കാലിക്കോസെന്‍ട്രിക് Calicocentric dusty room

25/02/2010

കേരളത്തിന്റെ പിതാമഹന്‍

ആരാണത്? ഒരു മഹാപ്രഭാഷകനാണ്. നൈഷ്ഠികബ്രഹ്മചാരിയാണ്. നാല്പതു പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ടത്രെ. ഇപ്പോള്‍ സിനിമാ നടന്മാര്‍ക്കു പിന്നാലെയാണ്. അവരൊക്കെ വിഗ്ഗും ധരിച്ചു കട്ടി മേക്കപ്പുമിട്ടു നടക്കുന്ന വങ്കന്മാര്‍. അവരുടെ തനിനിറം കണ്ടാല്‍ മധുരപ്പതിനേഴുകാരികള്‍ ബോധംകെട്ടു വീഴും. നോക്ക് എന്നെ. എന്റെ മുടി എന്റെ സ്വന്തം മുടി. സുന്ദരനല്ലേ ഞാന്‍, മോഹന്‍‌ലാലിനെക്കാള്‍?
കേരളത്തിന്റെ തനതുകലാരൂപമായ മിമിക്രിയിലെ വിഷയമായിരുന്നു അഴീക്കോട്. ഇപ്പോള്‍ ഈ കലാരൂപം അതിന്റെ വിഷയത്തിലേക്കു പ്രവേശിച്ചിരിക്കുന്നു. ജീവിക്കുന്ന കലാരൂപമായി മാറുന്ന അഴീക്കോട്! 

വിവേകശാലിയായ വാര്‍ദ്ധക്യത്തോട് കേരളത്തിലെ പൊതുമണ്ഡലത്തിന് വിശേഷിച്ചു താത്പര്യമൊന്നുമില്ല.  കടല്‍ക്കിഴവന്മാരെ ചുമലിലേറ്റി നടക്കുകയാണ് നമ്മുടെ സമൂഹം.

അച്ചുപിഴച്ചതോ ഇ എം എസിനു പിഴച്ചതോ?

ഇ എം എസിനെക്കുറിച്ചുള്ള എന്റെ പോസ്റ്റുകളില്‍ ഏറ്റവും നിഷ്കളങ്കമാണിത്. അനിഷ്ടം തോന്നാതെ ഏത് ഇ എം എസ് ഭക്തനും വായിക്കാവുന്നത്. ശങ്കരന്റെ നല്ല വശങ്ങളും ചീത്തവശങ്ങളും എന്ന പേരില്‍ 02.06.1989 ന് ചിന്തയില്‍ പ്രസിദ്ധീകരിച്ച ചോദ്യോത്തര പംക്തിയിലെ കുറിപ്പില്‍നിന്നാണ് താഴത്തെ ഉദ്ധരണി. പേജിന്റെ സ്കേനും കൊടുക്കുന്നു. 

ഈ പരിശോധനയുടെ ഫലമായി ചില വ്യക്തമായ നിഗമനങ്ങളില്‍ എത്താന്‍ മാര്‍ക്സിസ്റ്റു-ലെനിനിസ്റ്റുകാര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.
ഒന്നാമത്, പുരാതന ഇന്ത്യയിലെ വര്‍ഗസമൂഹം തകര്‍ന്ന് ചാതുര്‍വര്‍ണ്യത്തിന്റെയും ജാതിമേധാവിത്വത്തിന്റെയും രൂപത്തിലുള്ള വര്‍ഗസമൂഹം രൂപപ്പെട്ടതുമുതല്‍ക്കാണ് ഇന്ത്യന്‍ ദര്‍ശനം ഉടലെടുത്തത്. (സഞ്ചിക 42, പേജ് 311)
ഇതു വായിച്ചപ്പോള്‍ എനിക്കൊരു സംശയമുണ്ടായി. ഞാന്‍ അടിവരയിട്ട പദം തന്നെയാണോ അതോ വര്‍ഗരഹിത സമൂഹം എന്നാണോ ഇ എം എസ് ഉദ്ദേശിച്ചത്?  ആരോടാണിതു ചോദിക്കുക?
ഇ എം എസ് വിദഗ്ധര്‍ക്ക് ആര്‍ക്കെങ്കിലും ഈ ചോദ്യത്തിന് ഉത്തരം പറയാനാവുമോ?
ഈ ചോദ്യത്തിന് ഉത്തരമില്ലെങ്കില്‍ ഇ എം എസ് നമ്പൂതിരിപ്പാടിന്റെ ചരിത്ര വീക്ഷണം ഒരു അജ്ഞേയ വസ്തുവായിരിക്കണമല്ലോ.

