പെരുത്തൊരു തമാശ പറയാന്‍ വല്ലാതെ മിനക്കെട്ട് പറഞ്ഞത് പാടേ പാളിപ്പോയി ഒരുത്തന് ഊരകുത്തി താഴെവീഴുന്നതു കാണുന്നതിനെക്കാള്‍ വലിയൊരു തമാശ വേറെയില്ല.
ഫ്രാന്‍സിസ് ഇട്ടിക്കോര എന്ന മഹാസംഭവമായ നോവലില്‍ ടി ഡി രാമകൃഷ്ണന് ഇങ്ങനെ ഒരു അക്കിടി പറ്റി കുത്തനെ വീണ ഒരു സന്ദര്‍ഭത്തെപ്പറ്റിയാണ് ഈ പോസ്റ്റ്. (ഈ നോവലിനെ സംബന്ധിച്ച് കുറെക്കൂടി ക്രൂരമായ ചില തമാശകളുടെ തുടക്കം മാത്രമാണ് ഈ ക്ഷുദ്രപോസ്റ്റ്. ബാക്കി വഴിയേ.)
ടി ഡി രാമകൃഷ്ണന് തന്റെ നോവലില്‍ തമാശ പറയുക സ്പാനിഷിലൊക്കെയാണ്. അങ്ങനെ പറയാന്‍ പ്രത്യേകിച്ചു കാര്യമുണ്ടായിട്ടൊന്നുമല്ല. സാര്‍വ്വലൌകികത്വം വരാന്‍ യൂറോപ്പിലെ മാത്രമല്ല തെക്കേ അമേരിക്കയിലെ ഭാഷകള്‍ പോലും നോവലില്‍ പ്രയോഗിക്കപ്പെടുന്നുണ്ട്. പാണ്ഡിത്യം പ്രദര്‍ശിപ്പിക്കാനുള്ള വൃഥാ ശ്രമം ഈ നോവലിന്റെ മുഖമുദ്രയാണ്. അതു പക്ഷേ വിക്കിപീഡിയയില്‍നിന്നൊക്കെ പകര്‍ത്തിവെയ്ക്കുന്നിടത്തോളമേയുള്ളൂ എന്നു പുറത്തായി കഴിഞ്ഞ കാര്യം. ഇതേ ഉദ്ദേശ്യത്തോടെ തന്നെയാണ് സ്പാനിഷിലെ തമാശയും വരുന്നത്.
പിന്നെ ഈ നോവലിന് ഒരു ഗുണമുണ്ട്. ലൈംഗികതയില്ലാത്ത ഭാഗങ്ങളില്ല. ഇതിലെ എല്ലാ പെണ്ണുങ്ങളും കാലുമലര്‍ത്താന്‍ സദാ ready. എല്ലാ പുരുഷന്മാരും പക്ഷേ അങ്ങനെയല്ല. ഫെമിനിസ്റ്റുകള്‍ ഇതു കണ്ടില്ലേ? ഇവിടെ പറയുന്ന തമാശയും കയറ്റിറക്ക് വ്യവസായവുമായി ബന്ധപ്പെട്ടതുതന്നെ.
പുരുഷന് ഇന്ത്യക്കാരന്. സ്ത്രീ ജപ്പാന് വംശജ, എന്നാല്‍ തെക്കേ അമേരിക്കക്കാരി. പ്രിന്‍സ്റ്റണ്‍ യൂനിവേഴ്സിറ്റി ലൊക്കേഷന്‍. തമാശ സ്പാനിഷില്‍. ആ സ്കേന്‍ ചെയ്ത പേജു വായിക്കുക. അദ്ധ്യായത്തിന്റെ പേരു തന്നെ el computador എന്നാണ്. സ്പാനിഷില്‍ എല്ലാ വാക്കുകള്‍ക്കും ലിംഗമുണ്ട്. കംപ്യൂട്ടറിന്റെ ലിംഗമെന്താണ്. അലോക് എന്ന കഥാപാത്രം വിചാരിക്കുന്നു കംപ്യൂട്ടറിനു ചേരുക സ്ത്രീലിംഗമാണെന്ന്. ആരെങ്കിലും ലോഗോണ്‍ ചെയ്താലേ പ്രവര്‍ത്തിക്കുകയുള്ളൂ അത്രെ. സ്ത്രീലിംഗമായതുകൊണ്ട് കംപ്യൂട്ടറിനെ ഇഷ്ടന് (ഇഷ്ടനിലൂടെ ടി ഡി രാമകൃഷ്ണന്) വിളിക്കുക el computador എന്നാണ്. അതു സ്ത്രീലിംഗമാണത്രെ. പുല്ലിംഗം എന്താണെന്നും പറയുന്നുണ്ട്. അതു la computadora എന്നാണ്.
