കാലിക്കോസെന്‍ട്രിക് Calicocentric dusty room

01/03/2010

കാലിക്കറ്റ് യൂനിവേഴ്സിറ്റിയിലെ മാര്‍ക്സിസ്റ്റ് പാര്‍ട്ടി മണ്ടന്മാര്‍

മാര്‍ക്സിസ്റ്റു പാര്‍ട്ടി എതിര്‍വാക്കില്ലാതെ ഭരിക്കുന്ന കാലിക്കറ്റ് യൂനിവേഴ്സിറ്റി കേമ്പസില്‍ EMS CHAIR FOR MARXIAN STUDIES AND RESEARCH എന്നൊരു സ്ഥാപനമുണ്ട്. യൂനിവേഴ്സിറ്റി കേമ്പസില്‍ കുറെ സ്ഥലം സംഘടിപ്പിച്ച് കെട്ടിടങ്ങള്‍ മുറയ്ക്കുകെട്ടിപ്പൊക്കി സ്ഥാപനം നാള്‍ക്കുനാള്‍ അഭിവൃദ്ധിപ്രാപിക്കുന്നുണ്ട്.  അവിടെ നടക്കുന്ന ഗവേഷണം എന്താണെന്ന് എനിക്കറിയില്ല. നാലുകാശുണ്ടാക്കാനുള്ള കച്ചവടമൊക്കെ അവിടെ നടക്കുന്നുണ്ടെന്നറിയാം. കംപ്യൂട്ടര്‍ ഗ്രാഫിക്സും ഏനിമേഷനും ഒക്കെ പഠിപ്പിക്കുന്ന ഒരു സ്ഥാപനമുണ്ടവിടെ. കംപ്യൂട്ടറുകളെപ്പറ്റി എണ്‍പതുകളുടെ മദ്ധ്യത്തില്‍ ഇ എം എസ് പറഞ്ഞ സംഗതികളൊക്കെ സമ്പൂര്‍ണ്ണകൃതികളുടെ സഞ്ചികകളില്‍ കണ്ടാല്‍ ഇ എം എസ് കൃതിയാണെന്നൊന്നും നോക്കാതെ ഈ ഗവേഷകന്മാര്‍ കത്തിച്ചുകളയാന്‍ സാധ്യതയുണ്ട്.  ഫ്രെഡെറിഹ് ഏംഗല്‍സിന്റെ Dialectics of Nature എന്ന കൃതിയൊക്കെ അവര്‍ തര്‍ജ്ജമ ചെയ്തു പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നാണ് ഇവിടെ കാണുന്നത്. അതൊന്നു കാണാന്‍ പലയിടത്തും നോക്കിയെങ്കിലും കിട്ടിയില്ല. കാമ്പസില്‍ മാത്രമല്ല യൂനിവേഴ്സിറ്റിയുടെ വെബ്സൈറ്റിലും ഇവര്‍ക്കു ചില്ലറ സ്ഥലം പതിച്ചുനല്കിയിട്ടുണ്ട്. ആ ചില്ലറ സ്ഥലത്ത് അവര്‍ ഒപ്പിച്ചുവെയ്ക്കാവുന്നിടത്തോളം തമാശ ഒപ്പിച്ചുവെച്ചതിനെപ്പറ്റിയാണ് ഈ പോസ്റ്റ്.  ഇവിടെ കാണുന്നതാണ് താഴെ പകര്‍ത്തിവെച്ചിട്ടുള്ളത്.

