കാലിക്കോസെന്‍ട്രിക് Calicocentric dusty room

04/11/2010

ഇരുമ്പഴിക്കുള്ളില്‍, വി ഏ കേശവന്‍നായര്‍

കേരളത്തില്‍ പേനയുന്തികളും പണ്ഡിതന്മാരും മിക്കവരും "ഇടതു"പക്ഷത്തായിരുന്നതുകൊണ്ടോ എന്തോ കമ്യൂണിസ്റ്റുകാര്‍ക്ക് ഇഷ്ടമില്ലാത്ത ചരിത്രസംഭവങ്ങളും ആളുകളും പുസ്തകങ്ങളും വിസ്മൃതിയിലേക്കു വളരെവേഗം വഴുതിവീണിട്ടുണ്ട്. ക്വിറ്റ് ഇന്ത്യ സമരം ഏറെക്കുറെ ഇങ്ങനെ വിസ്മരിക്കപ്പെട്ട ഒരു അദ്ധ്യായമാണ്. ക്വിറ്റ് ഇന്ത്യ സമരകാലത്ത് കേരളത്തിലുണ്ടായ ശ്രദ്ധേയമായ കേസായിരുന്നു കീഴരിയൂര്‍ ബോംബ് കേസ്. 1942 ആഗസ്റ്റ് 9ന് ശേഷം കോഴിക്കോട്ടു വിവിധ സ്ഥലങ്ങളില്‍ നടന്ന ഗൂഢാലോചയെ തുടര്‍ന്ന്  ജില്ലയില്‍ കൊയിലാണ്ടിക്കടുത്തുള്ള ഒരു ഗ്രാമമായ കീഴരിയൂരില്‍വെച്ച് 1942 അവസാന മാസങ്ങളില്‍ സര്‍ക്കാര്‍ കെട്ടിടങ്ങള്‍, റെയില്‍വെ പാലങ്ങള്‍ എന്നിവ തകര്‍ക്കാനായി ബോംബുണ്ടാക്കിയെന്നും തുടര്‍ന്ന് വടക്കെ മലബാറില്‍ പലയിടത്തും വിധ്വംസക പ്രവൃത്തികള്‍ നടന്നുവെന്നുമായിരുന്നു കേസ്. ഈ സംഭവത്തിന്റെ പ്രധാന സൂത്രധാരന്‍ ഡോ. കെ ബി മേനോനായിരുന്നു. ബേര്‍ക്‌ലി യൂനിവേര്‍സിറ്റിയില്‍നിന്ന് പി എഛ് ഡി ലഭിച്ചശേഷം ഹാര്‍വഡ് യൂനിവേഴ്സിറ്റിയില്‍ പഠിപ്പിക്കുന്ന കാലത്ത് ജയപ്രകാശ് നാരായണന്റെ സ്വാധീനത്തില്‍ ഇന്ത്യയിലേക്കു മടങ്ങി ദേശീയ പ്രസ്ഥാനത്തില്‍ പങ്കാളിയാവുകയായിരുന്നു കെ ബി മേനോനെന്ന് കാലിക്കറ്റ് ഹെറിറ്റേജ് ഫോറം ബ്ലോഗില്‍ കാണുന്നു. ഡോ മേനോനും  വി ഏ കേശവന്‍ നായരും മറ്റു ചിലരും ഉള്‍പ്പെടുന്ന ബോംബയില്‍‌നിന്നു വന്ന മലയാളികളുടെ ഒരു സംഘം ക്വിറ്റ് ഇന്ത്യാ കാലത്തെ വിധ്വംസന പ്രവര്‍ത്തനങ്ങളില്‍ മുഖ്യമായി പങ്കുവഹിച്ചു. ഇവര്‍ മിക്കവരും പിന്നീട് പൊലീസ് പിടിയിലാവുകയും വര്‍ഷങ്ങള്‍ ജയിലില്‍ കഴിച്ചുകൂട്ടേണ്ടിവരികയുമുണ്ടായി. വി ഏ കേശവന്‍ നായര്‍ വിവിധ പൊലീസ് സ്റ്റേഷനുകളിലും ജയിലുകളിലുമുള്ള തന്റെ തടവുജീവിതം വിവരിക്കുന്ന കൃതിയാണ്  ഇരുമ്പഴിക്കുള്ളില്‍. ഇവരുടെ ഗൂഢാലോചനയുടെ ഫലമായി കോഴിക്കോടു ജില്ലയില്‍ പലയിടത്തും റെയില്‍വേസ്റ്റേഷന്‍ തീവെപ്പും പാലത്തിനു ബോംബു വെയ്ക്കലും നടന്നു.  