Calicocentric Video

Loading...
കാലിക്കോസെന്‍ട്രിക് Calicocentric dusty room

14/10/2010

എണ്‍പതു തികഞ്ഞ ഇ എം എസ്, കുഞ്ഞനന്തന്‍ നായരുടെ അല്പത്തരം

എണ്‍പതു തികഞ്ഞ ഇ എം എസ് എന്നൊരു  കൊച്ചു പുസ്തകമുണ്ട് കുഞ്ഞനന്തന്‍ നായരുടേതായി. 1990ല്‍ ചിന്ത പബ്ലിഷ് ചെയ്തതാണ് ഈ തട്ടിപ്പുസാഹിത്യം.  ഇ എം എസ് സ്തുതിക്ക് അനിവാര്യമായ കൂട്ടാണ്  നുണ, വിവരക്കേടുകള്‍ എന്നിവയൊക്കെ. അല്പത്തരവും ക്ഷുദ്രതയും നിറഞ്ഞ നമ്പൂതിരിപ്പാട് ജീവിതത്തെ വാഴ്ത്താന്‍ കുഞ്ഞനന്തന്‍ അവലംബിക്കുന്ന തരംതാണ ട്രിക്കുകള്‍ സ്മര്യപുരുഷന്റെ രാഷ്ട്രീയജീവിതത്തെ പ്രതിഫലിപ്പിക്കുന്നതാകയാല്‍ ഏതാനും ഉദാഹരണങ്ങള്‍ അപ്രസക്തമാവില്ല.
1.

ലാലാ ലജ്പത്റായിയെ പഞ്ചാബിലെ ബ്രിട്ടീഷ് പൊലീസ് മേധാവി തല്ലിച്ചതച്ചതില്‍ പ്രതിഷേധിച്ചായിരുന്നു ഇ എം എസിന്റെ ആദ്യത്തെ (പെരുന്തല്‍മണ്ണയില്‍) രാഷ്ട്രീയ സമരം- ആ കന്നി സമരത്തെപ്പറ്റി ഇ എം എസ് ഇങ്ങനെ എഴുതി. (കുഞ്ഞനന്തന്‍ നായര്‍, എണ്‍പത് തികഞ്ഞ ഇ എം എസ്, ചിന്ത, 1990, പുറം 6)
തുടര്‍ന്ന് കുഞ്ഞനന്തന്‍ നായര്‍ ഇ എം എസ്സിന്റെ ആത്മകഥയില്‍നിന്ന് ഉദ്ധരിക്കുകയാണ്. 1927-ലെ കാര്യമാണ് പറയുന്നത്. കുഞ്ഞനന്തന്‍ നായര്‍ ഉദ്ധരിക്കുന്ന ഭാഗം സൈമണ്‍ കമ്മീഷന്റെ വരവില്‍ പ്രതിഷേധിക്കുന്ന രാഷ്ട്രീയ സമരത്തെപ്പറ്റി പറയുന്ന ഭാഗമാണ്, ഇടയ്ക്ക് ഇ എം എസ് ലാലാലജ്പത് റായിയെ പരാമര്‍ശിക്കുന്നുണ്ടെന്നുമാത്രം. ഈ ആദ്യത്തെ രാഷ്ട്രീയ സമരത്തിനെ സംബന്ധിക്കുന്ന സത്യാവസ്ഥ പക്ഷേ കുഞ്ഞനന്തന്‍ നായര്‍ പറയില്ല. കാരണം അത് ഇ എം എസ്സിന് അത്ര ഗുണകരമല്ല. വിദ്യാര്‍ത്ഥികള്‍ യോഗം ചേര്‍ന്ന് പഠിപ്പുമുടക്കാന്‍ തീരുമാനിച്ചിട്ട് നേരം വന്നപ്പോള്‍ പേടിച്ച് ക്ലാസ്സില്‍ കയറിയ ചരിത്രമാണത്. ജീവിതകാലം മുഴുവന്‍ ഇ എം എസ് കൊണ്ടുനടന്ന ഭീരുത്വത്തിന്റെ മധ്യവര്‍ത്തി സമീപനത്തിന്റെ ആദ്യത്തെ പൊതുപ്രദര്‍ശനം എന്നു പറയാം ഈ ആദ്യത്തെ രാഷ്ട്രീയ സമരത്തെപ്പറ്റി.
ഇത് അഞ്ചാം ഫോറത്തില്‍ പഠിക്കുന്ന കാലം. മദിരാശി കോണ്‍ഗ്രസ്സില്‍ പങ്കെടുക്കുന്നത് അക്കാലത്താണ്. പതിനെട്ടു വയസ്സോ മറ്റോ വരും ഇ എം എസ്സിന് അക്കാലത്ത്. കോണ്‍ഗ്രസ്സ് സമ്മേളനത്തില്‍ ഇംഗ്ലീഷ് പ്രസംഗങ്ങള്‍ കേട്ടാല്‍ മുഴുവന്‍ മനസ്സിലാവില്ല. "ഹിന്ദു പത്രം തന്നെ മുഴുവന്‍ വായിച്ചു മനസ്സിലാക്കാന്‍ കഴിയാറില്ല." എന്ന് ഇ എം എസ് പറയുന്നു. എന്നാല്‍ കുഞ്ഞനന്തന്‍ നായര്‍ ഒരുളുപ്പുംകൂടാതെ പൊട്ടിക്കുന്നത് "പതിനൊന്നു വയസ്സുമുതല്‍ ഓത്തുചൊല്ലുന്നതിനിടയില്‍ ഇംഗ്ലീഷ് പഠിച്ച ഇ എം എസ് പത്തുവയസ്സുമുതല്‍ ഹിന്ദുപത്രം മനയില്‍ വരുത്തി വായിക്കാന്‍ തുടങ്ങിയിരുന്നു" എന്നും. (പുറം 4.)


