Calicocentric Video

Loading...
കാലിക്കോസെന്‍ട്രിക് Calicocentric dusty room

04/12/2009

ക്രിസ്ത്വബ്ദം- നമ്പൂതിരിപ്പാടിന്റെ എമണ്ടന്‍ വിവരക്കേട്

ക്രിസ്തുവിനു പിമ്പ് ഏ ഡിയോ ബി സിയോ? എന്നൊരു പോസ്റ്റില്‍ ക്രിസ്ത്വബ്ദത്തെപ്പറ്റി നമ്പൂതിരിപ്പാടിന്റെ എമണ്ടനൊരു വിവരക്കേട് എടുത്തുകൊടുക്കുമെന്നു പറഞ്ഞിരുന്നു. നമ്പൂതിരിപ്പാട് സമ്പൂര്‍ണ്ണകൃതികളിലെ നാല്പത്തിനാലാം വാല്യത്തിലാണ് (എണ്ണം തെറ്റിയില്ലല്ല്ലോ സഖാവേ?) ഈ പെരുത്ത മണ്ടത്തരം അച്ചടിച്ചുകാണുന്നത്. ചിന്തയിലെ ചോദ്യോത്തരമാണ് ഈ നമ്പൂതിരി  ഫലിതം ഒപ്പിക്കാന്‍ ഇ എം എസ് മാര്‍ഗ്ഗമാക്കിയത്. 


 

ചോദ്യമിങ്ങനെ:

കാലം (വര്‍ഷം) അളക്കുന്നതിന് ക്രിസ്തുവിനെ മധ്യഘടകമായി സ്വീകരിച്ചിരിക്കുന്നത് എന്തുകൊണ്ട്? ക്രിസ്തുവിന് മുമ്പും പിമ്പും ഉള്ള കാലയളവില്‍ ഏതെങ്കിലും ഒന്ന് കാലം അളക്കുന്നതില്‍ മാദ്ധ്യമമായി സ്വീകരിച്ചതായി കാണുന്നില്ല. ക്രിസ്തുവിന്റെ ജനനത്തിനു മുമ്പുള്ള കാലം ബി സി എന്നും മരണത്തിനു ശേഷമുള്ള കാലം എ ഡി എന്നും കണക്കാക്കുന്നു. എന്നാല്‍ ക്രിസ്തുവിന്റെ ജീവിതകാലം (38 വര്‍ഷം) ഇവ രണ്ടിലും ഉള്‍പ്പെടുത്തിയിട്ടില്ല. എന്തുകൊണ്ട്? മാര്‍ക്സിയന്‍ വീക്ഷണത്തില്‍ ഇതിന് ഒരു വിശദീകരണം നല്‍കാമോ?

