കാലിക്കോസെന്‍ട്രിക് Calicocentric dusty room

26/06/2010

മുപ്പത്തൊന്നില്‍ കറാച്ചിക്കുപോയ ഇ എം എസ്

1931 ല്‍  കറാച്ചിയില്‍ ഒരു സമ്മേളനത്തില്‍ പങ്കെടുത്ത കാര്യം ഒരു ഇന്ത്യന്‍ കമ്യൂണിസ്റ്റിന്റെ ഓര്‍മ്മക്കുറിപ്പുകള്‍ എന്ന പുസ്തകത്തില്‍ ഇ എം എസ് പറയുന്നു. 1987 ലാണ് ഇതിന്റെ ആദ്യപരിഭാഷ മലയാളത്തില്‍ വരുന്നതെന്നാണ് പുസ്തകത്തിന്റെ എഡിഷന്‍ നോട്ടിസില്‍ കാണുന്നത്. ആത്മകഥയിലോ അപ്പുക്കുട്ടന്റെ വിഖ്യാത ജീവചരിത്രത്തിലോ ഇങ്ങനെ കറാച്ചിക്കുപോയ കാര്യമില്ല. എന്നുമാത്രമല്ല, ആദ്യമായി ഉത്തരേന്ത്യയിലേക്കു പോയി തണുത്തുവിറങ്ങലിച്ച് സ്റ്റേഷനില്‍നിന്ന കാര്യമൊക്കെ പാറ്റ്നയാത്രയുമായി (ഓര്‍മ്മയില്‍നിന്ന് എഴുതുകയാണ്, എന്തായാലും കറാച്ചിയല്ല)  ബന്ധപ്പെട്ട് വള്ളിക്കുന്ന് വിവരിക്കുന്നുമുണ്ട്. അതു മുപ്പത്തൊന്നിലല്ല, പിന്നെയും ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞാണ്.  അപ്പോള്‍ അക്കാലത്തൊന്നും മദിരാശിക്കപ്പുറം പോവാത്ത ഇ എം എസ് എങ്ങനെ കറാച്ചിയിലെത്തി?

നാല്പതുകളിലേ സ്വത്തെല്ലാം വിറ്റു പാര്‍ട്ടിക്കുകൊടുത്ത ഇ എം എസ് 1957 ലെ സര്‍ക്കാരിന്റെ കാലം വരെ പാട്ടംപിരിച്ചു ജീവിച്ചതായി ആത്മകഥയില്‍ എഴുതിയതു കെ എം ചുമ്മാര്‍ വെളിച്ചത്തെടുത്തിട്ടതുപോലെ വല്ലതുമായിരിക്കുമോ ഇതും?
ഓര്‍മ്മക്കുറിപ്പുകളിലൊക്കെ ഇങ്ങനെ അവാസ്തവം എഴുതിവെയ്ക്കുമോ ആളുകള്‍! മനസ്സിലാവുന്നില്ല!

19/06/2010

ഇ എം എസ്: 1952 ലെ രണ്ടു ചോദ്യോത്തരങ്ങള്‍

1952ല്‍ ഇ എം എസ് നമ്പൂതിരിപ്പാട് ദേശാഭിമാനിയില്‍ നല്കിയ രണ്ട് ഉത്തരങ്ങളാണ് താഴെ. സഞ്ചിക 11ല്‍ ആണ് ഇവ ഉള്ളത്.
ചോദ്യം
ആര്‍. കെ. നായര്‍, സുല്‍ത്താന്‍ബത്തേരി
വെണ്ടര്‍ കൃഷ്ണപിള്ള ഒരു മുതലാളി പ്രമാണിയാണെന്നും റിപ്പബ്ലിക്കന്‍ പ്രജാ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയാണെന്നുമുള്ള കാരണത്താല്‍ അദ്ദേഹത്തെ സഹായിക്കാതിരുന്നതു ശരിയെങ്കില്‍, ഒരു വലിയ ജന്മിപ്രമാണിയും ഹിന്ദുമഹാസഭയെ അനുകൂലിക്കുന്നയാളുമായ പത്മപ്രഭാ ഗൌണ്ടനെ സഹായിച്ചതെങ്ങനെ ശരിയാകും?
ഉത്തരം
ഗൌണ്ടന്‍ ഹിന്ദുമഹാസഭയെ സഹായിക്കുന്നയാളാണെന്ന് ഇതേവരെ ഞാന്‍ കേട്ടിട്ടില്ല.
 (സഞ്ചിക 11, പുറം 40)
ഗൌണ്ടനെക്കുറിച്ച് 11ആം സഞ്ചികയുടെ പുറകില്‍ കൊടുത്തിട്ടുള്ള കുറിപ്പുകൂടി കാണണം. അതിതാ:

