Calicocentric Video

Loading...
കാലിക്കോസെന്‍ട്രിക് Calicocentric dusty room

24/10/2010

നായനാരും കുമ്പളങ്ങയും

നായനാര്‍ കുമ്പളങ്ങ കട്ട കഥയറിയുമോ? വിവരദോഷി ഇംഗ്ലീഷിലൊരു ആത്മകഥയെഴുതി. My Struggles എന്ന പേരില്‍. ദില്ലിയില്‍നിന്നു പ്രസിദ്ധീകരിപ്പിക്കുകയും ചെയ്തു. അശ്ലീലമായ ഒരു ആത്മകഥ. അതിലെ അശ്ലീലത്തെപ്പറ്റി പിന്നീട്. ഇപ്പോള്‍ കുമ്പളങ്ങയെപ്പറ്റി. ടി പുസ്തകത്തിന്റെ 106-ആം പേജിലാണ് കുമ്പളങ്ങയുള്ളത്. ഇതാ പേജു കാണുക:
 നമ്മുടെ പാര്‍ട്ടി പത്രത്തിന്റെ ചാരവുമായി ഒരു കുമ്പളത്ത് ശങ്കുപിള്ള തിരുവനന്തപുരത്ത്  എത്തി പട്ടത്തിന്റെ ഗവണ്‍മെന്റിനെ (അതിലെ മുഖ്യമന്ത്രി പക്ഷേ പറവൂര്‍ ടി കെ നാരായണ പിള്ളയാണേ) മറിച്ചിടാന്‍ ശ്രമിക്കുന്നതാണ് വിവരദോഷി വിവരിക്കുന്നത്. ഇനി കാര്യമെന്താണെന്നറിയാന്‍ ഈ സംഭവത്തെക്കുറിച്ച് കുമ്പളത്തു ശങ്കുപിള്ളയുടെ ആത്മകഥയിലെ അതിനെപ്പറ്റി പറയുന്ന ഒരു താള്‍ നോക്കുക.
ഈ അശ്ലീലമൊക്കെ എങ്ങനെ മുഖ്യനായും പാര്‍ട്ടി സെക്രട്ടറിയായും കേരളരാഷ്ട്രീയത്തെ നിയന്ത്രിച്ചു എന്നാലോചിക്കുമ്പോള്‍... വെറുതെയല്ല ടിയാന്റെ പ്രസ്ഥാനം ഇത്ര ഉളുപ്പുകെട്ടതായിപ്പോയത്.
ഇന്നിപ്പോള്‍ സി പി എമ്മിന്റെ താര്‍ക്കികനായ എന്‍ മാധവന്‍ കുട്ടി പതിനഞ്ചു വര്‍ഷം മുമ്പ് നായനാരെക്കുറിച്ചെഴുതിയ ഈ ലേഖനം രസകരമായിരിക്കുന്നു. ഇവിടെക്കാണാം അത്.

22/10/2010

സി വി രാമന്‍ പിള്ള ഫ്യൂഡല്‍ പിന്തിരിപ്പനോ ബൂര്‍ഷ്വാ നവോത്ഥാന നായകനോ?

