ സി പി എം ഫെമിനിസം ശരിയായി വിളങ്ങൂ?
ലാങ്ഹ്യാം പ്ളേസ് ഗ്രൂപ്പിന്റെ പ്രവര്‍ത്തനം തികഞ്ഞ ദിശാബോധത്തോടുകൂടിയായിരുന്നു.
അങ്ങു തട്ടിവിട്ടേക്കുകയാണ്. ലാങ്ഹ്യാം പോലും! മണ്ണാങ്കട്ട. എന്തിനെപ്പറ്റിയാണ് പറയുന്നതെന്നോ എന്തിനാണ് പറയുന്നതെന്നോ അറിയില്ല. (കാശിന്റെ കാര്യം മറക്കാനിടയില്ല.)
ലേങ്ങം എന്നൊരു ഗ്രൂപ്പു് ഉണ്ടായിരുന്നു, ശരി തന്നെ. പക്ഷേ പറയുന്നതിന് മുമ്പുള്ളതോ പിമ്പുള്ളതോ ആയി എന്തെങ്കിലും ചേര്‍ച്ച വേണ്ടേ.
ഇപ്പറഞ്ഞ ഫെമിനിസ്റ്റ് വിചാരത്തെ ബൂര്‍ഷ്വാ എന്ന് വിശേഷിപ്പിക്കുന്നത് അനുചിതമാവില്ല. അതിനോട് ആശയതലങ്ങളില്‍ കലഹിച്ചുകൊണ്ടാണ് സോഷ്യലിസ്റ്റ് ഫെമിനിസം എന്ന ചിന്താധാരയും അതിന്റെ പ്രസ്ഥാനരൂപവും അരങ്ങത്തുവന്നത്. ആദ്യകാല സോഷ്യലിസ്റ്റ് സാമൂഹ്യാത്മക വേദികളില്‍ നിന്ന് - സെയിന്റ് സിമണ്‍, ഫൊറിയര്‍, റോബര്‍ട് ഓവന്‍ മുതല്‍ പേര്‍ നയിച്ച സമവാദ പ്രസ്ഥാനത്തില്‍നിന്ന് - പുരോഗമനപരമായ പെണ്‍വാദം ഊര്‍ജമുള്‍ക്കൊണ്ടു.
ഇവരൊക്കെ സോഷ്യലിസ്റ്റാണെന്നല്ലോ  മാനിഫെസ്റ്റോ പറയുന്നത്. എവിടെനിന്നെങ്കിലുമൊക്കെ സുകുമാരനും കേട്ടുകാണും. ബൂര്‍ഷ്വായെ കണ്ടെത്തി. ഇനിപകരം വെയ്കാന്‍ സോഷ്യലിസ്റ്റ് ഫെമിനിസമെന്ന പദമെങ്കിലും വേണ്ടേ. പദത്തിനപ്പുറം ഒരു ചുക്കും സോഷ്യലിസ്റ്റ് ഫെമിനിസത്തെപ്പറ്റി സുകുമാരന്‍ പറയുന്നില്ല.  എന്തിനു പറയുന്നു റോസ ലക്സംബര്‍ഗിനെയോ ക്ലാര സെറ്റ്കിനെയോ സുകുമാരന്‍ കേട്ടമട്ടില്ല.
ആംഗ്ളോ -അമേരിക്കന്‍ സ്‌ത്രീ പാരമ്പര്യത്തിന്റെ പാതയോരത്ത് റാഡിക്കല്‍ ലെസ്ബിയനിസം (Radical Lesbianism) പൊട്ടിമുളക്കുന്നത് കാണായി. ഈ സവിശേഷ ഫെമിനിസ്റ്റ് ചിന്ത പൊക്കിപ്പിടിക്കുന്നത് ഒരു തരം 'സെപ്പെരിറ്റിസ'മാണെന്ന, ലിംഗവ്യത്യസ്തതയാണെന്ന ആക്ഷേപവുമുണ്ടായി. ഇതെ തുടര്‍ന്ന് ലെസ്ബിയന്‍ സാഡോമസോക്കിസം (Lesbian Sadomasochism)ഒരു തട്ടുതകര്‍പ്പന്‍ സംവാദമായി വളരുകയുമുണ്ടായി.
ശരിക്കും തട്ടുതകര്‍പ്പന്‍തന്നെ!
ജൂലിയ ക്രിസ്റ്റെവ, ഹെല്‍ സിക്സൂ, ലൂസ്ഇരിഗറെ തുടങ്ങിയ പ്രതിഭാശാലികളായിരുന്നു
എലേന്‍ സിക്സു എന്തായെന്നു കണ്ടില്ലേ. അതുപോലെ ലൂസ് ഇറീഗാറേയും.
ജൂലിയ ക്രിസ്റ്റോവയും സിക്സുസും ഇറിഗാറെയുമൊക്കെ ഇതാണ് ചെയ്തത്.
എന്നു വേറെയൊരിടത്തു പറയുന്നുണ്ട്.
1981 ല്‍ പുറത്തുവന്ന ബെറ്റി ഫ്രീഡന്റെ 'ദി സെക്കന്‍ഡ് സ്റ്റേജസ്' എന്ന പാഠവും
ഫ്രീഡേന്റെ പുസ്തകത്തിന്റെ പേര് സെക്കന്‍ഡ് സ്റ്റേജ് എന്നേയുള്ളൂ. പ്ലൂരല്‍ സുകുമാരന്റെ വകയാണ്.
1977 ല്‍ പുറത്തിറങ്ങിയ ' A Literature of Their Own:' എന്ന പേര്‍കൊണ്ട് പുസ്തകത്തിലൂടെ ലൈന്‍ ഷോ വാള്‍ട്ടര്‍ ചെയ്തതും അതാണ്.
Elaine Showalter സുകുമാര മലയാളത്തിലേക്കു മാറിയാല്‍ ലൈനും ഷോയും പിന്നെ പലതും ആവും.