നല്കി, നമ്പൂതിരിപ്പാട്, വിശദീകരണം. മാര്‍ക്സിയന്‍ വീക്ഷണത്തില്‍ വേണം ചോദിച്ചയാള്‍ക്ക് മറുപടി. കൊടുത്തൂ, അങ്ങനെത്തന്നെ, ഇ എം എസ്. അതു ചിത്രത്തില്‍ കാണാം.  നമ്പൂതിരിപ്പാട് കൊടുത്ത മറുപടി രസമാണെന്നോ ബഹുരസമാണെന്നോ പറഞ്ഞാല്‍ മതിയാവില്ല. ഇ എം എസ്സിനു മാത്രം കൊടുക്കാനാവുന്ന വൈരുദ്ധ്യാത്മക മറുപടിയുടെ ഉള്ളടക്കം ഇതായിരുന്നു. മുതലാളിത്തമാണ് ലോകത്തെല്ലായിടത്തും പൊതുവായ ഒരു കാലഘണന പ്രചരിപ്പിച്ചത്. ലോകമാര്‍ക്കറ്റിന് ലോകവ്യാപകമായ കാലഗണന വേണം.
ചുരുക്കത്തില്‍, മുതലാളിത്ത സമൂഹം സൃഷ്ടിച്ച ഏകലോകത്തിന്റെ ഒരു പരസ്യപ്രഖ്യാപനമാണ് ക്രിസ്തുവിന് മുമ്പും പിമ്പും എന്ന കാലഗണന ലോകവ്യാപകമായിട്ടുള്ളത്.
 ചോദ്യത്തില്‍ ഈ വിധം മണ്ടത്തരം നിറച്ചതിന്  ചോദ്യകര്‍ത്താവിനെ സമ്മതിക്കണം. ഇ എം എസ്സിനെക്കൊണ്ട് മണ്ടത്തരങ്ങള്‍ പറയിക്കുക എന്നാണു ചോദിക്കുന്നയാളുടെ ഉന്നമെന്നു തോന്നുന്നു. മരണത്തിനു ശേഷമുള്ള കാലം എ ഡി, ക്രിസ്തുവിന്റെ ജീവിത കാലം രണ്ടിലുമില്ല എന്നൊക്കെ പച്ചയ്ക്കു പറഞ്ഞിട്ട് അതിനു മാര്‍ക്സിസ്റ്റു വീക്ഷണമനുസരിച്ചു വിശദീകരണം ചോദിച്ചിരിക്കുന്നു. നമ്പൂതിരിപ്പാടിന്റെ പതിവനുസരിച്ച് ചോദിക്കുന്നവനെ പുച്ഛിക്കുക എന്നതാണ് ഉത്തരം പറയും മുമ്പുള്ള ഒന്നാമത്തെ കാര്യം. ചോദ്യകര്‍ത്താവ് തെറ്റിദ്ധരിച്ചിരിക്കുന്നു, അബദ്ധധാരണ പേറുന്നു, ചോദ്യകര്‍ത്താവ് കമ്യൂണിസ്റ്റു വിരുദ്ധര്‍ പറഞ്ഞതു വിശ്വസിക്കുന്നു എന്നിങ്ങനെ. ഏതായാലും ഈ മിടുക്കന്‍ ചോദ്യം ചോദിച്ചയാളെ നമ്പൂതിരിപ്പാട് ഒന്നും പറഞ്ഞിട്ടില്ല. ഗുരു നിസ്സംഗമായി തന്റെ കര്‍മ്മം ചെയ്യുന്നു. 
അതേ നാട്ടാരേ, ഈ ഉത്തരം നല്കിയ നിരക്ഷരനാണ് സഖാവ് ഇ എം എസ് നമ്പൂതിരിപ്പാട്. ക്രിസ്ത്വബ്ദം എന്നാലെന്താണെന്ന് അറിയില്ലെന്നതല്ല പ്രശ്നം ഈ സമ്പ്രദായത്തില്‍ കാലഗണനയെങ്ങനെ എന്നു ചോദിച്ചപ്പോള്‍ തനിക്കറിയാത്ത വിഷയത്തിനു ഉത്തരം തേടുന്നതിനു പകരം പതിവു പ്രയോഗം നടത്തി മിടുക്കനാവുന്നു ഈ സൈദ്ധാന്തികന്‍. ആവര്‍ത്തിക്കട്ടെ, ഈ നിരക്ഷരനെ കുറ്റം പറയുന്നതില്‍ അര്‍ത്ഥമില്ല. ഉളുപ്പില്ലാതെ ഇദ്ദേഹത്തെ വാഴ്ത്തുന്ന ചരിത്രകാരന്മാരുള്‍പ്പെടെയുള്ള മൂടുതാങ്ങികളായ അല്പന്മാരെ തുറന്നുകാട്ടുക എന്നതാണ് ഇ എം എസിനെ തുറന്നുകാട്ടുമ്പോള്‍ ഫലത്തിലുണ്ടാവുക. ചരിത്രകാരനെന്ന നിലയ്ക്ക് ഇ എം എസിനെ വിലയിരുത്തുന്ന കെ എന്‍ പണിക്കരുടെ ലേഖനം നോക്കുക. സന്ദര്‍ഭത്തിനുതകുന്ന ചില ഉദ്ധരണികള്‍ എടുത്ത് വ്യാഖ്യാനം ചമച്ച് നമ്പൂതിരിപ്പാടിനെ പെരുപ്പിക്കുന്നു പണിക്കര്‍. ഗാന്ധിയെപ്പറ്റി പറഞ്ഞതു പ്രത്യേകം ശ്രദ്ധിക്കുക. പി ഗോവിന്ദപ്പിള്ളയെ തിരിഞ്ഞുകുത്തുന്ന ഏട്ടിലെ ഇ എം എസ് പണിക്കരെ വെറുതെ വിടുമോ? പണിക്കരുടെ നമ്പൂതിരിപ്പാട് സ്തുതികള്‍ക്ക് നമ്പൂതിരിപ്പാടിനെക്കൊണ്ടു തന്നെ മറുപടി പറയിക്കാം, ഇനി ഒരു പോസ്റ്റില്‍.