22/02/2010

ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കുന്ന ഇ എം എസ്

28.09.1992 ന് ചിന്തയില്‍ ചോദ്യോത്തര പംക്തിയില്‍ ഇ എം എസ് നല്കിയ രസകരമായ ഒരു മറുപടി സഞ്ചിക 41, 328-330 താളുകളില്‍ കാണാം. നിത്യചൈതന്യയതി മാര്‍ക്സിനെയും പ്രൂധോണിനെയും പറ്റി പറഞ്ഞ കാര്യങ്ങളെ അടിസ്ഥാനമാക്കി ആരോ ചോദിച്ചതാണ് ചോദ്യം. ദാരിദ്ര്യത്തിന്റെ തത്ത്വശാസ്ത്രം എഴുതിയ പ്രൂധോണിനെ തത്ത്വശാസ്ത്രത്തിന്റെ ദാരിദ്ര്യം എന്ന പുസ്തമെഴുതി മാര്‍ക്സ് നിശിതമായി വിമര്‍ശിച്ചു. മാര്‍ക്സ് പ്രൂധോണിന്റെ നിലപാടുകളോട് നീതികാണിച്ചില്ലെന്ന് പ്രൂധോണിന്റെ പുസ്തകം എടുത്തു വായിച്ചാല്‍ മനസ്സിലാവുമെന്നു യതി പറഞ്ഞത്രെ. മാര്‍ക്സ് വസ്തുതകളെ വളച്ചൊടിച്ചത്രെ. ഇങ്ങനെ യതി പറയുന്നതു കേട്ട് ആശയക്കുഴപ്പത്തിലായ സഖാവാണ് ചോദ്യമുന്നയിച്ചയാള്‍. ഇതിന് ഇ എം എസ് നല്കുന്ന ഉത്തരം ഇ എം എസ് എന്ന സൈദ്ധാന്തികന്റെ നിലവാരം അളക്കാന്‍ ഉതകുമെന്നതിനാല്‍ അതെന്തെന്നു നോക്കാം.