21/05/2010

ദേശാഭിമാനിപ്പങ്ക്

ദേശാഭിമാനിയുടെ വിചിത്രമായ പങ്ക് സംസ്കാരത്തെപ്പറ്റിയൊരു ചെറിയ കുറിപ്പാണ്.
ഒരു കോണ്‍ഗ്രസ്സുകാരന്‍ തീവ്രവാദപ്രസ്ഥാനമായ സോളിഡാരിറ്റിയുടെ വേദി പങ്കിട്ടത് ദേശാഭിമാനിക്ക് വാര്‍ത്ത.
എന്നാല്‍ സി പി എം തത്ത്വചിന്തകനായ പോക്കര്‍ സാഹിബ് സോളിഡാരിറ്റി വേദി പങ്കിട്ടാലോ.

ഞാന്‍ വെറുതെ ക്ഷുദ്രത പറയുകയാണ്. ഈ തീവ്രവാദപ്രസ്ഥാനപ്രഖ്യാപനമൊക്കെ പൂര്‍വ്വകാലപ്രാബല്യത്തോടെ നടപ്പാക്കാന്‍ പറ്റുമോ?

നീലകണ്ഠനിലാധാരാ പാലേരിയില്‍ വേണ്ടിക്കളി

കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയില്‍ പാലേരിയില്‍വെച്ച് സി പി എമ്മുകാര്‍ സി ആര്‍ നീലകണ്ഠനെ തല്ലുംപോലെതല്ലി തറപറ്റിച്ചെന്നു വാര്‍ത്ത. സക്കറിയയെ കഴുത്തിനു പിടിച്ചതുപോലെയല്ല, നിലത്തിട്ട് ചവിട്ടിക്കൂട്ടി എന്നുവേണം മനസ്സിലാക്കാന്‍. നായനാര്‍ ദിനം സമുചിതമായി ആചരിച്ചതാവണം.
റ്റി പി രാജീവന്റെ നോവലിനെപ്പറ്റിയോ അതുവെച്ചെടുത്ത ചലച്ചിത്രത്തെപ്പറ്റിയോ പറയുന്നതിനിടെ സക്കറിയയുടെ കഴുത്തിനുപിടിച്ച അണ്ടിബലം പാലേരിയില്‍ കാണാത്തിനെപ്പറ്റിയോ കാണിക്കേണ്ടതിനെപ്പറ്റിയോ വ്യംഗ്യം പറഞ്ഞ സ്വത്വരാഷ്ട്രീയ ചിന്തകന്‍ പോക്കര്‍ സാഹിബ്ബിന് സമര്‍പ്പിക്കണം ഈ നീലാണ്ഠമര്‍ദ്ദനം.

