കാലിക്കോസെന്‍ട്രിക് Calicocentric dusty room

22/10/2010

സി വി രാമന്‍ പിള്ള ഫ്യൂഡല്‍ പിന്തിരിപ്പനോ ബൂര്‍ഷ്വാ നവോത്ഥാന നായകനോ?

പത്തുമാസത്തെ ഇടവേളയില്‍ ഇ എം എസ് ചോദ്യോത്തരപംക്തിയില്‍ നല്കിയ രണ്ടു വിശദീകരണങ്ങളാണ് താഴെക്കാണുന്നത്. സമ്പൂര്‍ണ്ണകൃതികള്‍ സഞ്ചിക 59ല്‍ 145-149 പേജുകളില്‍ ഈ ചോദ്യോത്തരങ്ങള്‍ കാണാം. 1993-94 കാലത്ത് മൂത്തു പാകം വന്ന (സ്വയം തിരുത്തലിന്റെ മൂര്‍ദ്ധന്യത്തിലെത്തിയ) ഇ എം എസ്  ആണ് ഉത്തരം നല്കുന്നത്. ഒന്നു സി വി രാമന്‍പിള്ളയെപ്പറ്റി സവിശേഷമായും രണ്ടാമത്തേത് ജീവല്‍ സാഹിത്യത്തിലേക്കു നയിച്ച ബൂര്‍ഷ്വാസാഹിത്യകാരന്മാരെപ്പറ്റി പൊതുവായും. ആദ്യത്തേതില്‍ പറയുന്നത് സി വി രാമന്‍പിള്ളയ്ക്കു ചരിത്രബോധം ഒട്ടുമുണ്ടായിരുനില്ലെന്നും ചരിത്രവസ്തുതകളുടെ നേരേ കണ്ണടച്ച് തിരിവിതാംകൂറിലെ നാടുവാഴി മേധാവിത്വത്തെ വാഴ്ത്താനാണ് സി വി ശ്രമിച്ചതെന്നുമാണ്. അതേസമയം സി വിയുടെ കൃതികള്‍ക്ക് ചില മെച്ചങ്ങളുണ്ട്. അവ പ്രതിപാദ്യകാലത്തെ സാമൂഹ്യജീവിതത്തെ സമര്‍ത്ഥമായി ചിത്രീകരിച്ചു. സ്വയം രാജപക്ഷപാതിയാണെങ്കിലും എതിര്‍പക്ഷത്തുള്ള പലരുടെയും മിഴിവുള്ള ചിത്രങ്ങള്‍ വരച്ചുകാട്ടി.
രണ്ടാമത്തെ വിശദീകരണത്തില്‍ സി വി ഒരു ബൂര്‍ഷ്വാ നവോത്ഥാന നായകനായിരുന്നു. ജീവല്‍സാഹിത്യപ്രസ്ഥാനത്തിന്റെ മുന്‍ഗാമി എന്നു പറയാന്‍ തക്കവണ്ണം പുരോഗമനകാരിയായിരുന്നു.രാജവാഴ്ചയുടെ പക്ഷത്തുനിന്ന് അതിനെ പ്രകീര്‍ത്തിക്കാനായി ചരിത്രവസ്തുതകളുടെ നേരേ പാടേ കണ്ണടച്ചുകൊണ്ട് കള്ളം എഴുതിവെച്ചാലും അക്കാലത്തെ സാമൂഹ്യജീവിതത്തെ സമര്‍ത്ഥമായി ചിത്രീകരിക്കാം, മിഴിവുള്ള കഥാപാത്രങ്ങളെ വരച്ചുവെയ്ക്കാം എന്നതൊക്കെ വകവെച്ചുകൊടുക്കാം. പക്ഷേ അതേ ആള്‍ എങ്ങനെ ദേശീയ വിപ്ലവപ്രസ്ഥാനത്തിന്റെ ഭാഗമാവും? എങ്ങനെ ബൂര്‍ഷ്വാ നവോത്ഥാന നായകനാവും? എങ്ങനെ കേരളത്തില്‍ വളരുകയായിരുന്ന ബൂര്‍ഷ്വാവര്‍ഗ്ഗത്തിന്റെ ആഗ്രഹാഭിലാഷങ്ങള്‍ക്ക് രൂപം നല്കും?
കൊച്ചുവേണാട് ഏകീകൃത തിരുവിതാംകൂര്‍ ആയി മാറിയതെങ്ങനെ എന്നതു സംബന്ധിച്ച് ഇദ്ദേഹത്തിന്റെ പരിഹാസ്യമായ വിവരക്കേട് അവിടെ ഇരിക്കട്ടെ. മേലെക്കൊടുത്ത തരത്തില്‍ രണ്ടു വിശദീകരണങ്ങള്‍ എഴുതിയ ഒരുത്തനോട് പഴയ ഭാവുകത്വം വെച്ചു ചോദിക്കേണ്ടുന്ന ഒരു ചോദ്യമുണ്ട്. "തനിക്കെത്ര തന്തയുണ്ടെടോ?" എന്ന്. ചരിത്രവസ്തുതകളോട് സത്യസന്ധത പുലര്‍ത്താത്തതിന്റെ പേരിലാണ് ഇ എം എസ് സി വി രാമന്‍പിള്ളയെ കുറ്റം പറയുന്നത്. ജീവിച്ച കാലത്ത് നടന്ന ചരിത്ര സംഭവങ്ങളെപ്പറ്റി വിവരിക്കുമ്പോള്‍ ഒരുളുപ്പും കൂടാതെ, മറ്റുള്ളവര്‍ തന്നെപ്പറ്റി എന്തു വിചാരിക്കുമെന്നു നോക്കാതെ, പറഞ്ഞുപോയ വിവരക്കേടിനുമേല്‍ പിടിച്ചുതൂങ്ങിയ മാന്യനാണ് ഇങ്ങനെ വിമര്‍ശിക്കുന്നതെന്നതാണ് അതിന്റെ ഐറണി. തിരുവിതാംകൂറിന്റെ പില്‍ക്കാല ചരിത്രത്തെപ്പറ്റി ഇ എം എസ് നാണംകെട്ടു കൊണ്ടുനടന്ന ഒരു നുണയെപ്പറ്റി അടുത്ത പോസ്റ്റില്‍.





No comments:

Post a Comment