E.M.S. Namboodiripad

E.M. Sankaran Namboodiripad started his public life by participating in the Freedom Struggle against British Imperialism. He acted as the Kerala Pradesh congress Committee Secretary for four years (1934-1938) and then moved to socialist group of the congress party. From 1950 onwards he became a polit bureau member of the communist party He became the first elected Chief Minister of the Community party in 1957. Until his demise on 19th March 1998 he was an ardent follower of Marxism-Leninism . In addition to his political activities his intellectual contributions played a very important role in determining the cultural scenario of Kerala. His first masterpiece Keralam- Malayalikalude Mathrubhumi, was a cultural critique and paved the way for further investigations in Kerala culture and history. His works on Indian Freedom Struggle, literary criticism and many other important essays are worth studying. Actually he introduced a new experiment with Marxism by formulating the concept of coalition ministry. He was the protagonist behind the Peoples planning campaign (Janakeeya Asutranam) implemented by left democratic front in Kerala.
ഇതെഴുതിയത് ഏതോ മാര്‍ക്സിസ്റ്റു പാര്‍ട്ടി ബുദ്ധിജീവിയാവണം. cultural critique എന്നൊക്കെ പറഞ്ഞതു കണ്ടില്ലേ. പക്ഷേ കേരളത്തിലെ മാര്‍ക്സിസ്റ്റു പാര്‍ട്ടി ബുദ്ധിജീവികള്‍ക്കു സ്വാഭാവികമായ നിരക്ഷരത ഇതിലും പ്രകടമാണ്. His works on Indian Freedom Struggle, literary criticism and many other important essays are worth studying. സ്വാതന്ത്ര്യ സമരം സാഹിത്യവിമര്‍ശനം മറ്റു പ്രധാന പ്രബന്ധങ്ങള്‍ എന്നിവയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കൃതികള്‍ പഠിക്കാന്‍ കൊള്ളാമെന്ന്. എന്താണ് അതിന്റെ അര്‍ത്ഥം എന്ന് എന്നോടു ചോദിക്കരുത്. തത്ത്വചിന്തകനും ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്റ്ററുമായ സഖാവ് പി കെ പോക്കറിന്റെ ഒരു നിരക്ഷരകൃതിയെപ്പറ്റി ഞാന്‍ മാസങ്ങള്‍ക്കു മുമ്പെഴുതിയ ഒരു പോസ്റ്റ് ഇവിടെക്കാണാം.
പി കെ പോക്കര്‍ ഡോട് കോം
പോക്കര്‍ സഖാവും ഈ ചെയറും തമ്മില്‍ ചില്ലറ ബന്ധങ്ങളൊക്കെയുണ്ട്. ഈ ചെയര്‍ പ്രസിദ്ധീകരിക്കുന്ന മാര്‍ക്സിസ്റ്റ് ദര്‍ശനം എന്ന കൃതിയുടെ ഓണററി എഡിറ്ററാണത്രെ പോക്കര്‍ സഖാവ്. പിന്നെ ചെയറിന്റെ ഗവേണിങ് ബോഡി അംഗവും. മുകളിലെ കുറിപ്പില്‍ പോക്കറുടെ ഭാഷയുടെ ഒരു തിളക്കം കാണുന്നുണ്ട്.
തമാശ കാണാം ഇനി. ആകെ അഞ്ചാറു വാക്യമാണുള്ളത്. അതില്‍ എത്രത്തോളം മണ്ടത്തരം കുത്തിനിറയ്ക്കാമോ അത്രത്തോളം നിറച്ചിട്ടുണ്ട്.
E.M. Sankaran Namboodiripad started his public life by participating in the Freedom Struggle against British Imperialism.
സമുദായ പരിഷ്കരണത്തിലൂടെയാണ് താന്‍ സാമൂഹ്യ പ്രവര്‍ത്തനരംഗത്തേക്കു വരുന്നതെന്ന് നമ്പൂതിരിപ്പാട് ആത്മകഥയിലൂടെയും മറ്റനേകം രചനകളിലൂടെയും വ്യക്തമാക്കിയിട്ടുണ്ട്. പത്താം വയസ്സില്‍ അതു തുടങ്ങിയതിനെപ്പറ്റി ഇ എം എസ് പറയുന്ന ഉദ്ധരണി
കുഞ്ചു പതിന്നാലാം വയസ്സില്‍, ഇ എം എസ്സിന്റെ വിപ്ലവ അരങ്ങേറ്റം
എന്ന പോസ്റ്റിന്റെ അവസാനം കാണാം. പിന്നെയും ഒരു പത്തു വര്‍ഷം കഴിഞ്ഞാവണം സ്വാതന്ത്ര്യ സമരത്തില്‍ ഏതെങ്കിലും വിധത്തില്‍ ഇദ്ദേഹം പങ്കാളിയാവുന്നത്.  ചുരുക്കത്തില്‍ ആദ്യ വാക്യം തന്നെ പച്ചവിവരക്കേടാണ്. ഇനി രണ്ടാമത്തേതോ?
He acted as the Kerala Pradesh congress Committee Secretary for four years (1934-1938) and then moved to socialist group of the congress party.
1934 മുതല്‍ 1938വരെ നാലുകൊല്ലക്കാലം ഇ എം എസ് K P C C സെക്രട്ടറിയായിരുന്നെന്ന്.  ഇ എം എസ് തന്റെ ആത്മകഥയില്‍ പറയുന്ന പ്രകാരം 1934 ഒക്റ്റോബറില്‍ ഇടതുപക്ഷ K P C C നിലവില്‍ വന്നു. 1935 മെയ് മാസം ഇല്ലാതാവുകയും ചെയ്തു. ആ കെ പി സി സിയുടെ സെക്രട്ടറിയായിരുന്നു നമ്പൂതിരിപ്പാട്.  "ഏതാനും മാസം മാത്രം നിലനിന്ന ഇടതുപക്ഷ K P C C" യെപ്പറ്റി നമ്പൂതിരിപ്പാട് ആത്മകഥയില്‍ പലയിടത്തും ആവര്‍ത്തിക്കുന്നുണ്ട്.
"വീണ്ടും കെ പി സി സിയില്‍ ഇടതുപക്ഷത്തിന് ഭൂരിപക്ഷം കിട്ടുകയും പ്രഭാതം വീണ്ടും പ്രസിദ്ധീകരിക്കുകയും ചെയ്യാന്‍ കഴിയുന്നതിനുമുമ്പായി സംഭവബഹുലമായ മൂന്ന് കൊല്ലത്തോളം കടന്നുപോയി"  എന്നും ഇ എം എസ് പറയുന്നുണ്ട്. അതായത് പിന്നീട് കെ പി സി സി ഇടതുപക്ഷക്കാരുടെ കയ്യിലേക്കു വരുന്നത് 1938-ല്‍ മാത്രമാണ്.  1938ല്‍ ഇടതുപക്ഷ കെ പി സി സി ഉണ്ടാവുകയും ഇ എം എസ് സെക്രട്ടറിയാവുകയും ചെയ്തു. 1934 നും 1938 നും ഇടയ്ക്ക് ഒരു വര്‍ഷവും ഏതാനും മാസവും അങ്ങനെ നമ്പൂതിരിപ്പാട് കെ പി സി സി സെക്രട്ടറിയായിരുന്നു. നാലുവര്‍ഷം എന്നു കൂട്ടിപ്പറഞ്ഞത് ഇടതുപക്ഷത്തെയും ഇ എം എസ്സിനെയും മഹത്വവത്കരിക്കാനാണെന്നൊന്നും ഞാന്‍ ആക്ഷേപിക്കുന്നില്ല. വിവരമില്ലായ്മ, അത്രതന്നെ. അതാണല്ലോ ഇവരുടെ മുഖമുദ്ര. പിന്നെ നാലുവര്‍ഷം സെക്രട്ടറിയായി പിന്നീട് സോഷ്യിലിസ്റ്റ് കോണ്‍ഗ്രസ്സിലേക്കു പോയി എന്നതും പരമവങ്കത്തരമാണ്. 1934ല്‍  കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായി നമ്പൂതിരിപ്പാട്.  1939-ല്‍   സോഷ്യലിസ്റ്റ് കോണ്‍ഗ്രസ് കേരള ഘടകം കമ്യൂണിസ്റ്റ് പാര്‍ട്ടിയായി മാറുന്നതുവരെ അദ്ദേഹം അതിന്റെ നേതാവുമായിരുന്നു. കോണ്‍ഗ്രസ്, സോഷ്യലിസ്റ്റ് കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങള്‍‌ ഒരേ കാലത്തു തന്നെയായിരുന്നു അദ്ദേഹം കൊണ്ടുനടന്നത്.
മൂന്നാമത്തെ വാക്യവും തഥൈവ:
From 1950 onwards he became a polit bureau member of the communist party
ഇതൊരു നിരക്ഷരവാക്യമാണെന്ന് പറഞ്ഞാല്‍  യൂനിവേഴ്സ്റ്റിയിലെ മാര്‍ക്സിസ്റ്റു മണ്ടന്മാര്‍ക്ക് മനസ്സിലാവാനിടയില്ല. 1950 മുതല്‍ക്കിങ്ങോട്ട് അദ്ദേഹം പോളിറ്റ് ബ്യൂറോ അംഗമായി എന്നൊന്നും അത്യാവശ്യം എഴുത്ത് അറിയുന്നവര്‍ എഴുതില്ല.
അതിനടുത്ത വാക്യമോ?
He became the first elected Chief Minister of the Community party in 1957.
കമ്യൂണിറ്റി പാര്‍ട്ടി എവിടെയോ വന്ന ഒരു typo ആണെന്നെങ്കിലും കരുതാം. വിവരദോഷികള്‍ക്കെന്തു  പ്രൂഫ്റീഡിങ്. എതിരാളികളെ അപമാനിക്കാന്‍ ഏറ്റവും നീചമായ പദപ്രയോഗങ്ങള്‍ നടത്തുന്നതിലെ വൈദഗ്ധ്യമാണ് ഇവര്‍ക്കാകെ എഴുത്ത് എന്നത്. ആകെപ്പരിചയമുള്ള ഗവേഷണം അപവാദവ്യവസായവും. ഉദ്ദേശിച്ചത് ആദ്യമായി തിരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്ന കമ്യൂണിസ്റ്റ് മുഖ്യമന്ത്രി എന്നായിരിക്കണം. പറഞ്ഞതിന്റെ ധ്വനി പക്ഷേ അതൊന്നുമല്ല.
കൂടുതല്‍ പറയേണ്ട കാര്യമുണ്ടെന്നു തോന്നുന്നില്ല.
ഇ എം എസിന്റെ പേരില്‍ സ്ഥാപിച്ച പഠന ഗവേഷണകേന്ദ്രക്കാര്‍ക്ക്  വെറും നാലുവാക്യം ഇ എം എസ്സിനെക്കുറിച്ചെഴുതാന്‍ അറിയില്ല. വല്ലാത്ത ദുര്യോഗം തന്നെ. ഇവര്‍ കേമ്പസില്‍ ഇ എം എസ്സിനു സ്മാരകം പണിയാന്‍ പോവുകയാണത്രെ.