മാര്‍ക്സ് ഒരു ചിന്തകനെ വളച്ചൊടിച്ച് അവതരിപ്പിച്ചു എന്ന ആരോപണത്തിനു മറുപടി പറയാന്‍ മാര്‍ക്സിന്റെ ഉദ്ധരണി തന്നെ മതിയെങ്കില്‍ ഇ എം എസിന്റെ മാര്‍ക്സിസം എന്നത് സ്വയം സമ്പൂര്‍ണ്ണമായ ഒരു വങ്കത്തരമാണ്. അതിന് സംവാദത്തില്‍ സ്ഥാനമില്ല. അതു കുപ്പയിലെറിയേണ്ട ചരക്കാണ്.  പ്രൂധോണിന്റെ പുസ്തകം താന്‍ കണ്ടിട്ടില്ല. അതുകൊണ്ട് തനിക്കറിയില്ലെന്ന് ചിന്തയിലെ കോളത്തിലോ വ്യക്തിപരമായ കത്തിന്റെ രൂപത്തിലോ  മറുപടി കൊടുത്താല്‍ മാന്യമാവുമായിരുന്നു. 
പകരം ഇ എം എസ് പറയുന്ന മറുപടിയിലെ ഓരോ വാക്യവും മന്ദബുദ്ധിയുടെ പ്രകടനമായി ഭവിക്കുന്നു. യതി മൊത്തത്തില്‍ നോക്കിയാല്‍ പുരോഗമനച്ചേരിയിലാണെന്ന ഒരു സര്‍ട്ടിഫിക്കറ്റുണ്ട് ഇതില്‍. അതു മാത്രം മതി സഞ്ചിക എഡിറ്റര്‍ക്ക് ഇ എം എസിന്റെ പ്രതിപക്ഷ ബഹുമാനത്തിനുദാഹരണമായി ഈ  ഉത്തരം എടുത്തുകാട്ടാന്‍. 
ചോദ്യത്തിനു മറുപടിയായി ഇ എം എസ് ആകെപ്പറയുന്നത് താഴെപ്പറയുന്ന ഉദ്ധരണിയില്‍ അടങ്ങിയ കാര്യമാണ്.
മാര്‍ക്സും പ്രൂധോണും തമ്മില്‍ നടന്ന ആശയപരമായ ഏറ്റുമുട്ടല്‍, യതി സൂചിപ്പിക്കുന്നതുപോലെ മാര്‍ക്സ് പ്രൂധോണ്‍ എന്ന രണ്ട് വ്യക്തികള്‍ തമ്മിലുള്ള മത്സരമല്ല. തൊഴിലാളി വര്‍ഗ്ഗ ചിന്താഗതിയും പെറ്റിബൂര്‍ഷ്വാ ആശയഗതിയും തമ്മിലുള്ള ഏറ്റുമുട്ടലാണത്രേ നടന്നത്.
ഇക്കാര്യം പറഞ്ഞുകൊടുക്കാന്‍ ഇ എം എസിന്റെ ഒരു കുറവേ യതിക്കുള്ളൂ. എത്ര തുച്ഛമാണ് ഇദ്ദേഹത്തിന്റെ ബുദ്ധിയെന്നു നോക്കുക. ഇത് യതി പറഞ്ഞ കാര്യത്തില്‍ എങ്ങനെയാണ് പ്രസക്തമാവുന്നത്? 
മാര്‍ക്സും പ്രൂധോണും തമ്മില്‍ അടിപിടികൂടിയാല്‍ പുസ്തകമല്ല ഉണ്ടാവുകയെന്നത്   പറഞ്ഞു തരുന്നയാളാണോ ഒരു മഹാ ചിന്തകന്‍? [അങ്ങനെ മാര്‍ക്സിനെ തോക്കെടുത്ത് അടികൂടാന്‍ ഒരു ദേഹം വെല്ലുവിളിച്ചിരുന്നു. അതു മാര്‍ക്സ് സ്വീകരിച്ചിട്ടുമില്ല.]
അതു പറഞ്ഞിട്ട് പിന്നെ നീണ്ട ഒരുദ്ധരണിയാണ്. അങ്ങനെ നീട്ടി ഉദ്ധരിച്ചാല്‍ തീരുന്നതാണോ ചോദ്യത്തിലെ പ്രശ്നം? ആ ഉദ്ധരണിയാവട്ടെ മുഴുവന്‍ ഒറ്റ ഉദ്ധരണിയാണെന്ന് പുസ്തകത്തിന്റെ എഡിറ്റര്‍ക്കുപോലും മനസ്സിലായിട്ടില്ല. പുസ്തകത്തിലെ ഫോര്‍മാറ്റിങ് സൂചിപ്പിക്കുന്നത് ആദ്യം ഉദ്ധരണി, പിന്നെ ഇ എം എസ് പറയുന്നത്, വീണ്ടും ഉദ്ധരണിയെന്നാണ്. വാസ്തവത്തില്‍ അതെല്ലാം കമ്യൂണിസ്റ്റ് മാനിഫെസ്റ്റോവില്‍നിന്നുള്ള ഉദ്ധരണിയാണ്. 
ഞാനിതു വായിച്ചപ്പോള്‍ ആദ്യം എനിക്കു തോന്നിയത് ഇ എം എസ് പ്രൂധോണിനെ ഉദ്ധരിക്കുകയാണ് എന്നാണ്. പ്രൂധോണ്‍ പറയാനിടയില്ലാത്ത കാര്യമാണല്ലോ ഉദ്ധരണി എന്നു കണ്ട് നോക്കുമ്പോഴേ കാര്യം മനസ്സിലാവൂ. സഞ്ചികയുടെ എഡിറ്ററും വിചാരിച്ചത് അതു തന്നെ. അതാണല്ലോ ഫോര്‍മാറ്റിങ് അങ്ങനെ ആയിരിക്കുന്നത്. 