(ഗൌണ്ടന്‍ ഭൂപ്രഭുവോ ബൂര്‍ഷ്വായോ എന്നൊന്നും പറയാതെ അലങ്കാരത്തില്‍ കഴിച്ചിരിക്കുകയാണ്.)

ചോദ്യം
പി വി കെ നായര്‍, പുലൂപ്പ

മൊയാരത്ത് ശങ്കരന്റെ മരണത്തിനുത്തരവാദി കേളപ്പനോ കോണ്‍ഗ്രസ്സ് ഗവണ്‍മെന്റോ?
ഉത്തരം
കമ്യൂണിസ്റ്റുകാരെ അടിച്ചമര്‍ത്തുകയെന്ന നയമനുസരിച്ചിരുന്ന കോണ്‍ഗ്രസ്സ് സംഘടന മുഴുവന്‍ അതിന് ധാര്‍മ്മികമായി ഉത്തരവാദിയാണ്. എന്നാല്‍ ആ നയമനുസരിച്ചുകൊണ്ടിരുന്ന അവസരത്തില്‍ തന്നെ കേളപ്പന്‍ ആ സംഭവം നടന്നതില്‍ തന്റെ പ്രതിഷേധം രേഖപ്പെടുത്തുകയുണ്ടായിട്ടുണ്ട്. (സഞ്ചിക 11, പുറം 31)

ചോദ്യത്തിനുത്തരം പറയാതിരിക്കുന്ന വക്രബുദ്ധി അന്നേ ഇദ്ദേഹത്തിനു കൈമുതലായിരുന്നു. കേളപ്പന്റെ പ്രജാപാര്‍ട്ടിയുമായി കമ്യൂണിസ്റ്റ് പാര്‍ട്ടി ഐക്യമുന്നണിയുണ്ടാക്കിയ കാലത്താണ് ഈ മറുപടി. "കമ്യൂണിസ്റ്റുകാര്‍ നേരിടേണ്ടിവന്നതുപോലെതന്നെ അത്രയും നീചമായ അപവാദത്തിന് കേളപ്പനും അദ്ദേഹത്തിന്റെ അനുയായികളും പാത്രീഭവിച്ചു," എന്ന് കേളപ്പനെച്ചൊല്ലി ഇദ്ദേഹം അന്യത്ര സങ്കടപ്പെടുന്നുമുണ്ട്. (സഞ്ചിക 11, പുറം 100) കേളപ്പനെക്കുറിച്ച് ഇതിനു മുന്‍പും പിന്നെയും കമ്യൂണിസ്റ്റ് പാര്‍ട്ടിയും ഇ എം എസ്സും നായനാരുമൊക്കെ എന്തൊക്കെ പറഞ്ഞിരുന്നു എന്നോര്‍ക്കണം ഇതിന്റെ സാരസ്യം മനസ്സിലാവാന്‍. കേളപ്പനും ഗുണ്ടകളും പാവപ്പെട്ടവരെ മര്‍ദ്ദിക്കുകയും വീടുകയറി ആക്രമിക്കുകയും സ്ത്രീകളെ മാനഭംഗപ്പെടുത്തുകയും ചെയ്തതിനെപ്പറ്റിയൊക്കെപ്പറഞ്ഞതു വിഴുങ്ങി  "അവര്‍ പണ്ടു ചെയ്ത തെറ്റുകളെയും കുറ്റങ്ങളെയും കുറിച്ച് ആവശ്യത്തിലധികം ഊന്നിയൂന്നിപ്പറഞ്ഞ് അവര്‍ കോണ്‍ഗ്രസ്സുകാര്‍ തന്നെയാണെന്ന നിഗമനത്തിലെത്തുന്നതി"നെതിരെ ഇ എം എസ് മുന്നറിയിപ്പുനല്കുന്നു. (സഞ്ചിക 10, പുറം 356.) മേലുദ്ധരണി എടുത്ത കെ എസ് പിയും പ്രജാ പാര്‍ട്ടിയും എന്ന ലേഖനത്തില്‍ കേളപ്പന്റെ ഭൂതവും വര്‍ത്തമാനവും ശുദ്ധമാക്കാന്‍ ഇ എം എസ് പാടുപെടുന്നതു കാണാം. ഗൌണ്ടനോടോ കേളപ്പനോടോ അല്ല എന്റെ താത്പര്യം. ഇ എം എസ്സിന്റെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെയും ഹിസ്റ്റോറിക്കല്‍ റിവിഷനിസത്തോടാണ്. ഇ എം എസ് മണ്ണിട്ടുമൂടിയ സ്വന്തം ചരിത്രങ്ങളെപ്പറ്റി അന്വേഷിക്കുമ്പോള്‍ കണ്ട ഒരു കൌതുകവര്‍ത്തമാനം മാത്രമാണിത്.