പത്തുമാസത്തെ ഇടവേളയില്‍ ഇ എം എസ് ചോദ്യോത്തരപംക്തിയില്‍ നല്കിയ രണ്ടു വിശദീകരണങ്ങളാണ് താഴെക്കാണുന്നത്. സമ്പൂര്‍ണ്ണകൃതികള്‍ സഞ്ചിക 59ല്‍ 145-149 പേജുകളില്‍ ഈ ചോദ്യോത്തരങ്ങള്‍ കാണാം. 1993-94 കാലത്ത് മൂത്തു പാകം വന്ന (സ്വയം തിരുത്തലിന്റെ മൂര്‍ദ്ധന്യത്തിലെത്തിയ) ഇ എം എസ്  ആണ് ഉത്തരം നല്കുന്നത്. ഒന്നു സി വി രാമന്‍പിള്ളയെപ്പറ്റി സവിശേഷമായും രണ്ടാമത്തേത് ജീവല്‍ സാഹിത്യത്തിലേക്കു നയിച്ച ബൂര്‍ഷ്വാസാഹിത്യകാരന്മാരെപ്പറ്റി പൊതുവായും. ആദ്യത്തേതില്‍ പറയുന്നത് സി വി രാമന്‍പിള്ളയ്ക്കു ചരിത്രബോധം ഒട്ടുമുണ്ടായിരുനില്ലെന്നും ചരിത്രവസ്തുതകളുടെ നേരേ കണ്ണടച്ച് തിരിവിതാംകൂറിലെ നാടുവാഴി മേധാവിത്വത്തെ വാഴ്ത്താനാണ് സി വി ശ്രമിച്ചതെന്നുമാണ്. അതേസമയം സി വിയുടെ കൃതികള്‍ക്ക് ചില മെച്ചങ്ങളുണ്ട്. അവ പ്രതിപാദ്യകാലത്തെ സാമൂഹ്യജീവിതത്തെ സമര്‍ത്ഥമായി ചിത്രീകരിച്ചു. സ്വയം രാജപക്ഷപാതിയാണെങ്കിലും എതിര്‍പക്ഷത്തുള്ള പലരുടെയും മിഴിവുള്ള ചിത്രങ്ങള്‍ വരച്ചുകാട്ടി.
രണ്ടാമത്തെ വിശദീകരണത്തില്‍ സി വി ഒരു ബൂര്‍ഷ്വാ നവോത്ഥാന നായകനായിരുന്നു. ജീവല്‍സാഹിത്യപ്രസ്ഥാനത്തിന്റെ മുന്‍ഗാമി എന്നു പറയാന്‍ തക്കവണ്ണം പുരോഗമനകാരിയായിരുന്നു.രാജവാഴ്ചയുടെ പക്ഷത്തുനിന്ന് അതിനെ പ്രകീര്‍ത്തിക്കാനായി ചരിത്രവസ്തുതകളുടെ നേരേ പാടേ കണ്ണടച്ചുകൊണ്ട് കള്ളം എഴുതിവെച്ചാലും അക്കാലത്തെ സാമൂഹ്യജീവിതത്തെ സമര്‍ത്ഥമായി ചിത്രീകരിക്കാം, മിഴിവുള്ള കഥാപാത്രങ്ങളെ വരച്ചുവെയ്ക്കാം എന്നതൊക്കെ വകവെച്ചുകൊടുക്കാം. പക്ഷേ അതേ ആള്‍ എങ്ങനെ ദേശീയ വിപ്ലവപ്രസ്ഥാനത്തിന്റെ ഭാഗമാവും? എങ്ങനെ ബൂര്‍ഷ്വാ നവോത്ഥാന നായകനാവും? എങ്ങനെ കേരളത്തില്‍ വളരുകയായിരുന്ന ബൂര്‍ഷ്വാവര്‍ഗ്ഗത്തിന്റെ ആഗ്രഹാഭിലാഷങ്ങള്‍ക്ക് രൂപം നല്കും?
കൊച്ചുവേണാട് ഏകീകൃത തിരുവിതാംകൂര്‍ ആയി മാറിയതെങ്ങനെ എന്നതു സംബന്ധിച്ച് ഇദ്ദേഹത്തിന്റെ പരിഹാസ്യമായ വിവരക്കേട് അവിടെ ഇരിക്കട്ടെ. മേലെക്കൊടുത്ത തരത്തില്‍ രണ്ടു വിശദീകരണങ്ങള്‍ എഴുതിയ ഒരുത്തനോട് പഴയ ഭാവുകത്വം വെച്ചു ചോദിക്കേണ്ടുന്ന ഒരു ചോദ്യമുണ്ട്. "തനിക്കെത്ര തന്തയുണ്ടെടോ?" എന്ന്. ചരിത്രവസ്തുതകളോട് സത്യസന്ധത പുലര്‍ത്താത്തതിന്റെ പേരിലാണ് ഇ എം എസ് സി വി രാമന്‍പിള്ളയെ കുറ്റം പറയുന്നത്. ജീവിച്ച കാലത്ത് നടന്ന ചരിത്ര സംഭവങ്ങളെപ്പറ്റി വിവരിക്കുമ്പോള്‍ ഒരുളുപ്പും കൂടാതെ, മറ്റുള്ളവര്‍ തന്നെപ്പറ്റി എന്തു വിചാരിക്കുമെന്നു നോക്കാതെ, പറഞ്ഞുപോയ വിവരക്കേടിനുമേല്‍ പിടിച്ചുതൂങ്ങിയ മാന്യനാണ് ഇങ്ങനെ വിമര്‍ശിക്കുന്നതെന്നതാണ് അതിന്റെ ഐറണി. തിരുവിതാംകൂറിന്റെ പില്‍ക്കാല ചരിത്രത്തെപ്പറ്റി ഇ എം എസ് നാണംകെട്ടു കൊണ്ടുനടന്ന ഒരു നുണയെപ്പറ്റി അടുത്ത പോസ്റ്റില്‍.