25/02/2010

കേരളത്തിന്റെ പിതാമഹന്‍

ആരാണത്? ഒരു മഹാപ്രഭാഷകനാണ്. നൈഷ്ഠികബ്രഹ്മചാരിയാണ്. നാല്പതു പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ടത്രെ. ഇപ്പോള്‍ സിനിമാ നടന്മാര്‍ക്കു പിന്നാലെയാണ്. അവരൊക്കെ വിഗ്ഗും ധരിച്ചു കട്ടി മേക്കപ്പുമിട്ടു നടക്കുന്ന വങ്കന്മാര്‍. അവരുടെ തനിനിറം കണ്ടാല്‍ മധുരപ്പതിനേഴുകാരികള്‍ ബോധംകെട്ടു വീഴും. നോക്ക് എന്നെ. എന്റെ മുടി എന്റെ സ്വന്തം മുടി. സുന്ദരനല്ലേ ഞാന്‍, മോഹന്‍‌ലാലിനെക്കാള്‍?
കേരളത്തിന്റെ തനതുകലാരൂപമായ മിമിക്രിയിലെ വിഷയമായിരുന്നു അഴീക്കോട്. ഇപ്പോള്‍ ഈ കലാരൂപം അതിന്റെ വിഷയത്തിലേക്കു പ്രവേശിച്ചിരിക്കുന്നു. ജീവിക്കുന്ന കലാരൂപമായി മാറുന്ന അഴീക്കോട്! 