19/05/2010

സത്യജിത് റായിയുടെ മണ്ണാത്തിപ്പുള്ള്

മണ്ണാത്തിപ്പുള്ളിനെക്കുറിച്ച് നേരത്തേ എഴുതിയ പോസ്റ്റിന്റെ തുടര്‍ച്ചയാണിത്.
സത്യജിത് റായിയുടെ കല്‍ക്കട്ട ട്രിലജിയിലെ ആദ്യ ചിത്രമായ പ്രതിദ്വന്ദിയില്‍ മണ്ണാത്തിപ്പുള്ളിന്റെ പേരറിയാത്ത സാന്നിദ്ധ്യമുണ്ട്. മുഖ്യകഥാപാത്രമായ സിദ്ധാര്‍ത്ഥ് സഹോദരിയുമായുള്ള അസുഖകരമായ സംഭാഷണത്തിന്നിടെ കുട്ടിക്കാലത്ത്  അവള്‍ ഒരു പക്ഷിയുടെ പാട്ട് കേള്‍ക്കാന്‍ തന്നെ വിളിച്ചത് പൊടുന്നനെ ഓര്‍ക്കുന്നു.

ചിത്രത്തിന്റെ അവസാനം സെയില്‍സ്മേന്‍ ജോലിക്കായി പ്രിയപ്പെട്ട നഗരം വിട്ട് പോവുന്ന സിദ്ധാര്‍ത്ഥ് അലച്ചിലിനുശേഷം ഒരു ഇടിഞ്ഞുപൊളിഞ്ഞ ഹോട്ടല്‍മുറിയിലിരുന്ന് വിശ്രമിക്കെ ഈ പക്ഷിയുടെ പാട്ട് വീണ്ടും കേള്‍ക്കുന്നു.

12/05/2010

പോക്കറും കെഇഎന്നും 'ബൂര്‍ഷ'കളാണോ?

കാലിക്കറ്റ് യൂനിവേഴ്സിറ്റിയില്‍ ചരിത്രമെഴുതുന്ന ഡോ. കെ എന്‍ ഗണേശ് ചിന്ത വാരികയില്‍ എഴുതിയ ലേഖനം സഖാക്കള്‍ ഓണ്‍ലൈനാക്കിയിട്ടുണ്ട്.
മാര്‍ക്സിസവും ബൂര്‍ഷ്വാ റാഡിക്കലിസവും തമ്മിലുള്ള ദൂരം