19/10/2010

കേരളീയന്റെ ജീവചരിത്രമെഴുതിയ ചരിത്ര പ്രൊഫസറുടെ വങ്കത്തരങ്ങള്‍

കേരളീയനും കര്‍ഷകപ്രസ്ഥാനവും, ഡോ. വി വി കുഞ്ഞികൃഷ്ണന്‍, 1996, ചിന്ത പബ്ലിഷേഴ്സ്.
ഡോ. വി വി കുഞ്ഞികൃഷ്ണന്‍ മലബാറിലെ കുടിയായ്മ നിയമത്തിന്റെ ചരിത്രത്തെ ആസ്പദമാക്കി തയ്യാറാക്കിയ പ്രബന്ധത്തിന് കോഴിക്കോട് സര്‍വ്വകലാശാലയില്‍നിന്ന് ഡോക്റ്ററേറ്റ് നേടിയ ആളത്രെ. കണ്ണൂരിലെ കൃഷ്ണമേനോന്‍ മെമ്മോറിയല്‍ വിമെന്‍സ് കോളജില്‍ ചരിത്ര പ്രൊഫസറായിരുന്നത്രെ. കാലിക്കറ്റ് സര്‍വ്വകലാശാലയില്‍നിന്ന് ഡോക്റ്ററേറ്റ് നേടാന്‍ മണ്ണും ചാണവും വേര്‍തിരിച്ചറിയണമെന്ന് നിര്‍ബന്ധമില്ല. പിന്നെ ഒരു മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കാരനായ ഗവേഷകന് (ഇദ്ദേഹം അങ്ങനെയാവണമെന്നാണ് പുസ്തകത്തിലെ പരാമര്‍ശങ്ങളില്‍നിന്നും പുസ്തകം മാര്‍ക്സിസ്റ്റ് പാര്‍ട്ടി  പുസ്തകശാല പ്രസിദ്ധീകരിച്ചതില്‍നിന്നും മനസ്സിലാവുന്നത്) കര്‍ഷക പ്രസ്ഥാനത്തെപ്പറ്റിയോ land relations നെപ്പറ്റിയോ പുസ്തകമോ ഗവേഷണ പ്രബന്ധമോ എഴുതണമെങ്കില്‍ ഇ എം എസ് നമ്പൂതിരിപ്പാടിന്റെ നൂറു വാല്യം കാളമൂത്രവും ദേശാഭിമാനി, ചിന്ത, എന്നിവയുടെ ദശകങ്ങളായി പ്രസിദ്ധീകരിച്ചുവരുന്ന പ്രതികള്‍, നൂറു കണക്കിന് സമ്മേളന ബുള്ളറ്റിനുകള്‍, നായനാര്‍‌ ഫലിതങ്ങള്‍ എന്നിവയെല്ലാം ഉണ്ടാവുമ്പോള്‍ പിന്നെന്ത് സാമഗ്രിക്ഷാമം?
മന്ദബുദ്ധിയെപ്പോലെ ഇങ്ങനെ പകര്‍ത്തിവെച്ചു പുത്തകം തട്ടിക്കൂട്ടുമ്പോള്‍ പക്ഷേ ഇതാ ഈ പറയുന്നതുപോലുള്ള വിവരക്കേടുകളും അമളികളും പിണയും.
രണ്ടു മാസംകൊണ്ട് 1500 മൈല്‍ സഞ്ചരിച്ച്  പട്ടിണി ജാഥ മദിരാശിയിലെത്തി.  (പുറം 34)
രണ്ടായിരത്തി നാന്നൂറിലധികം കിലോമീറ്റര്‍ മദിരാശിക്കു സഞ്ചരിച്ചെന്ന്! അതിനു കുറച്ചേറെ വട്ടം ചുറ്റേണ്ടിവരില്ലേയെന്ന ചിന്തയൊന്നും പ്രൊഫസറുടെ തലയ്ക്കകത്തേക്കു പോയിട്ടില്ല. ഏ കെ പൊതുവാളിന്റെ കേരളത്തിലെ കര്‍ഷക സമരങ്ങള്‍ എന്ന 1978 ലെ പുസ്തകത്തില്‍ കാണുന്ന ഈ അബദ്ധം ഉളുപ്പില്ലായ്മയുടെ വീരനായകന്‍ തന്റെ My Struggles എന്ന അശ്ലീലത്തില്‍ എടുത്തുകൊടുത്തത് ഈ ഗവേഷകന്‍ പ്രൊഫസറും എടുത്തു വിളമ്പിയിരിക്കുകയാണ്.
 ഇന്നത്തെ കോഴിക്കോടിന്റെയും കൊയിലാണ്ടിയുടെയും ചില ഭാഗങ്ങള്‍ ചേര്‍ന്നതായിരുന്നു പഴയ കുറുമ്പ്രനാട്. (പുറം 41)
അപ്പോള്‍ കുറുമ്പ്രനാട് എന്നു പറഞ്ഞാല്‍ എവിടെ വരും ഡോക്റ്ററേ എന്നു ചോദിക്കാതെ വയ്യ. ഇയ്യാള്‍ തന്നെ വേണം കേരളീയന്റെ ജീവചരിത്രം രചിക്കുക.
1941-ല്‍ ഇ എം എസിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഗവണ്‍മെന്റ് റിപ്പോര്‍ട്ട് ഇപ്രകാരമായിരുന്നു:
നമ്പൂതിരി കമ്യൂണിസ്റ്റിനെ പിടികൂടിയതിലൂടെ മലബാറിലെ പ്രധാനപ്പെട്ട ഒരു കമ്യൂണിസ്റ്റുകാരന്‍ അറസ്റ്റിലായി. ആ കമ്യൂണിസ്റ്റുകാരനില്‍നിന്ന് അയാളുടെ പാര്‍ട്ടിയുടെ ഭൂഗര്‍ഭ പ്രവര്‍ത്തനങ്ങളുടെ വിശദവിവരങ്ങളടങ്ങിയ രേഖകള്‍ പിടിച്ചെടുക്കാന്‍ കഴിഞ്ഞു.
ഇക്കാലത്തെപ്പറ്റി നമ്പൂതിരിപ്പാട് എന്തു പറയുന്നു എന്നു നോക്കാം.
1940 ഒക്റ്റോബര്‍ 29 ന് ഞാന്‍ ഒരു ചെത്തുതൊഴിലാളി കുടുംബത്തിലേക്കു മാറ്റപ്പെട്ടു. തികച്ചും ഒന്നര വര്‍ഷക്കാലം ഞാനവിടെ താമസിച്ചിരുന്നു.
ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ രേഖ വരെ തട്ടിപ്പായി പടച്ചോ പ്രൊഫസറേ?
കമ്യൂണിസ്റ്റ് ഗൂഢാലോചന കേസില്‍ മോഹന്‍ കുമരമംഗലം, പി. രാമമൂര്‍ത്തി, എന്നിവരോടൊപ്പം 1942ല്‍ അറസ്റ്റ് ചെയ്യപ്പെട്ട കേരളീയന്‍ ബല്ലാരിക്കടുത്ത് ആലിപുരം സെന്‍ട്രല്‍ ജയിലില്‍ 1944 വരെ തടവുകാരനായിരുന്നു. (പുറം 104)
വാസ്തവത്തില്‍ കേരളീയന്റെ ഒരു ജീവചരിത്രത്തില്‍ ഏറ്റവും പ്രാധാന്യം അര്‍ഹിക്കേണ്ട അധ്യായമാവേണ്ടിയിരുന്ന ഇക്കാര്യം ശ്ലോകത്തില്‍ കഴിക്കുകയാണ് പ്രൊഫസര്‍. ഈ ഒറ്റ വാക്യം മാത്രമാണ് 125ഓളം പേജുള്ള ഇപ്പുസ്തകത്തില്‍ ഇതിനെക്കുറിച്ചുള്ളത്.