പ്രൂധോണ്‍ പ്രതിനിധാനം ചെയ്യുന്ന ഈ ചിന്താഗതി മാര്‍ക്സും എംഗല്‍സുംകൂടി രൂപപ്പെടുത്തിയതും മാനിഫെസ്റ്റോയില്‍ വിശദീകരിച്ചതുമായ തൊഴിലാളി വര്‍ഗത്തിന്റെ വിപ്ലവകരമായ കാഴ്ചപ്പാടുമായി ഏറ്റുമുട്ടുന്നു. ആ ഏറ്റുമുട്ടലാണ് പ്രൂധോണിനെതിരെ മാര്‍ക്സ് നടത്തിയ നിശിതമായ വിമര്‍ശനത്തിന് അടിസ്ഥാനം.
മാര്‍ക്സ് തത്ത്വശാസ്ത്രത്തിന്റെ ദാരിദ്ര്യം എന്ന പേരില്‍ പ്രൂധോണിനെ വിമര്‍ശിക്കുന്ന പുസ്തകമെഴുതുന്നത് 1847-ലാണ്. മാനിഫെസ്റ്റോ ഇറങ്ങുന്നത് 1848-ലും. മുകളിലെ ഇ എം എസ് ഉദ്ധരണിയുടെ വങ്കത്തരം മനസ്സിലായില്ലേ?
social New Jerusalem എന്നതിനെ തര്‍ജ്ജമ ചെയ്തിരിക്കുന്നത് പുതിയൊരു സാമൂഹ്യയെരുശലേമിലേക്ക് എന്നാണ്. പുതിയൊരു യെരുശലേമല്ല പുത്തന്‍ യെരുശലേമാണ്. പ്രൂധോണിന്റെ പുസ്തകത്തെ മാര്‍ക്സ് വളച്ചൊടിച്ചതിനു മറുപടി മാര്‍ക്സ് പ്രൂധോണിനെപ്പറ്റി പറഞ്ഞതില്‍ കാണുന്ന പുസ്തകവൈരികള്‍ക്ക് New Jerusalem ആധുനിക യെരുശലേമേ ആവൂ. പ്രൂധോണ്‍ പോട്ടെ, മാര്‍ക്സിനെയും ഏംഗല്‍സിനെയും വായിക്കാനും വേണം ലേശം പുസ്തകജ്ഞാനം.
[ഇ എം എസ് കാളമൂത്രം പോലെ എഴുതിയെന്ന് ഉറച്ച ഇ എം എസ് ഭക്തനായ ഒരു സുഹൃത്ത്. എന്റെ ഇ എം എസ് കുറിപ്പുകള്‍ അദ്ദേഹത്തിനുണ്ടാക്കിയ അലോസരം ചീത്തവിളിയായി തന്നെ എനിക്കു തന്ന സുഹൃത്ത് പക്ഷേ ഒടുക്കം പറഞ്ഞത് അതൊക്കെ ഇ എം എസ് പറഞ്ഞിട്ടുണ്ടാവുമെന്ന് ഉറപ്പല്ലേ, കാളമൂത്രം പോലെ എഴുതിയ ഇ എം എസ് അതുപറഞ്ഞിട്ടില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ എന്നാണ്. ഈ സുഹൃത്തിനു പക്ഷേ ഇ എം എസിനോടുള്ള ആദരം ഒട്ടും കുറഞ്ഞിട്ടില്ല. ഇ എം എസിനെ വായിക്കാതെതന്നെ വെറുമൊരു ഇ എം എസ് ഭക്തനായ എന്റെ സുഹൃത്തിന്റെ സത്യസന്ധത കേരളത്തിലെ ഇടതുപക്ഷ അക്കാദമിക് ബുദ്ധിജീവികള്‍ക്കുണ്ടായിരുന്നെങ്കില്‍ അവരൊന്നും ഇത്ര മന്ദബുദ്ധികളായി പോവില്ലായിരുന്നു. ഇങ്ങനെ പറയുമ്പോള്‍ ഏറ്റവും അവജ്ഞയോടെ ഞാന്‍ ഓര്‍ക്കുന്നത് ബി രാജീവന്റെ വങ്കന്‍ ശങ്കരസ്തുതിയാണ്.]