കൂട്ടത്തിലുള്ളവര്‍ തന്നെ ഒറ്റിക്കൊടുത്തു പൊലീസ് പിടിയിലായ മേനോനെ  മാസങ്ങളോളം പൊലീസ് ലോക്കപ്പിലും സബ് ജയിലിലും തടവിലിട്ടശേഷമാണ് വിചാരണ ചെയ്യുന്നതും ആദ്യം വെറുതെ വിടുന്നതും പിന്നീട് അപ്പീലില്‍ പത്തുവര്‍ഷത്തെ തടവിനു ശിക്ഷിക്കുന്നതും. 1943 ആഗസ്റ്റ് 7ന് ചാവക്കാടുനിന്ന് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നു. കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലെ ലോക്കപ്പില്‍ (നാരകീയം എന്നാണ് അതിനെപ്പറ്റി ഇദ്ദേഹം പറയുന്നത്) പത്തുദിവസം. പിന്നെ ഒരു മാസത്തിലധികം കോഴിക്കോട് സബ് ജയിലില്‍, വീണ്ടും കൊയിലാണ്ടിയില്‍ ഒരു മാസത്തിനടുത്ത്, വീണ്ടും സബ് ജയിലില്. ഇങ്ങനെ മൂന്നു മാസം കഴിഞ്ഞാണ് വിചാരണ ആരംഭിക്കുന്നത്. ഉദ്ദേശം രണ്ടു മാസത്തിനുശേഷം കേസ് സെഷന്‍സ് കോടതിയിലേക്കു കമ്മിറ്റ് ചെയ്യുന്നു. 1944 മാര്‍ച്ച് ആറിന് സെഷന്‍സ് കോടതി വിചാരണ ആരംഭിച്ചു. ഏപ്രില്‍ 17ന് വിധി പറഞ്ഞു. 12 പേര്‍ക്ക് ഏഴു വര്‍ഷവും ഒരാള്‍ക്ക് 10 വര്‍ഷവും തടവു വിധിച്ച വിധി പക്ഷേ ഡോ. മേനോനെയും കേശവന്‍ നായരെയും വെറുതെവിട്ടു. വെറുതെ വിട്ടവരെ അന്നു തന്നെ കോടതിയുടെ ഗെയിറ്റില്‍ വെച്ച് അറസ്റ്റ് ചെയ്തു. വീണ്ടും റിമാന്‍ഡ്.   നേരത്തെ വിചാരണയ്ക്ക് ജയിലില്‍നിന്ന് പൊതുനിരത്തിലൂടെ നടത്തിച്ചുകൊണ്ടുപോവുമ്പോള്‍ മുദ്രാവാക്യം വിളിച്ചതിന് കേസെടുത്തതിനായിരുന്നു ഈ അറസ്റ്റ്. ഈ കേസ് പൊലീസ് പിന്‍വലിച്ചെങ്കിലും അതു കഴിഞ്ഞ് പുറത്തുപോവുന്നതിനു മുമ്പ് വീണ്ടും അറസ്റ്റ് ചെയ്തു. ഇത്തവണ തടങ്ങല്‍ തടവുകാരന്‍ (détenu) ആയിട്ടാണ് അറസ്റ്റ്. ഇത്തവണ തഞ്ചാവൂരിലെ തടങ്ങല്‍ ക്യാമ്പിലേക്കു കൊണ്ടുപോവുന്നു. തടങ്ങല്‍ ക്യാമ്പ് ജയിലല്ല. അവിടെ ജയിലിലില്ലാത്ത സ്വാതന്ത്ര്യമുണ്ട്. സ്വന്തമായി ഭക്ഷണം പാകം ചെയ്തു കഴിക്കാം. നിരോധിക്കപ്പെട്ട പുസ്തകങ്ങളും ലഘുലേഖകളും പോലും ലഭ്യം. എം പി നാരായണമേനോനുണ്ട് അവിടെ. ഏറനാട് താലൂക്ക് കോണ്‍ഗ്രസ് നേതാവായിരുന്ന നാരായണ മേനോനെ 1921 ല്‍ മലബാര്‍ കലാപത്തിന്റെ കാലത്ത് തടവിലാക്കി നാടുകടത്താന്‍ ശിക്ഷിച്ചിരുന്നു. പിന്നീടത് ജീവപര്യന്തമാക്കി. പതിന്നാലു വര്‍ഷം ജയിലില്‍ കിടന്ന നാരായണ മേനോന്‍ വീണ്ടും 1942ല്‍ തടവിലാക്കപ്പെട്ടു. ദീര്‍ഘകാലത്തെ ജയില്‍ജീവിതം അദ്ദേഹത്തിന്റെ മനസ്സിനെ  സവിശേഷമായി ചിട്ടപ്പെടുത്തിയിട്ടുണ്ടെന്നാണ് കേശവന്‍ നായര്‍ പറയുന്നത്.