മദ്രാസ് കോണ്‍സ്പിറസി കേസില്‍ അറസ്റ്റ് ചെയ്യപ്പെടുക 1942 ലല്ല അതിനു മുമ്പാണ് എന്നതൊരു കാര്യം. 1940 ലോ 1941 ലോ ആണ് അറസ്റ്റ് നടന്നത്. 1941 അവസാനത്തോടെ യുദ്ധം ജനകീയയുദ്ധമായി മാറുകയും കമ്യൂണിസ്റ്റ് പാര്‍ട്ടിക്കാര്‍ ബ്രിട്ടീഷു സൈന്യത്തിന്റെയടുക്കല്‍ പരിശീലനത്തിനു പോവുകയും ചെയ്ത കാലത്ത് എന്തു സാമ്രാജ്യത്വവിരുദ്ധ ഗൂഢാലോചന എന്നതും പ്രൊഫസറുടെ തലയിലേക്കു പോയിട്ടില്ല. 
1944 വരെ ജയിലിലിലായിരുന്ന കേരളീയന്‍ 1942ലും 1943ലും പടപ്പാട്ടെഴുതിയതിനെപ്പറ്റി പുസ്തകത്തില്‍ പറയുമ്പോള്‍ ആ വൈരുധ്യവും പ്രൊഫസര്‍ക്ക് തെളിയില്ല. 1942 ല്‍ കിസാന്‍ സംഘം ജാപ്പ് വിരുദ്ധപ്രചാരണം ആരംഭിച്ച കാലത്ത് കേരളീയന്‍ രചിച്ച കവിത പ്രൊഫസര്‍ ഉദ്ധരിക്കുന്നുണ്ട്.
വിട്ടയക്ക വിട്ടയക്ക
ഗാന്ധി നെഹ്റു വീരരെ!
വട്ടം ഞങ്ങള്‍ കൂട്ടീടട്ടെ
ജപ്പാനെ ചതയ്ക്കുവാന്‍. (പുറം 95,96)
ഇങ്ങനെ കമ്യൂണിസ്റ്റുകാര്‍ എഴുതാനിടയുള്ള ഒരു ഹ്രസ്വകാലം (യുദ്ധം ജനകീയമായി പരിണമിച്ചതിനുശേഷവും ക്വിറ്റിന്ത്യാ പ്രക്ഷോഭത്തിനു മുമ്പുമായുള്ള കുറെ മാസങ്ങള്‍) ഇദ്ദേഹം കേരളത്തിലുണ്ടായിരുന്നു എന്നാണോ ഇതില്‍നിന്നു മനസ്സിലാക്കേണ്ടത്?
ഉരിയരി പോലും കിട്ടാനില്ല
പൊന്നു കൊടുത്താലും
ഉദയാസ്തമയം പീടികമുമ്പില്‍
നിന്നു നരച്ചാലും. (പുറം 101)
എന്ന് 1943 ലെ ദുസ്ഥിതിയെപ്പറ്റിയും കേരളീയന്‍ എഴുതിയിട്ടുണ്ടത്രെ. ജയിലിലിരുന്ന് എഴുതി അയച്ചുകൊടുത്തതാണോ? ആവാന്‍ ഒരു വഴിയുമില്ല. അക്കാലത്തെ ജയിലവസ്ഥ അതനുവദിക്കുന്നതായിരുന്നില്ല.
ജയിലിലെന്ന് താന്‍ ശ്ലോകത്തില്‍ കഴിച്ച കാലത്തെപ്പറ്റി ഇങ്ങനെയൊക്കെ  അഴുകൊഴമ്പന്‍ വര്‍ത്തമാനം പറയുന്നത് ഗവേഷകനെഴുതിയാലും ഏതു പരട്ട നോട്ടീസെഴുത്തുകാരനെഴുതിയാലും ചേപ്രത്തരമാണെന്ന് മനസ്സിലാക്കാത്ത മന്ദബുദ്ധികളെപ്പറ്റി കൂടുതലെന്തു പറയാന്‍.
മദ്രാസ്സില്‍ വെച്ചു ഒളിവിലായിരുന്ന സുബ്രമണ്യശര്‍മ്മ (ശര്‍മ്മാജി), ഉമാനാഥറാവു, രാമമൂര്‍ത്തി, മോഹന്‍ കുമരമംഗലം, സി എസ്സ് സുബ്രമണ്യം, ഹനുമന്തറാവു എന്നിവരോടൊപ്പം ഞാനും മദിരാശി കമ്യൂണിസ്റ്റ് ഗൂഢാലോചനക്കേസ്സില്‍ അറസ്റ്റ് ചെയ്യപ്പെട്ടു. ആ കേസ്സില്‍ ഒരു വര്‍ഷത്തിലേറെക്കാലമുള്ള റിമാണ്ടിനുശേഷം ഞങ്ങളെല്ലാം മൂന്നുവര്‍ഷത്തെ ജയില്‍ ശിക്ഷക്കു വിധിക്കപ്പെട്ടു.
ഇപ്രകാരം കേരളീയന്‍ എഴുതിയിട്ടുണ്ട്. കമ്യൂണിസ്റ്റ് പാര്‍ട്ടിയിലേക്ക് ഞാന്‍ നടന്നെത്തിയ വഴി എന്ന ലേഖനത്തിലാണ് ഇങ്ങനെ എഴുതിയത്. (കെ എ കേരളീയന്‍, കര്‍ഷകര്‍ക്കായൊരു ജീവിതം, കെ കെ എന്‍ കുറുപ്പ്, കേരള സാഹിത്യ അക്കാദമി, 2010,  പുറം 67.)
ഇതിന് നിര്‍ഭാഗ്യവശാല്‍ വിശ്വാസ്യത കുറവാണ്. 
Centenarian Communist Leader Honoured! എന്ന പേരില്‍ സി പി ഐ ക്കാരുടെ New Age Weekly യില്‍ വന്ന ഒരു ലേഖനം ഇവിടെ കാണാം.
In 1940, the British government launched the first Madras communist conspiracy case in which CS was sentenced to four years rigorous imprisonment, along with late leaders P.Ramamurthy,Mohan Kumaramangalam, Anumandha Rao (Andhra) S.Subramania Sharma and the present CPI(M)leader and former MP, R. Umanath.
ഇക്കൂട്ടത്തില്‍ കേരളീയനെന്ന കടയപ്രത്ത് കുഞ്ഞപ്പനമ്പ്യാരുണ്ടായിരുന്നെങ്കില്‍ ഇവിടെയും അതുപോലെ മറ്റു പലയിടത്തും അദ്ദേഹത്തിന്റെ പേരുമാത്രമായി വിട്ടുപോവാനിടയില്ല. കാരണം പ്രായംകൊണ്ടും പ്രവര്‍ത്തനംകൊണ്ടും കൂട്ടത്തില്‍ രാമമൂര്‍ത്തിക്കൊപ്പം മൂപ്പുള്ള ആളാണ്. കോഴിക്കോട് ജന്മദേശമായുള്ള ഉമാനാഥ് എന്ന സി പി എം നേതാവിനു പറയാനാവും കേരളീയന്‍ തങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്നോ എന്ന്. 1970 ല്‍ സജീവരാഷ്ട്രീയം ഉപേക്ഷിച്ച കേരളീയന്റെ ഭൂതകാലം ചികയാന്‍ വലിയ താത്പര്യം ആര്‍ക്കും തോന്നിക്കാണില്ല.
കേരളീയന്‍ 1970 ല്‍ സജീവരാഷ്ട്രീയം ഉപേക്ഷിച്ചെന്നെഴുതിയിട്ട്, 1970 ല്‍ ന്യൂസ്പ്രിന്റ് ക്ഷാമം നിമിത്തം കര്‍ഷകന്‍ എന്ന കര്‍ഷകസംഘം മുഖപത്രം നിറുത്തി എന്നെഴുതിയിട്ട് പുസ്തകത്തിന്റെ അവസാനം ഒരു കാലാനുക്രമണിക കൊടുത്തതില്‍ 1974 വരെ കര്‍‌ഷകന്റെ പത്രാധിപരായി തുടര്‍ന്നു എന്നും എവുതിയിട്ടുണ്ട് നമ്മുടെ ഗവേഷകന്‍.