ഇ എം എസ്സും കോപ്പും (ഒന്ന്)

2 comments:

 1. പ്രിയപ്പെട്ട കാലിക്കട്ടർ,

  ഇ. എം. എസ്.-ന്റെ മറുപടിയിൽ പതിവു പോലെ മാർക്സിയൻ ഉദാഹരണങ്ങളും അഭിപ്രായങ്ങളും കടന്നുവന്നിട്ടുണ്ടെന്നുള്ളതു ശരി തന്നെ. പക്ഷേ, അദ്ദേഹത്തിന്റെ അഭിപ്രായം ഇവിടെ മണ്ടത്തരമാണെന്നു പറയുന്നതു് അത്ര ശരിയാണോ? എന്തുകൊണ്ടു് ക്രിസ്ത്വബ്ദം എല്ലായിടത്തും സ്വീകാര്യമായ കാലഗണനാസമ്പ്രദായമായി എന്നതിനു് ഒരുത്തരമേ ഉള്ളൂ - അതിന്റെ പ്രചാരകരായിരുന്നു ലോകത്തിന്റെ ഭൂരിഭാഗവും ഭരിച്ചിരുന്നതു്. പലതരം കലണ്ടറുകൾ ഉപയോഗിച്ചിരുന്ന ലോകരാജ്യങ്ങൾ മുന്നൂറോളം വർഷമെടുത്താണു് പതുക്കെപ്പതുക്കെ ഗ്രിഗോറിയൻ കലണ്ടറിലേയ്ക്കു നീങ്ങിയതു്.

  ഗ്രിഗോറിയൻ കലണ്ടർ ഏറ്റവും ശാസ്ത്രീയമായ കലണ്ടറുമല്ല. (ഇതിനെപ്പറ്റി ഞാൻ കലണ്ടറുകളുടെ ശാസ്ത്രീയതയും ഇസ്ലാമിക് കലണ്ടറും എന്ന പോസ്റ്റിൽ പറഞ്ഞിട്ടുണ്ടു്.) എന്നിട്ടും അതു പോപ്പുലറായതു് അധികാരികൾ അടിച്ചേല്പിച്ചിട്ടു തന്നെയാണു്.

  ചോദ്യകർത്താവു ചോദിച്ചതിൽ മുക്കാലും അബദ്ധമാണു്. അദ്ദേഹത്തിനു് മറ്റു കലണ്ടറുകളെപ്പറ്റി വിവരമില്ലായിരുന്നു എന്നു വ്യക്തമാണു്. കൊളോണയലിസത്തിന്റെ ("മുതലാളിത്തം" എന്നു് ഈയെമ്മെസ്സിന്റെ പ്രയോഗം) വരവു വരെ ലോകത്തിനു പൊതുവായ ഒരു കാലനിർണ്ണയോപാധി ഇല്ലായിരുന്നു എന്നും ക്രിസ്തുവർഷത്തിൽത്തന്നെ പഴയതും പുതിയതുമായ രണ്ടു് (ജൂലിയൻ, ഗ്രിഗോറിയൻ) കാലഗണനകൾ ഉണ്ടായിരുന്നു എന്നു പറയുന്നതും ശരി തന്നെയാണു്.

  താങ്കൾ ഉദ്ദേശിച്ചതു് എന്താണെന്നു് ഒന്നു വിശദമാക്കിയാൽ കൊള്ളാം. കുമാരനാശാനെപ്പറ്റിയുള്ള പ്രസ്താവനയിലുള്ളതു പോലെയുള്ള മണ്ടത്തരമൊന്നും ഞാൻ ഇതിൽ കാണുന്നില്ല.

  ReplyDelete
 2. ചോദ്യകര്‍ത്താവ് വസ്തുതള്‍ കണ്ടില്ലെന്നു നടക്കിക്കുകയാണ്. ;) ഇ എം എസ് ശൈലി പ്രയോഗിച്ചതാണ്, കാര്യമാക്കേണ്ട. ക്രിസ്തുവിന്റെ മരണശേഷം ആണ് ഏ ഡി? ക്രിസ്തുവിന്റെ ജീവിതകാലം അതിലില്ല? ഇതൊക്കെ ശരിവെച്ചുകൊണ്ട് (അതിനെപ്പറ്റി തര്‍ക്കമുണ്ടോ? ഇ എം എസ്സിന്റെ ചോദ്യോത്തരങ്ങള്‍ കുറച്ചെണ്ണം എടുത്തു നോക്കുക, ചോദ്യങ്ങളെ ഇദ്ദേഹം എങ്ങനെ സമീപിക്കുന്നുവെന്ന്) ഉളുപ്പില്ലാത്ത മറുപടി. ക്രിസ്ത്വബ്ദത്തെപ്പറ്റി അടിസ്ഥാനപരമായി അറിയേണ്ട കാര്യങ്ങള്‍ (ചോദ്യം വരുമ്പോള്‍ പുസ്തകം നോക്കി അറിയേണ്ട കാര്യങ്ങള്‍) അറിയാതെ വങ്കനൊരു മറുപടി (അതുകൊണ്ട് ഒരു പ്രയോജനവുമില്ലെന്നതിനാല്‍ വങ്കന്‍), അതും വിദഗ്ധന്റെ മറുപടിക്കായി ഓടിയ ഒരു കോളത്തില്‍.

  ReplyDelete