ഇതുപ്രകാരം മാര്‍ക്സിസ്റ്റുപാര്‍ട്ടിക്കുവേണ്ടി ആഞ്ഞു കയ്യിലുകുത്തുന്ന ചില സൈദ്ധാന്തികരൊക്കെ ബൂര്‍ഷ്വാകളാവും. അതില്‍ മുഖ്യര്‍ സ്വത്വരാഷ്ട്രീയത്തെ മൊത്തമായി വില്‍ക്കുന്ന പി കെ പോക്കറും ചില്ലറ വില്ക്കുന്ന കെ ഇ എന്‍ കുഞ്ഞഹമ്മദും തന്നെ. പോക്കറുടെ വെബ്സൈറ്റായ പികെപോക്കര്‍ഡോട്കോമിന്റെ ബേനറില്‍പ്പോലും ഇദ്ദേഹം സ്വത്വരാഷ്ട്രീയത്തോടുള്ള പ്രണയം ഉദ്ഘോഷിക്കുന്നുണ്ട്. ആ ബേനറഴിച്ചുമാറ്റാന്‍ സമയമായിയെന്നു തോന്നുന്നു, പോക്കര്‍ സാഹിബ്.  പോക്കര്‍ സാഹിബൊക്കെ സിദ്ധാന്തം എഴുതാന്‍ തുടങ്ങുന്നതിനുമുമ്പേ ഔദ്യോഗിക ചരിത്രകാരനായി പട്ടം കിട്ടിയ ആളാണ് കെ എന്‍ ഗണേശ്. 1990ല്‍ ഇദ്ദേഹത്തിന്റെ കേരളചരിത്ര ഗ്രന്ഥം പ്രകാശനം ചെയ്തുകൊണ്ട് ഇ എം എസ് നമ്പൂതിരിപ്പാട് നടത്തിയ പ്രസംഗം മണ്ടത്തരങ്ങളുടെ ഒരു ക്ലാസിക് ആയതുകൊണ്ടാവണം പല തവണ സമാഹരിക്കപ്പെട്ടിട്ടുണ്ട്.  തമിഴകത്തിന്റെയും ആര്യാവര്‍ത്തത്തിന്റെയും തണലില്‍ എന്നാണതിന്റെ പേര് എന്നാണോര്‍മ്മ. പോക്കറിപ്പോള്‍ ആര്‍ക്കും മനസ്സിലാവാത്ത (ശരാശരി സി പി എമ്മുകാരന്റെ ഭാഷയില്‍) നവ സിദ്ധാന്തങ്ങള്‍ വിറ്റുവിറ്റ് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്റ്ററായി വിലാസം അനുഭവിക്കുന്നു. പോക്കറുടെ തണലുപറ്റി ബഹുസ്വരതയുടെ cacophony ഉയര്‍ത്തി വേറെയും കുറെ കൊച്ചുസൈദ്ധാന്തികര്‍ ഉയര്‍ന്നുയര്‍ന്നുപോവുന്നുണ്ട്. ജി പി രാമചന്ദ്രന്‍ ഒരുദാഹരണം. 

അതിന്റെയൊക്കെ കടയ്ക്കലാണ് കെ എന്‍ ഗണേശ് കത്തിവെയ്ക്കുന്നത്. ഈ ബഹുത്വമൊക്കെ ബൂര്‍ഷയുടേതാടോ എന്നാണ് ഗണേശ് പറയുന്നത്. സംഗതി വന്നത്  നേരു നേരത്തേ അറിയിക്കുന്ന മഞ്ഞപ്പത്രത്തില്‍ പോലുമല്ല, സാക്ഷാല്‍ ചിന്തയിലാണ്. ച്ചാല്‍ ഔദ്യോഗികമാണ് നിലപാട്. പോക്കറുടെയും കെ ഇ എന്നിന്റെയും മുസ്ലീം പശ്ചാത്തലവും ഗണേശിന്റെ ബ്രാഹ്മണ പശ്ചാത്തലവും ചിരിക്കാന്‍ വകയും നല്കുന്നുണ്ട്.

ഇതു പക്ഷേ ആ ലേഖനത്തില്‍ തുടങ്ങിയ കാര്യമല്ലെന്ന് ഈ Indian Express report കണ്ടപ്പോള്‍ മനസ്സിലായി. Heads will roll. ച്ചാല്‍ വെട്ടും നിരത്തും. പക്ഷേ ആര് ആരെയെന്ന് ഇപ്പോള്‍ പറയാറായിട്ടില്ല.