 1944 മെയ് മാസം മുതല്‍ ഡിസംബര്‍ വരെ തഞ്ചാവൂരിലെ തടങ്ങല്‍ ക്യാമ്പില്‍ കഴിഞ്ഞശേഷം കേശവന്‍ നായരേയും കൂട്ടരെയും വെല്ലൂര്‍ ജയിലിലേക്കു കൊണ്ടു പോയി.  വെല്ലൂരില്‍ ഡെറ്റിന്യൂ തടുകാര്‍ക്കുള്ള ക്ലോസ് പ്രിസണില്‍ കഴിയവെ സര്‍ക്കാര്‍ കൊടുത്ത അപ്പീലില്‍ ഡോ കെ ബി മേനോനും കേശവന്‍ നായര്‍ക്കും എന്‍ എ കൃഷ്ണന്‍ നായര്‍ക്കും സി പി ശങ്കരന്‍ നായര്‍ക്കും പത്തുവര്‍ഷം വീതവും കെ വി ചാമുവിന് എട്ടു കൊല്ലവും തടവുശിക്ഷ ലഭിച്ചു. തുടര്‍ന്ന് കുറച്ചു ദിവസം വെല്ലൂരിലെ പ്രധാന ജയിലിലേക്കും തുടര്‍ന്ന്  ബെല്ലാരിയിലെ ആലിപ്പുരം ജയിലിലേക്കും മാറ്റുന്നു. 1946 ഏപ്രിലില്‍ കീഴരിയൂര്‍‌ കേസിലെ പ്രതികളെ വിട്ടയയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെ ആലിപ്പുരം ജയിലില്‍നിന്ന് കേശവന്‍ നായര്‍ വിമുക്തനാവുന്നു.
ജയിലിനുള്ളിലെ ജീവിതത്തെക്കുറിച്ചുള്ള വിവരണത്തെക്കാള്‍ കൂടുതലായി 200 പേജില്‍ താഴെ മാത്രമുള്ള ഈ പുസ്തകത്തെ പ്രസക്തമാക്കുന്നത് അക്കാലത്തെ പ്രക്ഷുബ്ധമായ രാഷ്ട്രീയാന്തരീക്ഷത്തെപ്പറ്റിയുള്ള ചില വിവരണങ്ങളാണ്. ട്രോട്സ്കിയൈറ്റ് ചായ്‌വുള്ള കമ്യൂണിസ്റ്റ് വിശ്വാസിയാണ് ഈ പുസ്തകമെഴുതുന്ന കാലത്ത് കേശവന്‍ നായര്‍. നാലാം ഇന്റര്‍ നാഷണല്‍ എന്നൊരു അദ്ധ്യായം തന്നെയുണ്ട് പുസ്തകത്തില്‍. സിലോണില്‍നിന്നുകൊണ്ടു വന്ന രണ്ടു രാഷ്ട്രീയ തടവുകാരില്‍ ഒരാളായ അന്തോണിപ്പിള്ളയാണ് ഇദ്ദേഹത്തിന് ട്രോട്സ്കിയൈറ്റ് ആശയങ്ങള്‍ പരിചയപ്പെടുത്തുന്നത്.
ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭണവുമായി ബന്ധപ്പെട്ട ചില സംഭവങ്ങളുടെ വിവരണത്തിനു പുറമേ രസകരമായ ചില കാര്യങ്ങള്‍ ഈ പുസ്തകത്തില്‍ കാണാം. അതിലൊന്ന് ജനകീയ യുദ്ധമെന്നു കമ്യൂണിസ്റ്റ് പാര്‍ട്ടി രണ്ടാം ലോകയുദ്ധത്തെ വിലയിരുത്തിയ ശേഷം  മലക്കം മറിഞ്ഞ നമ്പൂതിരിപ്പാടിനെ ബോംബെയില്‍ ഇദ്ദേഹവും കൂട്ടൂകാരും കാണുന്ന സംഭവമാണ്. ആരാണു തന്നെ കാണാന്‍ വന്നതെന്നു പറയുന്നില്ലെങ്കിലും ഈ സംഭവത്തെപ്പറ്റി നമ്പൂതിരിപ്പാട് തന്റെ ആത്മകഥയുടെ രണ്ടാം ഭാഗമായ ഇന്ത്യന്‍ കമ്യൂണിസ്റ്റിന്റെ ഓര്‍മ്മക്കുറിപ്പുകളില്‍ പറയുന്നുണ്ട്. സാമ്രാജ്യത്വയുദ്ധത്തിനെതിരെ പ്രവര്‍ത്തിക്കാന്‍ ഒളിവില്‍പ്പോയ നമ്പൂതിരിപ്പാട് പാര്‍ട്ടിയുടെ നിലപാട് മാറ്റത്തെത്തുടര്‍ന്ന് പാര്‍ട്ടി നിയമവിധേയമായപ്പോള്‍ പുറത്തുവന്ന് ജനകീയയുദ്ധക്കാരനായതറിയാതെ ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തിന് സഹായം തേടിയാണ് ബോംബെയിലെ ഈ മലയാളികള്‍ അദ്ദേഹത്തെ ചെന്നു കാണുന്നത്. യുദ്ധത്തിനു കോട്ടം വരുത്തുന്ന ഏതു പ്രവൃത്തിയെയും "ഞങ്ങള്‍ സര്‍വ്വശക്തികളും ഉപയോഗിച്ച് എതിര്‍ക്കും" എന്നാണത്രെ നമ്പൂതിരിപ്പാട് ഇവരോടു  പറഞ്ഞത്.
 കോളറക്കാലത്തെ കമ്യൂണിസമാണ് മറ്റൊരു സംഭവം.
കേരളത്തിലെങ്ങും കോളറ കൊടുമ്പിരിക്കൊണ്ടിരിക്കുന്ന കാലമായിരുന്നു അത്. അനവധി രാഷ്ട്രീയപ്രവര്‍ത്തകന്മാര്‍ ഗ്രാമസേവാസംഘത്തിന്റെ ആഭിമുഖ്യത്തില്‍ നാടുനീളെ രോഗികളെ ശുശ്രൂഷിക്കുന്നതിലും ശവം മറവുചെയ്യുന്നതിലും ഉദ്യുക്തരായിരുന്നു. അവര്‍ക്കു രോഗങ്ങളെ എതിര്‍ക്കുന്നതോടൊപ്പംതന്നെ കമ്യൂണിസ്റ്റ്കാരുടെ കുപ്രചരണത്തോടും മല്ലിടേണ്ടിവന്നു. ഗ്രാമസേവാസംഘം പ്രവര്‍ത്തകന്മാര്‍ ജാപ്പ് ഏജണ്ടുമാരാണെന്നും അവര്‍ കൊടുത്തിരുന്ന മരുന്ന് വിഷമാണെന്നും കമ്യൂണിസ്റ്റ്കാര്‍ സാധുക്കളുടെ ഇടയില്‍ പറഞ്ഞുപരത്തി. ആ മരുന്നിന്നു കമ്യൂണിസ്റ്റ്കാര്‍ പേരിട്ടത് "അഞ്ചാംപത്തിപ്പൊടി"യെന്നായിരുന്നു.
വി ഏ കേശവന്‍ നായര്‍, ഇരുമ്പഴിക്കുള്ളില്‍, മാതൃഭുമി, 1954 (രണ്ടാം പതിപ്പ്), പുറം 22.
ക്വിറ്റിന്ത്യാ സമരകാലത്തെ പാളിച്ചയ്ക്ക് കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രായശ്ചിത്തം ചെയ്തത് കോളറക്കാലത്തെ humanitarian work ലൂടെയാണെന്ന് ഒരു വാദമുണ്ട്. അതിന് ഇങ്ങനെയും ഒരു വശമുണ്ടെന്നാണ് കേശവന്‍ നായര്‍ പറയുന്നതില്‍നിന്നു മനസ്സിലാവുന്നത്.  കസ്തൂര്‍ബായുടെ മരണവാര്‍ത്തയറിഞ്ഞപ്പോഴുണ്ടായ ഹര്‍ത്താലിനെ കമ്യൂണിസ്റ്റുകള്‍ കോഴിക്കോടു നഗരത്തില്‍ പരസ്യമായി വിലക്കുകയുണ്ടായെന്ന് പുസ്തകത്തില്‍ കാണുന്നുണ്ട്.