എന്താ ചെയ്ക! ഇപ്പോള്‍ കേരള ബുദ്ധിജീവികളൊക്കെ സ്പാനിഷൊക്കെ പഠിക്കുകയാണ്. പക്ഷ സ്പാനിഷ് പഠിക്കുന്നതു പോയിട്ട് ഇംഗ്ലീഷ് ഭാഷയില്‍ സാമാന്യം ഭേദപ്പെട്ട പരിജ്ഞാനമുണ്ടായിരുന്നെങ്കില്‍പ്പോലും ടി ഡി രാമകൃഷ്ണന് ഈ വിവരക്കേടു പറഞ്ഞ് ഊരകുത്തനെ വീഴില്ലായിരുന്നു. ലിംഗത്തെക്കുറിച്ച് അലോക് രാമകൃഷ്ണന് പറയുന്നതിനു നേരേ മറിച്ചാണ് വാസ്തവം. El എന്നത് പുരുഷനെ സൂചിപ്പിക്കുന്നതും la എന്നത് സ്ത്രീയെ സൂചിപ്പിക്കുന്നതുമായ articles ആണ്. ആര്‍ട്ടിക്ള്‍സ് മാത്രമല്ല മാറിയത്, inflection ഉം മാറിയിട്ടുണ്ട്. computador, computadora എന്നിങ്ങനെ കേട്ടാല്‍ ആ ഡോറ പെണ്ണല്ലേയെന്ന് അത്യാവശ്യം ചെവിയോടെ വായിക്കുന്ന ആര്‍ക്കും തോന്നും. രാമകൃഷ്ണനു തോന്നിയില്ല. അതും രാമകൃഷ്ണന്റെ ലോകവിജ്ഞാനത്തിനു തെളിവാണ്. തെക്കേ അമേരിക്കയിലെ രാഷ്ട്രീയസാഹചര്യങ്ങളൊക്കെ സൂക്ഷ്മമായി പിന്തുടരുന്നുണ്ടത്രെ രാമകൃഷ്ണന്! ഈ ലിംഗവ്യത്യാസമൊക്കെ അറിയാന്‍ അത്യാവശ്യം ഹെമിങ്വേ ഒക്കെ മതി.
ഇതു രാമകൃഷ്ണന് വിളമ്പുന്ന ഇട്ടിക്കോര വിജ്ഞാനത്തിന്റെ ലക്ഷണമാണ്. എവിടെന്നൊക്കെയോ കിട്ടിയ വിജ്ഞാനകണങ്ങള്‍ വിളമ്പും. അതു സ്വയം മനസ്സിലാക്കിയിട്ടോ verify ചെയ്തിട്ടോ അല്ല. ഇതൊക്കെ വാരിവിഴുങ്ങി നോവലിന്റെ വൈജ്ഞാനികതയെ പുകഴ്ത്താന്‍ വിഡ്ഢികളായ കുറെ നിരൂപകന്മാരും പിന്നെ കുറെ ബുദ്ധിജീവി വൃന്ദവും.
പുസ്തകത്തിന്റെ മുന്പില് തന്നെ ആഷാമേനോന്റെ ഒരു പഠനം ചേര്‍ത്തിട്ടുണ്ട്. ഇയ്യാളാരാണ്? വിവരക്കേട് സംസ്കൃതം ചാലിച്ചെഴുതിയാല്‍ ആര്‍ക്കും മനസ്സിലാവില്ലെന്നാണോ ഇയ്യാളുടെ വിചാരം? നോവലിലെയും മേനന്‍നിലെയും വൈജ്ഞാനികതയെപ്പറ്റി പിന്നീടു പറയാം. തത്കാലം ഒരു മേനന് തമാശകൂടി ഇരിക്കട്ടെ.
രാമാനുജന് എന്ന ഗണിതശാസ്ത്രജ്ഞന് Grothendieck എന്ന ഗണിതജ്ഞന്റെ ആരാധ്യപുരുഷനാണെന്ന് നാം ഒരു മലയാള നോവലില്‍ വായിക്കാനിടവരുമെങ്കില്‍ അതെന്തോ കോപ്പാണത്രെ. (വാക്യത്തിന്റെ ആദ്യപകുതിയുണ്ടാക്കുന്ന expectationനെ അട്ടിമറിച്ച് മോരിനു മുതിരയെന്നോണം നില്ക്കുന്ന ഒരു രണ്ടാം പാതി തട്ടിപ്പടയ്ക്കുന്നതാണ് ഇദ്ദേഹത്തിന്റെ ഗദ്യത്തിന്റെ ഒരു വിശേഷം. കുതിരയുടെ പിന്നില്‍ കാളവണ്ടി കൊണ്ടുപോയി കെട്ടുന്നതുപോലെ.) ഈ Grothendieck ഇന്ത്യയില്‍ വന്നപ്പോള്‍ ലെക്ചര്‍ നടത്തിക്കിട്ടിയ ഓണറേറിയം രാമാനുജന്റെ വിധവയ്ക്കു നല്കിയത്രെ.
ഇതിനെപ്പറ്റിയൊക്കെ വായിച്ചാല്‍ നമുക്ക് വിജൃംഭനം ഉണ്ടാവണമെന്നോ ഉണ്ടാവരുതെന്നോ രണ്ടിലൊന്ന് മേനന് പറയുന്നുണ്ട്.
പക്ഷേങ്കില് മേനന്നേ, നിങ്ങള്‍ക്ക് ആളു മാറിപ്പോയി. ഇക്കാര്യങ്ങള്‍ നോവലില്‍ പറഞ്ഞത് ഗ്രോട്ടന്‍ഡീക് എന്ന ഗണിതജ്ഞനെപ്പറ്റിയല്ല. അതു വേറൊരു മൂപ്പരെപ്പറ്റിയാണ്. ഇത്രയ്ക്കൊക്കെയേ ഉള്ളൂ നിങ്ങളുടെ ക്ഷേത്രഗണനകള്‍. ഉദാഹരണങ്ങള്‍ വീണ്ടും തരാം, അതു തമാശയായിട്ടല്ല, ഗൌരവമായിട്ടുതന്നെ.
പോക്കേഴ്സ് ഫിലോസഫി/പോക്കോസഫി ഗ്ലോസറി
13 years ago