ഇത്രയും എഴുതിക്കഴിഞ്ഞപ്പോഴാണ് ഫിബ്രവരിയിലെ മാതൃഭൂമി വാര്‍ത്ത കണ്ടത്.
സ്വത്വരാഷ്ട്രീയം: സി.പി.എം നിലപാട് മാറ്റുന്നു
Posted on: 19 Feb 2010
തിരുവനന്തപുരം: തൊഴിലാളിവര്‍ഗ രാഷ്ട്രീയത്തിന് മുകളില്‍ സ്വത്വരാഷ്ട്രീയത്തെ പ്രതിഷ്ഠിച്ച സി.പി.എം ഒടുവില്‍ നിലപാട് മാറ്റുന്നു. സാമ്രാജ്യത്വത്തിന്റെ രാഷ്ട്രീയായുധമാണ് സ്വത്വരാഷ്ട്രീയമെന്ന് പ്രഖ്യാപിച്ചാണ് സി.പി.എം പുതിയ നിലപാട് മാറ്റം അണികളുടെ മുന്നില്‍ അവതരിപ്പിച്ചിരിക്കുന്നത്. പാര്‍ട്ടി മുഖപത്രത്തില്‍ രണ്ട് ദിവസമായി എഴുതിയ തുടര്‍ലേഖനത്തില്‍ സംസ്ഥാന സെക്രട്ടേറിയറ്റംഗവും സി.പി.എം. ഔദ്യോഗികപക്ഷത്തെ പ്രമുഖനുമായ എം.വി.ഗോവിന്ദനാണ് പാര്‍ട്ടിയുടെ പുതിയ നിലപാട് വിശദീകരിച്ചിരിക്കുന്നത്.
സി.പി.എം ഔദ്യോഗിക നേതൃത്വത്തിന് പ്രിയങ്കരരായ സൈദ്ധാന്തികരും എഴുത്തുകാരുമായ കെ.ഇ.എന്‍. കുഞ്ഞഹമ്മദ്, ഡോ. പി.കെ. പോക്കര്‍ എന്നിവരായിരുന്നു സ്വത്വവാദ രാഷ്ട്രീയവാദത്തിന്റെ സി.പി.എമ്മിലെ പ്രയോക്താക്കള്‍.
പിന്നെ ആ വാര്‍ത്തയ്ക്കു കാരണമായി എം വി ഗോവിന്ദന്റെ ലേഖനവും. 
സ്വത്വരാഷ്ട്രീയം സാമ്രാജ്യത്വത്തിന്റെ രാഷ്ട്രീയായുധം
ചുരുക്കത്തില്‍ ബൂര്‍ഷ്വാ പോക്കറും ബൂര്‍ഷ്വാ കുഞ്ഞഹമ്മദും ആ ബേനറും കൊടിയും അഴിച്ചുമാറ്റിയില്ലെങ്കില്‍ ഇനി അധികകാലം പാര്‍ട്ടിക്കു വേണ്ടി കയ്യിലുകുത്തേണ്ടിവരില്ല.
പോക്കര്‍ തന്റെ വെബ്സൈറ്റൊക്കെ സമീപകാലത്തു മോടിപിടിപ്പിച്ചിരിക്കുകയാണ്. പക്ഷേ identity politics എന്ന catch word മാറ്റാന്‍ പോക്കര്‍ക്കു കഴിഞ്ഞില്ലെന്നു തോന്നുന്നു. പക്ഷേ, മാറ്റും, മാറ്റാതെ വയ്യ. ആ മാറ്റം കാണാന്‍ കാത്തിരിക്കുന്നു. പുറകോട്ടു മലച്ചു നടയിലൂടെ നൂണ്ട് പുതിയ സിദ്ധാന്തങ്ങളുമായി പോക്കറും കെ ഇ എന്നും വരുന്നതു കാക്കുന്നു. 

നേതാവിന്റെ കാലുനക്കി പാദപൂജ നടത്തിയിട്ടുപോലും ഞമ്മന്റെ സ്വത്വത്തെ പാര്‍ട്ടിയും പട്ടരും ചേര്‍ന്ന് അട്ടിമറിക്കുന്നത്  കഷ്ടം തന്നെ.