വിവേകശാലിയായ വാര്‍ദ്ധക്യത്തോട് കേരളത്തിലെ പൊതുമണ്ഡലത്തിന് വിശേഷിച്ചു താത്പര്യമൊന്നുമില്ല.  കടല്‍ക്കിഴവന്മാരെ ചുമലിലേറ്റി നടക്കുകയാണ് നമ്മുടെ സമൂഹം.

അച്ചുപിഴച്ചതോ ഇ എം എസിനു പിഴച്ചതോ?

ഇ എം എസിനെക്കുറിച്ചുള്ള എന്റെ പോസ്റ്റുകളില്‍ ഏറ്റവും നിഷ്കളങ്കമാണിത്. അനിഷ്ടം തോന്നാതെ ഏത് ഇ എം എസ് ഭക്തനും വായിക്കാവുന്നത്. ശങ്കരന്റെ നല്ല വശങ്ങളും ചീത്തവശങ്ങളും എന്ന പേരില്‍ 02.06.1989 ന് ചിന്തയില്‍ പ്രസിദ്ധീകരിച്ച ചോദ്യോത്തര പംക്തിയിലെ കുറിപ്പില്‍നിന്നാണ് താഴത്തെ ഉദ്ധരണി. പേജിന്റെ സ്കേനും കൊടുക്കുന്നു. 

ഈ പരിശോധനയുടെ ഫലമായി ചില വ്യക്തമായ നിഗമനങ്ങളില്‍ എത്താന്‍ മാര്‍ക്സിസ്റ്റു-ലെനിനിസ്റ്റുകാര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.
ഒന്നാമത്, പുരാതന ഇന്ത്യയിലെ വര്‍ഗസമൂഹം തകര്‍ന്ന് ചാതുര്‍വര്‍ണ്യത്തിന്റെയും ജാതിമേധാവിത്വത്തിന്റെയും രൂപത്തിലുള്ള വര്‍ഗസമൂഹം രൂപപ്പെട്ടതുമുതല്‍ക്കാണ് ഇന്ത്യന്‍ ദര്‍ശനം ഉടലെടുത്തത്. (സഞ്ചിക 42, പേജ് 311)
ഇതു വായിച്ചപ്പോള്‍ എനിക്കൊരു സംശയമുണ്ടായി. ഞാന്‍ അടിവരയിട്ട പദം തന്നെയാണോ അതോ വര്‍ഗരഹിത സമൂഹം എന്നാണോ ഇ എം എസ് ഉദ്ദേശിച്ചത്?  ആരോടാണിതു ചോദിക്കുക?
ഇ എം എസ് വിദഗ്ധര്‍ക്ക് ആര്‍ക്കെങ്കിലും ഈ ചോദ്യത്തിന് ഉത്തരം പറയാനാവുമോ?
ഈ ചോദ്യത്തിന് ഉത്തരമില്ലെങ്കില്‍ ഇ എം എസ് നമ്പൂതിരിപ്പാടിന്റെ ചരിത്ര വീക്ഷണം ഒരു അജ്ഞേയ വസ്തുവായിരിക്കണമല്ലോ.

22/02/2010

ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കുന്ന ഇ എം എസ്

28.09.1992 ന് ചിന്തയില്‍ ചോദ്യോത്തര പംക്തിയില്‍ ഇ എം എസ് നല്കിയ രസകരമായ ഒരു മറുപടി സഞ്ചിക 41, 328-330 താളുകളില്‍ കാണാം. നിത്യചൈതന്യയതി മാര്‍ക്സിനെയും പ്രൂധോണിനെയും പറ്റി പറഞ്ഞ കാര്യങ്ങളെ അടിസ്ഥാനമാക്കി ആരോ ചോദിച്ചതാണ് ചോദ്യം. ദാരിദ്ര്യത്തിന്റെ തത്ത്വശാസ്ത്രം എഴുതിയ പ്രൂധോണിനെ തത്ത്വശാസ്ത്രത്തിന്റെ ദാരിദ്ര്യം എന്ന പുസ്തമെഴുതി മാര്‍ക്സ് നിശിതമായി വിമര്‍ശിച്ചു. മാര്‍ക്സ് പ്രൂധോണിന്റെ നിലപാടുകളോട് നീതികാണിച്ചില്ലെന്ന് പ്രൂധോണിന്റെ പുസ്തകം എടുത്തു വായിച്ചാല്‍ മനസ്സിലാവുമെന്നു യതി പറഞ്ഞത്രെ. മാര്‍ക്സ് വസ്തുതകളെ വളച്ചൊടിച്ചത്രെ. ഇങ്ങനെ യതി പറയുന്നതു കേട്ട് ആശയക്കുഴപ്പത്തിലായ സഖാവാണ് ചോദ്യമുന്നയിച്ചയാള്‍. ഇതിന് ഇ എം എസ് നല്കുന്ന ഉത്തരം ഇ എം എസ് എന്ന സൈദ്ധാന്തികന്റെ നിലവാരം അളക്കാന്‍ ഉതകുമെന്നതിനാല്‍ അതെന്തെന്നു നോക്കാം.