18/06/2010

ഉണ്ണാമന്‍മാരുടെ ഇ എം എസ് വായന

സ്വന്തം കൃതിയെക്കുറിച്ച് ഇ എം എസ് നുണപറഞ്ഞു എന്നാക്ഷേപിക്കുന്ന ഒരു പോസ്റ്റ് ഞാന്‍ എഴുതിയിരുന്നു. പുറത്തുനിന്ന് ബ്രാഹ്മണര്‍ വന്ന് ഇവിടെ ആധിപത്യം സ്ഥാപിച്ചു എന്ന വാദത്തെ തന്റെ ആദ്യ കേരളചരിത്ര ഗ്രന്ഥത്തില്‍ ചോദ്യം ചെയ്തു എന്നു പറയുന്ന ഇ എം എസ്സിന്റെ പില്‍ക്കാലവാദം കാപട്യമാണെന്നായിരുന്നു ഞാന്‍ പറഞ്ഞത്. ഇതിനെക്കുറിച്ച് ഒരു വിവരദോഷി എഴുതിയത് ഇവിടെ കാണാം. ടിയാന്‍ ഇ എം എസ്സിനെ ഉദ്ധരിച്ച് ഞാന്‍ പറയുന്നതിനെ ഖണ്ഡിക്കുകയാണെന്നാണ് ടിയാനും ടിയാനെ കെട്ടിയെഴുന്നെള്ളിക്കുന്ന സി പി എം ഓണ്‍ലൈന്‍ യൂണിറ്റ് അംഗങ്ങളും വിചാരിക്കുന്നത്. നമ്പൂരാര്‍ വന്നത് ഒരു നാട്ടില്‍നിന്നല്ല, പലനാട്ടില്‍നിന്ന് പലസമയത്തായി വന്നുവെന്ന് (കുറെ തെറിസഹിതം) മനസ്സിലാക്കിയാല്‍ ഇ എം എസ് 1947-48 കാലത്ത് എഴുതിയതും 1994 ല്‍ പ്രസംഗിച്ചതുമായി വ്യത്യാസമില്ലെന്നാണ് ടിയാന്‍ പറയുന്നത്. 
ഇവിടെ വന്ന ബ്രാഹ്മണര്‍ ഒരൊറ്റ സംഘമായി, ഒരു സ്ഥലത്തു നിന്ന്, ഒരു തവണ വന്നു കുടിയേറിപ്പാര്‍ത്തവരാണെന്നു വിചാരിക്കുന്നതിനു പകരം പല പ്രദേശങ്ങളില്‍ നിന്ന്, പല തവണയായി, പല സംഘങ്ങള്‍ വന്നുവെന്നു കരുതുന്നതാണ് കൂടുതല്‍ യുക്തിക്ക് ചേര്‍ന്നത്. (ഇ എം എസ്, 1948, ടിയാന്റെ നിറക്കൂട്ടോടെ)
ഏതെങ്കിലുമൊരു സമൂഹം മുഴുവന്‍ മറ്റൊരു രാജ്യത്തില്‍നിന്നുവന്ന് ഇവിടെ കുടിയേറിപ്പാര്‍ത്തുവെന്നുള്ളത് അസംബന്ധമാണ്. വടക്കേ ഇന്ത്യയില്‍നിന്ന് പലരും വന്നിട്ടുണ്ടാവാം. സിലോണില്‍നിന്നും വന്നിട്ടുണ്ടാവാം. പക്ഷേ, ഇന്നുള്ള ജാതികളില്‍ ഒന്ന് മുഴുവന്‍ വടക്കേ ഇന്ത്യയില്‍നിന്നു വന്നവരാണ്, മറ്റൊന്ന് മുഴുവന്‍ ശ്രീലങ്കയില്‍നിന്നു വന്നവരാണ് എന്നുള്ളത് അസംബന്ധമാണ്.  (ഇ എം എസ്, 1994)