11/05/2010

നുണപ്രചരണം എന്ന സി പി എം കല

നുണപ്രചരണം എന്നത് സി പി എം പത്രങ്ങളുടെയും നേതാക്കളുടെയും key word ആണെന്നു പറയാം. മാധ്യമങ്ങളുടെ നുണപ്രചരണം എന്നരൂപത്തിലാണ് അതു കൂടുതലും പ്രകടിപ്പിക്കുക. മറ്റുള്ളവരെല്ലാം തങ്ങള്‍ക്കെതിരെ നുണപ്രചരണം നടത്തുകയാണെന്നു പറയുമ്പോള്‍ തന്നെ നുണപ്രചരണത്തെ സി പി എമ്മിനെ പോലെ ആശ്രയിക്കുന്ന ഒരു പ്രസ്ഥാനം വേറെയുണ്ടാവില്ല. സംഘപരിവാരങ്ങള്‍ പോലും ഇതില്‍ സി പി എമ്മിന്റെ എത്രയോ പിന്നിലേ വരൂ. നുണപ്രചരണത്തിനുവേണ്ടിയുള്ള ഒരു മെഷീനറി ഈ പാര്‍ട്ടിക്കുണ്ടെന്നോ അല്ലെങ്കില്‍ ഈ പാര്‍ട്ടി മെഷീനറിയുടെ ഒരു പ്രധാന പ്രവൃത്തിയാണ് നുണപ്രചരണമെന്നോ പറയേണ്ടത് എന്നറിയില്ല.  കോഴിക്കോട്ട് കിനാലൂരില്‍ പൊലീസിന്റെ അതിക്രമത്തിനിടെ തലയ്ക്കു പരിക്കേറ്റ ഒരു വൃദ്ധനെ സി പി എം നേതാക്കളും എളമരം കരീം എന്ന മന്ത്രിയും പൊതുയോഗത്തില്‍ ഹാജരാക്കി സമരക്കാരുടെ കല്ലേറുകൊണ്ടാണ് പരിക്കേറ്റത് എന്നു പറയിച്ചു. എളമരം കരീം സംസ്കാര ശൂന്യമായ ഭാഷയില്‍ മാധ്യമപ്രവര്‍ത്തകരെ തെറിവിളിച്ച് സ്വന്തം കേമത്തം പ്രദര്‍ശിപ്പിക്കുകയും ചെയ്തു.
പക്ഷേ ചാനലുകാരുടെ വീഡിയോ സംശയത്തിനിടയില്ലാതെ ഒരു കാര്യം വ്യക്തമാക്കുന്നു. പൊലീസുകാര്‍ തെറിവിളിച്ചും തല്ലിയും ഓടിച്ചപ്പോള്‍ ചുമരില്‍ തലയിടിച്ചുവീണാണ് വൃദ്ധനു പരിക്കേറ്റതെന്ന്.
നാണമില്ലാത്ത സി പി എം നേതാക്കളും മന്ത്രിയും എന്തു പറയുന്നു എന്നു കേട്ടില്ല.
യൂറ്റ്യൂബില്‍ കണ്ട ഒരു വീഡിയോ എല്ലാം പറയുന്നുണ്ട്.