മാര്‍ക്സ് ഒരു ചിന്തകനെ വളച്ചൊടിച്ച് അവതരിപ്പിച്ചു എന്ന ആരോപണത്തിനു മറുപടി പറയാന്‍ മാര്‍ക്സിന്റെ ഉദ്ധരണി തന്നെ മതിയെങ്കില്‍ ഇ എം എസിന്റെ മാര്‍ക്സിസം എന്നത് സ്വയം സമ്പൂര്‍ണ്ണമായ ഒരു വങ്കത്തരമാണ്. അതിന് സംവാദത്തില്‍ സ്ഥാനമില്ല. അതു കുപ്പയിലെറിയേണ്ട ചരക്കാണ്.  പ്രൂധോണിന്റെ പുസ്തകം താന്‍ കണ്ടിട്ടില്ല. അതുകൊണ്ട് തനിക്കറിയില്ലെന്ന് ചിന്തയിലെ കോളത്തിലോ വ്യക്തിപരമായ കത്തിന്റെ രൂപത്തിലോ  മറുപടി കൊടുത്താല്‍ മാന്യമാവുമായിരുന്നു. 
പകരം ഇ എം എസ് പറയുന്ന മറുപടിയിലെ ഓരോ വാക്യവും മന്ദബുദ്ധിയുടെ പ്രകടനമായി ഭവിക്കുന്നു. യതി മൊത്തത്തില്‍ നോക്കിയാല്‍ പുരോഗമനച്ചേരിയിലാണെന്ന ഒരു സര്‍ട്ടിഫിക്കറ്റുണ്ട് ഇതില്‍. അതു മാത്രം മതി സഞ്ചിക എഡിറ്റര്‍ക്ക് ഇ എം എസിന്റെ പ്രതിപക്ഷ ബഹുമാനത്തിനുദാഹരണമായി ഈ  ഉത്തരം എടുത്തുകാട്ടാന്‍. 
ചോദ്യത്തിനു മറുപടിയായി ഇ എം എസ് ആകെപ്പറയുന്നത് താഴെപ്പറയുന്ന ഉദ്ധരണിയില്‍ അടങ്ങിയ കാര്യമാണ്.
മാര്‍ക്സും പ്രൂധോണും തമ്മില്‍ നടന്ന ആശയപരമായ ഏറ്റുമുട്ടല്‍, യതി സൂചിപ്പിക്കുന്നതുപോലെ മാര്‍ക്സ് പ്രൂധോണ്‍ എന്ന രണ്ട് വ്യക്തികള്‍ തമ്മിലുള്ള മത്സരമല്ല. തൊഴിലാളി വര്‍ഗ്ഗ ചിന്താഗതിയും പെറ്റിബൂര്‍ഷ്വാ ആശയഗതിയും തമ്മിലുള്ള ഏറ്റുമുട്ടലാണത്രേ നടന്നത്.
ഇക്കാര്യം പറഞ്ഞുകൊടുക്കാന്‍ ഇ എം എസിന്റെ ഒരു കുറവേ യതിക്കുള്ളൂ. എത്ര തുച്ഛമാണ് ഇദ്ദേഹത്തിന്റെ ബുദ്ധിയെന്നു നോക്കുക. ഇത് യതി പറഞ്ഞ കാര്യത്തില്‍ എങ്ങനെയാണ് പ്രസക്തമാവുന്നത്? 
മാര്‍ക്സും പ്രൂധോണും തമ്മില്‍ അടിപിടികൂടിയാല്‍ പുസ്തകമല്ല ഉണ്ടാവുകയെന്നത്   പറഞ്ഞു തരുന്നയാളാണോ ഒരു മഹാ ചിന്തകന്‍? [അങ്ങനെ മാര്‍ക്സിനെ തോക്കെടുത്ത് അടികൂടാന്‍ ഒരു ദേഹം വെല്ലുവിളിച്ചിരുന്നു. അതു മാര്‍ക്സ് സ്വീകരിച്ചിട്ടുമില്ല.]
അതു പറഞ്ഞിട്ട് പിന്നെ നീണ്ട ഒരുദ്ധരണിയാണ്. അങ്ങനെ നീട്ടി ഉദ്ധരിച്ചാല്‍ തീരുന്നതാണോ ചോദ്യത്തിലെ പ്രശ്നം? ആ ഉദ്ധരണിയാവട്ടെ മുഴുവന്‍ ഒറ്റ ഉദ്ധരണിയാണെന്ന് പുസ്തകത്തിന്റെ എഡിറ്റര്‍ക്കുപോലും മനസ്സിലായിട്ടില്ല. പുസ്തകത്തിലെ ഫോര്‍മാറ്റിങ് സൂചിപ്പിക്കുന്നത് ആദ്യം ഉദ്ധരണി, പിന്നെ ഇ എം എസ് പറയുന്നത്, വീണ്ടും ഉദ്ധരണിയെന്നാണ്. വാസ്തവത്തില്‍ അതെല്ലാം കമ്യൂണിസ്റ്റ് മാനിഫെസ്റ്റോവില്‍നിന്നുള്ള ഉദ്ധരണിയാണ്. 
ഞാനിതു വായിച്ചപ്പോള്‍ ആദ്യം എനിക്കു തോന്നിയത് ഇ എം എസ് പ്രൂധോണിനെ ഉദ്ധരിക്കുകയാണ് എന്നാണ്. പ്രൂധോണ്‍ പറയാനിടയില്ലാത്ത കാര്യമാണല്ലോ ഉദ്ധരണി എന്നു കണ്ട് നോക്കുമ്പോഴേ കാര്യം മനസ്സിലാവൂ. സഞ്ചികയുടെ എഡിറ്ററും വിചാരിച്ചത് അതു തന്നെ. അതാണല്ലോ ഫോര്‍മാറ്റിങ് അങ്ങനെ ആയിരിക്കുന്നത്. 