addendum
24th October
മലബാറില്‍ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പ്രവര്‍ത്തര്‍ കര്‍ഷകപ്രസ്ഥാനത്തിന് രൂപംകൊടുത്ത് പ്രവര്‍ത്തിച്ചു തുടങ്ങിയത് അഖിലേന്ത്യാ കിസാന്‍ സഭ രൂപീകരിക്കുന്നതിനു മുമ്പായിരുന്നു എന്ന വസ്തുത മലബാറിലെ രാഷ്ട്രീയപ്രബുദ്ധതയുടെ ഉത്തമ ഉദാഹരണമാണ്. (ടി കൃതി, പുറം 33)
അഖിലേന്ത്യാ കിസാന്‍ സഭ രൂപീകരിക്കുന്നതിനു മുമ്പു 1935 ല്‍ തന്നെ രൂപീകരിച്ച കര്‍ഷക സംഘങ്ങളിലൊക്കെ നമ്മുടെ സഖാക്കളുടെ  പേരും നിറയെ കാണാം. എ വി കുഞ്ഞമ്പു, എം പി അപ്പുമാസ്റ്റര്‍, ഇ എം എസ്, ഇ പി ഗോപാലന്‍. പക്ഷേ ഈ ഗവേഷകന്‍ 1933 ല്‍ കോഴിക്കോട്ട് നടന്ന ഒരു യോഗത്തെപ്പറ്റി കേട്ടമട്ടില്ല.
"അഖിലേന്ത്യാ കിസാന്‍സംഘത്തിന്റെ ആവിര്‍ഭാവത്തിനു മുമ്പുതന്നെ കേരള കര്‍ഷകസംഘം എന്ന സംഘടന രൂപീകരിക്കാനുള്ള പരിശ്രമമാരംഭിച്ചിരുന്നു. കര്‍ഷകപ്രശ്നങ്ങളെയും ചുറ്റുപാടുകളെയും വിലയിരുത്താന്‍ 1933 നവംബര്‍ 5ന് കോഴിക്കോട് ടൌണ്‍ഹാളില്‍ കേരളത്തിലെ പൊതുപ്രവര്‍ത്തകരുടെ ഒരു യോഗം മഞ്ചേരി രാമയ്യരുടെ അധ്യക്ഷതയില്‍ സമ്മേളിച്ചു. യോഗത്തില്‍ കെ. മാധവമേനോന്‍ അവതരിപ്പിച്ച താഴെപ്പറയുന്ന പ്രമേയം പി കൃഷ്ണപിള്ള പിന്താങ്ങി:
"കേരള കര്‍ഷസംഘം എന്നൊരു സംഘടന മലബാറില്‍ ഒട്ടാകെ രൂപീകരിക്കാനും അതിന്റെ ശാഖകളായി താലൂക്ക് സംഘങ്ങളും അംശഘടകങ്ങളും ഏര്‍പ്പെടുത്താനും ഈ യോഗം തീര്‍ച്ചപ്പെടുത്തുന്നു. ഈ യോഗം കര്‍ഷകരുടെ സാമ്പത്തിക ഉന്നതിക്കായി പ്രവര്‍ത്തിക്കുന്നതും ഉടനെതന്നെ വര്‍ധിച്ച നിലനികുതികൊണ്ടുണ്ടാവുന്ന കഷ്ടപ്പാടുകളെ ഗവണ്‍മെന്റിനെ വേണ്ടവിധത്തില്‍ അറിയിക്കേണ്ടതുമാകുന്നു. (കെ കെ എന്‍ കുറുപ്പ്, ആധുനിക കേരളം: ചരിത്രഗവേഷണ പ്രബന്ധങ്ങള്‍, പുറം 62, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, 1995  (original edition 1982))
ഇതിനായി രൂപീകരിച്ച കമ്മിറ്റിയില്‍ കൃഷ്ണപിള്ളയും കേരളീയനും ഇ എം എസ്സുമുണ്ട്. ഇതാണ് തുടക്കം. മലബാറിലെ കാര്‍ഷിക ബന്ധത്തെപ്പറ്റി ഗവേഷണം ചെയ്ത് ഡോക്റ്ററേറ്റ് സംഘടിപ്പിച്ച പണ്ഡിതന് ഇതറിഞ്ഞുകൂടെങ്കില്‍ നാണക്കേടാണ്.