2.
ജന്മിയും കോണ്‍ഗ്രസ് നേതാവും ബി എക്കാരനുമായതുകൊണ്ട് ഇ എം എസ് എ ക്ലാസ് തടവുകാരനായിരുന്നു. (പുറം 10)
ഇ എം എസ് ബി എ ക്കാരനല്ല. ബി ഏയ്ക്കു ചേര്‍ന്നയുടന്‍ പഠിപ്പുപേക്ഷിച്ചാണ് ഇ എം എസ് ജയിലുകേറാന്‍ കോഴിക്കോട്ടേയ്ക്കു പോയത്.  ഏ ക്ലാസ് തടവ് എന്താണെന്ന് ഇ എം എസ് തന്നെ പറഞ്ഞിട്ടുണ്ട്. "ഹോസ്റ്റല്‍ ജീവിതം പോലെ" എന്ന്. ബോംബെ മേയറുടെ മകനായിരുന്ന ബട്ലീവാല കണ്ണൂര്‍ ജെയിലില്‍ ഉയര്‍ന്ന ക്ലാസ്സുകാരുടെ സൌകര്യങ്ങള്‍ വേണ്ടെന്നു വെയ്ക്കുന്നതും ഉയര്‍ന്ന ധാര്‍മ്മികത മൂലം സഹതടവുകാരുടെ ആദരം നേടുന്നതും ഇ എം എസ് ജയിലു കേറുന്നതിനു മുമ്പാണെന്നും ഓര്‍ക്കുമ്പോള്‍ ഇ എം എസ്സിന്റെ ജയില്‍വാസത്യാഗം ശരിയായി മനസ്സിലാക്കാം.

3. 