പ്രൂധോണ്‍ പ്രതിനിധാനം ചെയ്യുന്ന ഈ ചിന്താഗതി മാര്‍ക്സും എംഗല്‍സുംകൂടി രൂപപ്പെടുത്തിയതും മാനിഫെസ്റ്റോയില്‍ വിശദീകരിച്ചതുമായ തൊഴിലാളി വര്‍ഗത്തിന്റെ വിപ്ലവകരമായ കാഴ്ചപ്പാടുമായി ഏറ്റുമുട്ടുന്നു. ആ ഏറ്റുമുട്ടലാണ് പ്രൂധോണിനെതിരെ മാര്‍ക്സ് നടത്തിയ നിശിതമായ വിമര്‍ശനത്തിന് അടിസ്ഥാനം.
മാര്‍ക്സ് തത്ത്വശാസ്ത്രത്തിന്റെ ദാരിദ്ര്യം എന്ന പേരില്‍ പ്രൂധോണിനെ വിമര്‍ശിക്കുന്ന പുസ്തകമെഴുതുന്നത് 1847-ലാണ്. മാനിഫെസ്റ്റോ ഇറങ്ങുന്നത് 1848-ലും. മുകളിലെ ഇ എം എസ് ഉദ്ധരണിയുടെ വങ്കത്തരം മനസ്സിലായില്ലേ?
social New Jerusalem എന്നതിനെ തര്‍ജ്ജമ ചെയ്തിരിക്കുന്നത് പുതിയൊരു സാമൂഹ്യയെരുശലേമിലേക്ക് എന്നാണ്. പുതിയൊരു യെരുശലേമല്ല പുത്തന്‍ യെരുശലേമാണ്. പ്രൂധോണിന്റെ പുസ്തകത്തെ മാര്‍ക്സ് വളച്ചൊടിച്ചതിനു മറുപടി മാര്‍ക്സ് പ്രൂധോണിനെപ്പറ്റി പറഞ്ഞതില്‍ കാണുന്ന പുസ്തകവൈരികള്‍ക്ക് New Jerusalem ആധുനിക യെരുശലേമേ ആവൂ. പ്രൂധോണ്‍ പോട്ടെ, മാര്‍ക്സിനെയും ഏംഗല്‍സിനെയും വായിക്കാനും വേണം ലേശം പുസ്തകജ്ഞാനം.
[ഇ എം എസ് കാളമൂത്രം പോലെ എഴുതിയെന്ന് ഉറച്ച ഇ എം എസ് ഭക്തനായ ഒരു സുഹൃത്ത്. എന്റെ ഇ എം എസ് കുറിപ്പുകള്‍ അദ്ദേഹത്തിനുണ്ടാക്കിയ അലോസരം ചീത്തവിളിയായി തന്നെ എനിക്കു തന്ന സുഹൃത്ത് പക്ഷേ ഒടുക്കം പറഞ്ഞത് അതൊക്കെ ഇ എം എസ് പറഞ്ഞിട്ടുണ്ടാവുമെന്ന് ഉറപ്പല്ലേ, കാളമൂത്രം പോലെ എഴുതിയ ഇ എം എസ് അതുപറഞ്ഞിട്ടില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ എന്നാണ്. ഈ സുഹൃത്തിനു പക്ഷേ ഇ എം എസിനോടുള്ള ആദരം ഒട്ടും കുറഞ്ഞിട്ടില്ല. ഇ എം എസിനെ വായിക്കാതെതന്നെ വെറുമൊരു ഇ എം എസ് ഭക്തനായ എന്റെ സുഹൃത്തിന്റെ സത്യസന്ധത കേരളത്തിലെ ഇടതുപക്ഷ അക്കാദമിക് ബുദ്ധിജീവികള്‍ക്കുണ്ടായിരുന്നെങ്കില്‍ അവരൊന്നും ഇത്ര മന്ദബുദ്ധികളായി പോവില്ലായിരുന്നു. ഇങ്ങനെ പറയുമ്പോള്‍ ഏറ്റവും അവജ്ഞയോടെ ഞാന്‍ ഓര്‍ക്കുന്നത് ബി രാജീവന്റെ വങ്കന്‍ ശങ്കരസ്തുതിയാണ്.]

