ആരെങ്കിലുമൊന്നു വായിക്കുംപോലെ വായിച്ചാല്‍ പിന്നെ ഇ എം എസ് എന്ന സൈദ്ധാന്തികന്‍ ഉണ്ടാവില്ല, നമ്പൂതിരിപ്പാട് ഫലിതമേ ഉണ്ടാവൂ. ഇനിപ്പറയും വിധം വേണം വായിക്കാന്‍. രണ്ടു കോപ്പി വേണം ഓരോ പുസ്തകവും. സമ്പൂര്‍ണ്ണകൃതികള്‍ ആവുന്നതാണ് സൌകര്യം. 1970- നിങ്ങോട്ട് എഴുതിയതുമാത്രം എടുത്താല്‍ മതി. അല്ലെങ്കില്‍ ഇ എം എസ്സിന്റെ വൈവിധ്യവാദം വായിക്കുന്നയാളെ കുഴക്കും. കുറെ കാര്‍ഡ്‌ബോര്‍ഡ് പെട്ടികള്‍, കത്രിക എന്നിവയും വേണം. പെട്ടികള്‍ക്ക് ലേബല്‍ കൊടുക്കണം. ചെന്തമിഴ്, ജാതി-ജന്മി-നാടുവാഴി വ്യവസ്ഥ, കുമാരനാശാന്‍, ത്രിഭാഷാപദ്ധതി, മാക്സിം ഗോര്‍ക്കി, പ്രാങ് (പ്രാങ്മുതലാളിത്തമെന്നതിലെ പ്രാങ്), വെണ്മണി, ആധുനിക-അത്യാധുനികസാഹിത്യം, മാര്‍ക്സ്, ഏംഗല്‍സ്, ലെനിന്‍, സ്റ്റാലിന്‍ (ഉദ്ധരണിപ്പെട്ടികളാണവ) എന്നിങ്ങനെ. ഒരിരുപത് പെട്ടി, അത്ര മതി. പെട്ടിക്കുള്ളില്‍ വെവ്വേറെ അറകളുണ്ടായാല്‍ നന്നാവും. നിര്‍ബന്ധമില്ല. ഇനി വായിച്ചുതുടങ്ങാം.