14/10/2010

എണ്‍പതു തികഞ്ഞ ഇ എം എസ്, കുഞ്ഞനന്തന്‍ നായരുടെ അല്പത്തരം

എണ്‍പതു തികഞ്ഞ ഇ എം എസ് എന്നൊരു  കൊച്ചു പുസ്തകമുണ്ട് കുഞ്ഞനന്തന്‍ നായരുടേതായി. 1990ല്‍ ചിന്ത പബ്ലിഷ് ചെയ്തതാണ് ഈ തട്ടിപ്പുസാഹിത്യം.  ഇ എം എസ് സ്തുതിക്ക് അനിവാര്യമായ കൂട്ടാണ്  നുണ, വിവരക്കേടുകള്‍ എന്നിവയൊക്കെ. അല്പത്തരവും ക്ഷുദ്രതയും നിറഞ്ഞ നമ്പൂതിരിപ്പാട് ജീവിതത്തെ വാഴ്ത്താന്‍ കുഞ്ഞനന്തന്‍ അവലംബിക്കുന്ന തരംതാണ ട്രിക്കുകള്‍ സ്മര്യപുരുഷന്റെ രാഷ്ട്രീയജീവിതത്തെ പ്രതിഫലിപ്പിക്കുന്നതാകയാല്‍ ഏതാനും ഉദാഹരണങ്ങള്‍ അപ്രസക്തമാവില്ല.
1.