1931 ല്‍ രൂപീകരിച്ച് കമ്യൂണിസ്റ്റ് ലീഗിലെ ആദ്യ അംഗങ്ങള്‍ എന്‍ സി ശേഖറും കെ സി ജോര്‍ജും ആയിരുന്നത്രെ. (പുറം 11)
കെ സി ജോര്‍ജ് രാഷ്ട്രീയത്തില്‍ വരുന്നത് 1936ല്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചുകൊണ്ടാണെന്ന് അങ്ങോരുടെ തന്നെ സാക്ഷ്യമുണ്ട്. ജോര്‍ജിന് കമ്യൂണിസ്റ്റ് ലീഗുമായി ബന്ധമൊന്നുമുണ്ടായിരുന്നതായി ജോര്‍ജും പറയുന്നില്ല,  ആ ഗ്രൂപ്പിലെ അംഗമായ എന്‍ സി ശേഖറും പറയുന്നില്ല. കുഞ്ഞനന്തന്‍ കെ സി ജോര്‍ജിന്റെ ഉറ്റമിത്രമായിരുന്നിട്ടും ഇതൊന്നും അറിഞ്ഞുകൂടാത്തത് മോശം തന്നെ.

4. 

"രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് സാഹിത്യത്തിലെന്തു കാര്യം" എന്ന് മറുഭാഗത്തുനിന്ന് നോവലും കഥകളും എഴുതുന്ന രാഷ്ട്രീയമില്ലാത്ത സാഹിത്യപ്രവര്‍ത്തര്‍ വാദിച്ചു. ഇക്കൂട്ടരെയാണ് ഇ എം എസും ദാമോദരനും കെ കെ വാര്യരും മറ്റും രൂപഭദ്രന്മാര്‍ എന്നു വിളിച്ചു കളിയാക്കിയത്. (പുറം 56)
അല്ല, ഇക്കൂട്ടരെയല്ല രൂപഭദ്രന്മാര്‍ എന്നു വിളിച്ചത്. അത് ജീവല്‍സാഹിത്യകാരന്മാരായിരുന്ന മുണ്ടശ്ശേരിയെയും പോളിനെയും പിന്നീട് തെറ്റിപ്പിരിഞ്ഞപ്പോള്‍ വിളിക്കാനുപയോഗിച്ച ശകാരപദമായിരുന്നു. കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഏതു ലഘുചരിത്രത്തില്‍ പോലും ഒരദ്ധ്യായമായി മുടങ്ങാതെ വരുന്ന കാര്യമാണ് ജീവല്‍സാഹിത്യം, പുരോഗമനസാഹിത്യം എന്നിവയൊക്കെ. ആ വക കാര്യങ്ങളില്‍പ്പോലും അടിസ്ഥാന ധാരണയില്ലാതെയാണ് കുഞ്ഞനന്തന്‍ നായര്‍ ഇ എം എസ്സിനെപ്പറ്റി കെരന്തം ചമച്ച് ഈ വിവരക്കേടുകളൊക്കെ തട്ടിവിടുന്നത്. തട്ടിപ്പും നുണയും മടികൂടാതെ പ്രകാശിപ്പിക്കുന്ന മാര്‍ക്സിസ്റ്റ് പാര്‍ട്ടി പ്രസാധകക്കമ്പനിക്ക് ഈ വിവരക്കേടുകളൊന്നും പുത്തരിയല്ല. ഇ എം എസ് 1931ല്‍ കറാച്ചിക്കുപോയെന്നൊക്കെ ഇ എം എസ്സിന്റെ ഒരു ഇന്ത്യന്‍ കമ്യൂണിസ്റ്റിന്റെ ഓര്‍മ്മക്കുറിപ്പുകളില്‍ എഴുതി പ്രസിദ്ധീകരിച്ച അവര്‍ക്കുണ്ടോ ഈ വക കാര്യങ്ങളില്‍ വല്ല വകതിരിവും. 
കുഞ്ഞനന്തന്‍ നായര്‍ ഒരു പ്രൊഫഷണല്‍ പാര്‍ട്ടി പേനയുന്തിയായിരുന്നു. ഇവിടെ കാണിച്ച വിവരക്കേടുകളാവട്ടെ തന്റെ പ്രസ്ഥാനത്തിന്റെ ചരിത്രത്തെക്കുറിച്ച് അടിസ്ഥാനപരമായ കാര്യങ്ങളറിയായ്കയും. 

No comments:

Post a Comment