1994-ലെ പ്രസംഗത്തില്‍നിന്നുള്ള ഈ ഉദ്ധരണിയിലെ "ഒരു" ഇഷ്ടന് അങ്ങ് പോതിച്ചു. വ്യാഖ്യാനവും ചമച്ചു.  വടക്കേ ഇന്ത്യ എന്നത് ഒറ്റ രാജ്യമല്ലെന്നാലോച്ചാല്‍ തന്നെ ഇ എം എസ് 1994 ല്‍ ഉന്നയിക്കുന്ന പ്രശ്നം നമ്പൂതിരിമാര്‍ വന്നത് ഒറ്റ രാജ്യത്തുനിന്നാണോ അല്ലയോ എന്നതല്ല പുറത്തുനിന്നു വന്നോ ഇവിടെത്തന്നെ ഉണ്ടായോ എന്നതാണെന്നു സാമാന്യബുദ്ധിക്കു മനസ്സിലാക്കാവുന്നതേയുള്ളൂ.  സിപിഎമ്മുകാരേ,   ഇ എം എസ്സിനെ വായിക്കാനും നിങ്ങളെ പഠിപ്പിക്കണമെന്നതു കഷ്ടം തന്നെ. കാര്യമിതാണ്. 1947-48 കാലത്തെ പുസ്തകത്തിലെ നമ്പൂതിരിമാരുടെ ആഗമനത്തെപ്പറ്റിയുള്ള നിലപാട് 1951-ല്‍ തന്നെ ഇ എം എസ് തിരുത്തി. 1948-നുശേഷം ചില്ലറ പുസ്തകങ്ങള്‍ വായിച്ച് ആഭ്യന്തര-ബാഹ്യ വൈരുദ്ധ്യങ്ങളെപ്പറ്റി ചില്ലറ മാര്‍ക്സിസ്റ്റ് അറിവു നേടിയ ഇ എം എസ് , നമ്പൂതിരിമാര്‍ പുറത്തുനിന്നു വന്നവരല്ലെന്ന് പറഞ്ഞു. 1951-52 കാലത്തെഴുതിയ കേരളത്തിന്റെ ദേശീയ പ്രശ്നങ്ങള്‍ എന്ന കൃതിയിലാണ് ഇദ്ദേഹം ഇങ്ങനെ നിലപാട് തിരുത്തുന്നതെന്നാണ് വെപ്പ്. സഞ്ചിക 9-ല്‍ ഈ പുസ്തകം ഉള്‍പ്പെടുത്തിയിട്ടുണ്ട്. 1952ല്‍ ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ച കൃതിക്ക് 1955ലായിരിക്കണം മലയാള പരിഭാഷ ഉണ്ടായത്. എന്തെന്നാല്‍ 1955ലെ മലയാളം പതിപ്പിന് എന്നു പറഞ്ഞ് ഒരു മുഖവുരയും  സഞ്ചിക 9-ലുണ്ട്.
അതില്‍നിന്ന് ഒരു പേജിതാ:
കേരളത്തിലെ വിവിധ ജാതികള്‍ വിവിധ കാലഘട്ടങ്ങളിലായി വിവിധ പ്രദേശങ്ങളില്‍നിന്നു വന്നവരാണെന്നൂഹിക്കുന്നതിനെക്കാള്‍ യുക്തിയുക്തമായിട്ടുള്ളത്, താരതമ്യേന സമത്വത്തോടെ ജീവിച്ചിരുന്ന പ്രാചീന കേരളസമുദായത്തില്‍ അസമത്വങ്ങള്‍ വളരാന്‍ തുടങ്ങിയപ്പോള്‍ ജാതികള്‍ ഉളവായെന്നു കരുതുന്നതാണെന്നാണ് ഞാന്‍ ചൂണ്ടിക്കാണിക്കുന്നത്. 