ചൈനയിലെ സാംസ്കാരിക വിപ്ലവവും നമ്പൂതിരിപ്പാടും

കെ എസ് യുവും സാംസ്കാരികവിപ്ലവവും എന്നൊരു സാമാന്യം വലിയ ലഘുലേഖ ഇ എം എസ് 1974-ല്‍ എഴുതുകയുണ്ടായത്രേ. സഞ്ചിക 70-ല്‍ ഇതു ചേര്‍ത്തിരിക്കുന്നു. അതിന്റെ തുടക്കത്തില്‍തന്നെ ചൈനയിലെ സാംസ്കാരിക വിപ്ലവത്തെപ്പറ്റി നല്ലതു പറയുന്നു,  ഇ എം എസ്.  
മൌചിന്തകളോടു വിയോജിപ്പുള്ളവര്‍പോലും സാംസ്കാരിക വിപ്ലവം അഴിച്ചുവിട്ട യുവജനശക്തിയെ  ബഹുമാനിക്കുന്നുണ്ടത്രെ. "നൂറു പുഷ്പങ്ങള്‍ വിരിയട്ടെ, നൂറു ചിന്താഗതികള്‍ ഏറ്റുമുട്ടട്ടെ" എന്ന മുദ്രാവാക്യത്തോടെ 1958-59 കാലത്ത് ചൈനയിലുണ്ടായിരുന്ന പ്രസ്ഥാനത്തെയും ഇ എം എസ് പുകഴ്ത്തുന്നുണ്ട്. ഇതു വായിച്ചാല്‍ തോന്നുക സാംസ്കാരിക വിപ്ലവം നല്ല കാര്യമാണെന്നാണ് ഇ എം എസ് കരുതുന്നത് എന്നല്ലേ.
 വാസ്തവത്തില്‍ സാംസ്കാരിക വിപ്ലവത്തെ കെടുത്തിക്കൊണ്ട് ഇ എം എസ് എഴുതിക്കൂട്ടിയത് കുറച്ചൊന്നുമല്ല. അതും ഏതു വിധത്തില്‍! സാംസ്കാരിക വിപ്ലവം ലക്കും ലഗാനുമില്ലാതെ അഴിഞ്ഞാടുന്ന യുവതീയുവാക്കളുടെ രാജ്യമായി ചൈനയെ മാറ്റിയെന്ന് ഇ എം എസ് 1990കളില്‍ എഴുതി. 
"ഒരു വ്യാഴവട്ടക്കാലം ചൈനയില്‍ സാംസ്കാരിക വിപ്ലവമെന്ന ഓമനപ്പേരില്‍ നടന്നത് വെറുമൊരു പെറ്റിബൂര്‍ഷ്വാ സാഹസിക മുന്നേറ്റമായിരുന്നു എന്ന് ചൈനീസ് പാര്‍ട്ടിയുടെ വിലയിരുത്തല്‍" (ഇ എം എസ് പറയുന്നതു വിശ്വസിക്കുകയാണ്) ശരിവെയ്ക്കുന്നു 1982 ല്‍ ഇ എം എസ്.
 
1991-ല്‍ ബുദ്ധിയും വിവേകവും ആവുവോളം വികസിപ്പിച്ച ഇ എം എസ് സാംസ്കാരിക വിപ്ലവത്തെപ്പറ്റി പറയുന്നത് ഇപ്രകാരം:
 ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും ചൈനീസ് ജനതയുടെയും മാത്രമല്ല ആഗോളവിപ്ലവപ്രസ്ഥാനത്തിന്റെയും ചരിത്രത്തില്‍ ഇരുണ്ട നാളുകളായിരുന്നു സാംസ്കാരിക വിപ്ലവം തുടങ്ങിയതു മുതല്‍ക്കുള്ള കാലം. (20.12.1991ന് ചിന്തയില്‍ നല്കിയ മറുപടി)
22.05.1981 ന് ചിന്തയില്‍ നല്കിയ മറുപടിയില്‍ പറയുന്നത് സാംസ്കാരിക വിപ്ലവം ലൂ ഷാവോക്വിക്കെതിരായ ഉള്‍പ്പാര്‍ട്ടി സമരവും ആഭ്യന്തരയുദ്ധവുമായിരുന്നു എന്നാണ്. 
(ഈ പോസ്റ്റ് പൂര്‍ണ്ണമല്ല.)