06/05/2010

ദേശാഭിമാനി നെറികേട്

ഈ വാര്‍ത്ത ഇവിടെ കൊടുക്കാന്‍ കാര്യമുണ്ട്. നാളെ ഒരു പക്ഷേ ദേശാഭിമാനിക്കു വിഴുങ്ങേണ്ട പലതും ഇതിലുണ്ട്. മാത്രവുമല്ല വാര്‍ത്തയില്‍ തന്തയ്ക്കുപിറക്കാത്ത ഒരു സ്വഭാവം പ്രകടവുമാണല്ലോ. ചില പാര്‍ട്ടിക്കാര്‍ പൊലീസിനുനേരെ സംഘടിതമായി ആക്രമണം നടത്തി. വനിതാ പൊലീസുകാരെ പോലും വെറുതെ വിട്ടില്ല. പക്ഷേ ഇത്രയൊക്കെ ആക്രമണം നടത്തിയിട്ടും ആക്രമികളെ നേരിടാനല്ല സര്‍ക്കാറിനു താത്പര്യം. പകരം സര്‍വ്വേ നിറുത്തിവെച്ചു. കസ്റ്റഡിയിലെടുത്തവരെ വിട്ടയച്ചു! നോക്കണേ എന്തൊരു പുരോഗമന സര്‍ക്കാരാണ് നാട്ടിലെന്ന്!
ബാക്കി നമുക്ക് അടുത്തദിവസം കേള്‍ക്കാം. പൊലീസ് നടപടിയെക്കുറിച്ച് സര്‍ക്കാര്‍ എന്തു പറയുമെന്നു നോക്കാം. നേരത്തേ നേരു പറഞ്ഞ ദേശാഭിമാനി ഇനിയെന്തു പറയും എന്നും നോക്കാം. 
റോഡുണ്ടാക്കിയേ ഒക്കൂ എന്നു നിര്‍ബന്ധമുള്ള മന്ത്രി പറയുന്നതും ഇവിടെ ഇരിക്കട്ടെ.
 

മാതൃഭൂമി വാര്‍ത്ത

04/05/2010

ദേശാഭിമാനിക്കാരന്‍ "അത് സമ്പാദിച്ചിരിക്കുന്നു"

അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയ്‌ക്ക് നൊബേല്‍ സമ്മാനം ലഭിച്ചപ്പോള്‍ ചലച്ചിത്രകാരന്‍ മൈക്കള്‍ മൂര്‍ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു, "ഇപ്പോള്‍, അത് സമ്പാദിച്ചിരിക്കുന്നു''

ഇത് ദേശാഭിമാനിയില്‍ വന്നതാണ്. വായിച്ചിട്ട് ഒന്നും തിരിയാത്തതുകൊണ്ടാണ് ഉറവിടം അന്വേഷിച്ചത്. ഇവിടെ കാണാം  കാസ്ട്രോയുടെ ലേഖനം ഇംഗ്ലീഷില്‍.
The Insanities of Our Times എന്നതിനാണ് നമ്മുടെ കാലത്തെ തിന്മകള്‍ എന്നെഴുതിവെച്ചിരിക്കുന്നത്.

When American President Barack Obama was nominated for the Nobel Peace Prize, Michael Moore said, "Now, earn it."
എന്നത് മൊഴി മാറിയത് ഇങ്ങനെ.
അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയ്‌ക്ക് നൊബേല്‍ സമ്മാനം ലഭിച്ചപ്പോള്‍ ചലച്ചിത്രകാരന്‍ മൈക്കള്‍ മൂര്‍ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു," ഇപ്പോള്‍, അത് സമ്പാദിച്ചിരിക്കുന്നു.'' 
കിട്ടിയ സമ്മാനത്തിന് അര്‍ഹനാവൂ എന്നാണ് മൂര്‍ പറഞ്ഞത്. മൂറിന്റെ സന്ദേശം ഇതാ. ദേശാഭിമാനിക്കാരന്‍ ഈ അര്‍ത്ഥം എവിടെന്നു തപ്പിയെടുത്തു എന്നാവോ. വേണ്ടതു കിട്ടിയതുകൊണ്ട് ബാക്കി വായിച്ചില്ല.  എന്തുമാതിരി വിവരദോഷികളാണ് ഈ പത്രത്തിനുവേണ്ടി പേനയുന്തുന്നതെന്റെ ഭഗവാനേ.
ദേശാഭിമാനിയുടെ സ്ക്രീന്‍ഷോട് കൊടുത്തതിനും എനിക്കെതിരെ സൈബെര്‍ക്രൈം സെല്ലില്‍ സി പി എമ്മുകാര്‍ പരാതിയുമായി പോവുമെന്ന് ഉറപ്പ്.

പിന്നീടെഴുതിയ ഈ കമന്റുകൂടി നോക്കുക.