ലാലാ ലജ്പത്റായിയെ പഞ്ചാബിലെ ബ്രിട്ടീഷ് പൊലീസ് മേധാവി തല്ലിച്ചതച്ചതില്‍ പ്രതിഷേധിച്ചായിരുന്നു ഇ എം എസിന്റെ ആദ്യത്തെ (പെരുന്തല്‍മണ്ണയില്‍) രാഷ്ട്രീയ സമരം- ആ കന്നി സമരത്തെപ്പറ്റി ഇ എം എസ് ഇങ്ങനെ എഴുതി. (കുഞ്ഞനന്തന്‍ നായര്‍, എണ്‍പത് തികഞ്ഞ ഇ എം എസ്, ചിന്ത, 1990, പുറം 6)
തുടര്‍ന്ന് കുഞ്ഞനന്തന്‍ നായര്‍ ഇ എം എസ്സിന്റെ ആത്മകഥയില്‍നിന്ന് ഉദ്ധരിക്കുകയാണ്. 1927-ലെ കാര്യമാണ് പറയുന്നത്. കുഞ്ഞനന്തന്‍ നായര്‍ ഉദ്ധരിക്കുന്ന ഭാഗം സൈമണ്‍ കമ്മീഷന്റെ വരവില്‍ പ്രതിഷേധിക്കുന്ന രാഷ്ട്രീയ സമരത്തെപ്പറ്റി പറയുന്ന ഭാഗമാണ്, ഇടയ്ക്ക് ഇ എം എസ് ലാലാലജ്പത് റായിയെ പരാമര്‍ശിക്കുന്നുണ്ടെന്നുമാത്രം. ഈ ആദ്യത്തെ രാഷ്ട്രീയ സമരത്തിനെ സംബന്ധിക്കുന്ന സത്യാവസ്ഥ പക്ഷേ കുഞ്ഞനന്തന്‍ നായര്‍ പറയില്ല. കാരണം അത് ഇ എം എസ്സിന് അത്ര ഗുണകരമല്ല. വിദ്യാര്‍ത്ഥികള്‍ യോഗം ചേര്‍ന്ന് പഠിപ്പുമുടക്കാന്‍ തീരുമാനിച്ചിട്ട് നേരം വന്നപ്പോള്‍ പേടിച്ച് ക്ലാസ്സില്‍ കയറിയ ചരിത്രമാണത്. ജീവിതകാലം മുഴുവന്‍ ഇ എം എസ് കൊണ്ടുനടന്ന ഭീരുത്വത്തിന്റെ മധ്യവര്‍ത്തി സമീപനത്തിന്റെ ആദ്യത്തെ പൊതുപ്രദര്‍ശനം എന്നു പറയാം ഈ ആദ്യത്തെ രാഷ്ട്രീയ സമരത്തെപ്പറ്റി.
ഇത് അഞ്ചാം ഫോറത്തില്‍ പഠിക്കുന്ന കാലം. മദിരാശി കോണ്‍ഗ്രസ്സില്‍ പങ്കെടുക്കുന്നത് അക്കാലത്താണ്. പതിനെട്ടു വയസ്സോ മറ്റോ വരും ഇ എം എസ്സിന് അക്കാലത്ത്. കോണ്‍ഗ്രസ്സ് സമ്മേളനത്തില്‍ ഇംഗ്ലീഷ് പ്രസംഗങ്ങള്‍ കേട്ടാല്‍ മുഴുവന്‍ മനസ്സിലാവില്ല. "ഹിന്ദു പത്രം തന്നെ മുഴുവന്‍ വായിച്ചു മനസ്സിലാക്കാന്‍ കഴിയാറില്ല." എന്ന് ഇ എം എസ് പറയുന്നു. എന്നാല്‍ കുഞ്ഞനന്തന്‍ നായര്‍ ഒരുളുപ്പുംകൂടാതെ പൊട്ടിക്കുന്നത് "പതിനൊന്നു വയസ്സുമുതല്‍ ഓത്തുചൊല്ലുന്നതിനിടയില്‍ ഇംഗ്ലീഷ് പഠിച്ച ഇ എം എസ് പത്തുവയസ്സുമുതല്‍ ഹിന്ദുപത്രം മനയില്‍ വരുത്തി വായിക്കാന്‍ തുടങ്ങിയിരുന്നു" എന്നും. (പുറം 4.)


2.
ജന്മിയും കോണ്‍ഗ്രസ് നേതാവും ബി എക്കാരനുമായതുകൊണ്ട് ഇ എം എസ് എ ക്ലാസ് തടവുകാരനായിരുന്നു. (പുറം 10)
ഇ എം എസ് ബി എ ക്കാരനല്ല. ബി ഏയ്ക്കു ചേര്‍ന്നയുടന്‍ പഠിപ്പുപേക്ഷിച്ചാണ് ഇ എം എസ് ജയിലുകേറാന്‍ കോഴിക്കോട്ടേയ്ക്കു പോയത്.  ഏ ക്ലാസ് തടവ് എന്താണെന്ന് ഇ എം എസ് തന്നെ പറഞ്ഞിട്ടുണ്ട്. "ഹോസ്റ്റല്‍ ജീവിതം പോലെ" എന്ന്. ബോംബെ മേയറുടെ മകനായിരുന്ന ബട്ലീവാല കണ്ണൂര്‍ ജെയിലില്‍ ഉയര്‍ന്ന ക്ലാസ്സുകാരുടെ സൌകര്യങ്ങള്‍ വേണ്ടെന്നു വെയ്ക്കുന്നതും ഉയര്‍ന്ന ധാര്‍മ്മികത മൂലം സഹതടവുകാരുടെ ആദരം നേടുന്നതും ഇ എം എസ് ജയിലു കേറുന്നതിനു മുമ്പാണെന്നും ഓര്‍ക്കുമ്പോള്‍ ഇ എം എസ്സിന്റെ ജയില്‍വാസത്യാഗം ശരിയായി മനസ്സിലാക്കാം.