ചൈനയിലെ സാംസ്കാരിക വിപ്ലവവും നമ്പൂതിരിപ്പാടും

കെ എസ് യുവും സാംസ്കാരികവിപ്ലവവും എന്നൊരു സാമാന്യം വലിയ ലഘുലേഖ ഇ എം എസ് 1974-ല്‍ എഴുതുകയുണ്ടായത്രേ. സഞ്ചിക 70-ല്‍ ഇതു ചേര്‍ത്തിരിക്കുന്നു. അതിന്റെ തുടക്കത്തില്‍തന്നെ ചൈനയിലെ സാംസ്കാരിക വിപ്ലവത്തെപ്പറ്റി നല്ലതു പറയുന്നു,  ഇ എം എസ്.  
മൌചിന്തകളോടു വിയോജിപ്പുള്ളവര്‍പോലും സാംസ്കാരിക വിപ്ലവം അഴിച്ചുവിട്ട യുവജനശക്തിയെ  ബഹുമാനിക്കുന്നുണ്ടത്രെ. "നൂറു പുഷ്പങ്ങള്‍ വിരിയട്ടെ, നൂറു ചിന്താഗതികള്‍ ഏറ്റുമുട്ടട്ടെ" എന്ന മുദ്രാവാക്യത്തോടെ 1958-59 കാലത്ത് ചൈനയിലുണ്ടായിരുന്ന പ്രസ്ഥാനത്തെയും ഇ എം എസ് പുകഴ്ത്തുന്നുണ്ട്. ഇതു വായിച്ചാല്‍ തോന്നുക സാംസ്കാരിക വിപ്ലവം നല്ല കാര്യമാണെന്നാണ് ഇ എം എസ് കരുതുന്നത് എന്നല്ലേ.
 വാസ്തവത്തില്‍ സാംസ്കാരിക വിപ്ലവത്തെ കെടുത്തിക്കൊണ്ട് ഇ എം എസ് എഴുതിക്കൂട്ടിയത് കുറച്ചൊന്നുമല്ല. അതും ഏതു വിധത്തില്‍! സാംസ്കാരിക വിപ്ലവം ലക്കും ലഗാനുമില്ലാതെ അഴിഞ്ഞാടുന്ന യുവതീയുവാക്കളുടെ രാജ്യമായി ചൈനയെ മാറ്റിയെന്ന് ഇ എം എസ് 1990കളില്‍ എഴുതി. 
"ഒരു വ്യാഴവട്ടക്കാലം ചൈനയില്‍ സാംസ്കാരിക വിപ്ലവമെന്ന ഓമനപ്പേരില്‍ നടന്നത് വെറുമൊരു പെറ്റിബൂര്‍ഷ്വാ സാഹസിക മുന്നേറ്റമായിരുന്നു എന്ന് ചൈനീസ് പാര്‍ട്ടിയുടെ വിലയിരുത്തല്‍" (ഇ എം എസ് പറയുന്നതു വിശ്വസിക്കുകയാണ്) ശരിവെയ്ക്കുന്നു 1982 ല്‍ ഇ എം എസ്.
 
1991-ല്‍ ബുദ്ധിയും വിവേകവും ആവുവോളം വികസിപ്പിച്ച ഇ എം എസ് സാംസ്കാരിക വിപ്ലവത്തെപ്പറ്റി പറയുന്നത് ഇപ്രകാരം:
 ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും ചൈനീസ് ജനതയുടെയും മാത്രമല്ല ആഗോളവിപ്ലവപ്രസ്ഥാനത്തിന്റെയും ചരിത്രത്തില്‍ ഇരുണ്ട നാളുകളായിരുന്നു സാംസ്കാരിക വിപ്ലവം തുടങ്ങിയതു മുതല്‍ക്കുള്ള കാലം. (20.12.1991ന് ചിന്തയില്‍ നല്കിയ മറുപടി)
22.05.1981 ന് ചിന്തയില്‍ നല്കിയ മറുപടിയില്‍ പറയുന്നത് സാംസ്കാരിക വിപ്ലവം ലൂ ഷാവോക്വിക്കെതിരായ ഉള്‍പ്പാര്‍ട്ടി സമരവും ആഭ്യന്തരയുദ്ധവുമായിരുന്നു എന്നാണ്. 
(ഈ പോസ്റ്റ് പൂര്‍ണ്ണമല്ല.)

31/01/2010

വേദിയറിഞ്ഞു പ്രസംഗിക്കുന്ന ജസ്റ്റിസ് ഡി. ശ്രീദേവി

സ്ത്രീധനം സൂക്ഷിക്കാന്‍ പെണ്‍കുട്ടികള്‍ പഠിക്കണം-ജസ്റ്റിസ് ഡി.ശ്രീദേവി
കൊല്ലം: വിവാഹസമയത്ത് ലഭിക്കുന്ന സ്ത്രീധനം സൂക്ഷിക്കാന്‍ പെണ്‍കുട്ടികള്‍ പഠിക്കണമെന്ന് സംസ്ഥാന വനിതാകമ്മീഷന്‍ അധ്യക്ഷ ജസ്റ്റിസ് ഡി.ശ്രീദേവി അഭിപ്രായപ്പെട്ടു. അച്ഛനമ്മമാര്‍ സ്വത്തും പണവും പെണ്‍കുട്ടിയുടെ പേരില്‍ നല്‍കണം. വിവാഹത്തിന് ലഭിച്ച ആഭരണങ്ങള്‍ പെണ്‍കുട്ടിയുടെ പേരിലുള്ള ലോക്കറില്‍ സൂക്ഷിക്കണം. ഭാര്യയുടെ പേരിലുള്ള സ്വത്തും പണവും ചോദിക്കാന്‍ പുരുഷന് അവകാശമില്ലെന്നും ജസ്റ്റിസ് ഡി.ശ്രീദേവി പറഞ്ഞു.