കമ്യൂണിസ്റ്റുകാര്‍ അപവദിച്ചു നടക്കുന്ന സ്വതന്ത്രഭാരതം എന്ന നിയമവിരുദ്ധ പത്രത്തെപ്പറ്റിയും ചില വിവരങ്ങള്‍ ഈ പുസ്തകത്തില്‍ കാണാം. ഈ സ്വതന്ത്രഭാരത്തെക്കുറിച്ച്  കേരളരാഷ്ട്രീയത്തിലെ കോമാളിയായ ഇ കെ നായനാര്‍ പറയുന്നത് ഇങ്ങനെ: കെ പി സി സി നേതാക്കളുടെയും കോണ്‍ഗ്രസ്സിന്റെയും പേരില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്ത കൊടുത്തിരുന്ന സ്വതന്ത്രഭാരതം എന്ന പത്രത്തിനെതിരെ ദേശാഭിമാനി ശക്തിയുക്തം നീങ്ങി! ഇതു കാണുക. കുമ്പളത്തു ശങ്കുപിള്ളയുടെയും മറ്റും നേതൃത്വത്തില്‍ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ അസ്ഥികലശം കണ്ണൂരില്‍നിന്ന് ആഘോഷപൂര്‍വ്വം തിരുവനന്തപുരത്തേക്കു കൊണ്ടുവന്ന സംഭവത്തെപ്പറ്റി നമ്മുടെ പാര്‍ട്ടി പത്രമായ ദേശാഭിമാനി കത്തിച്ച ചാരവുമായി പട്ടത്തിന്റെ മന്ത്രിസഭയെ മറിച്ചിടാന്‍ കുമ്പളത്തു ശങ്കുപിള്ള തിരുവനന്തപുരത്തേക്കു വന്നു എന്ന് സ്വന്തം ആത്മകഥയിലെഴുതിവെച്ച കേരളത്തിന്റെ മഹാമുഖ്യനായ വങ്കന്‍ അതു പറയുന്നതില്‍ അത്ഭുതമില്ല. 

ഇ എം എസ്സും വൈതാളികസംഘവും വളച്ചൊടിച്ച ചരിത്രത്തിന്റെ മറുപുറത്തിന്റെ ചില പൊട്ടും പൊടിയുമായെങ്കിലും ലഭ്യമാണ് എന്നതാണ് ഈ പുസ്തകത്തിന്റെ സവിശേഷത.

01/11/2010

തന്തയ്ക്കു പിറക്കാത്ത ഇ എം എസ് സാഹിത്യസിദ്ധാന്തങ്ങള്‍

ഇ എം എസ്സാട്ടെ നവകേരളശില്പിയാട്ടെ, മനുഷ്യന്മാര്‍ ഇത്രയ്ക്ക് ഉളുപ്പുകെടാന്‍ പാടുണ്ടോ?
1991 ല്‍ ഭാഷാപോഷിണിയില്‍ നടന്ന സാഹിത്യ ചര്‍ച്ചയില്‍ പങ്കെടുത്ത് ഇ എം എസ് പറഞ്ഞ ചില കാര്യങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് 1992 ഫിബ്രവരി മാസത്തില്‍ ഒരാള്‍ ഇദ്ദേഹത്തോട് ഒരു ചോദ്യം ചോദിക്കുന്നു.  ചോദ്യകര്‍ത്താവ് ഉദ്ധരിച്ച ഈ ഭാഗം നോക്കുക.
സാഹിത്യരചനയും ആസ്വാദനവും തികച്ചും വ്യക്തിഗതമായ ഒരു വ്യാപാരമാണ്. സാമൂഹ്യമോ രാഷ്ട്രീയമോ ആയ യാതൊരു ലക്ഷ്യവും സാഹിത്യ രചനയ്ക്ക് ആവശ്യമില്ല. ആ അര്‍ത്ഥത്തില്‍ കല കലയ്ക്കുവേണ്ടിയാണ്. ഈ സത്യം കമ്യൂണിസ്റ്റുകാരായ ഞങ്ങള്‍ വേണ്ടത്ര മനസ്സിലാക്കിയിരുന്നില്ല.