ആ വിവരദോഷി ബ്ലോഗെറെ മുന്നില്‍ക്കണ്ടുകൊണ്ടാണ് ഇ എം എസ് ഇങ്ങനെ എഴുതിയതെന്നുതോന്നും. ഇങ്ങനെ നിലപാടു മാറ്റാനുള്ള കാരണം ഇ എം എസ് അടിവരയിട്ടുകൊടുത്തിട്ടുണ്ട്. മാര്‍ക്സിസ്റ്റ് വൈരുദ്ധ്യസിദ്ധാന്തമല്ലാതെ മറ്റൊന്നുമല്ല അത്. 1951-52 കാലത്ത് ലേശം മാര്‍ക്സിസവും ചരിത്രവുമൊക്കെ പഠിച്ച് ഇ എം എസ് തള്ളിക്കളഞ്ഞ ഒരു നിലപാടിനെ 1994-ല്‍ ഇ എം എസ്സിനെക്കൊണ്ട് പേറിക്കാന്‍ പണിപ്പെടുകയാണ് വിദ്വാന്‍! (ഇ എം എസ് അതും അതിലപ്പുറവും ചെയ്തിട്ടുണ്ടെന്നതു ശരിതന്നെ.)
ഇനി ആഭ്യന്തരമായി മാറ്റം സംഭവിക്കാന്‍ ബാഹ്യവൈരുദ്ധ്യം പോരാ ആഭ്യന്തര വൈരുദ്ധ്യം വേണമെന്ന വൈരുദ്ധ്യപാഠത്തെക്കുറിച്ച് ഇ എം എസ് അടിവരയിട്ടെഴുതിയതു വായിച്ചശേഷം വീണ്ടും 1994 ലെ പ്രസംഗഭാഗം വായിക്കുക. ഒരു സമുദായം മുഴുവന്‍ പുറമേനിന്നുവരുക എന്നത് അസംഭാവ്യമാണെന്നാണോ അതോ നമ്പൂതിരിമാര്‍ പലയിടത്തുനിന്നും വന്നുവെന്നാണോ നമ്പൂതിരിപ്പാട് ഉദ്ദേശിക്കുന്നത്?
പോരെങ്കില്‍ നമ്പൂതിരിമാരും നായന്മാരും അടങ്ങുന്ന ജാതിഹിന്ദുക്കളെല്ലാം ഒരു കാലത്ത് ഇവിടെത്തന്നെയുള്ള ഒരേ ജാതിയായിരുന്നു എന്നും ഇ എം എസ് പറയുന്നു. പൂര്‍വ്വനായര്‍ (പ്രാങ്നായര്‍ എന്നല്ലേ) എന്നാണ് ഈ ജാതിയെ ഇ എം എസ് വിളിക്കുന്നത്.
ഇങ്ങനെ ഒരു സമുദായം ഒന്നാകെ പുറത്തുനിന്നു വരുക എന്നത് അശാസ്ത്രീയമാണെന്നു സിദ്ധാന്തിച്ചതിന് കെ എന്‍ പണിക്കര്‍ എന്ന  പാര്‍ട്ടി ചരിത്രകാരന്‍ ഇ എം എസിനെ പുകഴ്ത്തുന്നുമുണ്ട്. അപ്പോള്‍ ശ്യാമക ബാലകാ, കാലിക്കോസെന്‍ട്രിക്കിനെ തെറിവിളിക്കാന്‍ ഇ എം എസ് തള്ളിക്കളഞ്ഞ ഒരു കാര്യത്തെ ഇ എം എസ്സിന്റെ തലയില്‍ കെട്ടിവെയ്ക്കണോ?
ബാലകനറിയുമോ ഇ എം എസ് എന്ന മഹാപ്രതിഭാസത്തെ?