കൊല്ലത്ത് നവസംസ്‌കാരവേദി ഉദ്ഘാടനം ചെയ്തശേഷം 'സ്ത്രീസ്വാതന്ത്ര്യവും നിയമവ്യവസ്ഥയും' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അവര്‍.

 രണ്ട്

മദ്യത്തിനും സ്ത്രീധനത്തിനുമെതിരെ യുവതലമുറ പ്രയത്‌നിക്കണം-ജസ്റ്റിസ് ഡി.ശ്രീദേവി













മൂന്ന്
സ്ത്രീധനം ചോദിക്കുന്നവരെ കല്യാണം കഴിക്കാന്‍ സ്ത്രീകള്‍ തയ്യാറാകരുതെന്നും ജസ്റ്റിസ് അഭിപ്രായപ്പെട്ടു.












പോരാത്തതിന് ഇതും
അഴീക്കോടിന്റെ അഭിപ്രായം അസംബന്ധം -ജസ്റ്റിസ് ശ്രീദേവി
 
നെയ്യാറ്റിന്‍കര: സ്ത്രീകള്‍ ഫെമിനിസ്റ്റ് ചിന്താഗതി ഉപേക്ഷിക്കണമെന്ന സുകുമാര്‍ അഴീക്കോടിന്റെ അഭിപ്രായം അസംബന്ധമാണെന്ന് വനിതാകമ്മീഷന്‍ അധ്യക്ഷ ജസ്റ്റിസ് ഡി. ശ്രീദേവി പറഞ്ഞു. കരിനട ആശ്രയ വനിതാവേദിയുടെ സ്ത്രീശക്തി-വനിതാശാക്തീകരണ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. സ്ത്രീ-പുരുഷ സമത്വം സമൂഹത്തിന്റെയും കാലഘട്ടത്തിന്റെയും ആവശ്യമാണ്. ഇരുവര്‍ക്കും ഓരോ നിയമം ഒരു സമൂഹവും അംഗീകരിക്കില്ല. ഇത്തരം ബോധവത്ക്കരണം ഇരുകൂട്ടര്‍ക്കും നടത്തിയാല്‍ മാത്രമേ സ്ത്രീശാക്തീകരണം പൂര്‍ത്തിയാകൂ. വനിതാകമ്മീഷന്‍ ഈ രംഗത്ത് സജീവമായി ഇടപെടുന്നുണ്ടെന്ന് അവര്‍ പറഞ്ഞു.

24th January 2010 10:11:31 AM

26/01/2010

ഇന്ത്യാവിഭജനം, ഒരു ബേര്‍ക്-ഹ്വൈറ്റ് ഫോട്ടോ


"ഇടുങ്ങിയ നിരത്തിലും അഴുക്കുചാലിലും കുപ്പ കുമിഞ്ഞതുപോലെ ശവങ്ങള്‍."

Margaret Bourke-White എടുത്ത ഒരു ഫോട്ടോ. ബി ബി സി വെബ്‌സൈറ്റില്‍നിന്ന്.

25/01/2010

അല്‍ഷൈമേഴ്സല്ല, ആല്‍സ്‌ഹൈമേഴ്സുമല്ല, ആല്‍റ്റ്സ്‌ഹൈമേഴ്സാണ്

ആല്‍റ്റ്സ്‌ഹൈമേഴ്സ് 
ഇവിടെ തുടക്കത്തില്‍ കേള്‍ക്കാം.
QuickTime Player ഉണ്ടെങ്കില്‍ ഇവിടെയും കേള്‍ക്കാം.

(ഇതൊരു സൂത്രമാണ്)

02/01/2010

തൊണ്ണൂറ്റൊമ്പതില്‍ എത്തിയ ഇ എം എസ്!

കുറെക്കൊല്ലംകൂടി  ഇന്ന് ദേശാഭിമാനയില്‍ കയറിയപ്പോഴാണ് അറിഞ്ഞത്, സഞ്ചിക 99 ആയിയെന്ന്. അടുത്തുതന്നെ ശതാഭിഷേകം. ശതാഭിഷേകം എന്ന നാടകത്തെപ്പറ്റി ഇ എം എസ് പറഞ്ഞത് ഇവിടെ.കിട്ടുമ്മാനും കിങ്ങിണിക്കുട്ടനും ഇ എം എസ്സും വെറും അമ്പതില്‍ ചില്ലാനം മാത്രമേ ഇറങ്ങിയുള്ളൂ എന്നായിരുന്നു ഇതുവരെ വിചാരിച്ചത്.  നൂറു സഞ്ചികയില്‍ ഇ എം എസ് നമ്പൂതിരിപ്പാടിന്റെ ക്ഷുദ്രകൃതികള്‍! അവസരവാദം നൂറു സഞ്ചികയില്‍! പ്രതികാരബുദ്ധി, പക, ദുഷ്ടത നൂറു സഞ്ചികയില്‍!