ഇ എം എസ്സിന്റെ പതിവു വര്‍ത്തമാനത്തില്‍നിന്നു വളരെ വിഭിന്നമായ ഒരു നിലപാടാണിത്. താന്‍ തെറ്റുതിരുത്തുന്നവനാണ് എന്ന തോന്നലുണ്ടാക്കാനായി പല വിഷയങ്ങളിലും പല കാലങ്ങളിലും ഇത്തരം നാടകീയമായ നിലപാടു മാറ്റങ്ങള്‍ ഇ എം എസ് അവതരിപ്പിച്ചിട്ടുണ്ട്.
ഇവിടെ ഉദ്ധരിച്ചിരിക്കുന്ന കാര്യം താന്‍‌ പറഞ്ഞതുന്നെയാണെന്ന് ഉത്തരം പറയുമ്പോള്‍ നമ്പൂതിരിപ്പാട് ശരിവെയ്ക്കുന്നുണ്ട്. അളിഞ്ഞ ഉത്തരമാണ് നല്കുന്നത്. താന്‍ പറഞ്ഞ കാര്യങ്ങളൊക്കെ ബോധപൂര്‍വ്വമല്ലാതെ സാഹിത്യരചന നടത്തുന്ന സാഹിത്യകാരന്മാരെപ്പറ്റിയാണ് ശരിയായിരിക്കുന്നത്. (ആസ്വാദനത്തിന്റെ കാര്യത്തിലും അവരെയിരിക്കും നമ്പൂതിരിപ്പാട് ഉദ്ദേശിച്ചത്!) അവരെ സംബന്ധിച്ചിടത്തോളം കല കലയ്ക്കുവേണ്ടിയാണ്. വ്യക്തിഗതമായ വ്യാപാരമാണെങ്കിലും അമൂര്‍ത്തമായല്ല രചന നടത്തുന്നത്.  
"സാമൂഹ്യമോ രാഷ്ട്രീയമോ ആയ യാതൊരു ലക്ഷ്യവും സാഹിത്യ രചനയ്ക്ക് ആവശ്യമില്ല" എന്നത് കമ്യൂണിസ്റ്റുകാരല്ലാത്ത സാഹിത്യകാരന്മാരെക്കുറിച്ച് തികച്ചും ശരിയാണ്.
താന്‍ ഭാഷാപോഷിണിയില്‍ പറഞ്ഞ കാര്യങ്ങള്‍ ഉദ്ധരണി ചിഹ്നമിട്ട് ആവര്‍ത്തിച്ച് അതിന് അളിഞ്ഞ മറുപടി പറഞ്ഞ ഈ വങ്കന്‍ സൈദ്ധാന്തികന്‍ പക്ഷേ പിന്നെയും ഒരു മൂന്നു വര്‍ഷം കഴിഞ്ഞ് ഇതേക്കുറിച്ച് ചോദിച്ച ഒരു ചോദ്യത്തിനുത്തരമായി ഇങ്ങനെ പറഞ്ഞു.
ആയിരത്തിത്തൊള്ളായിരിത്തി തൊണ്ണൂറ്റിയൊന്നില്‍ "സാമൂഹ്യമോ രാഷ്ട്രീയമോ ആയ യാതൊരു ലക്ഷ്യവും സാഹിത്യ രചനയ്ക്ക് ആവശ്യമില്ലെന്നു" ഞാന്‍ പറയുകയുണ്ടായില്ല.
 തിരുനല്ലൂര്‍ കരുണാകരന്‍ ഭാഷോപോഷിണിയില്‍ എഴുതിയ ഒരു ലേഖനത്തില്‍ 1991 ലെ ഇ എം എസ്സിന്റെ നിലപാടുമാറ്റത്തെക്കുറിച്ച് അന്നത്തെ ഭാഷാപോഷിണിയില്‍നിന്ന് ഉദ്ധരിച്ചുകൊണ്ട് എഴുതിയ ലേഖനത്തെക്കുറിച്ചായിരുന്നു 1995 ലെ ചോദ്യം. ആ ഉത്തരം അവസാനിപ്പിക്കുന്നത് ഇങ്ങനെ:
എന്റെ സാഹിത്യനിരൂപണപരമായ കാഴ്ചപ്പാടില്‍ വന്ന പുരോഗതിയാണ് ഇതു സൂചിപ്പിക്കുന്നത്.
തൊലിക്കട്ടിയിലുണ്ടായ വര്‍ദ്ധനകൂടി ഇതു സൂചിപ്പിക്കുന്നില്ലേ?