3. 

1931 ല്‍ രൂപീകരിച്ച് കമ്യൂണിസ്റ്റ് ലീഗിലെ ആദ്യ അംഗങ്ങള്‍ എന്‍ സി ശേഖറും കെ സി ജോര്‍ജും ആയിരുന്നത്രെ. (പുറം 11)
കെ സി ജോര്‍ജ് രാഷ്ട്രീയത്തില്‍ വരുന്നത് 1936ല്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചുകൊണ്ടാണെന്ന് അങ്ങോരുടെ തന്നെ സാക്ഷ്യമുണ്ട്. ജോര്‍ജിന് കമ്യൂണിസ്റ്റ് ലീഗുമായി ബന്ധമൊന്നുമുണ്ടായിരുന്നതായി ജോര്‍ജും പറയുന്നില്ല,  ആ ഗ്രൂപ്പിലെ അംഗമായ എന്‍ സി ശേഖറും പറയുന്നില്ല. കുഞ്ഞനന്തന്‍ കെ സി ജോര്‍ജിന്റെ ഉറ്റമിത്രമായിരുന്നിട്ടും ഇതൊന്നും അറിഞ്ഞുകൂടാത്തത് മോശം തന്നെ.

4. 

"രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് സാഹിത്യത്തിലെന്തു കാര്യം" എന്ന് മറുഭാഗത്തുനിന്ന് നോവലും കഥകളും എഴുതുന്ന രാഷ്ട്രീയമില്ലാത്ത സാഹിത്യപ്രവര്‍ത്തര്‍ വാദിച്ചു. ഇക്കൂട്ടരെയാണ് ഇ എം എസും ദാമോദരനും കെ കെ വാര്യരും മറ്റും രൂപഭദ്രന്മാര്‍ എന്നു വിളിച്ചു കളിയാക്കിയത്. (പുറം 56)
അല്ല, ഇക്കൂട്ടരെയല്ല രൂപഭദ്രന്മാര്‍ എന്നു വിളിച്ചത്. അത് ജീവല്‍സാഹിത്യകാരന്മാരായിരുന്ന മുണ്ടശ്ശേരിയെയും പോളിനെയും പിന്നീട് തെറ്റിപ്പിരിഞ്ഞപ്പോള്‍ വിളിക്കാനുപയോഗിച്ച ശകാരപദമായിരുന്നു. കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഏതു ലഘുചരിത്രത്തില്‍ പോലും ഒരദ്ധ്യായമായി മുടങ്ങാതെ വരുന്ന കാര്യമാണ് ജീവല്‍സാഹിത്യം, പുരോഗമനസാഹിത്യം എന്നിവയൊക്കെ. ആ വക കാര്യങ്ങളില്‍പ്പോലും അടിസ്ഥാന ധാരണയില്ലാതെയാണ് കുഞ്ഞനന്തന്‍ നായര്‍ ഇ എം എസ്സിനെപ്പറ്റി കെരന്തം ചമച്ച് ഈ വിവരക്കേടുകളൊക്കെ തട്ടിവിടുന്നത്. തട്ടിപ്പും നുണയും മടികൂടാതെ പ്രകാശിപ്പിക്കുന്ന മാര്‍ക്സിസ്റ്റ് പാര്‍ട്ടി പ്രസാധകക്കമ്പനിക്ക് ഈ വിവരക്കേടുകളൊന്നും പുത്തരിയല്ല. ഇ എം എസ് 1931ല്‍ കറാച്ചിക്കുപോയെന്നൊക്കെ ഇ എം എസ്സിന്റെ ഒരു ഇന്ത്യന്‍ കമ്യൂണിസ്റ്റിന്റെ ഓര്‍മ്മക്കുറിപ്പുകളില്‍ എഴുതി പ്രസിദ്ധീകരിച്ച അവര്‍ക്കുണ്ടോ ഈ വക കാര്യങ്ങളില്‍ വല്ല വകതിരിവും. 
കുഞ്ഞനന്തന്‍ നായര്‍ ഒരു പ്രൊഫഷണല്‍ പാര്‍ട്ടി പേനയുന്തിയായിരുന്നു. ഇവിടെ കാണിച്ച വിവരക്കേടുകളാവട്ടെ തന്റെ പ്രസ്ഥാനത്തിന്റെ ചരിത്രത്തെക്കുറിച്ച് അടിസ്ഥാനപരമായ കാര്യങ്ങളറിയായ്കയും.