മേല്പറഞ്ഞ പരിഷ്കരിച്ച വീക്ഷണം 1951-52 കാലത്തെഴുതിയ പുസ്തകത്തിലും 1965 ല്‍ പ്രസിദ്ധീകരിച്ച കേരളം: ഇന്നല, ഇന്ന്, നാളെ എന്ന പരട്ട പുസ്തകത്തിലും കാണാം. ദശകങ്ങള്‍ക്കുശേഷം ഇ എം എസ് നമ്പൂതിരിപ്പാട്, 1990-ല്‍ ആണെന്നു പറയുന്നു, കേരളചരിത്രം മാര്‍ക്സിസ്റ്റ് വീക്ഷണത്തില്‍ എന്നൊരു കെരന്തമെഴുതി. നമ്പൂതിരിസമുദായം പുറത്തുനിന്നു വന്നവരാണെന്നു പറഞ്ഞ  ആദ്യകാല ഇ എം എസ്, ഇവിടെത്തന്നെയുള്ളവരാണെന്നു പറഞ്ഞ ഇടക്കാല ഇ എം എസ് എന്നീ ഘട്ടങ്ങളൊക്കെ പിന്നിട്ട് മൂത്തുപഴുത്ത വിവേകവുമായി 1990 ല്‍‌ കെരന്തം രചിക്കുമ്പോള്‍ ഈ വിഷയത്തില്‍ സഖാവ് എന്തു പറഞ്ഞിട്ടുണ്ടാവും? ഊഹിക്കാമോ?  ഇതു പക്ഷേ സി പി എമ്മുകാരോട് ചോദിക്കേണ്ട ചോദ്യമല്ല, കെ എന്‍ പണിക്കരോടും രാജന്‍ ഗുരുക്കളോടും മറ്റു സി പി എം ചരിത്രകാരന്‍മാരോടും ചോദിക്കേണ്ട ചോദ്യമാണ്. അതുമാത്രവുമല്ല, ആദ്യത്തെ സ്കേനില്‍ (സഞ്ചിക 11, പുറം 118) കാണുന്ന "ആര്യസംസ്കാരം ദ്രാവിഡ സംസ്കാരത്തെക്കാള്‍ മെച്ചപ്പെട്ടതാണെന്ന ധാരണ... അവാസ്തവമാണ്, അശാസ്ത്രീയമാണ്" എന്നു പറയുന്ന നമ്പൂതിരിപ്പാട് പില്‍ക്കാലത്ത് ഈ വിഷയത്തില്‍ പറഞ്ഞുനടന്നതെന്താണ്? ഈ വക കാര്യങ്ങളില്‍ ഒരു നര്‍മ്മലേഖനത്തോടെ  നമ്പൂതിരിപ്പാട് ഫലിതങ്ങള്‍ വീണ്ടും.

(കേരളചരിത്രം മാര്‍ക്സിസ്റ്റ് വീക്ഷണത്തില്‍  എന്ന പുസ്തകത്തിന്റെ 2008ലെ ഒരു പതിപ്പ് 200നടുത്തു രൂപ കൊടുത്തു ഞാന്‍ വാങ്ങി. നിറയെ പരിഹാസ്യമായ അക്ഷരത്തെറ്റുകളോടും മുറിഞ്ഞ വാക്യങ്ങളോടും കൂടി ഈ പുസ്തകം ജന്മശതാബ്ദിക്കാലത്തുതന്നെ പ്രസിദ്ധീകരിച്ച ദേശാഭിമാനിക്കാരെ വെറുതെവിടാന്‍ പാടുണ്ടോ, ഇ എം എസ് ഭക്തരേ?)

രണ്ടു രണ്ടരമാസമായുള്ള നിഷ്ക്രിയത്വത്തില്‍നിന്ന് കൂവിയുണര്‍ത്തിയ സി പി എം Google buzzardsനോടും ബ്ലോഗെര്‍മാരോടുമുള്ള ഉപകാരസ്മരണമാത്രമാണ് ഈ കുറിപ്പ്.